• Follow

ആന്റണി ബോർഗസ്

  • Posted On June 24, 2019

ആന്റണി ബോർഗസ് അമേരിക്കയിലെ ഫ്‌ലോറിഡയിൽ ജീവിക്കുന്ന മെക്സിക്കൻ വംശജനായ വിദ്യാർത്ഥിയായിരുന്നു. ഫുട്ബോൾ ആയിരുന്നു ആന്റണിക്കെല്ലാം. അഭയാർത്ഥിയായി അമേരിക്കയിൽ വന്നു, അവിടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി തന്റെ ഇഷ്ട്ട ക്ലബായ എഫ്.സീ.ബാഴ്‌സലോണയിൽ എത്തുക- അതായിരുന്നു ആ ബാലന്റെ സ്വപ്നം. നെയ്മറെ അനുസ്മരിപ്പിക്കുന്ന ആന്റണിയിൽ വലിയ ഭാവിയുണ്ടെന്നു അയാളെ ട്രെയിൻ ചെയ്യിച്ച കോച്ചുമാരും ഒരേ സ്വരത്തിൽ പറഞ്ഞു. ലോകം തന്റെ പേര് കേൾക്കുന്ന വരെ കഠിനമായി അധ്വാനിക്കാൻ അയാൾ തീരുമാനിച്ചിരുന്നു.ആ ഒരു പ്രതീക്ഷയിലാണ് ഓരോ തവണയും ആ ബാലൻ മൈതാനത്തു പന്ത് കളിക്കുവാൻ ഇറങ്ങിയിരുന്നത്.

എന്നാൽ ആന്റണിയെ ലോകം അറിയുന്നത് ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡ് ഹൈ-സ്‌കൂൾ വെടിവെപ്പിലൂടെയാണ്. 2018 ഫെബ്രുവരി 14നു, സ്‌കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥി, തോക്കുമായി വന്നു സ്‌കൂളിലെ കുട്ടികളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. അമേരിക്ക അന്നേ വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭീകരമായ ഹൈ-സ്‌കൂൾ ആക്രമണങ്ങളിൽ ഒന്നായിരുന്നു അത്. അക്രമിയുടെ ഒന്നാമത്തെ ഇരയായിരുന്നു ആന്റണി. ആന്റണിക്ക് നേരെ അക്രമി അഞ്ചിൽ കൂടുതൽ നിറയൊഴിച്ചു. മരണം മുന്നിൽ കണ്ടപ്പോഴും ആന്റണി ചെയ്തത്, ഇരുപതോളം വരുന്ന തന്റെ സഹപാഠികളെ സംരക്ഷിക്കുക എന്നതായിരുന്നു. അക്രമിയുടെ തോക്കിന്റെ മുൻപിൽ നിന്ന് ആന്റണി അവരെ മറച്ചു. മരണം മുന്നിൽ കണ്ട ആന്റണി തന്റെ പിതാവിനെ വിളിച്ചു പറഞ്ഞു “എന്റെ കാലിലും, പുറകിലും വെടി കൊണ്ടു. ഞാനിതാ മരിക്കാൻ പോകുന്നു. തന്ന ഈ ജീവിതത്തിനു നന്ദി”. ആ പിതാവ് എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പോയ നിമിഷമായിരിക്കണം അത് . ഈശ്വരാധീനം കൊണ്ടാകണം ആന്റണി രക്ഷപ്പെട്ടു. എന്നാൽ സർജറിയുടെ ഭാഗമായി കരളിന്റെയും, ശ്വാസകോശത്തിന്റെയും ഒരു ഭാഗം മുറിച്ചു കളയേണ്ടി വന്നു. ശരീരത്തിൽ ഇപ്പോഴും ഇരുമ്പു കഷ്ണങ്ങളുണ്ട്. എന്നാൽ ആശുപത്രി കിടക്കിയിലും അയാൾ അയാളെ കൊണ്ടു പറ്റുന്ന വിധം വ്യായാമം ചെയ്തു പോന്നു. ആന്റണിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, തന്റെ ബൂട്ട് പുൽമൈതാനിയിൽ തൊടാൻ വെമ്പിയിരുന്നു. എന്നാൽ ബാഴ്‌സലോണ എന്ന തന്റെ സ്വപ്നം നടക്കുമോ എന്ന് അയാൾക്കറിയില്ലായിരുന്നു. പിന്നീട് ഓരോ തവണ പന്ത് തൊടുമ്പോഴും അയാളിൽ നീറ്റലായിരുന്നു.

അമേരിക്കൻ ഗവണ്മെന്റ് 20ഓളം പേരെ രക്ഷിച്ച ആന്റണിയുടെ, വീര്യത്തെ പുകഴ്ത്തി അനുമോദിച്ചു. ഈ വാർത്ത ബാഴ്‌സലോണയുടെ ചെവിയിലെത്തുകയും ചെയ്തു. ഇത്തരം വാർത്തകൾ വരുമ്പോൾ ഏറ്റവും ആദ്യം പ്രതികരിക്കുന്ന ക്ലബ്ബാണ് ബാഴ്‌സലോണ. സമീപകാലത്തു തന്നെ നടന്ന Chapecoense ദുരന്തത്തിലും വലിയ ക്ലബ്ബുകളിൽ ബാഴ്‌സ മാത്രമാണ് ആ ക്ലബ്ബിനെ സാമ്പത്തികമായി സഹായിച്ചത്. ആന്റണിയുടെ സ്വപ്നം സാക്ഷാത്കരിക്കാനും അവർ തീരുമാനിച്ചു. ആന്റണിയെ അവർ ക്ലബ്ബിലേക്ക് ക്ഷണിച്ചു. അയാളെ സ്വീകരിക്കുവാൻ പീക്കെയും, സുവാരസും, പ്രെസിഡന്റ്റ് ബാർത്തോമ്യുവുമെല്ലാം വന്നു. ക്യാമ്പ് ന്യൂ കണ്ട ആ മകൻ പറഞ്ഞത്, എനിക്ക് ഇപ്പോൾ ഇവിടെ പന്ത് തട്ടണം എന്നാണു . ആന്റണിയുടെ മാതാപിതാക്കൾക്ക് അത് തങ്ങളുടെ മകന്റെ രണ്ടാം ജനനമായിരുന്നു. ആന്റണി ലാ മാസിയയിൽ ചേർന്നു. അയാൾക്ക് എത്രത്തോളം പുരോഗമിക്കുവാൻ കഴിയും എന്ന് നമുക്കറിയില്ല. ശാരീരിക വിഷമതകൾ അയാൾക്കുണ്ട്. എന്നാൽ ഒരിക്കലെങ്കിലും ഒരു മത്സരത്തിലെങ്കിലും ആ ബ്ലോഗ്രാന ജഴ്‌സിയിൽ കളിക്കുവാൻ അയാൾക്ക് ഭാഗ്യമുണ്ടാകട്ടെ. ബാക്കിയെല്ലാം വിധി പോലെ. എന്നാൽ ആന്റണി എന്ന ധീരനെ ലോകം അറിയാതെ പോകരുത്. വീണു പോയിട്ട് എഴുന്നേറ്റ് വന്നവനെ ലോകം കീഴടക്കിയിട്ടുള്ളൂ.

Anthony Borges is a champion and FC Barcelona is definitely more than a club!!!