ബാഴ്സയുടെ വീരേതിഹാസം യോഹാൻ ക്രൈഫിന് ജന്മദിനാശംസകള്‍
1965 ഇലെ ഒരു ശരത്കാല സായാഹ്നം, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് എടുത്തു കൊണ്ടിരുന്ന ഒരു അദ്ധ്യാപകൻ ആംസ്റ്റർഡാം അരീനയിലേക്ക് ഒരു ചരിത്ര നിയോഗം എന്ന പോലെ വീണ്ടും കാലെടുത്തു വെക്കുകയാണ്. അയാക്സ് ആംസ്റ്റർഡാമിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കണമെന്ന ഒടുങ്ങാത്ത ആഗ്രഹുമായി വന്നു കയറിയ അദ്ദേഹത്തിന് മുന്നിൽ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. എപ്പോഴും സിഗരറ്റു പുകച്ചു കൊണ്ടിരിക്കുന്ന ഒരിക്കലും സംസാരം നിർത്താത്ത തന്റെ പന്ത്രണ്ടാം വയസ്സിൽ മരിച്ചു പോയ അച്ഛന്റെ ആത്മാവിനോട് അക്കാദാമിയിലെ കിച്ചണിൽ ഇരുന്നു സംസാരിക്കുന്ന ഒരു ബീസ്റ്റിനെ മെരുക്കി തന്റെ വിപ്ലവത്തിന്റെ അമരക്കാരനാക്കുക എന്ന ധൗത്യം. ആ ബീസ്റ്റിനു ആ അദ്ധ്യാപകൻ പിതൃതുല്യൻ ആയി, ലോക ഫുട്ബാൾ സമവാക്യങ്ങളെ മാറ്റി മറിച്ച സമ്പൂർണ ഫുട്ബോളും അതിന്റെ ചുമലിലേറി കുതിച്ച അയാക്സ് ആംസ്റ്റർഡാമിന്റെയും ഡച്ച് കളിഴകിൽ ലോകത്തെ വിസ്മയിപ്പിച്ച ഹോളണ്ടിന്റെ ടോട്ടൽ ഫുട്ബോളിന്റെയും വിത്ത് പാകിയത് അവിടെ വെച്ചായിരുന്നു.
ക്രൈഫിന്റെ പ്രതിഭാ ജന്മസിദ്ധം ആയിരുന്നു, തനിക്ക് 12 വയസ്സുള്ളപ്പോൾ ക്രൈഫിനോടൊത്തു കളി കാണാൻ പോയത് സുഹൃത്ത് ഓർക്കുന്നു, കളിയിൽ പിന്നിൽ നിൽക്കുന്ന ടീമിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാൽ ആണ് ടീമിന് ഗുണം ഉണ്ടാവുക എന്ന് ക്രൈഫ് സുഹൃത്തിനോട് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് കോച്ച് അതെ മാറ്റങ്ങൾ കളിക്കളത്തിൽ നടപ്പാക്കുന്നത്. മറ്റു ഇതിഹാസ താരങ്ങളിൽ നിന്നും ക്രൈഫ് പലപ്പോഴും വിത്യസ്തനാവുന്നത് കേളീ തന്ത്രങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപരിജ്ഞാനം തന്നെയാണ്. കളിയെ കുറിച്ചുള്ള തന്റെ ജന്മസിദ്ധമായ പ്രാവീണ്യം കോച്ചുമാരോടും സഹകളിക്കാരോടും വാക്-വാദങ്ങളിൽ ഏർപ്പെടാനും അവരിൽ ആധിപത്യം സ്ഥാപിക്കാനും ക്രൈഫിനെ സഹായിച്ചു. പ്രതിരോധ ഫുട്ബോളിന്റെ വിരസമായ കേളീ ശൈലിയെ വെറുത്ത അദ്ദേഹം ഫുട്ബോൾ ആസ്വാദനത്തിനുള്ളതാണെന്നും ആക്രമണാത്മക ഫുട്ബാൾ ആണ് യഥാർത്ഥ ഫുട്ബോൾ എന്ന് വിശ്വസിക്കുകയും അത് കളത്തിൽ നടപ്പിൽ വരുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ചിന്തകൾ പിന്നീട് ഒരു പുതുവിപ്ലവം ആയി രൂപപ്പെട്ടു.
1947 ഏപ്രിൽ 25 നു ആംസ്റ്റർഡാം അറീന യുടെ അടുത്ത് തന്നെയുള്ള തെരുവിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒരു തൊഴിലാളി വർഗ കുടുംബത്തിൽ ജനിച്ച അദ്ദേഹം ഫുട്ബോൾ ആരാധകനായ അച്ഛന്റെ സ്വാധീനത്തിൽ ഫുട്ബോൾ എന്ന മായാ വലയത്തിലേക്ക് ചെറു പ്രായത്തിൽ വഴുതി വീണു. എന്നാൽ പന്ത്രണ്ടാം വയസ്സിൽ ഉണ്ടായ അനുഭവം ആണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്. ഹൃദയാഘാതം മൂലം അച്ഛൻ മരിക്കുമ്പോൾ അദ്ദേഹത്തിന് വെറും പന്ത്രണ്ടു വയസ്സായിരുന്നു. ആവിശ്യത്തിന് പണം ഇല്ലാഞ്ഞതു കൊണ്ടാണ് അച്ഛന് ചികിത്സ ലഭിക്കാൻ വൈകിയത് എന്ന തിരിച്ചറിവ് അദ്ദേഹത്തിന് പണത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുത്തടൊപ്പം ഫുട്ബാൾ അതിലേക്കുള്ള ചവിട്ടു പടി ആണെന്നും ക്രൈഫ് മനസ്സിലാക്കി. തന്റെ വന്യമായ ആശയങ്ങൾ കൊണ്ടും ജനലക്ഷങ്ങളെ സ്വാധീനിച്ച ഊർജിത പ്രഭാവമുള്ള വ്യക്തിത്വം കൊണ്ടും ചരിത്രത്തിലേക്ക് നടന്നു കയറിയ ആ മഹാ മനീഷിയുടെ യാത്രയുടെ തുടക്കം ആയിരുന്നു അത്.
റീനുസ് മിഷേൽ അവലംബിച്ച ടോട്ടൽ ഫുട്ബോൾ ശൈലി ക്രൈഫും അദ്ദേഹത്തിന്റെ സഹകളിക്കാരായ പ്രതിഭാ ശാലികളും കളത്തിൽ പ്രാവർത്തികമാക്കാൻ തുടങ്ങിയതോടെ അയാക്സ് ആംസ്റ്റർഡാം ചരിത്രം തിരുത്തി തുടങ്ങി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കാത്ത ജൈത്രയാത്ര ആയിരുന്നു. തുടർച്ചയായ മൂന്നു യൂറോപ്യൻ കിരീടങ്ങൾ നേടിയ അയാക്സിനു ലക്ഷണമൊത്ത എതിരാളികൾ വേറെ ഇല്ലായിരുന്നു ആ കാലത്തു. അയാക്സ് അനുവർത്തിച്ച ടോട്ടൽ ഫുട്ബോളിന്റെ ഉച്ചസ്ഥായിയായിരുന്നു 1974 ലോകകപ്പിൽ ഹോളണ്ടിലൂടെ ലോകം ദർശിച്ചത്. ലോകം ഇന്നേ വരെ കാണാത്ത പുതു ശൈലിയുമായി ക്രൈഫും കൂട്ടരും തകർത്തു കളിച്ചപ്പോൾ എതിരാളികളിൽ അമ്പരപ്പും ഫുട്ബോൾ ആരാധകരിൽ ആഹ്ലാദ തിമിർപ്പുമുണ്ടാക്കി. എതിരാളികളുടെ പകുതിയിൽ വെച്ചുള്ള പ്രെസിങ്ങിനാലും വേഗതയേറിയ വൺ ടു വൺ പാസിങ്ങിനാലും മൈതാനത്തിന്റെ ആഴം ഉപയോഗിച്ച് ഹോളണ്ട് താരങ്ങൾ സ്പേസ് തുടർച്ചയായി കണ്ടെത്തിയതോടെ എതിരാളികൾ ഒന്നൊന്നായി കീഴടങ്ങി. ലോകത്തിനു ആദ്യമായി സ്വീപ്പർ കീപ്പർ സംഭാവന ചെയ്ത ലോകകപ്പ് ആയിരുന്നു അത്. പ്രായവും വന്യതയും സമ്മേളിച്ച യാൻ യോങ്‌ബ്ലോയ്ഡിനെ ക്രൈഫ് ഗോൾ കീപ്പർ ആയി നിയമിച്ചപ്പോൾ നെറ്റി ചുളിച്ചവർ ഏറെയായിരുന്നു. എന്നാൽ ഒരു ഔട്‍ഫീൽഡ് പ്ലെയറിന്റെ കാൽചലന വൈദഗ്ധ്യം ഉപയോഗിച്ച് ഹോളണ്ടിലെ പതിനൊന്നാം ഔട്‍ഫീൽഡ് കളിക്കാരൻ ആയപ്പോൾ ലോകത്തെ ആദ്യത്തെ സ്വീപ്പർ കീപ്പർ അവിടെ പിറന്നു വീഴുകയായിരുന്നു. ഒടുവിൽ അമിതമായ ആത്മവിശ്വാസം മൂലം ചിരവൈരികളായ വെസ്റ്റ് ജർമനിയോട് തോറ്റു കണ്ണീരോടെ മടങ്ങിയെങ്കിലും ലോകകപ്പ് ചരിത്രം ഏറ്റവും സുന്ദരമായ ഫുട്ബോൾ കളിച്ച ടീം ആയി അവർ അറിയപ്പെടുന്നു.
ക്രൈഫ് നിരന്തരം കലഹിച്ചു കൊണ്ടേയിരുന്നു. ടീം മാനേജ്മെന്റിനോടും സഹകളിക്കാരോടും പലപ്പോഴും തന്നോട് തന്നെയുമുള്ള ക്രൈഫിന്റെ പെരുമാറ്റ രീതി അയാക്സിനെ സ്വന്തം സുവർണ പുത്രനെ റിയൽ മാഡ്രിഡിലേക്കു ട്രാൻസ്ഫർ ചെയ്യാൻ മാനേജ്മെന്റ് തീരുമാനിച്ചു. എന്നാൽ ഫാസിസ്റ്റു ഭരണത്തിന്റെ ചൊല്പടിയിലുള്ള മാഡ്രിഡിലേക്കു ചേക്കേറാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ജനറൽ ഫ്രാങ്കോയുടെ കാറ്റാലൻ അധിനിവേശവും ആക്രമണവും രൂക്ഷമായ സമയമായിരുന്നു അത്. കാറ്റാലൻ ഭാഷ നിരോധിക്കുകയും കാറ്റാലൻ പേരുകൾ ഇടുന്നതു വിലക്കുകയും ചെയ്ത സമയം, അവരുടെ വിമോചന മുഖമായിരുന്നു ബാഴ്സലോണ ഫുട്ബോൾ ക്ലബ്. അടിച്ചമർത്തലിന്റെ നീറും പുകയും അവർ ക്യാമ്പ് നൗവിൽ ഇറക്കി വെച്ചു, ഓരോ കളിയും ക്യാമ്പ് നൗവിൽ ജനറൽ ഫ്രാങ്കോയുടെ ഭരണത്തിനെതിരെ ഉള്ള ജനപ്രക്ഷോഭം ആയി മാറി. ആ ബാഴ്സലോണ ആയിരുന്നു ക്രൈഫ് തെരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ പിറകിൽ നിന്നും നാലാമത് ആയി സീസൺ അവസാനിപ്പിച്ച വർഷങ്ങൾ ആയി കിരീടങ്ങൾ ഇല്ലാത്ത ബാഴ്സലോണയിലേക്കു അക്കാലത്തെ ഏറ്റവും മികച്ച കളിക്കാരന്റെ കൂടു മാറ്റാം ഏറെ ആശ്ചര്യമുളവാക്കി.
അതിജീവനത്തിന്റെ ഫുട്ബോൾ മന്ത്രം മാത്രം കൈവശമുള്ള ബാഴ്സക്ക് അദ്ദേഹം തങ്ങളുടേതായ ഒരു ഫുട്ബോൾ ശൈലി രൂപപ്പെടുത്തി. ചരിത്രത്തിന്റെ പിൻകാല ചരിത്രത്തിൽ ഏറ്റവും മുഴങ്ങി നിന്ന ആ ശൈലിയുടെ ഉയർത്തെഴുന്നേൽപ്പിനു ആയിരുന്നു സാന്റിയാഗോ ബെർണാബയോയിലെ എൽ ക്ലാസിക്കോ തുടക്കം കുറിച്ചത്. ഫ്രാങ്കോയുടെ സില്ബന്ധികളുടെ സാന്നിധ്യത്തിൽ കളിയുടെ തുടക്കം മുതൽ ഒരു ബാലെ നർത്തകന്റെ ലാസ്യ ഭംഗിയോടെ ക്രൈഫ് അരങ്ങിൽ നിറഞ്ഞാടിയപ്പോൾ ബാഴ്സയുടെ ചരിത്രത്തിലെ ആദ്യ ല മാനിതാ ആണ് പിറന്നു വീണത്. വർഷങ്ങളായി മാഡ്രിഡിന്റെ പിറകിൽ കളിച്ചതിന്റെ നിഷ്കർഷബോധം സൃഷ്ടിച്ച മതിൽ അന്ന് വീണുടഞ്ഞു. കാറ്റാലൻ ദേശീയ നേതാക്കൾക്ക് വർഷങ്ങളായി ചെയ്യാൻ കഴിയാഞ്ഞത് ക്രൈഫ് ഒരു രാത്രി കൊണ്ട് ചെയ്തു എന്ന് പ്രശസ്ത പത്രമായ ‘ദി ടൈംസ് ‘ പിറ്റേന്ന് തങ്ങളുടെ കോളത്തിൽ എഴുതി. കാറ്റാലൻ നാടോടി കഥകളിലെ ഇതിഹാസം ആയി ക്രൈഫ് മാറി. കാറ്റാലൻസിന്റെ പുണ്യാളനായ സൈന്റ്റ് ജോർഡിയോടൊപ്പം ക്രൈഫ് സ്ഥാനം പിടിച്ചു. പതിനാല് വർഷത്തിന് ആദ്യമായി ബാഴ്സ ലീഗ് കിരീടം ചൂടി.
എന്നാൽ 1978 ലോകകപ്പ് കളിക്കാൻ കൂട്ടാക്കാതെ ഇരുന്ന ക്രൈഫ് പതിയെ ജന്മനാട്ടിൽ അവിശുദ്ധനായി മാറുകയായിരുന്നു. 1981 ഇൽ ക്രൈഫ് തന്റെ കുട്ടിക്കാല ക്ലബ്ബിൽ തിരിച്ചെത്തി എങ്കിലും ആരാധകർ പൂർണമായും അദ്ദേഹത്തെ സ്വീകരിച്ചില്ല. എല്ലാം കഴിഞ്ഞു അദ്ദേഹത്തിന്റെ ഫുട്ബോൾ അസ്തമിച്ച ശേഷം തിരിച്ചു വന്നു എന്ന് അവർ സംശയിച്ചു, എന്നാൽ തിരിച്ചു വരവിലെ ആദ്യത്തെ കളിയിൽ തന്നെ ക്രൈഫ് എന്ന ഇതിഹാസത്തെ വാരിപ്പുണർന്നു, അവർ അത്രയേറെ അദ്ദേഹത്തിന്റെ കളിയെ സ്നേഹിച്ചിരുന്നു. ആദ്യ കളിയിൽ തന്നെ തന്റെ ഏറെ പ്രശസ്തമായ ക്രൈഫ് ടേണിലൂടെ രണ്ടു എതിരാളികളെ വിഡ്ഢികൾ ആക്കി കൊടുത്ത ലോബ് വലയിൽ ഇറങ്ങിയപ്പോൾ ആംസ്റ്റർഡാം അറീന ആർപ്പു വിളികളാൽ മുഖരിതമായി. അടുത്ത മൂന്നു വർഷം ആ ഇതിഹാസ താരത്തെ ഒന്നാസ്വദിക്കാൻ ഭ്രാന്തമായ ആവേശത്തോടെ കാണികൾ കൂട്ടം കൂട്ടമായി ഒഴുകി. 30 യാർഡ്സ് പാസ്സിലൂടെയും പെനാൽറ്റി പാസ്സ് ചെയ്തും മറ്റും തന്റെ കളി കാണാൻ വരുന്നവരെ അദ്ദേഹം അതിശയിപ്പിച്ചു കൊണ്ടിരുന്നു. അയാക്സ് ആംസ്റ്റർഡാം തുടർച്ചയായി രണ്ടു ലീഗ് കിരീടങ്ങൾ നേടി. തുടർന്ന് ഒരു സീസൺ അദ്ദേഹം ഫെയ്‌നൂർഥിലേക്കു കൂടു മാറി, തന്റെ അവസാന സീസൺ ഡൊമസ്റ്റിക് ഡബിളിലൂടെ ഇതിഹാസതുല്യമായി അവസാനിപ്പിച്ചു.
കളി നിർത്തിയ അദ്ദേഹം കോച്ചായി മൂന്നു വർഷം തന്റെ ബാല്യകാല ക്ലബായ അയാക്സിനെ പരിശീലിപ്പിച്ചു. വലിയ കിരീട ശേഖരങ്ങൾ അവകാശപ്പെടാനില്ലായിരുന്നെങ്കിലും റിന്യൂസ് മിഷേലിന് ശേഷം മൂല്യച്യുതി സംഭവിച്ച അയാക്സിന്റെ ഫിലോസഫിയെ അദ്ദേഹം പുനഃരുജ്ജീവിപ്പിച്ചു.
ബാഴ്‌സ ബോർഡ് എടുത്ത ചരിത്ര പ്രധാനമായ തീരുമാനം ആയിരുന്നു ക്രൈഫിനെ തങ്ങളുടെ ടീമിന്റെ പരിശീലകനായി നിയമിക്കുന്നത്. റിന്യൂസ് മിഷേലിന്റെ ടോട്ടൽ ഫുട്ബോളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ ഫുട്ബോൾ ബാഴ്‌സ ആരാധകർ ആദ്യം അംഗീകരിച്ചിരുന്നില്ല. പലപ്പോഴും പത്ര സമ്മേളനം നടത്തി എന്ത് കൊണ്ടാണ് പിറകോട്ടു പാസ്സ് ചെയ്യുന്നത് തുടങ്ങിയ ടെക്നിക്കൽ വശങ്ങൾ അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വന്നു. തന്റെ നിർദേശ പ്രകാരം നടപ്പിൽ വരുത്തിയ ലാ മാസിയയിൽ നിന്നും മികവ് തെളിയിക്കുന്ന യുവ കളിക്കാർക്ക് അദ്ദേഹം സീനിയർ ടീമിൽ അവസരം കൊടുത്തു. അതിലേറ്റവും പ്രശസ്തനായിരുന്നു പെപ്പ് ഗാർഡിയോള എന്നാ ഡീപ് ലയിങ് പ്ലേ മേക്കർ. പതിയെ പതിയെ ക്രൈഫിന്റെ ഫിലോസഫി കളിക്കാർ കളത്തിൽ ഫലപ്രദമായി നടത്താൻ തുടങ്ങി. മുമ്പ് ക്രൈഫിന്റെ ഫിലോസഫിയെ വിമർശിച്ച ബാഴ്‌സ ആരാധകർ സുന്ദരമായ ഫുട്ബോളിന്റെ ചാരുതയിൽ മനം മയങ്ങി പോയി. വിജയങ്ങൾ വന്നു തുടങ്ങി, കൂടെ കിരീടങ്ങളും, അതി സുന്ദരമായ ഫുട്ബോളോട് കൂടി കിരീടങ്ങൾ നേടുന്ന ക്രൈഫിന്റെ ഡ്രീം ടീമിനെ ആധുനിക ഫുട്ബോളിന്റെ പ്രവാചകർ എന്ന് വിമർശകരും കളിയെഴുത്തുകാരും ഒരു പോലെ വിശേഷിപ്പിച്ചു. എതിരാളികൾ ഇല്ലാതെ കുതിച്ചു അവർ. എന്നാൽ അമിതമായ ആത്മവിശ്വാസം എന്നും ഒരു ബാധ്യത ആയിരുന്നു ക്രൈഫിനു. ചരിത്രമുറങ്ങുന്ന ഏതെൻസിന്റെ മണ്ണിൽ പ്രധാന കളിക്കാരുടെ അഭാവം മൂലം ദുർബലരായ ഏ സി മിലാനെ ഫൈനലിൽ നേരിടുന്നതിന് മുമ്പ് തന്നെ അദ്ദേഹം ബാഴ്സയുടെ വിജയം പ്രവചിച്ചു. എന്നാൽ കുശാഗ്ര ബുദ്ധിയായ കാപ്പെല്ലോ ബാഴ്സയുടെ അമിതമായ ആത്മവിശ്വാസത്തിനു മേൽ തന്റെ രഥം കൊണ്ട് വന്നു കയറ്റിയതോടെ അവിശ്വനീയമായെന്നോണം ബാഴ്സ തകർന്നടിഞ്ഞു. ചരിത്രത്തിന്റെ ഏറ്റവും മുന്നിൽ നിന്ന ഒരു ടീമിന്റെ തകർച്ചയുടെ തുടക്കം ആയിരുന്നു അത്. ഏതെൻസ് ക്രൈഫിനെ തകർത്തു, ടീമിൽ ഭ്രാന്തമായ ആശയങ്ങൾ നടപ്പിലാക്കാൻ തുടങ്ങി, ഇതിഹാസ താരങ്ങളുമായി അടിയുണ്ടാക്കി, ഒരിക്കൽ ഒരു ഔട്‍ഫീൽഡ് കളിക്കാരനെ പിടിച്ചു ഗ്ലോവ്സ് കൊടുത്തു ഗോൾകീപ്പർ നില്ക്കാൻ വരെ പറഞ്ഞു അദ്ദേഹം. പതിയെ കിരീടങ്ങൾ ബാഴ്സയുടെ ചിത്രത്തിൽ നിന്നും മാഞ്ഞു പോയി, ഒടുവിൽ ബാഴ്സ ക്രൈഫിനെ പുറത്താക്കി. ഒരു ചരിത്രം അവിടെ അവസാനിക്കുകയായിരുന്നു, പിന്നീട് അദ്ദേഹം ഒരു ടീമിന്റെ കോച്ച് ആയില്ല.
ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം, അതിലുപരി ഇതിഹാസ കോച്ചും, ഫുട്ബോൾ ചരിത്രത്തിൽ ഒരാൾക്ക് പോലും അവകാശപ്പെടാൻ പറ്റാത്ത നേട്ടം, തന്റെ കളി ദിനങ്ങളിൽ രണ്ടു ഫീറ്റ് കൊണ്ടും ലോകത്തെ വിസ്മയിച്ചപ്പോൾ തന്റെ അപാരമായ ഫുട്ബോൾ അറിവിനാൽ ആക്രമണാത്മക സുന്ദര ഫുട്ബോൾ കെട്ടഴിച്ചു അദ്ദേഹം ബാഴ്‌സയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ലെഗസി അതൊന്നുമല്ല, ക്രൈഫ് ആണ് ഫുട്ബോൾ ചരിത്രം പുനർനിർവചിച്ചതു, അദ്ദേഹം ടോട്ടൽ ഫുട്ബോളിന്റെ പ്രവാചകൻ ആയി മാറിയപ്പോൾ, അതിന്റെ സൗന്ദര്യത്തിൽ മയങ്ങി വീണ പിൻതലമുറ ആ കേളി ശൈലി ഏറ്റെടുക്കുകയായിരുന്നു. ഫുട്ബോൾ ആസ്വാദനത്തിനുള്ളതാണ് എന്ന മന്ത്രവുമേന്തി മാഴ്സലോ ബിയേൽസയും ആർസെൻ വെങ്കറും പെപ് ഗാർഡിയോളയും അരിഗോ സാച്ചിയും ലോയും ജൂർഗെൻ ക്ളോപ്പും ഒക്കെ ഇറങ്ങിയപ്പോൾ ഫുട്ബോൾ വീണ്ടും സുന്ദരമാവുകയായിരുന്നു. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള പേരാണ് അദ്ദേഹത്തിന്റെ. ല മാസിയയുടെ ഉദയവും പിൽക്കാലത്തു ബാഴ്സ കണ്ട സുവർണ ദിനങ്ങളിൽ ഒക്കെ നമുക്ക് അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പെപ്പും ചാവിയും ഇനിയേസ്റ്റയും പുയോളും പിക്കെയും ബുസ്ക്കെറ്സും മെസ്സിയുമൊക്കെ ഒരു ജനതയ്ക്ക് നൽകിയ സംതൃപ്തി ക്രൈഫിന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി ആയിരുന്നു.
ഹോളണ്ട് എന്ന ഹിപ്പികളുടെ സുന്ദര കൊച്ചു രാജ്യത്തെ ലോക രാജ്യങ്ങൾക്കു മുമ്പിൽ അഭിമാനത്തോടെ കൊണ്ട് നിർത്തിയത് യോഹാൻ ക്രൈഫ് ആയിരുന്നു. ഇന്ത്യക്ക് താജ്മഹൽ എന്ന വിസ്മയം ലോകത്തു അഭിമാനം തീർക്കുമ്പോൾ ഹോളണ്ടിന് അത് യോഹാൻ ക്രൈഫ് ആണ്.
2016 ഏപ്രിൽ 24 നു തന്റെ വര്ഷങ്ങളായി അർബുദത്തോടുള്ള പോരാട്ടത്തിൽ അവസാനം പരാജയം സമ്മതിച്ചു തിരശീലക്കു പിറകിലേക്ക് മറഞ്ഞ യോഹാൻ ക്രൈഫിന്റെ 77 ആം ജന്മദിനം ആണ് ഇന്ന്. ബാഴ്സയുടെ വീരേതിഹാസത്തിനു ജന്മദിനാശംസകൾ നേരുന്നു.
©www.culesofkerala.com
