Alexia Putellas – Ballon D’or Winner 2021
ഗാലയുടെ വേദിയിൽ ആദ്യത്തെ ബലോൻ D’or സ്വീകരിച്ച് നിൽക്കെ, ഒട്ടുമൊന്ന് സംശയിക്കാതെ, “ഞാൻ എന്റെ ടീമിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു, ഈ ദിവസം ക്ലബ്ബിന്റെ നൂറ്റി ഇരുപത്തിരണ്ടാം വാർഷികത്തിൽ തന്നെ ആവണമെന്ന് വിധി നിശ്ചയിച്ചു കാണണം.” എന്ന് വിളിച്ചു പറഞ്ഞ ഒരു ഇരുപത്തേഴുകാരിയെ നിങ്ങൾ കണ്ടില്ലേ!!!
അലെക്സിയ പുത്തെയ്യാസ്, അഥവാ ബാർസയുടെ ലാ റെയ്ന, രാഞ്ജി!!
ആരാണ് അലക്സിയ! ഫുട്ബാൾ ക്ലബ് ബാർസെലോനയോട് അത്രയധികം പ്രണയം കൊണ്ടു നടന്നൊരു സാധാരണ പെൺകുട്ടി എന്നതിൽ കവിഞ്ഞൊരു നല്ല ഉത്തരം, ആ ചോദ്യത്തിനില്ല. പന്ത്രണ്ടാം വയസ്സ് മുതൽ ബാർസയുടെ മൈതാനങ്ങൾ സ്വപ്നം കണ്ട് വന്ന ഈ പെൺകുട്ടി,ഇന്ന് ബാർസയുടെ വിജയത്തിന്റെ അഭിവാജ്യ ഘടകമാണ്. പ്രസിഡന്റ് ജോൺ ലപോർട്ട പറഞ്ഞത് പോലെ, അലെക്സിയയുടെ കഴിവും പ്രതിബദ്ധതയും ക്ലബ്ബിന്റെ നൂറ്റി ഇരുപത്തിരണ്ട് വർഷങ്ങളെ അടയാളപ്പെടുത്തുന്നു.
പതിനാറു വർഷത്തോളം ടീമിനെ ഹൃദയത്തിൽ കൊണ്ടു നടന്ന ക്യാപ്റ്റൻ വിക്കി ലൊസാദക്ക് കീഴിൽ രണ്ടു വർഷത്തോളം സെക്കന്റ് ക്യാപ്റ്റൻ ആയിരുന്ന അലെക്സിയ, അവരുടെ പടിയിറക്കത്തോടെ ടീമിനെ നയിക്കേണ്ടുന്ന ഉത്തരവാദിത്തം മുഴുവനായും ഏറ്റെടുക്കുകയായിരുന്നു. കൂടുമാറ്റത്തിന്റെ അവസാന സീസൺ വിക്കി കൂടുതൽ സമയവും സബ് ആയിരുന്നത് കൊണ്ട് തന്നെ അലെക്സിയക്ക് അത് പുതിയ കാര്യമായിരുന്നില്ല.
പാരമ്പരാഗതമായ ഒരു നമ്പർ 8, ബാർസയുടെ സമ്പൂർണ മിഡ്ഫീൽഡർ എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിൽ കൂടി അങ്ങനെയൊരു ചട്ടക്കൂടിനുള്ളിൽ ഒതുക്കിയിടാവുന്ന റോൾ അല്ല അലെക്സിയയുടേത്. ഡീപ്പ് ലയിങ് പ്ലേ മേക്കർ ആയിരിക്കെ തന്നെ ടീമിന്റെ ബിൽഡ് അപ്പിലേക്കും മുന്നേറ്റങ്ങളിലും സംഭാവന ചെയ്യുന്നതിനോടൊപ്പം ഹൈ പ്രെസ്സിങ് എതിരാളികളെ കടന്നു പോകാനും ട്രാൻസിഷൻ കൌണ്ടർ അറ്റാക്കിനു തുടക്കമിടാനുമുള്ള അവരുടെ കഴിവ് ശ്രദ്ധിക്കപ്പെടേണ്ടതാണ്.ഷോർട് പാസുകൾ മുതൽ വളരെ കണ്ണിങ് ആയ ത്രൂ പാസ്സുകൾ വരെ അനായാസം കൈകാര്യം ചെയ്യാനാവുന്ന അലെക്സിയ, ഫൈനൽ തേർഡുകളിൽ ക്രീയേറ്റർ, കണക്ടർ എന്നീ കടമകൾ നിറവേറ്റുന്നതിനോടൊപ്പം, ഒരു ഓഫ് ദി ബോൾ റണ്ണർ ആവുകയും സ്പേസ് കണ്ടെത്തുകയും ചെയ്യുന്നു എന്നത് മറ്റൊരു വ്യത്യസ്തതയാണ്.
ഒരു ടീം പ്ലയെറും ലീഡറും കൂടിയായ അലെക്സിയ, പലപ്പോഴും ചെറുപ്പക്കാരുടെ പിഴവുകൾ പരിഹരിക്കാനും അവരെ തിരുത്താനും കളിയിലെ ചെറിയ ചെറിയ ഇടപെടലുകൾക്ക് പോലുമവരെ അഭിനന്ദിക്കാനും ശ്രദ്ധിക്കാറുണ്ട്. കോപ്പ ഡെൽ റെയ് ഫൈനലിലെ എം വി പി ആയിരിക്കെ ഇന്റർവ്യൂ നൽകിക്കൊണ്ടിരുന്ന അലെക്സിയയെ പെരേരയും മാർത്തയും ഐറ്റനയും അടങ്ങുന്നൊരു സംഘം ഒന്നാകേ mvp എന്നലറി വിളിച്ചു കിരീടം ചൂടിക്കാനെത്തുന്നതും അലെക്സിയ അത് നിഷേധിക്കുന്നതിനെ തുടർന്ന് പ്രെസ്സ് കോൺഫറസ്നിടയിൽ ജെന്നി ആ കിരീടം ചൂടിക്കൊടുക്കുന്നതുമായ രംഗങ്ങൾ ടീമിന് അവർ എത്രമാത്രം പ്രിയപ്പെട്ടവളാണ് എന്ന് തെളിയിക്കാൻ പോന്നതാണ്.
2020-21 സീസണിൽ യുവേഫ ബെസ്റ്റ് പ്ലയെർ, പ്രൈമറ ഇബർടോള ബെസ്റ്റ് മിഡ്ഫീൽഡർ, ഗോൾ 50 ബെസ്റ്റ് പ്ലയെർ, മാർസ ബെസ്റ്റ് പ്ലയെർ എന്നീ അവാർഡുകൾക്കെല്ലാം അർഹയായ പുത്തെയാസ് ബാർസക്ക് വേണ്ടി 27 അസ്സിസ്റ്റുകളോടൊപ്പം 37 ഗോളുകളും അടിച്ചു കൂട്ടുകയുണ്ടായി.
പതിനെട്ടാം വയസ്സിൽ ബാർസയുടെ സ്ഥിരസാന്നിധ്യം ആവാൻ കഴിഞ്ഞ അലെക്സിയ ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ തവണ ജേഴ്‌സി അണിഞ്ഞ നാലാമത്തെ വനിതയാണ്.
364 മത്സരങ്ങളിൽ നിന്ന് 157 ഗോളുകൾ നേടിയ അലെക്സിയ ബാഴ്സയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോൾ സ്‌കോറർ ആണ്.
“ഫുട്ബോൾ എല്ലാവരുടെയുമാണ്. ബാർസക്കൊ സ്പെയിനിനോ ഒപ്പം എത്ര കിരീടങ്ങൾ ഉയർത്തിയാലും എന്റെ ലക്ഷ്യം ഫുട്ബോളിൽ മാറ്റങ്ങൾ കൊണ്ടുവരുക എന്നത് കൂടിയാണ്. ഏത് വർണ്ണ വർഗ്ഗ ലിംഗങ്ങളിൽ പെട്ടവർക്കും ഫുട്ബോൾ കളിക്കാം, അത് നോർമലൈസ് ചെയ്യപ്പെടേണ്ടതുണ്ട്.” – എന്ന് ക്യാപ്റ്റൻ പറഞ്ഞു നിർത്തുന്നിടത്ത്, 1970 മുതലുള്ള FCBFemeni ക്ലബ്ബിന്റെ സകല ലക്ഷ്യങ്ങളെയും സാധൂകരിക്കപ്പെടുന്നു. ഇതൊരു തുടക്കമായി കണക്കാക്കരുത്, ഇക്കാണുന്ന വ്യക്തിഗത ആദരങ്ങൾക്കൊക്കെയും മുൻപ് അലെക്സിയ ഉണ്ട്. ടീമിനോടത്രയും പാഷനുള്ള, അഭിനന്ദനങ്ങൾക്കൊക്കെയും അപ്പുറം അഭിമാനിക്കാനൊരുപാട് നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ അലെക്സിയ പുത്തെയാസ്!!!
#LaReina
#AlexiaBalonDoro #Ballondor #FCBFemeni
©www.culesofkerala.com