ചരിത്രത്തിലേക്കൊരു തിരിഞ്ഞ് നോട്ടം
പോളിനൊ അൽകന്റാറ റിയെസ്റ്റ്ര
ഫെബ്രവരി 25,1912,കരീർ ഡി ഇൻഡസ്റ്റ്രിയയിൽ കാറ്റലൂണിയൻ ചാമ്പ്യൻഷിപ്പിൽ എഫ്.സി.ബാഴ്സലോണയും എസ്.സി കാറ്റാലയും തമ്മിൽ മത്സരം.പോളിനൊ അൽകന്റാറ എന്ന 15 വയസ്സുകാരന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.മത്സരം അവസാനിക്കുമ്പോൾ പോളിനൊ ബാഴ്സയുടെ ചരിത്ര താളുകളിൽ ഇടം നേടി കഴിഞ്ഞിരുന്നു.മത്സരം ബാഴ്സ എതിരില്ലാത്ത 9 ഗോളുകൾക്ക് വിജയിച്ചു.ആദ്യത്തെ 3 ഗോളുകളും പോളിനൊയുടേത്.ബാഴ്സലോണക്ക് വേണ്ടി ഒരു ഔദ്യോഗിക മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് ഇന്നും പോളിനോയുടെ പേരിൽ തന്നെ.
ഫിലിപ്പീൻസിലെ ഇലോയിലൊവിൽ ആയിരുന്നു പോളിനൊയുടെ ജനനം.പോളിനോയുടെ കുടുംബം ബാഴ്സലോണയിലേക്ക് താമസം മാറുമ്പോൾ അദ്ദേഹത്തിനു വെറും മൂന്ന് വയസ്സ് പ്രായം.അതേ വർഷം തന്നെ ആയിരുന്നു ജോവാൻ ഗാമ്പറിനു കീഴിൽ എഫ്.സി.ബാഴ്സലോണയുടെ പിറവിയും.
ബാഴ്സയിൽ പോളിനൊ 1913ൽ കോപ്പ ഡെൽ റേയും കാറ്റലൂണിയൻ ചാമ്പ്യൻഷിപ്പും നേടി.1916ൽ അദ്ദേഹം കുടുംബത്തോടൊപ്പം ഫിലിപ്പീൻസിലേക്ക് തിരിച്ചു പോയി.രണ്ട് വർഷത്തിനു ശേഷം വീണ്ടും ബാഴ്സയിൽ തിരിച്ചെത്തിയ പോളിനോയുടെ ഉയർച്ചയായിരുന്നു പിന്നീട്.357 മത്സരങ്ങളിൽ നിന്ന് 369 ഗോളുകൾ നേടി ബാഴ്സയുടെ എക്കാലത്തെയും വലിയ ഗോൾ സ്കോററായിരുന്നു പോളിനൊ.പക്ഷെ പിന്നീട് ലയണൽ മെസ്സി ഈ റെക്കോഡ് മറികടന്നു.ബാഴ്സയിൽ ജാക്ക് ഗ്രീൻ വെല്ലിനു കീഴിൽ പോളിനൊ ഒരിക്കൽ ഡിഫണ്ടറായും കളിച്ചിട്ടുണ്ട്.പക്ഷെ ആ പരീക്ഷണം വിജയം കണ്ടില്ല.
എമീലിയൊ സാഗി ലിനൻ,റിക്കാർഡൊ സമോറ,ഫെലിക്സ് സെസുമാഗ എന്നിവർക്കൊപ്പം ചേർന്ന് പോളിനൊ അൽകന്റാറ ബാഴ്സക്ക് വേണ്ടി ഒരുപാട് കിരീടങ്ങൾ ഉയർത്തിയിട്ടുണ്ട്.കാറ്റലൂണിയ,ഫിലിപ്പീൻസ്,സ്പെയിൻ എന്നീ നാഷണൽ ടീമുകൾക്ക് വേണ്ടിയും അദ്ദേഹം ഈ കാലയളവിൽ കളിച്ചിട്ടുണ്ട്.ഒരിക്കൽ മത്സരത്തിനിടെ പോളിനൊയുടെ ഷോട്ടിൽ ഗോൾ വല മുറിയുകയുണ്ടായി.അന്ന് മുതൽ സഹതാരങ്ങൾ അദ്ദേഹത്തെ ” ട്രെൻകസാർസ്സെസ് ” (നെറ്റ് ബ്രേക്കർ) എന്ന് വിളിക്കാൻ തുടങ്ങി.
1927ൽ പോളിനൊ വിരമിച്ചു.അദ്ദേഹത്തിനൊടുള്ള ആദരവായി അന്ന് ബാഴ്സ – സ്പെയിൻ സൗഹൃദ മത്സരം സംഘടിപ്പിച്ചു.1931 – 1934 കാലയളവിൽ അദ്ദേഹം ബാഴ്സലോണ ക്ലബ് ഡിറക്ടറായിരുന്നു.ജീവിതത്തിലെ അവസാന നാളുകളിൽ അദ്ദേഹം ബാഴ്സലോണയിൽ ചിലവഴിച്ചു.1964 ഫെബ്രവരി 13നു പോളിനൊ ലോകത്തിനോട് വിട പറഞ്ഞു.10 തവണ കാറ്റലൂണിയൻ ചാമ്പ്യൻഷിപ്പും 5 കോപ്പ ഡെൽ റേ കിരീടങ്ങളും ബാഴ്സക്ക് നേടി തരുന്നതിൽ പോളിനൊ അൽകന്റാറ പങ്ക് വഹിച്ചു.എഫ്.സി ബാഴ്സലോണയെ ഇന്ന് ഈ കാണുന്ന ഉയരങ്ങളിൽ എത്തിക്കുന്നതിൽ പങ്ക് വഹിച്ച ചുരുക്കം ചിലരിൽ പോളിനൊയുമുണ്ട്.ഇനിയും എത്ര കാലങ്ങൾ പിന്നിട്ടാലും അദ്ദേഹത്തിന്റെ ഓർമ്മകൾ മരിക്കില്ല.
#Revisiting_The_Past