രണ്ടാം ഡിവിഷനിലേക്ക് പ്രവേശനം നേടാൻ ബാർസ ബി
സ്പാനിഷ് മൂന്നാം ഡിവിഷനിലെ കിരീടം ഉറപ്പിച്ച ബാർസ ബി രണ്ടാം ഡിവിഷനിലേക്ക് പ്രവേശനം നേടാൻ പ്ലേ ഓഫ് പോരാട്ടത്തിനു തയ്യാറെടുക്കുന്നു. ബ്ലോഗ്രാനയുടെ അവസാന കടമ്പ കൾച്ചറൽ ലിയോണെസ ആണ്. അൽപ്പ നാളത്തെ തകർച്ചയ്ക്ക് ശേഷം രൗദ്ര ഭാവം വീണ്ടെടുത്ത ബാർസ ബി ഒരുപിടി മികച്ച താരങ്ങളെ സീനിയർ ടീമിനായി തയ്യാറാക്കി കഴിഞ്ഞു. ക്യാപ്റ്റൻ സെർജി പലൻസിയ, സീനിയർ ടീമിനു പരിചിതനായ കാർലോസ് അലെന്യ, ലാസ് പമാസിനെതിരെയുള്ള മൽസരത്തിൽ ഹൃദയം കവർന്ന മർലോൺ സാന്റോസ്, യൂറൊപ്പിലെ മുൻ നിര ക്ലബുകളുടെ നോട്ടപ്പുള്ളിയായ കുകുറെല്ല എന്നിവർ നിലവാരം പ്രകടിപ്പിച്ച യുവതാരങ്ങളാണ്.
മെയ് 20നൊ 21നൊ മിനിയെസ്റ്റാഡിയിൽ ഹോം മാച്ചും 27 നൊ 28 നൊ മുനിസിപ്പൽ ഡി ലിയോൺ സ്റ്റേഡിയത്തിൽ എവേ മാച്ചും കളിക്കും. ഈ രണ്ട് കളികളും വിജയിച്ച് രണ്ടാം ഡിവിഷനിൽ സ്ഥാനമുറപ്പിക്കാൻ തന്നെയാണ് ബ്ലോഗ്രാന ശ്രമിക്കുന്നത്. ഈ പ്ലേ ഓഫിൽ പരാജയപ്പെട്ടാലും നോൺ ചാമ്പ്യൻസ് പ്ലേ ഓഫിൽ കളിച്ച് സ്ഥാനക്കയറ്റം നേടാൻ ഒരവസരം കൂടെ ലഭിക്കും. മറ്റൊരു ചാമ്പ്യൻസ് പ്ലേ ഓഫിൽ അൽബസീറ്റെയും ലാ ഹോയ ലോർക്കയും ഏറ്റു മുട്ടും.