• Follow

ക്ളാസിക്കോ 2017; ഒരവലോകനം

  • Posted On April 24, 2017

സമീപകാലത്തെ ഏറ്റവും മികച്ച ക്ളാസിക്കോയാണ് ഇന്നലെ ലോകം സാക്ഷ്യം വഹിച്ചത്. ലിയോണൽ മെസ്സിയുടെ പേരിൽ നാളെ ഓർത്തിരിക്കാൻ പോകുന്ന കളിയിൽ, മെസ്സിയുടേതല്ലാത്ത എടുത്തു പറയേണ്ട വേറെയും പ്രകടനങ്ങളുണ്ടായിരുന്നു .

1. ടെർ സ്റ്റെയ്ഗൻ & കെയ്‌ലർ നവാസ്- മെസ്സിയുടെ അവസാനനിമിഷത്തെ ഗോൾ ഇല്ലായിരുന്നുവെങ്കിൽ ഇത് ഗോളിമാരുടെ ക്ളാസിക്കോ എന്നറിയപ്പെട്ടേനെ. കെയ്‌ലർ നവാസ് രക്ഷകനായില്ലായിരുന്നെങ്കിൽ സ്‌കോർനില ഇനിയും കൂടിയേനെ. പോയിന്റ് ബ്ളാങ്കിൽ പീക്കെയുടെ ഹെഡർ സേവ് ചെയ്തത് എടുത്തു പറയേണ്ടിയിരിക്കുന്നു. ടെർ സ്റ്റെയ്ഗൻ ഈ സീസണിൽ ലാ ലീഗായുടെ മികച്ച ഗോളിയ്ക്കുള്ള സമോറ പുരക്‌സാരം നേടുവാൻ പോകുന്ന താരമാണ്. മോൻഷൻഗ്ലാഡ്ബാക്കിലെ തന്റെ അവസാന സീസണിലെ പ്രകടനങ്ങൾ അനുസ്മരിപ്പിച്ചു 12 സേവുകളാണ് ഇന്നലെ സ്റ്റെയ്ഗൻ നടത്തിയത്. 2004 നു ശേഷം ഒരു ബാഴ്‌സ ഗോളിയുടെ ഏറ്റവും ഉയർന്ന സേവുകൾ.

2 . സെർജിയോ ബുസ്കറ്സ്- ബുസ്കറ്സിന്റെ സിംഹാസനത്തിനു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ് ഫീൽഡർ , ‘ബാഡിയയിലെ നീരാളി’ എന്ന വിളിപ്പേരുള്ള ബുസ്കറ്സ് തന്നെ. കരിയറിലെ പീക്കിലെത്തുന്ന ബുസ്കറ്സിനു ചേരുന്ന ഒരു മിഡ് ഫീൽഡ് ഒരുക്കുകയാണ് ബാഴ്‌സ ഇനി ചെയ്യേണ്ടത്.

3. മാർക്കോ അസെൻസിയോ- ബാഴ്‌സയുടെ ചരിത്രത്തിലെ വലിയ വിഡ്ഢിത്തങ്ങളിൽ ഒന്നായി അവശേഷിക്കും, ഒരു ബാഴ്‌സ ആരാധകൻ കൂടിയായിരുന്ന അസെൻസിയോയെ സൈൻ ചെയ്യാനുള്ള അവസരം പാഴാക്കിയതിനു. ഇന്നലെ കെയ്‌ലർ കഴിഞ്ഞാൽ റയലിന്റെ ഏറ്റവും മികച്ച താരം അസെൻസിയോ ആയിരുന്നു. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചിരുന്നു അസെൻസിയോ. സ്‌ട്രൈക്കർമാർ അവസരങ്ങൾ പാഴാക്കുകയോ, അല്ലെങ്കിൽ ടെർ സ്റ്റെയ്ഗൻ സേവ് ചെയ്യുകയോ ആയിരുന്നു മിക്ക അവസരങ്ങളിലും. റയലിന്റെ പത്താം നമ്പർ കുപ്പായത്തിനു എന്ത് കൊണ്ട് അർഹനാണ്-അസെൻസിയോ .

4 . സെർജി റോബർട്ടോ- ലാ മാസിയയെ അവിശ്വസിക്കരുത് എന്ന് സെർജി ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. 90 മിനിറ്റും റൈറ്റ് ബാക്ക് പൊസിഷനിൽ ഓടി കളിച്ചിട്ട്, 93 ആം മിനിറ്റിൽ മാഴ്‌സലോയെ പോലും കാഴ്ചക്കാരനാക്കി നടത്തിയ ആ റൺ ആണ് ബാഴ്‌സയുടെ മൂന്നാം ഗോളിൽ കലാശിച്ചത്. കഴിഞ്ഞ വർഷത്തെ ബെര്‍ണബൂ ക്ളാസിക്കോയിൽ മെസ്സിക്ക് പകരം ഇറങ്ങി റയൽ ഡിഫൻസ് കീറിമുറിച്ചു സുവാരസിന് കൊടുത്ത ഒരു അസ്സിസ്റ്റിനു ശേഷം വീണ്ടും ഒരിക്കൽ കൂടി റയൽ കോട്ടയിൽ സെർജി അത്ഭുദമായി. പാരീസ് ഗെയിമിന് ശേഷം സെർജി വീണ്ടും ഹീറോയായി. അടുത്ത സീസണിൽ മിഡ് ഫീൽഡിൽ വരണം സെർജി.

5 . ഇവാൻ റാക്കിറ്റിക്ക്- ലൂയിസ് എൻറിക്ക്വേയുടെ ബാഴ്‌സയിലെ മൂന്നു വർഷത്തിൽ ഏറ്റവും വലിയ വിശ്വസ്തനായിരുന്നു റാക്കിറ്റിക്ക്. ആ വിശ്വാസത്തിനു റാക്കിറ്റിക്ക് കാത്തു സൂക്ഷിച്ചു. ബുസ്കറ്സിനൊപ്പം ചേർന്ന് ക്രൂസിനെയും, മോഡ്രിച്ചിനെയും പൂർണ്ണമായും കളിയിൽ നിന്ന് മാറ്റി നിർത്തുവാൻ റാക്കിക്കു കഴിഞ്ഞു. തന്റെ സ്ഥിരം ശൈലിയിൽ ഒരു ബുള്ളറ്റ് ഷോട്ടിൽ ഗോൾ നേടുവാനും ഈ ക്രൊയേഷ്യൻ മിഡ് ഫീൽഡർക്കു കഴിഞ്ഞു.

  • SHARE :