ആന്ദ്രേ ഇനിയേസ്റ്റ- ഇന്ന് കളിക്കുന്നവരിൽ ഒരു ‘ഇതിഹാസം’
“There are three good things in Spain: Siesta, Fiesta and Iniesta ”
ജിയാൻലൂഗി ബുഫൺ, ആന്ദ്രേ ഇനിയേസ്റ്റ- ഇന്ന് കളിക്കുന്നവരിൽ ഒരു ‘ഇതിഹാസം’ എന്ന് എല്ലാ അർത്ഥത്തിലും വിളിക്കപ്പെടാൻ അർഹതയുള്ളവരും ആരാലും വെറുക്കപ്പെടാത്ത 2 കളിക്കാർ. ബുഫൺ ജന്മനാ ഒരു പോരാളിയാണ്. ഒരു നായകൻറെ എല്ലാ മാനറിസവും അടങ്ങിയ ഒരു ഒരു ഫൈറ്റർ. ഇനിയേസ്റ്റ ആകട്ടെ ഇതിന്റെ മറുവശമാണ്. ഇനിയേസ്റ്റ ഒരിക്കലും ഒരു കരിസ്മാറ്റിക്ക് ഹീറോ അല്ല. സ്വതവേ ശാന്തശീലനായ ഇനിയേസ്റ്റ കളിക്കാരോട് ദേഷ്യപ്പെടുകയോ, ആക്രോശിക്കുകയോ ചെയ്യാറില്ല. മറിച്ചു അയാൾ നിശബ്ദനായി കളിക്കുക മാത്രമാണ് ചെയ്യുക.
ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എവിടെയാകും ഇനിയേസ്റ്റയുടെ സ്ഥാനം. പുയോൾ, ചാവി എന്നീ മുൻഗാമികളെ വെച്ച് നോക്കുമ്പോൾ ഇനിയേസ്റ്റ ഒരു നല്ല നായകനാണോ? ജെറാർഡ് പീക്കെയേ പോലെ ബാഴ്‌സലോണിസം രക്തത്തിൽ കൊണ്ട് നടക്കുന്ന ഒരു പോരാളി ആകണോ ബാഴ്‌സയുടെ ആം ബാൻഡ് അണിയേണ്ടത്. ഇങ്ങനെ ഒരുപാട് സംശയങ്ങൾ പലരിൽ വന്നിട്ടുണ്ടാകും. ഇതിനെല്ലാം ഉത്തരമായതു കഴിഞ്ഞ എൽ ക്ളാസിക്കോ കണ്ടതിനു ശേഷമാണ്. പരിക്ക് മൂലം ആഴ്ചകളോളം പുറത്തു നിന്ന ഇനിയേസ്റ്റയുടെ മടക്കമായിരുന്നു അന്ന് കണ്ടത്.
ഇനിയേസ്റ്റ അന്ന് പകരക്കാരുടെ ബെഞ്ചിലായിരുന്നു. ഇനിയേസ്റ്റയുടെ വരവ് വരെ തപ്പിതടയുന്ന ബാഴ്‌സ മിഡ് ഫീല്ഡിനെ വേദനയോടെയാണ് ബാഴ്‌സലോണ ആരാധകർ കണ്ടത്. എക്കാലവും മധ്യനിരയായിരുന്നു ബാഴ്‌സയുടെ കരുത്ത്. അങ്ങനെ ഉള്ള ഒരു ടീമിൽ നിന്ന് ഇത്തരമൊരു പ്രകടനം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയുള്ള ഒരു അവസ്ഥയിലാണ് ഇനിയേസ്റ്റ ഇവാൻ റാക്കിറ്റിച്ചിന് പകരക്കാരനായി വരുന്നത്. അത് വരെ കണ്ട ടീമിനെ ആയിരുന്നില്ല പിന്നീട് നാം കണ്ടത്. സുവർണ്ണ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള മിഡ് ഫീൽഡ് പ്ലേയ് ആണ് പിന്നീട് നാം ദർശിച്ചത്.
ഇനിയേസ്റ്റ ഒറ്റൊരാൾ ഒരു ടീമിനെ മുഴുവൻ ഇൻസ്പയർ ചെയ്യുകയായിരുന്നു. ആന്ദ്രേ ഗോമസും, ബുസ്കസുമെല്ലാം ഉണർന്നു കളിച്ചപ്പോൾ വർഷങ്ങളായി ബാഴ്‌സലോണയുടെ കളികൾ കാണുന്നവർക്കു അതൊരാശ്വാസമായി. ഇതാണ് ഇനിയേസ്റ്റ. ഇങ്ങനെയാണ് ഇനിയേസ്റ്റ ടീമിനെ നയിക്കുന്നത്. ഒച്ചപ്പാടുകളോ, അലറി വിളിക്കലോ ഒന്നും ഇല്ല. നിശബ്ദനായി കളി നിയന്ത്രിക്കുക, ടീമിനെ ജയിപ്പിക്കുക. അതാണ് അയാളുടെ ശൈലി. കളിച്ച 4 ചാമ്പ്യൻസ് ലീഗ് ഫൈനൽ, 2 യൂറോ ഫൈനൽ, 1 ലോകകപ്പ് ഫൈനൽ എന്നീ കളികളിൽ എല്ലാം ഇനിയേസ്റ്റ ഇങ്ങനാണ് ജയിച്ചത്. ചാമ്പ്യൻസ് ലീഗ് ഫൈനൽ, ലോകകപ്പ് ഫൈനൽ, യൂറോ ഫൈനൽ എന്നിവയിൽ എല്ലാം മാൻ ഓഫ് ദി മാച്ച് പട്ടം നേടിയ ഒരേയൊരു താരമാണ് ഇനിയേസ്റ്റ. ഇനിയേസ്റ്റ അങ്ങാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക. ഈ കളികളിൽ ഒന്നിൽ പോലും ഇനിയേസ്റ്റയുടെ ടീം തോറ്റിട്ടില്ല എന്നത് അദ്ദേഹത്തിന്റെ ഇതിലുള്ള മിടുക്ക് തെളിയിക്കുന്നു.തന്റെ ടീമിന് ആവശ്യമുള്ള നേരത്ത ശബ്‌ദിക്കാതിരുന്നിട്ടില്ല ആ ബൂട്ടുകൾ. എല്ലാ അവസരത്തിലും ഉത്തരവാദിത്തവം ഏറ്റെടുത്തവനായിരുന്നു ഇനിയേസ്റ്റ. അങ്ങനെയുള്ള ഇനിയേസ്റ്റ ഒരു നേതാവാണ്. മറ്റേതു നേതാവിലും വലിയൊരു നേതാവ് .
‘That pale bald silent guy who made the most noise for his team in the World Cup final.’ You’re impossible, Andres.