എഫ്. സി ബാർസലോണയുടെ കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് ആയ പെന്യ ഡെൽ ബാർസ കേരളയിലേക്ക് ഏവർക്കും സ്വാഗതം. ലോകമെങ്ങും ആരാധകവൃന്ദമുള്ള ബാർസലോണയുടെ ഇന്ത്യയിലെ കേവലം രണ്ടാമത്തെ പെന്യ എന്ന സുവർണ്ണനേട്ടം സ്വന്തമാക്കിയാണ് ഞങ്ങൾ വരുന്നത്. ഒരു നൂറ്റാണ്ടിലേറെ ചരിത്രമുള്ള ബാർസയുടെ ഇന്ത്യയിലെ പ്രചാരണം ആണ് ഞങ്ങളുടെ ലക്ഷ്യം. ഈ കാറ്റലോണിയൻ ക്ലബ്ബിന്റെ ബ്ലോഗ്രാനാ നിറങ്ങൾ ഇങ് ഇന്ത്യയിലും പ്രചരിപ്പിക്കണം എന്ന ലക്ഷ്യബോധത്തോടെയാണ് ഞങ്ങൾ മുന്നേറുന്നത്.

122 വർഷങ്ങൾക്ക് മുൻപ് വാൻ ഗാമ്പർ എന്ന സ്വീഡിഷ് വ്യവസായി നൽകിയ ഒരു പത്രപ്പരസ്യത്തിലൂടെ ജന്മം കൊണ്ട ബാർസലോണ ഇന്ന് ലോകത്തെ ഏറ്റവും മുന്തിയ ക്ലബുകളിൽ ഒന്നായി മാറിയിരിക്കുന്നു. കിരീടനേട്ടങ്ങളിലും, ആരാധകരുടെ എണ്ണത്തിലും, സമ്പത്തിലും ബാർസ മുന്നിട്ട് നിൽക്കുന്നു. ഇങ്ങു കേരളത്തിലും ബാർസക്ക് ആരാധകർ ഏറെയാണ്. ബാർസയെ നെഞ്ചോട് ചേർത്ത കുറച്ചു ആരാധകർ ഒരുമിച്ചു ചേർന്നാണ് ഞങ്ങൾ ആരംഭം കുറിക്കുന്നത്. സോഷ്യൽ മീഡിയ ഏറ്റവും പ്രചാരത്തിൽ വന്ന ഈ കാലഘട്ടത്തിൽ തങ്ങളുടെ ക്ലബ്ബിനെ മലയാളത്തിൽ പ്രതിനിധീകരിക്കണം എന്ന അവരുടെ ആഗ്രഹമാണ് പിന്നീട് 2015 ൽ Cules Of Kerala (COK) എന്ന ഫേസ്ബുക് പേജിന്റെ ജനനം. ബർസയെ സംബന്ധിക്കുന്ന വാർത്തകളും ലേഖനങ്ങളും തയ്യാറാക്കികൊണ്ടാണ് COK ഫുട്ബാൾ ആരാധകരിലേക്ക് ഇറങ്ങിച്ചെന്നത്. ആവേശോജ്വലമായ സ്വീകരണം, മറ്റു പ്ലാറ്റുഫോമുകളിൽ കൂടി തുടക്കം കുറിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി. തുടർന്ന് ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും ഇന്ന് ഞങ്ങളുടെ സാന്നിധ്യമുണ്ട്. ഇന്ന് കേരളത്തിലെ പ്രബലമായ ഫുട്ബാൾ ഗ്രൂപ്പുകളിൽ COK മുൻനിരയിൽ നിൽക്കുന്നു.
ബാർസയുടെ ഔദ്യോഗിക ഫാൻ ക്ലബ് എന്ന അംഗീകാരമായ “പെന്യ” നേടാനായിരുന്നു പിന്നീട് ഞങ്ങളുടെ ശ്രമം. പെന്യ അംഗീകാരം നൽകുന്നതിന് ബാർസലോണ ക്ലബ് പാലിക്കുന്ന കണിശമായ ചട്ടക്കൂടുകളും, രണ്ട് വ്യത്യസ്ത നിയമവ്യവസ്ഥയുള്ള രാജ്യങ്ങളിൽ ഉള്ള വ്യത്യാസങ്ങളും മറ്റും ചേർന്ന് പെന്യ നേട്ടം ഏറെ ദുഷ്കരമാക്കി. അപേക്ഷകൾ പലതവണ നിരസിക്കപ്പെട്ടു. പക്ഷെ പെന്യ നേടണം എന്ന ആഗ്രഹത്തിൽ എല്ലാം മറന്നു ശ്രമിച്ച ഞങ്ങൾക്ക് ഒടുവിൽ അഞ്ച് വർഷത്തെ ശ്രമത്തിനു ശേഷം ആ നേട്ടം കൈവരിക്കാനായി. അങ്ങനെ കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക ബാർസ ഫാൻ ഗ്രൂപ്പ് ആയ ” പെന്യ ഡെൽ ബാർസ കേരള” പിറവിയെടുത്തു. ഇന്ന് ഇന്ത്യയിൽ പെന്യ അംഗീകാരം ഉള്ള ഒരേ ഒരു ഫാൻ ഗ്രൂപ്പും പെന്യ ഡെൽ ബാർസ കേരളയാണ്. ഇക്കാലമത്രയും ബാർസലോണയോട് കാണിച്ച ആവേശവും അഭിനിവേശവും തുടർന്നുമുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. കേരളക്കരയിൽ ബ്ലോഗ്രാനാ നിറങ്ങൾ കൂടുതൽ പടരാൻ നമുക്ക് ഒരുമിച്ചു നിൽക്കാം. ഏവർക്കും ഒരിക്കൽ കൂടി പെന്യ ഡെൽ ബാർസ കേരളയിലേക്ക് ഹൃദ്യമായ സ്വാഗതം.