• Follow

2016-17: “സ്‌പെഷ്യൽ സീസൺ ഫോർ നെയ്മർ ജൂനിയർ” ?

  • Posted On September 8, 2016

നെയ്മർ ജൂനിയറിന്റെ ഏറ്റവും മികച്ച ഗുണം എന്താണ് എന്ന് വെച്ചാൽ അദ്ദേഹം കാണിക്കുന്ന എളിമയും, പ്രൊഫഷണലിസവുമാണ്. 2013ലാണ് ബ്രസീലിലെ അത്ഭുതതാരം എന്ന ലേബലുമായി നെയ് ബാഴ്‌സയിലേക്ക് വരുന്നത്. നെയ്മർ വരുന്ന വാർത്തകൾ വന്നപ്പോൾ, പലരും പറഞ്ഞത് നെയ്മർ മെസ്സിയോട് മത്സരിക്കാനാണ് വരുന്നത് എന്നാണ്. എന്നാൽ നെയ്മർ പറഞ്ഞു ” മെസ്സിയോട് മത്സരിക്കാനല്ല, മറിച്ച് മെസ്സിയുടേ കൂടെ ചേർന്ന് ടീമിനെ ജയിപ്പിക്കാനാണ് താൻ വരുന്നത്.” 3 സീസൺ കഴിയുമ്പോൾ നെയ്മർ അത് അക്ഷരം പ്രതി പാലിച്ചിരിക്കുന്നു. ഒരിക്കൽ പോലും നെയ്മർ ടീമിലെ ഒന്നാം നമ്പർ താരമാകാൻ ശ്രമിച്ചിട്ടില്ല. മെസ്സിയുമായോ, സുവാരസുമായോ മത്സരിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. മറിച്ച് അയാൾ അവരുമായി ചേർന്ന് പ്രവർത്തിക്കാൻ ആണ് ആഗ്രഹിച്ചത്. അവരിൽ നിന്ന് കൂടുതൽ പഠിക്കാനും അദ്ദേഹം ശ്രമിച്ചു. ഇതാണ് വളർന്നു വരുന്ന ഓരോ താരവും പാഠമാക്കേണ്ടത്. എളുപ്പവഴികളല്ല നെയ്മർ സ്വീകരിച്ചത്. തന്റെ അവസരത്തിനായി അയാൾ ക്ഷമയോടെ കാത്തിരിക്കുന്നു. അയാളുടെ അധ്വാനങ്ങൾക്കുള്ള ഫലം ലഭിച്ചു തുടങ്ങിയിരിക്കുന്നു. ഒളിമ്പിക് വിജയത്തോടെ നെയ്മറിന്റെ സമയം ആരംഭിച്ചു എന്ന് വേണം കരുതാൻ.
2016-17 സീസൺ നെയ്മറിന്റെ സീസനാകും എന്ന് കരുതാൻ ഒരുപാടു കാരണങ്ങളുണ്ട്. ഓരോ സീസൺ കഴിയും തോറും അദ്ദേഹം മെച്ചപ്പെടുന്നു എന്നത് തന്നെ ആദ്യത്തെ കാരണം. ബാഴ്‌സയിലെ ജീവിതം അയാളെ കൂടുതൽ ടീം പ്ലേയർ ആക്കി മാറ്റി. അയാളുടെ വീക്ഷണം നന്നാകുന്നു, ഒപ്പം പാസ്സിംഗ് മികവും. ഗോൾ നേടുന്നത് പോലെ തന്നെ ഗോൾ സൃഷ്ടിക്കുന്നതിലും മിടുക്കൻ. 30നു അടുത്തെത്തിയ മെസ്സിയിൽ നിന്ന് കൂടുതൽ പിൻവലിഞ്ഞുള്ള റോളാണ് ഈ സീസൺ പ്രതീക്ഷിക്കുന്നത്. ഫൈനൽ തേർഡിലെ ആക്രമണത്തിന്റെ ചുക്കാൻ ഇത്തവണ നെയ്മർക്ക് ലഭിക്കാനാണ് സാധ്യത. സ്‌ക്വാഡ് ഡെപ്ത് കൂടിയതിനാൽ തുടർമത്സരങ്ങളുടെ ഇടയിൽ വിശ്രമം ലഭിക്കുന്നതിന് അവസരമുള്ളതിനാൽ ഇത്തവണ കഴിഞ്ഞ തവണത്തെ ‘ബേൺ-ഔട്ട്’ ആകാനുള്ള സാധ്യതയും കുറവ്. സുവാരസും 30നോട് അടുക്കുന്നതും, ഇനിയേസ്റ്റ 33ലേക്ക് അടുക്കുന്നതും, നെയ്മറിൽ കൂടുതൽ ഉത്തരവാദിത്വം ചെലുത്തും എന്നുറപ്പ്. ഇക്കാരണങ്ങളാണ് ഇത് നെയ്മറിന്റെ സീസണായി പ്രവചിക്കാൻ കാരണം. നെയ്മറും ഇത് പോലൊരു പ്രകടനം ആകും മനസ്സിൽ കണ്ടിരിക്കുക.
ഈ സീസൺ തന്റേതാക്കാൻ ഈ 11ആം നമ്പർ താരം തീരുമാനിച്ചു കഴിഞ്ഞാൽ മറ്റൊരു മികച്ച സീസണാണ് നമ്മളെ കാത്തിരിക്കുന്നത്. ഒളിമ്പിക് മെഡൽ നേടി വരുന്നതും, നല്ലൊരു സമ്മർ ബ്രെക്ക് ലഭിച്ചതും അയാളെ കൂടുതൽ ഉന്മേഷവാനും, ഊർജ്ജസ്വലനും ആക്കിയെന്നതിൽ സംശയം വേണ്ട. ‘സ്പാർക്ക്’ ലഭിച്ചു കഴിഞ്ഞു ഇനി വേണ്ടത് ആ ‘തീ’ കാട്ടുതീയായി പടരുക എന്നതാണ്. അതിനയാൾക്ക് കഴിയും. അത് അയാൾ പല വട്ടം തെളിയിച്ചതുമാണ്.
©Penyadel Barca Kerala

  • SHARE :