മാച്ച് റിവ്യൂ – ബാഴ്‌സലോണ 3 – 0 യുവന്റസ്
“മെ…….സ്സി … മെ……സ്സി…. മെ……..സ്സി…. മെ……….സ്സി”
കാമ്പ് നോവിൽ അലയടിച്ച ശബ്ദം ഇതായിരുന്നു. യഥാർത്ഥത്തിൽ കാമ്പ് നോവിൽ മാത്രമായിരുന്നില്ല, ലോകം മുഴുവനും അതേറ്റു പാടുകയായിരുന്നു. ഫുട്ബോളിലെ രാജാവിന്റെ മറ്റൊരു പടയോട്ടം ഈ രാവിൽ ദർശിച്ച ലോകം, ആ അഞ്ചടി ഏഴിഞ്ചുകാരനെ ശിരസാ നമിച്ചു. നമ്മൾ ആരാധകർക്ക് വിരുന്നൊരുക്കി മെസ്സിയും കൂട്ടരും ആഞ്ഞടിച്ച മറ്റൊരു രാത്രിയിൽ ബാഴ്‌സയ്ക്ക് മറ്റൊരു ത്രസിപ്പിക്കുന്ന വിജയം. അടിച്ചും അടിപ്പിച്ചും മെസ്സി മുന്നിൽ നിന്നും നയിച്ചപ്പോൾ, കടപുഴകിയത് ഇറ്റാലിയൻ ചാമ്പ്യന്മാർ. അഞ്ച് മാസങ്ങൾക്ക് മുൻപ് ഇറ്റലിയിലെ ട്യൂറിനിൽ യുവന്റസിന്റെ മുറ്റത്തു ഏറ്റ പ്രഹരത്തിനു, ഇന്ന് കാമ്പ് നോവിൽ അതേ നാണയത്തിൽ തിരിച്ചടി. രാജകീയമായ വിജയത്തോടെ ബാഴ്‌സ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന് തുടക്കമിട്ടു കഴിഞ്ഞു.
ഇന്നലെ ഞങ്ങൾ പറഞ്ഞത് പോലെ വെറും ഒരു ഗ്രൂപ് മത്സരമായിരുന്നില്ല നമുക്ക് ഇത്. മറിച്ചു നമ്മെ അളക്കുന്ന ഒരു അളവുകോലായിരുന്നു ഈ മത്സരം. ലാലിഗയിൽ മികവ് കാണിച്ചെങ്കിലും കൂടുതൽ കരുത്തന്മാർ മാറ്റുരക്കുന്ന വേദിയായ ചാമ്പ്യൻസ് ലീഗിലെ പ്രകടനം ആയിരുന്നു നമ്മൾ ഉറ്റുനോക്കിയിരുന്നത്. അതിനനുസരിച്ചു ഒരുങ്ങി തന്നെയായിരുന്നു ബാഴ്‌സ കളത്തിലെത്തിയത് . മികച്ച ഒരു ലൈനപ്പിൽ നിന്ന് തന്നെ ബാഴ്‌സയുടെ മനസ്സിലിരിപ്പ് വ്യക്തമായിരുന്നു. വിജയം, വിജയം മാത്രം.
പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് മത്സരം ആരംഭിച്ചത്. പന്തിന്റെ ആധിപത്യം കൂടുതൽ സമയം ബാഴ്‌സയുടെ കൈകളിലായിരുന്നുവെങ്കിലും മുന്നേറ്റങ്ങൾ കുറവായിരുന്നു. പാസിംഗ് ലൈൻ തടഞ്ഞു കൊണ്ട് യുവന്റസ് കൃത്യമായ പൊസിഷനിംഗോടെ നിന്നപ്പോൾ അവസരങ്ങൾ ഒരുക്കാനാകാതെ ബാഴ്‌സ പതറി. ബാഴ്‌സയുടെ ഈ രീതി കൈകാര്യം ചെയ്യുന്നതിലെ പരിചയക്കുറവ് മുതലെടുത്ത യുവന്റസ് കിട്ടിയ അവസരങ്ങളിൽ തിരിച്ചടിക്കാനും ശ്രമം നടത്തിയതോടെ നമ്മൾ അൽപ്പം നിരാശയിലായി. മുപ്പതാം മിനിറ്റിൽ സ്റ്റാറ്റിസ്റ്റിക്സ് കാണിച്ചപ്പോൾ 65 ശതമാനം പോസെഷൻ നിലനിർത്തിയ ബാഴ്‌സയുടെ ഗോൾ ശ്രമങ്ങൾ കേവലം 2 എണ്ണം മാത്രം. യുവന്റസ് ആകട്ടെ ദുർബലമെങ്കിലും അതിനോടകം 5 ശ്രമങ്ങൾ നടത്തിയിരുന്നു. ഇനി എങ്ങനെ മുന്നോട്ട് എന്ന് ചിതിക്കുന്നതിനിടയിൽ പതിയ ബാഴ്‌സ മത്സരത്തിലേക്ക് തിരികെ വരാൻ ആരംഭിച്ചു. ചെറുതായി തുടങ്ങിയ മികച്ച നീക്കങ്ങൾ പിന്നീട് കൂടുതൽ കൃത്യതയും മനോഹരവുമായി തുടങ്ങി. ഗോൾ രഹിത ആദ്യ പകുതിക്ക് പിരിയേണ്ടി വരും എന്ന് കരുതിയപ്പോഴാണ് മെസ്സി തന്റെ മികച്ച ഗോളുമായി ബാഴ്‌സയെ മുന്നിലെത്തിച്ചത്. ബാഴ്‌സയുടെ ഒരു കൗണ്ടർ അറ്റാക്ക്. പന്തുമായി മുന്നേറുന്നത് മെസ്സി. ഇടതു ആൽബയും അൽപ്പം മുന്നിലായി സുവാരസും മാത്രം. ഓവർലാപ് ചെയ്തു കയറുന്ന ആൽബെക്ക് മെസ്സി പാസ് നൽകുമെന്ന് ഉറപ്പിച്ച യുവന്റസ് പ്രതിരോധം അതിനെ തടയാനായി ഒരുങ്ങി നിന്നു. പക്ഷെ പ്രവചനാതീതമായ നീക്കവുമായി മെസ്സി പന്തുമായി മുന്നോട്ട് തന്നെ കുതിച്ചു. രണ്ട് ഡിഫൻഡർമാരുടെ വലയത്തിൽ നിന്ന സുവാരസിന് തന്നെ പാസ്. മെസ്സിയുടെ മനസ്സറിഞ്ഞ സുവാരസ് ആ പാസ് മെസ്സിക്ക് തന്നെ തിരികെ നൽകി. ഓടിക്കയറിയ മെസ്സി, ഇടതു കാൽ കൊണ്ട് പന്ത് ഒന്ന് നിയന്ത്രിച്ച ശേഷം, ഫാർ പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട്.!!! പന്തിന്റെ ഗതിയറിയാതെ നിന്ന് പോയ ബഫണിന് ആ പന്ത് വലയിലേക്ക് തുളഞ്ഞു കയറുന്നതു നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ലോകമെമ്പാടുമുള്ള ആരാധകർ ഒരു നിമിഷം പൊട്ടിത്തെറിച്ചു. ബഫണിനെതിരെ മെസ്സിക്ക് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ലെന്ന് വിമർശിച്ചവരോട് ഒരു ഉഗ്രൻ മറുപടി കൂടിയായിരുന്നു ആ ഗോൾ. ഇടവേളക്ക് പിരിയുമ്പോൾ സ്‌കോർ 1 – 0.
രണ്ടാം പകുതിയിൽ ബാഴ്‌സയുടെ ആധിപത്യം കൂടുന്നതാണ് കണ്ടത്. ആത്മവിശ്വാസം കൈവരിച്ച കളിക്കാർ എല്ലാവരും തന്നെ മികവാർന്ന പ്രകടനം നടത്തിയപ്പോൾ യുവന്റസ് ചിത്രത്തിലേ ഇല്ലാതായി. പല ശരീരവും ഒരു മനസ്സുമായി അവർ ഒന്നിച്ചപ്പോൾ ഇപ്പോഴത്തെ ബാഴ്‌സയുടെ ശക്തി ലോകം കാണാൻ തുടങ്ങുകയായിരുന്നു. ഇടയിൽ മെസ്സിയുടെ ഒരു ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നത് കണ്ട് നെഞ്ചിൽ കൈവച്ചു പോയി. പക്ഷെ അത് വരാനിരിക്കുന്നതിന്റെ സൂചനകൾ മാത്രമായിരുന്നു. തൊട്ടുടനെ ബാഴ്‌സ ലീഡ് ഉയർത്തി. ബോക്സിനു കുറച്ചു പുറത്തു നിന്ന് സുവാരസ് പന്ത് വലത്തേ വിങ്ങിൽ കുതിച്ചിരുന്ന മെസ്സി നൽകി. പന്തുമായി ബോക്‌സിന് ഓരം ചേർന്ന് മെസ്സി കുതിച്ചു കയറി, സുവാരസിന് ക്രോസ് നൽകാൻ ശ്രമിച്ചു. കൃത്യമായി അത് ബ്ലോക്ക് ചെയ്ത ഡിഫൻഡർ ആ പന്ത് തിരികെ കളത്തിലേക്ക് ക്ലിയർ ചെയ്യുന്നത് കണ്ടപ്പോൾ അൽപ്പം നിരാശരായി. പക്ഷെ ആ പന്തിനെ പിന്തുടർന്ന ക്യാമറയുടെ ഫ്രെയിമിലേക്ക് തിളങ്ങുന്ന തലമുടിയുമായി ഒരു ക്രൊയേഷ്യക്കാരൻ ആ പന്തിനെ ലക്ഷ്യമാക്കി വരുന്നതാണ് കണ്ടത്. കൃത്യമായ പൊസിഷനിൽ നിന്നിരുന്ന ഇവാൻ റാകിറ്റിച്ചിന് കീപ്പർ പോലും ഇല്ലാതിരുന്ന ആ പോസ്റ്റിലേക്ക് വെറുതെ അടിച്ചു കയറേണ്ട ആവിശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാഴ്‌സയുടെ മേധാവിത്വം വ്യക്തമാക്കിയ രണ്ടാമത്തെ ഗോൾ. സ്‌കോർ 2 – 0. ഓരോ ഗോളും ബാഴ്‌സയുടെ ആത്മവിശ്വാസം വർധിപ്പിക്കുകയായിരുന്നു. കൂടുതൽ ചടുലമായ നീക്കങ്ങൾ നെയ്‌തുകൊണ്ട് ഇനിയേസ്റ്റയും ബുസിയുമെല്ലാം മധ്യനിര നിയന്ത്രിച്ചപ്പോൾ അവസരങ്ങൾ ഒട്ടനവധിയായിരുന്നു. മെസിക്ക് ഇനിയും ഏറെ ചെയ്യാൻ കഴിയുമെന്ന് ഉറപ്പിച്ചു വിശ്വസിച്ചിരുന്ന ആരാധകരെ നിരാശരാക്കാതെ മെസ്സിയുടെ അടുത്ത ഇടിവെട്ട് ഗോൾ. മധ്യനിരയിൽ നിന്നും ലഭിച്ച പാസുമായി ബോക്സിലേക്ക് കയറി, ഇടതു കാലു കൊണ്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക് ഒരു ഷോട്ട് ഉതിർത്തപ്പോൾ ബഫൺ ചാടാൻ ഓങ്ങിയത് എതിർ ദിശയിലേക്ക്. ഈ മത്സരത്തിൽ ബുഫൺ മെസ്സിക്ക് മുൻപിൽ പരാജിതനായത് മൂന്ന് തവണ. പിന്നെയും ഗോൾ ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്‌കോർ ബോർഡ് ചലിപ്പിക്കാനായില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്‌കോർ 3 – 0.
മത്സരത്തെ കുറിച്ച് പറയുകയാണെങ്കിൽ വളരെയധികം സംതൃപ്തി തോന്നി. പരിചയ സമ്പന്നത കുറഞ്ഞ രീതിയിയാണെങ്കിലും കളിക്കാർ അവരുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. മുൻസീസണുകളിൽ നിന്നും വ്യത്യസ്തമായി വിജയതൃഷ്ണ വളരെയധികം ഉണ്ട്. ഒപ്പം കനത്ത പ്രെസ്സിങ്ങും പന്ത് വീണ്ടെടുക്കാനുള്ള അടങ്ങാത്ത മനോഭാവവും ഈ ടീമിനെ അപകടകാരികൾ ആക്കുന്നു. ഒരു എതിർ കളിക്കാരന് പന്ത് ലഭിച്ചാൽ അത് തിരികെ സ്വന്തമാക്കാൻ എന്ത് വേണമെങ്കിലും ചെയ്യാനുള്ള മനോഭാവം വ്യക്തമാണ്. ഒരേസമയം രണ്ടോ മൂന്നോ കളിക്കാർ അതിനായി സ്വയം മറന്നു ശ്രമിക്കുന്നു. തൽഫലമായി അൽപ്പ നിമിഷങ്ങൾക്കകം പന്ത് തിരികെ ലഭിക്കുന്നു. മെസ്സിയെ ഫാൾസ് നയൻ റോളിൽ കളിപ്പിച്ചു വിജയം കണ്ട മറ്റൊരു മത്സരം കൂടി. മധ്യനിരയിൽ ഇനിയേസ്റ്റയും റാക്കിയും ഫോമിലായാൽ മെസ്സിക്ക് പന്ത് ധാരാളമായി എത്തും. മെസ്സിയുടെ ഫിനിഷിങ് പാടവത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മികച്ച വിജയത്തിലും പോരായ്മകൾ കണ്ടില്ലെന്നു നടിക്കാനാവില്ല. പ്രധാനമായും പരിചയക്കുറവു പലപ്പോഴും കാണാം. പാസിംഗ് ലൈൻ ഭേദിക്കാൻ കഴിവുള്ള ടീമുകൾക്കെതിരെ ടീം പരാജയമാകാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവ ഭേദിക്കാനുള്ള തന്ത്രങ്ങൾ ടീം നടപ്പാക്കിയേ പറ്റൂ. ഒപ്പം ഗ്വാർഡിയോള ശൈലിയിലാണ് കളിക്കുന്നതെങ്കിലും പന്തടക്കത്തിലും പാസിങ്ങിലും ടീം ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. നമ്മെ പ്രസ് ചെയ്യുന്ന ടീമുകൾക്കെതിരെ പ്രഷർ ഏറെയുള്ള സമയത്തും സമചിത്തത കൈവിടാതെ കളിക്കാൻ ടീം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കൂടുതൽ മത്സരങ്ങളിലെ അനുഭവം അത് പരിഹരിക്കുമെന്ന് കരുതാം.
ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ:
മെസ്സി: ആർക്കും സംശയമില്ല, ഇന്നത്തെ താരം മെസ്സി തന്നെ, അദ്ദേഹത്തിന്റെ നിറമാർന്ന കരിയറിലെ മറ്റൊരു അധ്യായം കൂടി. എല്ലാ മേഖലയിലും മികച്ചു നിന്നു. അവസരങ്ങൾ സൃഷ്ട്ടിച്ചു, ഗോളുകളും നേടി. ഒടുവിൽ തൊണ്ണൂറാം മിനിറ്റിൽ ബാഴ്‌സയുടെ ബോക്സിനു സമീപം യുവന്റസ് കളിക്കാരനെ പ്രതിരോധിക്കുന്നത് കൂടി കണ്ടപ്പോൾ മനസ്സിലായി ഇന്നത്തെ മത്സരത്തിൽ ഇദ്ദേഹം ചെയ്യാത്ത ഒരേ ഒരു റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഗോൾ കീപ്പർ.
ഇനിയേസ്റ്റ: പ്രായം എന്നത് തന്റെ ബുക്കിലെ ഒരു അക്കം മാത്രമാണ് എന്ന് പിന്നെയും തെളിയിച്ചു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ തുടർച്ചയായി കളിച്ചതു കൊണ്ട് കഴിഞ്ഞ മത്സരത്തിൽ ക്ഷീണിതനായി കാണപ്പെട്ടിരുന്നു. അത് കൊണ്ട് ഇന്ന് ഇറങ്ങുമോ എന്നായിരുന്നു സംശയം. പക്ഷെ ആദ്യ മിനിറ്റ് മുതൽ തകർത്തു കളിച്ചു നമ്മെ എല്ലാം ഞെട്ടിച്ചു. കിടു പെർഫോമൻസ്. താൻ ആയിരുന്നില്ല തളർന്നത്, മറിച്ചു ബാഴ്‌സയുടെ രീതികളായിരുന്നു തളർന്നത് എന്ന് അദ്ദേഹം പിന്നെയും കാണിച്ചു തന്നു. ആവശ്യമെങ്കിൽ ഇനിയുമൊരു അങ്കത്തിനു തനിക്ക് ഇനിയും ബാല്യമുണ്ടെന്നു അദ്ദേഹം മാലോകരോട് വിളിച്ചു പറഞ്ഞു.
ഇവാൻ റാക്കിറ്റിച്: വൽവെർദേയുടെ കീഴിൽ മികവിലേക്ക് കുതിക്കുകയാണ് ഇദ്ദേഹം. തന്റെ കഴിവിൽ സംശയം ഉതിർത്തവർക്കുള്ള വ്യക്തമായ മറുപടിയാണ് കഴിഞ്ഞ ഏതാനും മത്സരങ്ങൾ. ഇന്നും കിടിലോക്കിടിലം പ്രകടനം.
ബുസ്കെറ്റ്സ്: എന്നത്തേയും പോലെ മികച്ച പ്രകടനം. സമയബന്ധിതമായ ടാക്കിളുകളും ടേണുകളും ഒക്കെ ചേർന്ന് മനോഹരമായ ഒരു മത്സരം. മധ്യനിര കൂടുതൽ ശക്തിപ്പെടുന്ന കാഴ്ച നമ്മെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.
ടീമിൽ എല്ലാവരും മികച്ചു തന്നെ നിന്നു. പരിചയസമ്പത്തിന്റെ കുറവ് വ്യക്തമാണെങ്കിലും തന്നാലാവുന്നതെല്ലാം ഡെമ്പെലെയും ചെയ്തു. വരും മത്സരങ്ങളിൽ തിളങ്ങുമെന്നു ഉറപ്പാണ്, അത് വരെ എല്ലാ പിന്തുണയുമായി നമ്മൾ എല്ലാ ആരാധകരും കൂടെയുണ്ടാകും. സെമെഡോ പിന്നെയും പിന്നെയും മെച്ചപ്പെടുകയാണ്. ആത്മവിശ്വാസം കൈവരിച്ച അദ്ദേഹം എല്ലാ ആരാധകരുടെയും മനം കവർന്ന് മുന്നേറുകയാണ്. പ്രതിരോധം തരക്കേടില്ലായിരുന്നു. ചില സമയങ്ങളിൽ പതറിയെങ്കിലും അവസരത്തിനൊത്തുയർന്നു പ്രതിരോധിച്ചു. കഴിഞ്ഞ നാല് മത്സരങ്ങളിൽ ബാഴ്‌സ ഗോൾ വഴങ്ങിയിട്ടില്ല എന്നത് ഒരു മികവ് തന്നെയാണ്. ഇന്ന് അൽപ്പം നിരാശപ്പെടുത്തിയത് സുവരെസാണ്. മിസ് പാസുകൾ ധാരാളം. കളിയിൽ അദ്ദേഹം ഇനിയുമേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ടീം ഒന്നടങ്കം മികച്ചു നിൽക്കുമ്പോൾ അദ്ദേഹം അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് നിരാശാജനകമാണ്. കാര്യമായി പരീക്ഷിക്കപ്പെട്ടില്ലെങ്കിലും ടെർ സ്റ്റീഗനും നന്നായി പെർഫോം ചെയ്തു. പൊസിഷനിംഗ് നന്നായിരുന്നു. യുവന്റസിന്റെ ഒരു ഉറച്ച ഒരു ശ്രമം മുഴുനീളൻ ഡൈവ് ചെയ്തു തടഞ്ഞത് കിടു ആയിരുന്നു. സബ്സ്റ്റിട്യൂഷൻ ആയി എത്തിയ റോബർട്ടോ, ഗോമസ് , പൊളിഞ്ഞോ എന്നിവരും ചുരുങ്ങിയ സമയത്തേക്കെങ്കിലും നല്ല രീതിയിൽ തന്നെ കളിച്ചു.
മറക്കാനാകാത്ത മറ്റൊരു രാത്രി കൂടി. ഇത് പോലെയുള്ള മികച്ച പ്രകടനങ്ങൾ എന്നും മനസ്സിൽ മായാതെ നിൽക്കും. എങ്കിലും ഇത് ഒരു തുടക്കം മാത്രമാണ്. കടമ്പകൾ ഇനിയുമേറെയുണ്ട്. കൂടുതൽ കടുത്ത പരീക്ഷണങ്ങൾ ഇനി വരാൻ ഇരിക്കുന്നതേ ഉള്ളൂ. അത് പോലെ ടീമും മെച്ചപ്പെടാനുണ്ട്. വരും മത്സരങ്ങളിൽ കൂടുതൽ മികവാർന്ന തലത്തിലേക്ക് ടീം എത്തും എന്ന് ഞങ്ങൾക്ക് ഉറപ്പുമുണ്ട്. എല്ലാ പിന്തുണയോടെയും ഞങ്ങൾ ടീം കൂളെസ് ഓഫ് കേരള .
