ആര്യൻ റോബൻ – നഷ്ട സ്വപ്നങ്ങളുടെ രാജകുമാരന്‍
2012 മെയ് 19, ജർമ്മനിയിലെ അലയൻസ് അരീനയിലെ അറുപതിനായിരം വരുന്ന കാണികളുടെ ആർപ്പ് വിളിക്കിടയിൽ നിന്ന് കൊണ്ടയാൾ ഒരു നിർണ്ണായക പെനാൽറ്റി എടുക്കാൻ തയ്യാറെടുക്കുകയാണ്.. പോസ്റ്റിൽ ചുവടുറപ്പിച്ചിരിക്കുന്നത് പീറ്റർ ചെക്ക് എന്ന നീലപ്പടയുടെ പോരാളി. അയാളെ നിഷ്പ്രഭമാക്കി ഗോൾ വലയിലെത്തിക്കാൻ ബുദ്ധിമുട്ടാകും, അയാൾ ഓർത്തു. പക്ഷേ ഈ കാണികൾക്ക് വേണ്ടി അത് ഗോളാകണം.. കരഘോഷങ്ങൾ ചെവിയോടടുപ്പിച്ചു.. സമ്മർദ്ദം മനസ്സിലൊളിപ്പിച്ചു…പോസ്റ്റിലേക്ക് ആ ചാമ്പ്യൻസ് ലീഗ് എപിക് ക്ലൈമാക്സ് ഷോട്ട്… “സേവ് ” മത്സരം ടെലിവിഷനിലൂടെ കണ്ടവർക്ക് ആ കമന്ററിയെത്തി..! നീലപ്പടയുടെ അതികായൻ ആ പെനാൽറ്റി സേവ് ചെയ്യ് തിരിക്കുന്നു… ഹോം സ്റ്റേഡിയമായിട്ട് പോലും ബയേൺ കളിക്കാർ വിഷാദത്തിലേക്ക് കൂപ്പ്കുത്തി.. കൈവന്ന ഭാഗ്യത്തെയോർത്ത് ലണ്ടനിലെ നീലകുപ്പായക്കാർ അലയൻസ് അരീനയിൽ തങ്ങളുടെ നീലക്കൊടി പാറിച്ചു. ചെൽസി നായകൻ ചാമ്പ്യൻസ് ലീഗ് ഏറ്റ് വാങ്ങുമ്പോൾ ഗ്രൗണ്ടിന്റെ മറുവശത്ത് അയാൾ സങ്കടകരമായ അവസ്ഥയിൽ നിലകൊണ്ടു. രണ്ട് വർഷങ്ങൾക്ക് മുമ്പ് അങ്ങ് ജൊഹന്നാസ്ബർഗ്ഗിലെ ഡ്രസ്സിങ്ങ് റൂമിൽ ഇരുന്ന അതേ ഫീലിങ്ങ്. ലോകം കാൽതുമ്പിൽ നിന്ന് അകലുന്ന മാനസ്സികാവസ്ഥ.. 3 വർഷങ്ങൾക്ക് മുമ്പ് അലയൻസ് അരീനയിലേക്ക് കാൽചുവടെടുത്ത് വെക്കുമ്പോൾ കരഘോഷങ്ങളാൽ സ്വീകരിച്ച അതേ ആരാധകരിപ്പോൾ തന്നെ ശത്രുവായ് കാണുന്നതോർത്ത് കൊണ്ട് അയാൾ അവിടം വിട്ടു..!
ഒരു വർഷത്തിനുമിപ്പുറം അതേ മാസം.. ഇംഗ്ലണ്ടിലെ ഏറ്റവും കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങളിലൊന്നായ വെമ്പ്ലിയിൽ മറ്റൊരു, ബയേൺ മ്യൂണിക്ക് ഉൾപ്പെട്ട ഫൈനൽ..ഇന്ന് എതിരാളി ചിരവൈരികളായ ഡോർട്ട്മുണ്ടാണ്. ജർമ്മൻ ലീഗിൽ ബയേണിന്റെ സമർത്ഥരായ എതിരാളികൾ. തോൽപ്പിച്ചിട്ടുണ്ട് , അത് പോലെ തോറ്റിട്ടുമുണ്ട്.. ക്യാപ്റ്റൻ ഫിലിപ്പ് ലാം നിർദ്ദേശങ്ങൾ കളിക്കാർക്കായ് നൽകി. ഒരു വർഷത്തിന് മുമ്പേറ്റ തിരിച്ചടി മറക്കാൻ ഈ വിജയം അനിവാര്യമാണെന്നവരെ ബോധ്യപ്പെടുത്തി. മത്സരത്തിന്റെ 90 മിനിട്ടും അധിക സമയവും കഴിഞ്ഞപ്പോളേക്കും ക്ലാസിക്കൽ ജർമ്മൻ ഫൈനലിൽ ബയേൺ 2-1 എന്ന സ്കോറിൽ വിജയികളായ് മാറി. ഫൈനലിന്റെ മാൻ ഓഫ് ദി മാച്ച് അവാർഡ് പ്രഖ്യാപിച്ചപ്പോൾ സന്തോഷനായ് നിലകൊണ്ട ആ കഷണ്ടിക്കാരന് മേൽ ക്യാമറയുടെ കണ്ണുകളെത്തി.. ഒരുവർഷം മുമ്പ് അലയൻസ് അരീനയിലെ ആയിരങ്ങളെ കണ്ണീരിൽ ആറാടിച്ച അതേ മനുഷ്യൻ.! ഇന്നയാൾ ഒരു ഗോളും അസിസ്റ്റുമുൾപ്പെടെ അലയൻസ് അരീനയിലേക്ക് നിറപുഞ്ചിരിയോടെ തന്റെ ത്യാഗത്തെ അവതരിപ്പിക്കാൻ വെമ്പി നിൽക്കുകയാണ്. അയാളെ വരവേൽക്കാൻ ആയിരങ്ങളും. സ്വീകരണ ചടങ്ങിൽ കുറച്ച് പേർ പ്ലക്കാർഡിൽ ഇങ്ങനെയെഴുതി ” ഗ്രാസിയാസ് ആര്യൻ റോബൻ.. നിങ്ങൾ ഒരു പോരാളിയാണ് ”
ആര്യൻ റോബ്ബൻ.. നെതർലന്റിന്റെ ഏറ്റവും മികച്ച കളിക്കാരിലൊരാൾ. ലോകം കണ്ട മികച്ച ലെഫ്റ്റ് ഫുട്ടഡ് കളിക്കാരിലൊരാൾ. തന്റെ പ്രൈമ് ടൈമിൽ ലോകഫുട്ബോളിനെ അടക്കിഭരിച്ച മനുഷ്യൻ. ആരാധകരുടെ കുത്തൊഴുക്ക് ഉണ്ടായിട്ടില്ല. അതയാൾ ഗൗനിച്ചിട്ടുമുണ്ടാവില്ല. എല്ലാ ചിന്താഗതികളും അയാൾ സമർപ്പിച്ചിരുന്നത് തന്റെ ഗെയിമിലാണ്…സ്കില്ലുകൾക്കാണ്. പോസ്റ്റിന്റെ വലത് വശത്തു നിന്നും ഇടത്തോട്ട് കട്ട് ചെയ്യ്ത് കയറുന്ന ശൈലിയൊക്കെ റോബനെ പോലെ നിരന്തരമായി മറ്റാരും പയറ്റിയിട്ടില്ല.
ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ഓറഞ്ച് പട മുന്നേറ്റം നടത്തിയപ്പോൾ അതിനായ് തന്റെ ത്യാഗത്തെ മുഴുവനും സമർപ്പിച്ചിരുന്നു റോബൻ. പക്ഷേ അവസാന റിസൾട്ട് അയാൾക്കും ടീമിനും ഒരുപോലെ മോശമായ് ഭവിക്കുകയുണ്ടായ്. സ്പെയിനിന്റെ കസിയസിന്റെ കാലുകളിൽ തട്ടി തെറിച്ച പൊൻ തിളക്കമുള്ള ആ ലോകകീരിടം.. അതെന്നും റോബന് വിഷമമുണ്ടാക്കുന്നുണ്ട്. നാല് വർഷങ്ങൾക്കിപ്പുറം ജാവിയർ മഷരാനോയുടെ നീളൻ കാലുകൾക്കിടയിലൂടെ അടർന്ന് പോയ ആ ഗോൾഡൻ ചാൻസ്.. അതും അയാളെ സംബന്ധിച്ച് നിർഭാഗ്യത്തിന്റെ കണക്കുകളിൽ മുൻ പന്തിയിൽ തന്നെയുണ്ടാകും.
എല്ലാവരും അയാളെ ” നിർഭാഗ്യവാൻ” എന്ന തസ്തികയിലേക്ക് പറിച്ച് നടുമ്പോഴും ബയേണിനായ് നേടിയ കോണ്ടിനന്റൽ ട്രബിളും മറ്റനവധി കിരീടങ്ങളും അവർ മനപ്പൂർവ്വം വിസ്മരിക്കുന്നു എന്നതാണ് വാസ്തവം. തോൽക്കാൻ മനസില്ലാത്ത മനോഭാവം, ഏതൊരു കരുത്തനായ പ്രതിരോധനിരക്കാരനെയും കബളിപ്പിക്കാനുള്ള ധൈര്യം. അതായിരുന്നു റൊബനെന്ന കളിക്കാരന്റെ മുഖമുദ്ര. നിറമാർന്ന വസന്തങ്ങളിൽ ഒരു ചിത്രശലഭത്തെപോലെ അയാൾ നമ്മളെ ത്രസിപ്പിച്ച് കൊണ്ടിരുന്നു..
യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ മൂന്നിലും കിരീടം നേടുന്ന ആദ്യ താരമാണ് റോബൻ. പ്രീമിയർ ലീഗിൽ ചെൽസിക്കായും സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനായും ജർമ്മൻ ലീഗിൽ ബയേണിനായും റോബന്റെ കാലുകൾ മാന്ത്രികത നടത്തിയിട്ടുണ്ട്. 10 വർഷത്തോളം തന്നെ സ്നേഹിച്ച ബയേൺ ആരാധകരായിരുന്നു അയാളുടെ പ്രിയപ്പെട്ടവർ. അത്രമേൽ സ്നേഹം അവരിൽ റോബനുണ്ടായിരുന്നു.!
അവസാന മത്സരത്തിൽ തന്റെ പ്രിയപ്പെട്ടവനോടൊപ്പം തന്നെ പടിയിറക്കം. അതും ഗോളുകളോടെ.. ഒരു കാലത്ത് യൂറോപ്യൻ ഫുട്ബോളിൽ ആഞ്ഞടിച്ച ” റോബറി” എന്ന കൊടും കാറ്റ് അവസാനിക്കുകയാണ്. കണ്ണിന്റെ കാഴ്ച്ചശക്തിയുടെ ആക്കത്തെ ടെലിവിഷനിലേക്ക് പറിച്ച് നട്ട രണ്ട് പോരാളികൾ.. അതിലൊന്ന് ഓറഞ്ച് പടയുടെ അതികായൻ. ഫുട്ബോളിനോട് അയാൾ വിടച്ചൊല്ലി കഴിഞ്ഞു..
മുടിയിലെ സ്പൈക്കുകളും ശരീരമാകെ ചിത്രീകരിച്ച റ്റാറ്റുകളും നോക്കി താരങ്ങളെ ഇഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തിൽ വിറളിപൂണ്ട ആരാധകരുടെ കണ്ണുകളിൽ എത്താതിരുന്ന ഒരാളായിരുന്നു ആര്യൻ റോബൻ. പക്ഷേ ഒരിക്കൽ കളി കണ്ട് കഴിഞ്ഞാൽ വീണ്ടും ഫോളോ ചെയ്യാൻ പ്രേരിപ്പിക്കുന്ന മാച്ച് ടെക്നിക്ക്സ് അയാൾക്കുണ്ടായിരുന്നു.
നന്ദി റോബൻ.. വിശ്രമജീവിതത്തിലേക്ക് കടക്കുന്ന താങ്കളുടെ ചിത്രം കാൽപ്പന്തിനെ സ്നേഹിക്കുന്ന കാലമത്രയും കൊത്തിവെക്കപ്പെട്ടിട്ടുണ്ടാകും. വലത്തു നിന്ന് കട്ട് ചെയ്യ്ത് കയറുന്ന ആ അനശ്വര ദൃശ്യങ്ങൾ അത്രയും കാലം മനസിലുണ്ടാകും!
#SHERSON
©️www.culesofkerala.com