ബ്ലോഗ്രാനയുടെ സ്നേഹമേറ്റു വാങ്ങി നാദിയ
നാദിയ മുറാദ് എന്ന 23കാരി പെൺകുട്ടി ഇന്നൊരു പ്രതീകമാണ്; ഐ.എസ്. തട്ടിക്കൊണ്ട് പോകുകയും തടവിലാക്കുകയും ചെയ്ത നാദിയ ഇന്ന് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളുടെ പോരാട്ടമുഖമാണ്. മാനുഷിക മൂല്യങ്ങൾക്ക് എന്നും വില കല്പിക്കുന്ന എഫ്. സി. ബാഴ്സലോണ നാദിയയുടെ പ്രവർത്തനങ്ങളെ തിരിച്ചറിയുകയും ക്ലബിന്റെ പ്രവർത്തനങ്ങളെ തൊട്ടറിയാൻ അതിഥിയായി ക്യാമ്പ് നൗവിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കറ്റാലൻ ജനതയുടെ പോരാട്ടവീര്യം പേറുന്ന കളി കാഴ്ച്ചവെച്ച് ബാഴ്സലോണ അത്ലറ്റിക്കൊ ബിൽബാവൊയെ തുരത്തി കോപ ഡെൽ റെ കുതിപ്പ് നടത്തിയ മൽസരത്തിനു സാക്ഷിയായി അറബ് സമരവീര്യമായ നാദിയയും ഉണ്ടായിരുന്നു. നാദിയയെ ക്ലബ് പ്രസിഡന്റ് ജൊസെപ് മരിയെ ബർട്ടൊമ്യുവും വൈസ് പ്രസിഡന്റ് യോർദെ കാർഡൊണറും ചേർന്ന് സ്വീകരിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പിന്തുണ അറിയിച്ച് താരങ്ങളും നാദിയയുമായി കൂടിക്കാഴ്ച്ച നടത്തി.
2014 ആഗസ്റ്റിൽ ഐ.എസ്. തീവ്രവാദികൾ നാദിയയുടെ കുടുംബാംഗങ്ങളെ കൊലപെടുത്തുകയും അവരെ ലൈംഗിക തൊഴിലാളിയായി വിറ്റുകളയുകയും ചെയ്തു. തുടർന്ന് മോചിതയായത് മുതൽ മനുഷ്യക്കടത്തിനും അടിമത്വത്തിനും എതിരായ യു.എൻ. സാമൂഹിക പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്തു. ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് ഐ.എസ്.നെതിരെ നിയമനടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടതിലൂടെ ജീവനു ഭീഷണി വരെ നേരിടേണ്ടി വന്ന. നാദിയയെ യൂറോപ്യൻ പാർളമെന്റിന്റെ ‘സഖാറൊവ് പുരസ്കാരം’ തേടിയെത്തി. ബാഴ്സ-അത്ലറ്റികൊ മൽസരശേഷം, ക്ലബ് ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ അവർക്ക് ‘ബാഴ്സലോണ സമാധാന പുരസ്കാരം സമ്മാനിച്ചു.
“തീവ്രവാദത്തിൽ നിന്നും മനുഷ്യത്വരഹിത പ്രവർത്തനങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ യുവാക്കളിലേക്ക് സന്ദേശമെത്തിക്കുന്ന മാധ്യമമായി സ്പോർട്ട്സിനെ ഉപയോഗപ്പെടുത്താനാണ് ക്ലബ് ആഗ്രഹിക്കുന്നത്. അതിനു നാദിയയുടെ ജീവിതം പ്രേരകശക്തിയാണ്.” – ക്ലബ് തങ്ങളുടെ നയം വ്യക്തമാക്കി.
“ഞാൻ വളരെ സന്തുഷ്ടയാണ്. ഇവിടെ പുരുഷന്മാരെ പോലെ സ്ത്രീകളും അവകാശങ്ങൾ അനുഭവിക്കുന്നു. അവർ ഫുട്ബോൾ കളിക്കുന്നു. എഫ്. സി. ബാഴ്സലോണ ലോകമെമ്പാടും ഒരു പാഠപുസ്തകമാണ്; പ്രത്യേകിച്ച് യുവാക്കൾക്ക്. അവരിൽ മെസ്സി മികച്ച് നിൽക്കുന്നു. അയാൾ മറ്റുള്ളവരുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നു. ” – നാദിയ പ്രതികരിച്ചു.
©Penyadel Barca Kerala