സാമുവേൽ എറ്റൂ
ഇരുണ്ട ഭൂഘണ്ടം എന്നറിയപ്പെടുന്ന ആഫ്രിക്കയിൽ ജനിച്ച പ്രതിഭാധനരായ കളിക്കാരിൽ ഒരാൾ ആണ് സാമുവേൽ എറ്റൂ. ലോകം കണ്ട മികച്ച ‘കംബ്ലീറ്റ് സ്ട്രൈക്കർമാരിൽ’ ഒരാൾ. ജന്മനാടായ കാമറൂണിനെ ഇരുവട്ടം ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻമാർ (2000,2002) ആക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച താരം. 2000 സിഡ്നി ഒളിമ്പിക്സിൽ കാമറൂണിനു സ്വർണ്ണം നേടി കൊടുക്കാനും റോജർ മില്ലയുടെ പിൻഗാമിയായ എറ്റൂവിനു കഴിഞ്ഞു. 4 തവണ “ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ” പുരസ്കാരം എറ്റൂവിനെ തേടിയെത്തി. ക്ലബ് ലെവലിൽ ഫുട്ബോൾ ക്ലബ് ബാഴ്സലോണയുടെ ജീവനാഡിയായിരുന്നു ഈ 5 അടി 11 ഇഞ്ചുകാരൻ. ബാഴ്സലോണയ്ക്കൊപ്പവും, ഇന്റർ മിലാനോപ്പവും ട്രിപ്പിൾ നേടാൻ കഴിഞ്ഞു എറ്റൂവിനു. എറ്റുവിന്റെ ഫുട്ബോൾ ജീവിതത്തെ പറ്റി ചുരുങ്ങിയ വാക്കുകളിൽ.
1981ഇൽ കാമറൂണിലെ ‘കോണ്’ എന്നാ ചെറുപട്ടണത്തിൽ ആയിരുന്നു എറ്റുവിന്റെ ജനനം. കുട്ടിക്കാലത്തെ എറ്റൂ സ്പോർട്സ് അക്കാദമികളിലെ സ്ഥിരസാന്നിധ്യമായിരുന്നു. മറഡോണയെ വിറപ്പിച്ച റോജർ മില്ല എന്ന കളിക്കാരനോടുള്ള ആരാധന എറ്റൂവിനെ ഫുട്ബോളിലേക്ക് ആകർഷിച്ചു. നന്നേ ചെറുപ്പത്തിലെ എറ്റൂവിനെ തേടി യൂറോപ്പിൽ നിന്ന് ഒരുപാട് ഓഫറുകൾ വന്നിരുന്നു. കുറെ ഓഫറുകൾ നിരസിച്ച എറ്റൂ ഒടുവിൽ 1997 ഇൽ റയൽ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിൽ ചേർന്നു (എറ്റൂ റയൽ കളരിയിൽ നിന്ന് വന്ന കളിക്കാരനാണ് എന്നത് ചിലർക്കെങ്കിലും ഇതൊരു പുതിയൊരു അറിവാകും എന്ന് കരുതുന്നു). 1999 ഇൽ റയലിൽ നിന്ന് എസ്പാന്യോളിലേക്ക് എറ്റൂവിനെ ലോണ് ചെയ്തു. എന്നാൽ എസ്പാന്യോളിൽ എറ്റൂവിനു അവസരം ലഭിച്ചിരുനില്ല. ഇതേ തുടർന്ന് റയൽ മയ്യോർക്കയിലേക്ക് എറ്റൂവിനെ റയൽ മാഡ്രിഡ് ലോണ് ചെയ്തു. 19 കളികളിൽ നിന്ന് 6 ഗോളുകൾ എറ്റൂ നേടി. 2000 ഇൽ എറ്റൂവിനെ മയ്യോർക്ക റയലിൽ നിന്ന് 4.4 മില്ല്യണ് എന്ന തുകയ്ക്ക് സൈൻ ചെയ്തു. റയൽ മാഡ്രിഡ് സീനിയർ ടീമിന് വേണ്ടി 3 കളികൾ മാത്രമേ എറ്റൂവിനു കളിക്കാൻ കഴിഞ്ഞുള്ളൂ. (മക്കലേലയെ പോലെ എറ്റൂവിന്റെ തൊലി നിറം കാരണമാണ് പെരസ് എറ്റൂവിനെ വിറ്റത് എന്ന് പറഞ്ഞു ഐകർ കസിയസിന്റെ agent ഈയിടെ പറഞ്ഞിരുന്നു )
വളരെ പെട്ടുന്നു തന്നെ മയ്യോർക്ക ആരാധകരുടെ ഇഷ്ട്ടതാരമായി സാമുവേൽ എറ്റൂ. 2003 കോപ്പഡെൽറേ ഫൈനലിൽ ഇരട്ട ഗോളുകൾ നേടി മയ്യോർക്കയെ ചാമ്പ്യന്മാരാക്കി എറ്റൂ. എറ്റൂവിന്റെ ഈ പ്രകടാൻ റയൽ മാഡ്രിഡിന്റെ വൈരികളായ ബാഴ്സലോണ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെ 2004 ഇൽ 24 മില്ല്യണ് ട്രാൻസ്ഫർ ഫീയിൽ ബാഴ്സ എറ്റൂവിനെ സ്വന്തമാക്കി. അങ്ങനെ, ഫിഗോ, ലൂയിസ് എന്രിക്ക്വേ, സാവിയോള, റൊണാൾഡോ ഡി ലിമ, മൈക്കൽ ലോദ്രോപ് എന്നിവരെ പോലെ റയലിന് വേണ്ടിയും ബാഴ്സയ്ക്ക് വേണ്ടിയും കളിച്ച താരമായി സാമുവേൽ എറ്റൂ. 4 വർഷങ്ങൾ കൊണ്ട് പ്രാദേശിക ലീഗിൽ മയ്യോർക്കയുടെ എക്കാലത്തയും ടോപ് സ്കോററായിരുന്നു എറ്റൂ (48 ഗോളുകൾ, 120 കളികൾ).
ബാഴ്സലോണയിൽ എത്തിയതോടെ എറ്റുവിന്റെ കരിയറിലെ സുവർണ്ണ കാലഘട്ടത്തിനു തുടക്കമായി. റൊണാള്ദീഞ്ഞ്യോയുടെ നേതൃത്വത്തിൽ ഒരു തിരിച്ചു വരവിന്റെ പാതയിൽ ആയിരുന്നു ബാഴ്സലോണ. എറ്റൂ, ഡെക്കോ എന്നിവർ കൂടി എത്തിയതോടെ ഫ്രാങ്ക് റൈക്കാർഡിന്റെ ബാഴ്സലോണ യൂറോപ്പിലെ മികച്ച ടീമുകളിൽ ഒന്നായി. എറ്റൂ-ഡീഞ്ഞ്യോ- ഡെക്കോ ത്രയം ക്ലിക്ക് ആയതോടെ അഞ്ചു വർഷങ്ങൾക്കു ശേഷം ബാഴ്സ ലാലിഗാ നേടി. 2005-06 സീസണിൽ ലിഗായും,ചാമ്പ്യൻസ് ലീഗും നേടി ബാഴ്സ ഡബിൾ തികയ്ച്ചു. ആഴ്സനലിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എറ്റൂ ആണ് സമനില ഗോൾ നേടിയത്.
അത്ഭുദപ്പെടുത്തുന്ന വേഗവും, സ്റ്റാമിനയും , അപാരമായ വർക്ക്റേയ്റ്റും, ലോകോത്തര ഫിനിഷിങ്ങും എറ്റൂവിനെ അന്നത്തെ എറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാക്കി.
എന്നാൽ 2007 ഇൽ എറ്റൂവിന്റെ കാൽമുട്ടിനു പരിക്ക് പറ്റി. മാസങ്ങളോളം എറ്റൂ പുറത്തിരുന്നു. തിരിച്ചു വന്ന എറ്റൂ തന്റെ ഫോം കണ്ടെത്താൻ പാടുപെട്ടു. 2008 ഇൽ പെപ് ഗ്വാർഡിയാളോ ബാഴ്സലോണ കോച്ച് ആയി ചുമതലയേറ്റു. ഡീഞ്ഞ്യോ, ഡെക്കോ എന്നിവർ ക്ലബ് വിട്ടപ്പോഴും എറ്റൂവിനെ പെപ് നിലനിർത്തി. ഹെന്രി-മെസ്സി- എറ്റൂ ത്രയം ബാഴ്സ ക്ലബ് ചരിത്രത്തിലെ എറ്റവും മികച്ച ത്രയമായിരുന്നു. മെസ്സി തന്റെ പീക്ക് ഫോമിൽ എത്തിയതോടെ എറ്റൂ സെന്റർ ഫോർവേഡ് പൊസിഷനിൽ നിന്ന് വലതു വിങ്ങർ റോളിലേക്ക് മാറി.100 ഗോളുകൾ ആണ് ഈ ത്രയം ആ സീസണ് അടിച്ചു കൂട്ടിയത്. ലാ ലിഗായും, കിങ്ങ്സ് കപ്പും നേടിയ ബാഴ്സ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിട്ടുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ റോമിലേക്ക് പോയി. ബാഴ്സ 2-0 നു ജയിച്ച കളിയിൽ, ആദ്യ ഗോൾ നേടിയത് എറ്റൂ ആയിരുന്നു. അങ്ങനെ ബാഴ്സലോണ ആദ്യമായി ട്രിപ്പിൾ നേടി. തകർച്ചയുടെ വക്കിൽ നിന്ന് ബാഴ്സയെ തിരിച്ചു കൊണ്ട് വന്നത് ഡീഞ്ഞ്യോ,ഡെക്കോ, പുയോൾ, ചാവി, മാർക്ക്വസ് പിന്നെ സാക്ഷാൽ സാമുവേൽ എറ്റൂ എന്നിവർ ചേർന്നാണ്. ട്രിപ്പിൾ നേടിയ സീസണ് ശേഷം ബാഴ്സ ഇന്ററിൽ നിന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ കൊണ്ട് വന്നപ്പോൾ, എറ്റൂ ജോസ് മൗരീഞ്ഞ്യോയുടെ ഇന്റരിലെക്കു പോയി.
മൗരീഞ്ഞ്യോയെ എന്ന കോച്ചിനോടു മതിപ്പില്ല എന്ന് പണ്ട് പറഞ്ഞിരുന്ന എറ്റൂ പിന്നീട് ഡീഗോ മിലിറ്റൊയ്ക്കൊപ്പം മൗരീഞ്ഞ്യോയുടെ വജ്രായുധമാകുന്നതാണ് കണ്ടത്. പല വ്യത്യസ്ത പൊസിഷനുകളിൽ എറ്റൂ ഇന്ടറിൽ കളിച്ചു. ബാഴ്സയ്ക്ക് എതിരായ 2010 ചാമ്പ്യൻസ് ലീഗ് സെമിയിൽ എറ്റൂ അറ്റാക്കിംഗ് ഫുൾ ബാക്ക് ആയാണ് കളിച്ചിരുന്നത്. സെമിയിൽ ബാഴ്സയും, ഫൈനലിൽ ബയേനിനെയും തോൽപ്പിച്ചു ഇന്റർ മിലാൻ ട്രിപ്പിൾ നേടി. അങ്ങനെ, തുടർച്ചയായി ട്രിപ്പിൾ നേടുന്ന ഒരേയൊരു കളിക്കാരനായി സാമുവേൽ എറ്റൂ. 2011 ഇൽ ഇറ്റലി വിട്ട എറ്റൂ റഷ്യൻ ക്ലബായ Anzhi Makhachkalaയിൽ ചേർന്നു. ലോകത്ത് എറ്റവും വലിയ പ്രതിഫല തുക വാങ്ങുന്ന കളിക്കാരനായി എറ്റൂ അവിടെ. 20 മില്ല്യണ് ആയിരുന്നു എറ്റൂവിന്റെ വാർഷിക ഫീസ്. ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരേക്കാൾ ഫീ എറ്റൂ അന്ന് വാങ്ങിയിരുന്നു. 2013 ഇൽ എറ്റൂ, മൗരീഞ്ഞ്യോ പരിശീലിപ്പിക്കുന്ന പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലെത്തി. പിന്നീട് എവർട്ടണ്, സാമ്പ്ടോറിയ തുടങ്ങിയ ക്ലബുകളിൽ കളിച്ച എറ്റൂ, ഇപ്പോൾ തുർക്കിയിലെ Antalyaspor എന്ന ക്ലബ്ബിൽ ആണ് കളിക്കുന്നത്.
34 ആം വയസ്സിലും എറ്റൂ പന്ത് തട്ടുന്നു. ബാഴ്സലോണ, ഇന്റർ, കാമറൂണ് ടീമുകൾക്ക് വേണ്ടി ഒട്ടനവധി നേട്ടങ്ങൾ എറ്റൂ നേടി. 4 വട്ടം ആഫ്രിക്കാൻ ഫുട്ബോളറായ എറ്റൂ, 2006 ഇൽ ഫിഫ ലോക ഫുട്ബോളറിന്റെ അവസാന മൂന്നു പേരിൽ ഒരാളാവുകയും ചെയ്തു. ദ്രോഗ്ബ, എസ്സിയെൻ, യായ ട്ടൂരെ പോലുള്ള സമകാലീനരായ ആഫ്രിക്കൻ താരങ്ങൾക്ക് നേടാൻ കഴിയാത്ത നേട്ടം. ഇന്ന് കാണുന്ന ബാഴ്സലോണയേ ഇങ്ങനെ ആക്കി തീർക്കുന്നതിൽ സാമുവേൽ എറ്റൂ എന്ന കളിക്കാരന്റെ പങ്കു ചെറുതല്ല. തന്നെ തഴഞ്ഞ റയൽ മാഡ്രിഡിനെതിരെ കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനും എറ്റൂവിനു കഴിഞ്ഞിരുന്നു. തന്നെ എറ്റവും അധികം വലയ്ച്ച സ്ട്രൈക്കർ എറ്റൂ ആണ് എന്ന് ഐകർ കസിയസ് പലവട്ടം പറഞ്ഞിട്ടുണ്ട്. കസിയസിനു മാത്രമല്ല എറ്റൂവിനെ നേരിട്ട പല വിഖ്യാത ഗോളികൾക്കും ഇതേ അഭിപ്രായം ആകണം . കാരണം, സാമുവേൽ എറ്റൂ ഒരു പ്രതിഭാസമായിരുന്നു.
