റൊണാൾഡീഞ്ഞോ
റൊണാൾഡീഞ്ഞോ ഗൗച്ചൊ എന്ന് അറിയപ്പെടുന്ന റൊണാൾഡോ ഡി അസ്സിസ് മൊരെയ 1980, മാർച്ച് 21 നു ബ്രസീലിലെ പോർട്ടോ അലഗ്രെയിൽ Joao , Miguelina ദമ്പതികളുടെ മൂന്നാമത്തെ മകൻ ആയി ജനനം. ഷിപ്പ്യാർഡ് തൊഴിലാളി ആയിരുന്ന പിതാവ് ‘ക്രൂസേയ്രോ’ എന്ന ചെറിയ ക്ലബിലെ കളിക്കാരൻ ആയിരുന്നു. ഡിഞ്ഞ്യോക്ക് 8 വയസ്സുള്ളപ്പോൾ ഹൃദയസ്തംഭനം വന്നു പിതാവ് അന്തരിച്ചു. പിതാവിന്റെ അകാല മരണത്തിനു ശേഷം ജ്യേഷ്ഠൻ റോബർട്ടോ ആണ് ഡിഞ്ഞ്യോ & സഹോദരി ഡേയ്സിയെ നോക്കിയിരുന്നത് . ‘ഗ്രെമിയോ’ എന്ന ക്ലബിലെ കളിക്കാരൻ കൂടി ആയിരുന്നു റോബർട്ടോ. ചില പരിക്കുകൾ മൂലം കരിയർ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു റോബർട്ടോക്ക് . പിതാവിന്റെയും , സഹോദരന്റെയും പാത പിന്തുടർന്ന കുഞ്ഞു ഡിഞ്ഞ്യോ ചെറുപ്പം മുതലേ ഫുട്ബോളിൽ താൽപര്യം കാണിച്ചിരുന്നു . ഫുട്സാൽ & ബീച്ച് ഫുട്ബോളിൽ ആയിരുന്നു ആദ്യം ഡിഞ്ഞ്യോ താല്പര്യം കാണിച്ചത്. കാലക്രമേണേ ഡിഞ്ഞ്യോയുടെ ഉള്ളിലെ ഫുട്ബോൾ ഉണർന്നു. ഗ്രെമിയോയിലെ പോർട്ടോ അലഗ്രെ എന്ന ക്ലബ്ബിൽ ചേർന്നു ഡിഞ്ഞ്യോ. അപാരം ആയ പന്തടക്കം & സ്കിൽസ് കാഴ്ച വെച്ച ഡിഞ്ഞ്യോ പെട്ടെന്ന് ലോകശ്രദ്ധ പിടിച്ചു പറ്റി. 2001 ഇൽ ഫ്രഞ്ച് ക്ലബ് PSG ഡിഞ്ഞ്യോയെ സൈൻ ചെയ്തു.
PSG യിൽ എത്തിയിട്ടും ഒരുപാട് ക്ലബ്ബുകൾ ഡിഞ്ഞ്യോയെ സൈൻ ചെയ്യാൻ ശ്രമിച്ചു എങ്കിലും , PSG യിൽ തുടരാൻ ഡിഞ്ഞ്യോ തീരുമാനിച്ചു (PSG അന്ന് ഇന്നത്തേത് പോലെ വലിയ ഒരു ക്ലബ് ആയിരുന്നില്ല ). 2002 ആയിരുന്നു ഡിഞ്ഞ്യോയുടെ തലവര മാറ്റിയ വർഷം. ജപ്പാൻ & കൊറിയയിൽ നടന്ന ലോകകപ്പിൽ ഡിഞ്ഞ്യോ താരം ആയി. ബ്രസീലിനെ ചാമ്പ്യന്മാർ ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഡിഞ്ഞ്യോ ആയിരുന്നു. ഡിഞ്ഞ്യോയുടെ കാലം എന്ന് ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തിയ കാലഘട്ടം അവിടെ ആരംഭിച്ചു. 2003 ഇൽ റയൽ, മാഞ്ചസ്റ്റർ എന്ന ക്ലബുകളെ തഴഞ്ഞു 18 മില്ല്യൻ ട്രാൻസ്ഫർ ഫീയിൽ ഡിഞ്ഞ്യോ ബാർസലോണയിൽ എത്തി. യൊഹാൻ ക്രൈഫിനു ശേഷം ബാർസയുടെ എറ്റവും മികച്ച സൈനിംഗ് ആയി ലോകം ഇതിനെ വാഴ്ത്തി. ബാർസയിലെ ഡിഞ്ഞ്യോ, തന്റെ മാസ്മരിക പ്രകടനം കൊണ്ട് മറഡോണ തന്നെ ആണോ ലോകം കണ്ട എറ്റവും മികച്ച കളിക്കാരൻ എന്ന് കടുത്ത മറഡോണ ആരാധകരിൽ പോലും സംശയം ഉണർത്തി . ലോക ഫുട്ബോൾ ഡിഞ്ഞ്യോയുടെ പിന്നാലെ ആയിരുന്ന 5 വർഷങ്ങൾ. ചാമ്പ്യൻസ് ലീഗും , ലിഗാ കിരീടങ്ങളും എല്ലാം ഡിഞ്ഞ്യോ ഈ കാലയിളവിൽ നേടി . സിദാൻ ആയിട്ടായിരുന്നു ഡിഞ്ഞ്യോയെ ഫുട്ബോൾ ലോകം താരതമ്യപ്പെടുത്തിയിരുന്നത്. മുഴുവൻ കരിയർ നോക്കുക ആണെങ്കിൽ സിദാൻ ആയിരുന്നു കുറച്ചു കൂടി മുകളിൽ നിൽക്കുക എങ്കിലും ഡിഞ്ഞ്യോയുടെ “പ്രൈം – കാലഘട്ടത്തിൽ ” സിദാൻ ഡിഞ്ഞ്യോക്ക് ഒരു എതിരാളിയെ ആയിരുന്നില്ല.
2006 ലോകകപ്പിലെ ക്വാർട്ടർ പുറത്താകൽ ഡിഞ്ഞ്യോയുടെ കരിയറിൽ വലിയ ഒരു മാറ്റം കൊണ്ട് വന്നു. 5 വർഷത്തോളം കണ്ട ഡിഞ്ഞ്യോ മാജിക് പിന്നെ കണ്ടിട്ടില്ല. 2008 പെപ് ഗ്വാർഡിയാളോ ബാർസ മാനേജർ ആയതോടെ ഡിഞ്ഞ്യോ ബാർസ വിട്ടു മിലാനിൽ എത്തി. മിലാനിൽ മികച്ച ഒരു തുടക്കം ഡിഞ്ഞ്യോക്ക് ലഭിച്ചു എങ്കിലും സീസണ്‍ പകുതി ആയപ്പോൾ ഫോം നഷ്ട്ടപ്പെട്ട ഡിഞ്ഞ്യോ ബെഞ്ചിൽ ആയി. 2009-10 സീസണിൽ ഡിഞ്ഞ്യോ അറ്റാകിംഗ് മിഡ് ഫീൽഡർ പൊസിഷനിൽ നിന്ന് ഇടതു വിങ്ങിലേക്ക് മാറി. ഡിഞ്ഞ്യോ വീണ്ടും ഫോം കണ്ടെത്തിയ സീസണ്‍ ആയിരുന്നു അത്. എന്നാൽ സീസണ്‍ അവസാനത്തോടെ ഫോം വീണ്ടും നഷ്ട്ടപ്പെട്ട ഡിഞ്ഞ്യോയെ 2010 ലോകകപ്പ് ടീമിലും അന്നത്തെ ബ്രസീൽ കോച്ച് ദുംഗ എടുത്തില്ല . ഡിഞ്ഞ്യോയെ പോലുള്ള ഒരു പ്രതിഭ വെറും രണ്ടു ലോകകപ്പേ കളിച്ചിട്ടുള്ളൂ എന്നത് ഫുട്ബോൾ പ്രേമികൾക്ക് ഇന്നും ഒരു വേദന ആണ് .
2011 ഇൽ ഡിഞ്ഞ്യോ ബ്രസീലിലേക്ക് മടങ്ങാൻ തീരുമാനിച്ചു . കുട്ടിക്കാല ക്ലബ് ഗ്രെമിയോയിലേക്ക് മടങ്ങും എന്ന് സൂചന നല്കി എങ്കിലും ഫ്ലമെങ്ങൊ എന്ന ക്ലബ്ബിൽ ഡിഞ്ഞ്യോ ചേർന്നു . അമേരിക്കയിലെ MLS ഇൽ നിന്നും , ചില പ്രീമിയർ ലീഗ് ക്ലബുകളുടെ ഓഫറുകളും തള്ളി ആണ് ഡിഞ്ഞ്യോ ഫ്ലമെങ്ങൊ എത്തിയത്. 2012 ഇൽ ഫ്ലമെങ്ങൊയിൽ നിന്ന് മറ്റൊരു ബ്രസീല്യൻ ക്ലബ് ആയ അത്ലെടികോ മിനീയിറോയിൽ എത്തി ഡിഞ്ഞ്യോ. സ്വന്തം നാട്ടിൽ നടന്ന 2014 ലോകകപ്പിലും ഡിഞ്ഞ്യോക്ക് അവസരം ലഭിച്ചില്ല .നിലവിൽ ബ്രസീലിയൻ ക്ലബ്ബായ Fluminense FC-ൽ ആണ് ഡിഞ്ഞ്യോ.
കാണികൾക്ക് വേണ്ടി കളിച്ച കളിക്കാരൻ ആയ ഡിഞ്ഞ്യോയെ പന്ത് കളി സ്നേഹിക്കുന്ന ആർക്കും വെറുക്കാൻ കഴിയില്ല. വൈരികൾ ആയ റയൽ മാഡ്രിഡ്, അർജ്ജന്റീന വരെ ബഹുമാനിച്ചിരുന്ന കളിക്കാരൻ ആയിരുന്നു ഡിഞ്ഞ്യോ. നിശാപാർട്ടികളും, മയക്കുമരുന്നിനും അടിമ ആയില്ലായിരുന്നെങ്കിൽ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരൻ ആവുമായിരുന്നു ഡിഞ്ഞ്യോ. ഒന്ന് കണ്ണടച്ചു തുറക്കും മുന്നേ ആയിരുന്നു ഡിഞ്ഞ്യോയുടെ വളർച്ചയും വീഴ്ചയും. ഒരു ബാർസ ആരാധകൻ എന്ന നിലയിൽ ഗ്വാർഡിയാളോ തന്റെ ടീമിൽ ഡിഞ്ഞ്യോക്ക് അവസരം കൊടുത്തിരുന്നേൽ അദ്ദേഹം തിരിച്ചു വന്നേനെ എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. ഡിഞ്ഞ്യോ യുഗത്തിന് ശേഷം പിന്നീട് ലോകം കീഴടക്കിയ മെസ്സിയുടെ എറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും ആയിരുന്നു ഡിഞ്ഞ്യോ.
ലോകം മെസ്സിയെ എറ്റവും മികച്ച താരം എന്ന് വാഴ്ത്തിയപ്പോളും മെസ്സി പറഞ്ഞത് ഡിഞ്ഞ്യോ ഉള്ളിടത്തോളം കാലം വേറെ ഒരു കളിക്കാരനും അതിനു യോഗ്യൻ അല്ല എന്നാണ്. ഇതേ ചോദ്യം ഡിഞ്ഞ്യോയോട് ചോദിച്ചപ്പോൾ മെസ്സി എന്ന് അദ്ദേഹവും പറഞ്ഞു. 2002 ലോകകപ്പും , 2006 ചാമ്പ്യൻസ് ലീഗും , 2005-06 സീസണിലെ ബെർണബ്യൂ എണീറ്റ് നിന്ന് ovation കൊടുത്തതും , 2011 ലെ ക്യാമ്പ് നൗ മടങ്ങി വരവും ആണ് ഡിഞ്ഞ്യോയുടേത് ആയി മനസ്സില് നിൽക്കുന്ന എറ്റവും നല്ല ഓർമ്മകൾ.
പന്ത് കളി ഉള്ളിടത്തോളം കാലം മരിക്കില്ല ഈ പേര് – റൊണാൾഡോ ഡി അസ്സിസ് മൊരെയ്ര.