ലോങ്ങ് ലിവ് ലിയോണൽ മെസ്സി
അയാളുടെ ഇടംകാലിൽ ഓരോ തവണ പന്ത് എത്തുമ്പോഴും , അവർ അയാളെ ചവിട്ടി വീഴ്ത്തി. അയാളുടെ രക്തത്തിനായി മുറവിളി കൂട്ടി എഴുപത്തിനായിരത്തോളം വരുന്ന കാണികൾ അലറി വിളിച്ചു. . അവർക്ക് വേണ്ടുന്ന രക്തം അയാൾ തന്നെ നൽകി. എന്നാൽ ഓരോ വീഴ്ചയിൽ നിന്നും അയാൾ എന്നത്തേയും പോലെ എഴുന്നേറ്റു വന്നു. പന്ത് ലഭിക്കാൻ വല്ലാത്തൊരു തരം അഭിനിവേശം അയാളിൽ കണ്ടു. ഒടുവിൽ അയാൾ രക്തം കൊണ്ട് ബെർനാബ്യുവിൽ ചോരയുടെ ചുവപ്പും , പ്രതീക്ഷയുടെ നീലയും കലർന്ന ബ്ലോഗറാന കോടി നാട്ടി. ഇത് ലിയോണൽ മെസ്സിയുടെ ക്ളാസിക്കോ- ക്ളാസിക്കോയിലെ ക്ലാസ്സിക്ക് പ്രകടനവുമായി ഇതിഹാസം ഒരിക്കൽ കൂടി വീണു തുടങ്ങിയ ഈ ടീമിനെ പിടിച്ചു നിർത്തി.
അക്ഷരാർത്ഥത്തിൽ തകർന്നു കിടന്ന ടീമിന് വിജയത്തിൽ കുറഞ്ഞ ഒന്ന് പോരായിരുന്നു ഈ മത്സരത്തിൽ. എന്നാൽ കഴിഞ്ഞ 8 വർഷത്തിൽ ആദ്യമായാണ് ബാഴ്‌സലോണ ‘അണ്ടർ ഡോഗ്’ ടാഗുമായാണ് കളത്തിലറിങ്ങിയത്. നെയ്മറുടെ അഭാവം കാര്യങ്ങൾ കൂടുതൽ വഷളാക്കി. പക്വമല്ലാത്ത പ്രതിരോധവും, പ്രായം ബാധിച്ച മധ്യനിരയും, മോശം ഫോമിൽ കളിക്കുന്ന വിങ് ബാക്കുകളും. ഈ ടീമിനെ ലിയോണൽ തന്റെ ചുമലിൽ ഏറ്റെടുക്കുകയായിരുന്നു. ആദ്യം മുതൽക്കേ അയാളിൽ ഗോളിനായുള്ള ദാഹം കാണാമായിരുന്നു. എന്നാൽ അയാൾക്ക് ലഭിച്ചത് ചവിട്ടുകളും, വലിച്ചു വീഴ്ത്തലുകളും. അയാളുടെ രക്തം ബെർണാബിയൂവിൽ വീണ നിമിഷം മുതൽ, അതയാളുടെ കളിയായി മാറുകയായിരുന്നു. ഒടുവിൽ മാഡ്രിഡ് സമനില ഗോൾ നേടിയപ്പോൾ, പ്രതീക്ഷകൾ അസ്തമിച്ച ആരാധകരുടെ മുന്നിൽ വീണ്ടും അവതരിച്ചു മിശിഹാ. അവസാന നിമിഷത്തിലെ ഗോൾ, അത് സ്ഥിരമാക്കിയവർക്കു എതിരെ, അവരുടെ ജനങ്ങളുടെ മുന്നിൽ. ബാഴ്‌സലോണ ജഴ്‌സി ഉയർത്തി പിടിച്ചു അയാൾ ആഹ്ലാദിച്ചപ്പോൾ, ലിയോണൽ മെസ്സി അടുത്ത സീസണിൽ ബാഴ്‌സയിൽ കാണുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയായി. ദിസ് ഈസ് ലിയോണൽ മെസ്സി . സല്യൂട്ട് യൂ ലിറ്റിൽ ചാമ്പ്യൻ.
NB : മാർക് ആന്ദ്രേ ടെർ സ്റ്റെയ്ഗന്റെ പ്രകടനവും എടുത്തു പറയേണ്ടിയിരിക്കുന്നു. അത് പോലെ ലൂയിസ് എൻറിക്ക്വേയുടെ അവസാന ക്ളാസിക്കോയിൽ കാവ്യനീതി പോലെ ഗോൾ നേടിയ അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ വിശ്വസ്തൻ റാക്കിറ്റിക്കിനും ഇത് സന്തോഷത്തിന്റെ രാത്രി.