◀മാച്ച് റിവ്യൂ▶ സെവിയ്യ 2 – 4 മെസ്സി
സെവിയ്യ എന്ന മനോഹര നഗരത്തിലെ റാമോൺ സാഞ്ചസ് പിസ്വാൻ സ്റ്റേഡിയം. ഫെബ്രുവരിയിലെ സായാഹ്നത്തിന്റെ തണുപ്പുമേറ്റ് സെവിയ്യയും ബാഴ്‌സയും തമ്മിലുള്ള മത്സരം കാണാനെത്തിയ സെവിയ്യ ആരാധകരാൽ ആ സ്റ്റേഡിയം നിറഞ്ഞിരുന്നു. എങ്ങും ചുവന്ന നിറം. അവരുടെ ആരവങ്ങൾ ഉച്ചസ്ഥായിലാക്കിക്കൊണ്ട് സെവിയ്യ ബാഴ്‌സയെ പിന്നിലാക്കുന്നു. ഒന്നല്ല രണ്ടു തവണ.ബാഴ്‌സ ആരാധകർ മറ്റൊരു മോശം ദിനത്തെ വരവേൽക്കാൻ ഒരുങ്ങി. പക്ഷെ ഒരാൾ ക്രൗര്യം നിറഞ്ഞ കണ്ണുകളോടെ ആ മത്സരത്തിലുണ്ടായിരുന്നു.ലോകം മുഴുവൻ തനിക്കെതിരെ തിരിഞ്ഞാലും. തന്റെ കാലം കഴിഞ്ഞുവെന്ന്, സ്വയം പുകഴ്ത്തുന്ന ഫുട്ബാൾ പണ്ഡിതന്മാർ വിധിയെഴുതിയാലും, ഒരു പുഞ്ചിരി മാത്രം നൽകി വിമർശനങ്ങളെ നേരിടുന്ന അയാൾ ഈ മത്സരംഅങ്ങനെ വിട്ടുകൊടുക്കുവാൻ ഉദ്ദേശിച്ചിരുന്നില്ല. ബാഴ്‍സയെന്ന ഐതിഹാസിക ക്ലബ്ബിന്റെ പേരും പെരുമയും ഉയർത്തിക്കാണിക്കുന്ന ആ ഇടനെഞ്ചിലെ ക്രെസ്റ്റിനെ സാക്ഷിയാക്കി അയാൾ ബാഴ്‌സയെ ഈ മത്സരത്തിലേക്ക് കൈപിടിച്ചുയർത്തി. “കപ്പീറ്റ ” എന്നെഴുതിയ ഇടംകയ്യിലെ ബാഡ്‌ജിന്റെ എല്ലാ ഉത്തരവാദിത്വങ്ങളെയും ഏറ്റെടുത്ത ക്യാപ്റ്റൻ ലയണൽ മെസ്സി, ഹാട്രിക്കുമായി കളം നിറഞ്ഞു കളിച്ചപ്പോൾ പിന്നിൽ നിന്നും പൊരുതിക്കയറിയ ബാഴ്‌സ ലീഗിലെ മുന്നേറ്റം തുടരുന്നു.
മികച്ച ഒരു ലൈനപ്പുമായിട്ടായിരുന്നു ബാഴ്‌സ ഇന്നലെയും കളത്തിലെത്തിയത്. സ്വാഭാവിക ഫോർമേഷനായ 4-3-3 നിലനിർത്തിയപ്പോൾ മുന്നേറ്റത്തിലെത്തിയത് മെസ്സി – സുവാരസ് -കൊട്ടീഞ്ഞോ ത്രയം തന്നെ. മോശം ഫോമിലൂടെ കടന്ന് പോവുകയാണെങ്കിലും സുവാരസിനെ ഒഴിവാക്കാൻ വൽവെർദേ തുനിയുകയില്ലെന്ന് അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തിൽ നിന്നും വ്യക്തമായിരുന്നു. മധ്യനിരയിൽ ബുസ്കെറ്റ്സ്-റാക്കിറ്റിച്-വിദാൽ എന്ന നിരയാണ് ടീം തിരഞ്ഞെടുത്തത്. പിൻനിരയിൽ ലെങ്ലേക്ക് വിശ്രമം അനുവദിച്ചപ്പോൾ ഉംറ്റിറ്റി മാസങ്ങൾക്ക് ശേഷം കളത്തിലേക്ക് തിരിച്ചെത്തി. വരുന്ന അതിപ്രധാന മത്സരങ്ങൾ കണക്കിലെടുത്തു ലെങ്ലേക്ക് വിശ്രമം നൽകിയതും ഉംറ്റിറ്റിക്ക് മത്സരപരിചയം നൽകിയതും അഭിനന്ദനാർഹമാണ്. ആൽബ-ഉംറ്റിറ്റി-പീക്കേ-സെമെഡോ എന്ന പ്രതിരോധ നിരയാണ് ബാഴ്‌സ ഉപയോഗിച്ചത്. ഗോൾ വല കാക്കാൻ സ്റ്റീഗൻ തന്നെ എത്തി.
കഴിഞ്ഞ മത്സരങ്ങൾ പോലെ തന്നെയാണ് ഇന്നലെയും കളി ആരംഭിച്ചത്. ആദ്യ വിസിലിന് തൊട്ട് പിറകെ വന്ന സെവിയ്യ ആക്രമണം, ഈ മത്സരവും ബാഴ്‌സക്ക് എളുപ്പമായിരിക്കില്ല എന്ന ആദ്യമുന്നറിയിപ്പ് നൽകി. ഇടത് വിങ്ങിൽ കൂടി സെവിയ്യ മെനഞ്ഞ ആക്രമണം, സ്റ്റീഗൻ തടഞ്ഞെങ്കിലും അതിനോടകം ഓഫ്‌സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. പക്ഷെ വരാനിരിക്കുന്ന ദുർഘടമായ പാതയെ പറ്റി മുന്നറിയിപ്പ് നൽകാൻ ആ നീക്കത്തിന് സാധിച്ചിരുന്നു. മറുവശത്തു ബാഴ്‌സയും നീക്കങ്ങൾ സംഘടിപ്പിച്ചിരുന്നു. മെസ്സിയുടെ നേതൃത്വത്തിൽ ബാഴ്‌സ ആക്രമണങ്ങൾ നടത്തിയെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ എന്ന വണ്ണം മൂർച്ച കുറവായിരുന്നു. പന്ത് കൂടുതൽ തവണ കൈവശം വെക്കുകയും വിങ്ങുകൾ മാറി മാറി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും മികവുറ്റ അവസരങ്ങൾ ഒരുക്കാൻ ടീമിന് കഴിയാതെ പോയി. പക്ഷെ ബാഴ്‌സ ഓരോ തവണയും നഷ്ടപ്പെടുത്തിയ പന്ത് സെവിയ്യക്ക് മികച്ച കൗണ്ടർ അറ്റാക്കിനുള്ള അവസരങ്ങളാണ് നൽകിയത്. വിങ്ങുകളിലൂടെ ഇരച്ചുകയറിക്കൊണ്ട് അവർ നടത്തിയ കൗണ്ടർ അറ്റാക്കുകൾ ബാഴ്‌സയുടെ പ്രതിരോധത്തെ പിടിച്ചു കുലുക്കി. സ്വാഭാവികമായും ഒരു കൗണ്ടർ അറ്റാക്കിൽ നിന്നും തന്നെ സെവിയ്യ ആദ്യം ഗോൾ നേടി. സെവിയ്യ ബോക്സിൽ നിന്നും മെസ്സിക്ക് കൈമോശം വന്ന പന്ത് പിടിച്ചെടുത്തു അവർ നടത്തിയ കൗണ്ടർ തടയാൻ ഹൈലൈൻ ഡിഫെൻസുമായി നിന്ന ബാഴ്‌സക്ക് സാധിച്ചില്ല. കളി കേവലം 22 നിമിഷം പിന്നിട്ടപ്പോഴേക്കും സെവിയ്യ ലീഡ് നേടിയിരിക്കുന്നു !!! ബാഴ്‌സ അപകടം മണത്തു. കഴിഞ്ഞ മത്സരങ്ങളിൽ എന്ന പോലെ മോശമായ ഒരു ദിനം കൂടി വരുന്നു എന്ന തോന്നൽ ഉളവായി. പക്ഷെ വിട്ടുകൊടുക്കാൻ ബാഴ്‌സയും മെസ്സിയും തയ്യാറായിരുന്നില്ല. കേവലം 5 നിമിഷത്തിനകം മെസ്സിയിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. അറ്റാക്കിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാൻ അവസരം ലഭിച്ച റാക്കിറ്റിച് വഴിയായിരുന്നു ഗോൾ വന്നത്. ഇടത് വിങ്ങിൽ നിന്നും റാക്കിറ്റിച് ഉയർത്തി നൽകിയ ക്രോസ്, അസാമാന്യ മെയ്‌വഴക്കത്തോടെ മെസ്സി ഒരു വോളിയിലൂടെ പോസ്റ്റിലേക്ക് പായിച്ചു. ഒരു ഇടിമിന്നൽ കണക്കെ വന്ന ഷോട്ട് സെവിയ്യ കീപ്പർക്ക് തടയാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഫോമിൽ അൽപ്പം ഇടിവ് അനുഭവപ്പെട്ട മെസ്സി പതിയ തന്റെ സ്ഥിരം ഫോമിലേക്ക് തിരികെ വരുന്നതിന്റെ സൂചന മാത്രമായിരുന്നു ആ ഗോൾ. തുടർന്നും ബാഴ്‌സ പോസെഷൻ നിലനിർത്തി കളിച്ചെങ്കിലും അറ്റാക്ക് മോശമായി നിന്നു. പക്ഷെ അതിനിടയിൽ ബാഴ്‌സ വീണ്ടും ഗോൾ വഴങ്ങി. ഇത്തവണയും വില്ലനായത് പതിവ് ഫോമിൽ എത്താത്ത ഡിഫെൻസ്. പരിക്ക് മാറി തിരികെയെത്തിയ ഉംറ്റിറ്റി ടീമിന്റെ താളത്തിനോട്
ഒത്തുചേർന്ന് പോകാൻ ബുദ്ധിമുട്ടിയപ്പോൾ സെവിയ്യക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ബാഴ്‌സ ബോക്സിൽ ക്ലിയർ ചെയ്യേണ്ട പന്ത്, നമ്മൾ ഒന്ന് ഉഴപ്പിയപ്പോൾ സെവിയ്യ ഗോൾ ആക്കി മാറ്റി. മെസ്സിയുടെ ഗോളിൽ ഊർജ്ജം കൈവരിച്ച ബാഴ്‌സയുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്നതായിരുന്നു ആ ഗോൾ. ഇടവേളക്ക് പിരിയുമ്പോൾ ബാഴ്‌സ ഒരു ഗോൾ പിറകിൽ.
രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങളുമായിട്ടായിരുന്നു ബാഴ്‌സ കളത്തിലെത്തിയത്. എപ്പോഴും പെട്ടന്ന് സബ്സ്റ്റിട്യൂഷൻ നടത്തുന്നതിൽ വിമുഖത കാണിക്കുന്ന വൽവെർദേ രണ്ടാം പകുതി തുടക്കത്തിൽ തന്നെ ഇരട്ട സബ്സ്റ്റിട്യൂഷൻ നടത്താൻ തുനിഞ്ഞത് കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കി. വിദാലിനെ പിൻവലിച്ചു ടെമ്പേലെയും സെമെഡോയെ പിൻവലിച്ചു റോബർട്ടോയും ഇറങ്ങി. അതിന്റെ മാറ്റങ്ങൾ ഉടനടി കണ്ടു തുടങ്ങുകയും ചെയ്തു. വലത് വിങ് ടെമ്പേലെയുടെ ചടുലമായ നീക്കങ്ങൾ കൊണ്ട് സജീവമായപ്പോൾ മെസ്സി കൂടുതൽ സെൻട്രൽ റോളിലേക്ക് നീങ്ങി. ഒപ്പം റോബർട്ടോ വലത് വിങ്ങിൽ മികച്ച ഓവർലാപ് റണ്ണുകൾ കൂടിയായപ്പോൾ ബാഴ്‌സയുടെ മൂഡ് മാറി. ടെമ്പേലെയും റോബർട്ടോയും ചേർന്ന് ബാഴ്‌സയെ സമനില ഗോളിന് വളരെ അടുത്തെത്തിച്ചെങ്കിലും മുതലാക്കാനായില്ല. വലത് വിങ്ങിൽ റോബർട്ടോ നടത്തിയ നീക്കത്തിനൊടുവിൽ മികച്ച ഒരു ക്രോസ് പെനാൽറ്റി സ്പോട്ടിലേക്ക് നൽകിയെങ്കിലും ഒരു ടാപ് ഇൻ കണക്റ്റ് ചെയ്യാൻ ടെമ്പേലേക്ക് കഴിഞ്ഞില്ല. പക്ഷെ അതിന്റെ നിരാശ അധിക നേരം നീണ്ടില്ല. വീണ്ടും മെസ്സിയിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. ബാഴ്‌സയുടെ കനത്ത പ്രെസ്സിങ്ങിൽ അൽപ്പം പരിഭ്രാന്തനായ സെവിയ്യ കീപ്പർ ക്ലിയർ ചെയ്ത പന്ത് പക്ഷെ മൈതാനമദ്ധ്യം വരെ മാത്രമേ നീങ്ങിയുള്ളൂ. പന്ത് പിടിച്ചെടുത്തു റാക്കിറ്റിച് ബോക്സിലേക്ക് കുതിച്ചെത്തി. ഇടത് വശത്ത് മെസ്സിയും വലത് വശത്ത് ടെമ്പേലെയും. ഇത്തവണ പക്ഷെ ടെമ്പേലെയെ ആണ് റാക്കി തിരഞ്ഞെടുത്തത്. പന്ത് ലഭിച്ച ടെമ്പേലെ ഒന്ന് മുന്നോട്ടാഞ്ഞപ്പോൾ സുവാരസും റാക്കിയും ബോക്സിലേക്ക് ഓടിക്കയറി. ഒപ്പം സെവിയ്യ ഡിഫൻഡർമാരും. അതോടെ മെസ്സി ഫ്രീ ആവുകയും ടെമ്പേലെ മെസ്സിക്ക് ഒരു സാധാരണ പാസ് നൽകുകയും ചെയ്തു. മനക്കണ്ണിൽ പോസ്റ്റിന്റെ നീളവും വീതിയും ഗോളിയുടെ സ്ഥാനവും എല്ലാം അറിയുന്ന മെസ്സി, ആ പാസ് പിടിച്ചെടുത്തു വലത് കാൽ കൊണ്ട് പോസ്റ്റിന്റെ ഇടത്തെ മൂലയിലേക്ക് പായിച്ചു. ഇത്തവണയും മെസ്സിയുടെ പ്രതിഭക്ക് മുൻപിൽ സെവിയ്യ കീപ്പർ കീഴടങ്ങി.
തുടർന്നും ബാഴ്‌സയുടെ നിമിഷങ്ങൾ ആയിരുന്നു. എങ്കിലും മോശം ഫിനിഷിങ് വിനനായി. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും മെച്ചപ്പെട്ടെങ്കിലും മികവിലേക്കുയരാൻ സുവാരസിന് സാധിച്ചില്ല. മത്സരം അന്ത്യത്തോടക്കുന്നതിനിടയിൽ കൊട്ടീഞ്ഞോയെ പിൻവലിച്ചു അലിന്യയെ കളത്തിലിറക്കി. ബാഴ്‌സ നടത്തിയ മികച്ച നീക്കങ്ങളിൽ ഒന്നായിരുന്നു അതും. അധികം വൈകാതെ നമ്മളെല്ലാം കാത്തിരുന്ന ആ നിമിഷം വന്നെത്തി. മികച്ച ഒരു നീക്കത്തിനൊടുവിൽ അലിന്യ പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും പന്ത് ഡിഫൻഡറുടെ കാലുകളിൽ തട്ടി ഡിഫ്ലക്ഷൻ ആയി. പക്ഷെ ചെന്നെത്തിയത് മെസ്സിയുടെ മുൻപിലേക്ക്. ഓടിയെത്തിയ മെസ്സിയുടെ ഒരു അനായാസ ചിപ്പ്, ഗോൾ തടയാൻ മുന്നോട്ടാഞ്ഞ കീപ്പറുടെ തലക്ക് മുകളിലൂടെ പതിയെ പറന്ന് സെവിയ്യ വലയിൽ കയറുമ്പോൾ റാമോൺ പിസ്വാൻ സ്റ്റേഡിയത്തിലെ ആരവങ്ങൾ നിലച്ചിരുന്നു. സങ്കടമായിരുന്നില്ല ആ മുഖങ്ങളിൽ കണ്ടത്, മറിച്ചു സ്വന്തം ടീം തോൽവിയിലേക്ക് നീങ്ങുമ്പോഴും ഒറ്റക്ക് ഒരു മത്സരത്തിന്റെ ഗതി തിരിച്ചുവിട്ട ലയണൽ മെസ്സിയുടെ മാന്ത്രിക പ്രകടനം കണ്ടിട്ട് സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത ഒരു നിസ്സംഗതാ ഭാവമായിരുന്നു ആ ആരാധകരുടെ മുഖങ്ങളിൽ കണ്ടത്. പക്ഷെ മത്സരം അവസാനിച്ചിട്ടില്ല. സമനിലക്ക് വേണ്ടി സെവിയ്യ കൊണ്ടു പിടിച്ച കളി കാഴ്ച വെച്ചു. പക്ഷെ മെസ്സിയും ബാഴ്‌സയും അവസാനിപ്പിച്ചിട്ടില്ലായിരുന്നു. ബാഴ്‌സക്ക് ലഭിച്ച ഗോൾ കിക്കിൽ നിന്നും ലഭിച്ച പന്ത് മെസ്സി സുവരെസിനായി നൽകി. പൊടുന്നനെയുള്ള ആ നീക്കം മുൻകൂട്ടി അറിയാനാകാതെ പോയ സെവിയ്യ ഡിഫൻഡർമാർ, ആ പാസ് തടയാൻ ശ്രമിക്കുമ്പോഴേക്കും സുവാരസ് ഗോൾ നേടാനുതകുന്ന ഒരു മികച്ച പൊസിഷനിലേക്ക് എത്തിയിരുന്നു. അഡ്വാൻസ് ചെയ്തു വന്ന കീപ്പറുടെ തലക്ക് മുകളിലൂടെ പന്തിനെ പോസ്റ്റിലേക്ക് തട്ടിയിട്ട സുവാരസ് മത്സരം അവസാനിപ്പിച്ചു. ലയണൽ മെസ്സിയെന്ന അമാനുഷികന്റെ ബലത്തിൽ ബാഴ്‌സ ലീഗ് പോരാട്ടത്തിൽ ഒരു പടി കൂടി മുന്നേറിയിരിക്കുന്നു.
നമ്മളാരും അടുത്ത കാലത്തെങ്ങും മറക്കാത്ത ഒരു രാത്രിയാണ് കഴിഞ്ഞുപോയത്. കഴിഞ്ഞ മത്സരങ്ങളിലെ ശരാശരിയിലും താഴെയുള്ള മത്സരങ്ങൾ കാരണം മരവിച്ച മനസുമായിട്ടായിരുന്നു നമ്മളെല്ലാം കളി കാണാനിരുന്നത്. സെവിയ്യ ലീഡ് എടുത്തപ്പോൾ നിരാശ പൂർണ്ണമാവുകയും ചെയ്തു. എങ്കിലും മെസ്സിയിലൂടെ ഒരു അവിസ്മരണീയമായ ഒരു രാത്രി നൽകിയാണ് കഴിഞ്ഞ രാത്രി കടന്ന് പോയത്. ഏറെ സന്തോഷം നൽകുന്ന ഒരു വിജയമാണ് ഇന്നലത്തേത്. സെവിയ്യയുടെ ഹോം ഗ്രൗണ്ടിൽ വിജയം, പിന്നിൽ നിന്നും തിരിച്ചു വന്ന് കയ്യടക്കിയ മത്സരം, കഴിഞ്ഞ മോശം മത്സരങ്ങളിൽ നിന്നുമുള്ള മാറ്റം, ഫോം വീണ്ടെടുത്ത മെസ്സി, മികച്ച സപ്പോർട്ട് കാഴ്ചവെച്ച റാക്കിറ്റിച്, കൃത്യതയാർന്ന സബ്സ്റ്റിട്യൂഷനുകൾ എന്നിങ്ങനെ ഒട്ടേറെ മികച്ച കാര്യങ്ങൾ ഈ മത്സരത്തെ അവസമരണീയമാക്കുന്നു. സ്ഥിരം ബാഴ്‌സ നിലവാരത്തിലെത്തിയില്ലെങ്കിലും മുൻ മത്സരങ്ങളിൽ നിന്നും ഏറെ മെച്ചെപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് സ്കോറിങ്. മോശം ഫിനിഷിങ് കഴിഞ്ഞ മത്സരങ്ങളിൽ വിനയായെങ്കിൽ ഇന്നലെ അതിൽ മികച്ചു നിന്നു. ആദ്യ സമയങ്ങളിലെ തപ്പിത്തടയൽ ഒഴിച്ചാൽ ടീം കൂടുതൽ കൃത്യത കൈവരിച്ചു. ആദ്യ പകുതിയിൽ മധ്യനിര കാര്യമായ പങ്ക് വഹിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് ഫോർമേഷനിലെ മാറ്റമാണ്. ആദ്യ പകുതിയിലെ 4-3-3 എന്നതിൽ നിന്നും മാറി 4-2-3-1 എന്ന ഫോർമേഷനിലേക്ക് മാറിയപ്പോൾ തന്നെ ടീം കൂടുതൽ ആക്രമണോൽസുകത കാണിച്ചു. ഇടത് വലത് വിങ്ങുകളിൽ അതിവേഗ മുന്നേറ്റം നടത്താൻ കഴിയുന്നവർ വന്നപ്പോൾ സെവിയ്യ ഡിഫെൻസ് പതറി. അതോടെ മെസ്സി കൂടുതൽ സ്വാതന്ത്രനാവുകയും ചെയ്തു. ഇന്നലത്തെ മത്സരത്തിലെ സുപ്രധാന വഴിത്തിരിവ് സമയോചിതമായ സബ്സ്റ്റിട്യൂഷനുകളാണ്. അതിന് വൽവെർദേ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇന്നലെ ടീം നടത്തിയ മൂന്ന് സബ്സ്റ്റിട്യൂഷനുകളും സ്പോട്ട് ഓൺ ആയിരുന്നു. മൂന്ന് ഗോളുകളിലും ഇവരുടെ സാന്നിധ്യം കാണാമായിരുന്നു. സ്വതവേ സമയബന്ധിതമായി സബ്സ്റ്റിട്യൂഷൻ നടത്താൻ വിമുഖത പ്രകടിപ്പിക്കുന്ന വൽവെർദേ ഇനി അവ കൃത്യമായ സമയങ്ങളിൽ നടത്തും എന്നു കരുതാം.
സന്തോഷങ്ങൾക്കിടയിൽ പാളിച്ചകൾ നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല. മെസ്സിയെ അമിതമായി ആശ്രയിക്കുന്നു എന്ന മുറവിളി കൂടുതൽ ഉയരുകയാണ്. അത് സത്യവുമാണ്. പ്രതിഭാധനരായ ഒരു പിടി കളിക്കാർ ഉള്ള ബാഴ്‌സയിൽ നിന്നും ഇതിലും കൂടുതൽ നമ്മൾ പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. കൊട്ടീഞ്ഞോയും ടെമ്പേലെയും സുവാരസും അടങ്ങുന്ന മുന്നേറ്റ നിരയിൽ നിന്നും കൂടുതൽ ഗോളുകൾ ആരാധകർ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ഇന്നലെ കൂടുതൽ ശോകമായി തോന്നിയത് പ്രതിരോധമാണ്. ഉംറ്റിറ്റിയുടെ മടക്കം കളിക്കാരുടെ ലിങ്ക് അപ്പിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു എന്ന് തോന്നുന്നു. പൊസിഷനിങ്ങിലും കോർഡിനേഷനിലും പാളിച്ചകൾ കണ്ടു. ഏറെ നാൾ പുറത്തിരുന്ന ഒരു കളിക്കാരൻ തിരികെയെത്തുമ്പോൾ ഇത്തരം പാളിച്ചകൾ സ്വാഭാവികം.പക്ഷെ ആദ്യ ഇലവനിൽ ഇറക്കിയതിനേക്കാൾ ഭേദം സബ്സ്റ്റിട്യൂഷൻ ആയി ഇറക്കമായിരുന്നു എന്ന അഭിപ്രായം ശക്തമാണ്.
വ്യക്തിഗത പ്രകടനങ്ങളെ പറ്റി പറയുകയാണെങ്കിൽ റാക്കിയും മെസ്സിയും തീർച്ചയായും പരാമർശം അർഹിക്കുന്നു. ഇന്നലെ വളരെ പ്രശംസയർഹിക്കുന്ന പ്രകടനമാണ് റാക്കി കാഴ്ച വെച്ചത്. ഗോളുകളിൽ അദ്ദേഹത്തിനെ കൈയൊപ്പ് കാണാം. ഇന്നലെ കൂടുതൽ ആക്രണമണത്തിൽ ശ്രദ്ധയൂന്നിയതിന്റെ ഫലം കാണാം. വിമർശകർ ഏറെയുള്ള റാക്കിയുടെ ഇത്തരം പ്രകടനങ്ങൾ നമുക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല.
ഓഹ് മെസ്സി, താങ്കളെ പറ്റി എന്ത് പറയാനാണ്. ഗോളുകളെയോ, ഒറ്റക്ക് ഒരു ടീമിനെ കൈപിടിച്ച് ഉയർത്തുന്ന കഴിവിനെയോ, പാസുകളെയോ, അസിസ്റ്റുകളെയോ പറ്റി പറയുമ്പോൾ ആവർത്തനം മൂലം വിരസത തോന്നുന്നു. എത്രയാണെന്ന് വെച്ചാണ് ഞങ്ങൾ നിങ്ങളെ പുകഴ്ത്തുക ? നിങ്ങളെ പുകഴ്ത്തുവാൻ ഇനി നിഘണ്ടുവിൽ വാക്കുകൾ ഇല്ല എന്ന് തോന്നുന്നു. അത്രമേൽ മനോഹരം, അതിമനോഹരം. എത്ര ഗോൾ പിറകിലാണെങ്കിലും, എത്ര മോശം സമയത്താണെങ്കിലും താങ്കളുടെ മുഖം മാത്രം മതി ഓരോ ബാഴ്‌സ ആരാധകനും മനം നിറയാൻ. താങ്കൾ ഞങ്ങൾക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. ഏത് പരാജയത്തെ അഭിമുഖീകരിക്കുമ്പോഴും താങ്കൾ കളത്തിലുണ്ടെങ്കിൽ ഞങ്ങൾക്ക് വിശ്വാസമാണ്, ഈ മത്സരം താങ്കൾ ഞങ്ങൾക്കായി തിരികെ തരുമെന്ന്. ഹോർമോൺ കുറവ് മൂലം വളർച്ച മുരടിച്ചു പോകുമായിരുന്ന റൊസാരിയോ തെരുവിലെ ആ ബാലൻ ഇന്ന് കോടിക്കണക്കിന് ആരാധകരുടെ വിശ്വാസമാണ്, പ്രതീക്ഷയാണ്, പ്രചോദനമാണ്. ഞങ്ങളുടെ നായകനായി താങ്കൾ വന്നത് എന്ത് ഭാഗ്യം ചെയ്തിട്ടാണ് എന്ന് ഞങ്ങൾക്കറിയില്ല, താങ്കളെ ഞങ്ങളിലേക്ക് എത്തിച്ച പക്ഷെ ദൈവത്തോട് ഞങ്ങൾ നന്ദി പറയുന്നു. പ്രായം തളർത്തിയിട്ടില്ലെന്ന്തെ ളിയിച്ച ആ ഇടംകാലിൽ നിന്ന് കൂടുതൽ അദ്‌ഭുദങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
വിസ്കാ ബാഴ്‌സ
#RETARD
©www.culesofkerala.com