മെസ്സിയും ഫാൾസ് നയൻ പൊസിഷനും
ഈ സീസൺ തുടങ്ങിയതിനു ശേഷം ഞങ്ങൾക്ക് ലഭിച്ച ഒട്ടുമിക്ക റിക്വെസ്റ്റുകളും ഒരു പ്രത്യേക ലേഖനം തയ്യാറാക്കാൻ ആയിരുന്നു. “ഫാൾസ് നയൻ “. കാരണം ഈ സീസൺ തുടങ്ങിയതിനു ശേഷം മെസ്സി ഇപ്പോൾ ഒട്ടുമിക്ക മത്സരങ്ങളും ഫാൾസ് നയൻ റോളിലാണ് കളിക്കുന്നത്. അതിന്റെ ഫലമായി തന്നെ ഗോളുകൾക്ക് ക്ഷാമവുമില്ല. അത് കൊണ്ട് തന്നെ ആ റോളിനെ പറ്റി അറിയാൻ എല്ലാ കൂളെസിനും ആഗ്രഹമുണ്ടാവുകയും ചെയ്യും. അതിനാണ് ഈ ലേഖനം.
ഇത് തുടങ്ങുന്നതിനു മുൻപായി അറിയേണ്ട ആദ്യത്തെ കാര്യം മെസ്സി ഇത് ആദ്യമായിട്ടല്ല ഈ റോൾ ചെയ്യുന്നത്. ബാഴ്‌സയുടെ സുവർണ്ണ കാലമായ പെപ് ഗ്വാർഡിയോളയുടെ കാലഘട്ടത്തിൽ അദ്ദേഹം മെസ്സിയെ ഒരു ഫാൾസ് നയൻ ആയിട്ടാണ് ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തിലാണ് ഫുട്ബോളിലെ മഹാരഥന്മാരുടെ പട്ടികയിലേക്ക് മെസ്സി ഉയർന്നു വന്നതും. ധാരാളം ഗോളുകൾ അടിച്ചു കൂട്ടുകയും കിരീടങ്ങൾ ഷെൽഫിൽ എത്തിക്കുകയും ലോക ഫുട്ബോളർ പട്ടം തുടർച്ചയായി നാല് തവണ ഏറ്റുവാങ്ങുകയും ചെയ്ത മെസ്സി, ആ പൊസിഷനെ ലോകോത്തരമാക്കി. പെപ്പിനു ശേഷം വന്നവർ മെസ്സിയെ കാര്യമായി ആ റോളിൽ ഉപയോഗിക്കാതിരുന്നത് പിൽക്കാലത്തു മെസ്സിയെ മധ്യനിരയിലേക്ക് കൂടുതൽ ഇറങ്ങാൻ നിർബന്ധിതനാക്കുകയും തൽഫലമായി ഗോളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ വളരെ പരിചയസമ്പന്നനായ വൽവെർദേ ബാഴ്‌സയുടെ കോച് ആയതിനു ശേഷം ആദ്യം ചെയ്ത മാറ്റങ്ങളിൽ ഒന്നായിരുന്നു മെസ്സിയെ ഫാൾസ് നയൻ പൊസിഷനിൽ തിരികെ എത്തിക്കുക എന്നത്. അതിന്റെ ഗുണഫലങ്ങളാണ് മികച്ച ഗോളുകളും വിജയങ്ങളും.
ഇനി ആ പൊസിഷനിന്റെ സാങ്കേതിക വശങ്ങളിലേക്ക് പോകാം. ഫുട്ബാളിൽ ചില സ്ഥാനങ്ങളിൽ കളിക്കുന്നവർക്ക് ചില പ്രത്യേക ജഴ്‌സി നമ്പറുകൾ നൽകാറുണ്ട്. സെന്റർ ഫോർവേഡ് സാധാരണ 9 നമ്പർ, വിങ്ങർമാർ 7, ഗോൾ കീപ്പർ 1 തുടങ്ങിയ രീതിയിൽ കാണാറുണ്ട്. ടീമുകൾക്ക് അനുസരിച്ചു അല്ലറ ചില്ലറ മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും ഒട്ടുമിക്ക ടീമുകളും ഈ രീതി പിന്തുടരുന്നത് കാണാം. അത് കൊണ്ട് തന്നെ ഒട്ടുമിക്ക ടീമുകളും ഒൻപതാം നമ്പർ അവരുടെ സെന്റർ ഫോർവേഡിനാണ് നൽകുന്നത്. സെന്റർ ഫോർവേഡിന്റെ ചുമതല എന്നത് കളത്തിൽ ഏറ്റവും മുൻപിൽ അതായതു എതിർ ടീമിന്റെ ഡിഫെൻസ് ലൈനിൽ അവരുടെ സെന്റർ ബാക്കുകൾക്ക് ഒപ്പം ചേർന്ന് നിൽക്കുകയും, മികച്ച അവസരങ്ങളിൽ തങ്ങളുടെ അതിവേഗവും സ്കോറിങ് പാടവവും ഉപയോഗിച്ച് സ്‌കോർ ചെയ്യുക എന്നതുമാണ്. എന്നാൽ ഫാൾസ് നയൻ എന്നത് തികച്ചും വ്യത്യസ്തവും ബുദ്ധിമുട്ടേറിയതുമായ റോൾ ആണ്.പൊസിഷൻ എന്ന് പറയാതെ റോൾ എന്ന് പറയാൻ കാരണം അയാൾക്ക് കൃത്യമായ പൊസിഷൻ കളത്തിൽ ഉണ്ടാകില്ല എന്നത് കൊണ്ടാണ്. ഫാൾസ് നയന് എവിടയും നിൽക്കാം, എങ്ങോട്ട് വേണമെങ്കിലും മൂവ് ചെയ്യാം.എന്നാൽ അതെല്ലാം അളന്നു മുറിച്ച തീരുമാനങ്ങളിലൂടെയായിരിക്കും.
മധ്യനിരക്കടുത്തു സ്ഥാനം പിടിക്കുന്ന സ്‌ട്രൈക്കർ എന്നും ഈ റോളിനെ വിശേഷിപ്പിക്കാറുണ്ട്. മികച്ച പന്തടക്കം, ഡ്രിബ്ലിങ് , സ്കോറിങ് പാടവം, മറ്റു കളിക്കാരുമായി ചേർന്ന് വൺ ടച് പാസ് കളിക്കാനുള്ള കഴിവ്, എല്ലാത്തിനും ഉപരി കളി നല്ല രീതിയിൽ റീഡ് ചെയ്യാനുള്ള കഴിവ് എന്നിവയെല്ലാം ഈ പൊസിഷനിൽ അത്യന്താപേക്ഷിതമാണ്. ഏറ്റവും പ്രധാനം വിഷനും കില്ലർ ബാൾ നൽകാനുള്ള കഴിവുമാണ്. ഫാൾസ് നയൻ റോൾ ലോകത്തിന് പരിചയപ്പെടുത്തിയത് റോമയുടെ ഇതിഹാസ താരം ഫ്രാൻസിസ്കോ ടോട്ടിയാണ്. ടോട്ടിയുടെ ത്രൂ ബാൾസ് എത്ര മികവുറ്റതാണെന്ന് നമുക്കറിയാം. അതിന് ശേഷം ധാരാളം കോച്ചുമാർ ഈ റോൾ പരീക്ഷിച്ചു.ഫെർഗിയും വെങ്ങറുമെല്ലാം. 2012 യൂറോ ഫൈനലിൽ ഫാബ്രിഗാസിനെ ഫാൾസ് നയൻ ആക്കി സ്പെയിൻ കിരീടം ചൂടിയതും ഉദാഹരണം.എന്നാൽ ഈ റോൾ അനശ്വരമാക്കിയത് ,പൂർണതയിലെത്തിച്ചത് സാക്ഷാൽ ലിയോണൽ മെസി തന്നെ.
സാധാരണ എതിർ ടീമിന്റെ ഡിഫെൻസ് ലൈനും മിഡ് ഫീൽഡ് ലൈനിനും ഇടയിലുള്ള ഗാപ്പിലാണ് ഇവർ നിൽക്കുക. അത് കൊണ്ട് ഈ കളിക്കാരനെ ആര് മാർക്ക് ചെയ്യും എന്ന കാര്യത്തിൽ എതിർ ടീമിന്റെ ഡിഫൻഡർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എതിർ ടീം സെന്റർ ബാക്കുകൾ മുൻപോട്ട് കയറി ഈ കളിക്കാരനെ മാർക്ക് ചെയ്യാൻ ശ്രമിച്ചാൽ , അവിടെ നിൽക്കുന്ന വിങ്ങർമാരും മുന്നോട്ട് കയറി വരുന്ന അറ്റാക്കിങ് മിഡ് ഫീൽഡർമാരും ഫ്രീ ആകുകയും ഗോൾ നേടുകയും ചെയ്യും. പക്ഷെ ഫാൾസ് നയൻ റോളിൽ നിൽക്കുന്ന കളിക്കാരനെ ഫ്രീ ആക്കിയാൽ മികച്ച അവസരങ്ങളിൽ മികച്ച നീക്കങ്ങളോടെ ഫാൾസ് നയൻ ഗോൾ നേടുകയും ചെയ്യും. അങ്ങനെ തന്റെ പൊസിഷനിങ്ങും കുറിയ പാസിംഗ് കൊണ്ടും ഫാൾസ് നയൻ എതിർ ടീമിന്റെ മാർക്കിങ് ഭേദിച്ച് തനിക്കും തന്റെ ടീം അംഗങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കുന്നു.
നമുക്ക് ഇനി മെസ്സിയുടെ തന്നെ ചില ഉദാഹരണങ്ങൾ പരിശോധിക്കാം . ഏറെ മുൻപുള്ള കളി ഒന്നും വേണ്ട. യുവന്റസുമായുള്ള കഴിഞ്ഞ മത്സരം തന്നെ നോക്കാം. ആദ്യത്തെ ഗോൾ നോക്കുക, സ്വന്തം ഹാഫിൽ നിന്നും പന്തുമായി മെസ്സി മുന്നോട്ട് വന്നു യുവന്റസ് ബോക്‌സിന് മുന്നിലെത്തുന്നു, മെസ്സിയുടെ മുൻപിൽ രണ്ട് സാധ്യതകൾ. ഇടതു ഭാഗത്തു ഓവർലാപ് ചെയ്തു കയറുന്ന ആൽബയും യുവന്റസ് ഡിഫൻസ് ലൈനിൽ നിൽക്കുന്ന സുവാരസും. സുവാരസ് ആണ് ഇവിടെ സ്‌ട്രൈക്കിങ് പൊസിഷനിൽ നിൽക്കുന്ന കളിക്കാരൻ. പക്ഷെ സുവാരസ് രണ്ടു കളിക്കാരാൽ മാർക്ക് ചെയ്യപ്പെട്ട് നിൽക്കുകയാണ്. സുവാരസിന് ഗോൾ എന്നത് ഇത്തരം സാഹചര്യത്തിൽ അസാധ്യം. മെസ്സി പാസ് നൽകാതെ മുന്നോട്ട് കയറി , ആൽബയ്ക്ക് ഒരു പാസ് നൽകാൻ പോകുന്നതായി ഭാവിക്കുന്നു . അത് മനസ്സിലാക്കിയ സുവാരസിനെ മാർക്ക് ചെയ്യുന്ന ഒരു ഡിഫൻഡർ സുവാരസിനെ വിട്ടു ആൽബയെ മാർക്ക് ചെയ്യാനായി നീങ്ങുന്നു. അതോടെ അൽപ്പം ഫ്രീ ആയ സുവാരസിന് ഒരു പാസ്, അതോടൊപ്പം ബോക്സിലേക്ക് കുതിച്ചു കയറുകയും ചെയ്തു . ആ നീക്കം മനസ്സിലാക്കിയ സുവാരസ് കൃത്യമായി ഒരു റിട്ടേൺ പാസ്. മുന്നോട്ട് ആഞ്ഞു വരുന്ന മെസി ഒരു കിടിലൻ സ്ട്രൈക്ക്. ഗോൾ.! ഇവിടെ മെസ്സി തന്റെ പരിചയ സമ്പന്നതയും കഴിവും വീക്ഷണവും ഉപയോഗിച്ച് എതിർ ടീമിന്റെ മാർക്കിങ് ഭേദിച്ചാണ് ഗോൾ നേടിയത്.
ഇനി മൂന്നാമത്തെ ഗോളും നോക്കാം. ഇവിടെ മെസ്സിയുടെ പൊസിഷനിംഗ് ആണ് ഏറെ പ്രാധാന്യം അർഹിക്കുന്നത്. മധ്യനിരയിൽ ഇനിയേസ്റ്റക്ക് പന്ത് ലഭിക്കുമ്പോൾ യുവന്റസ് പ്രതിരോധത്തിന്റെയും മധ്യനിരയുടെയും ലൈനുകൾക്കിടയിലുള്ള സ്ഥാനത്താണ് മെസി.അതായതു ഒരാളും മെസ്സിയെ മാത്രമായി മാർക്ക് ചെയ്യുന്നില്ല. പന്തുമായി മുന്നോട്ട് കുതിച്ച മെസ്സി പന്ത് ഹോൾഡ് ചെയ്തു തടയാൻ വന്ന രണ്ടു കളിക്കാരെയും വെട്ടിയൊഴിഞ്ഞു ബോക്സിലേക്ക് കുതിച്ചു കയറിയാണ് ആ ഗോൾ നേടുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് മെസ്സിയുടെ പൊസിഷൻ അവെയർനെസ്സ് ആണ്. തനിക്ക് പന്ത് ലഭിക്കാൻ പാകത്തിലാണ് മെസ്സി നിൽക്കുന്നത്. ഇനിയേസ്റ്റയിൽ നിന്നും വന്നത് മധ്യനിര കീറിമുറിച്ചു വരുന്ന ഒരു മികച്ച പാസും. ആരും മാർക്ക് ചെയ്യാത്ത സാഹചര്യത്തിൽ മെസ്സി എത്ര അപകടകാരിയാണെന്നു അറിയാമല്ലോ. രണ്ടാമതായി നോക്കേണ്ട കാര്യം മെസ്സിയുടെ സ്‌ട്രൈക്കിങ് ആണ്. ബോക്സിലേക്ക് ഇങ്ങനെ കുതിച്ചു കയറുക ഒരു സ്‌ട്രൈക്കറുടെ കർത്തവ്യമാണ്. ബാഴ്‌സയുടെ സ്‌ട്രൈക്കർ ആയ സുവാരസ് ഇവിടെ ചിത്രത്തിലേ ഇല്ല. ആ ജോലി ചെയ്തത് മധ്യനിരയിൽ നിന്നും വന്ന മെസ്സിയാണ്. ഇങ്ങനെ എതിർ ടീമിനെ സ്തബ്ധരാക്കി മികച്ച ഗോളുകൾ നേടുക എന്നതാണ് ഫാൾസ് നയൻ കളിക്കാരന്റെ ജോലി.
മറ്റേത് തന്ത്രത്തെ പോലെയും ഇതിനും മറുമരുന്ന് ഉണ്ട്. പല ടീമുകളും പല രീതി അവലംബിച്ചിട്ടുണ്ടെങ്കിലും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത് കൂടുതൽ ഡിഫെൻസിവ് ആവുക എന്നതാണ്. കൂടുതൽ കളിക്കാരെ ഡിഫെൻസിവ് ആയി നിർത്തുക, അത് വഴി മധ്യനിരയിൽ കൂടുതൽ ആൾബലം ഉണ്ടാക്കുക. അങ്ങനെ വരുമ്പോൾ ഫാൾസ് നയൻ കളിക്കാരന് ആവിശ്യമായ സ്പേസ് നൽകാതിരിക്കുക എന്നത് ഒരു മികച്ച രീതിയാണ്. പ്രസിദ്ധ കോച് ഹോസെ മൊറീന്യോയുടെ ബസ് പാർക്കിങ് എന്നറിയപ്പെടുന്ന ഡിഫെൻസിവ് ശൈലി ഇതിനു ഒരു ഉദാഹരണമാണ്. എന്നാൽ മൗറിഞ്ഞോ തന്റെ ആദ്യ എൽ ക്ലാസിക്കോയിൽ ഇതേ തന്ത്രം പയറ്റിയപ്പോൾ ഏറ്റുവാങ്ങേണ്ടി വന്നത് തന്റെ കരിയറിലെ ഏറ്റവും മോശം തോൽവിയായിരുന്നു, 5 – 0. രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാരായി ഖെദീര, അലൻസോ എന്നിവരും ഡിഫൻസ് ഫോറിൽ കർവാല്യാ, പെപെ, റാമോസ്, മാർസലോ എന്നിവരും ഉണ്ടായിട്ടും ഈ മാർജിനിൽ തോറ്റത് അമ്പരപ്പിക്കുന്ന വാർത്തയായിരുന്നു. മെസിയുടെ രണ്ട് ത്രൂബാളുകൾക്ക് വിയ്യ ഉത്തരം നൽകിയപ്പോൾ കളി ബാഴ്സ കയ്യിലാക്കി.
പിന്നീട് ഈ തന്ത്രം മൗറിഞ്ഞോ ഒഴിവാക്കി. പുതിയ ആശയം നടപ്പിലാക്കി. പെപെയെ മിഡ്ഫീൽഡിൽ മെസിയെ മെരുക്കാൻ നിയോഗിക്കുക. മറ്റു ഡിഫന്റർമാർ പതിവ് ജോലി ചെയ്യുക.ഈ തന്ത്രം ഒരു പരിധി വരെ വിജയിച്ചുവെങ്കിലും പൂർണമായി വിശ്വസിക്കാവുന്ന മറുമരുന്ന് ഫാൾസ് നയൻ റോളിന് ഇല്ല.
പലപ്പോഴും കാണാറുള്ള ഒരു തെറ്റിദ്ധാരണയാണ് ചാവി – ബുസ്കെറ്റ്സ് – ഇനിയേസ്റ്റ മിഡ്ഫീൽഡ് ആണ് പെപിന്റെ ബാഴ്സ എന്നത്. എന്നാൽ മെസി – ബുസി അച്ചുതണ്ടിനു ഇരുവശവും ചാവിയും ഇനിയസ്റ്റയും അണിനിരക്കുന്ന ഒരു തരം ഡയമണ്ട് മിഡ്ഫീൽഡ് ആയിരുന്നു പെപിന്റെ ബാഴ്സ.ബിൽഡ് അപ് പ്ലേയിൽ അത് കൊണ്ട് തന്നെ മെസി അവിഭാജ്യ ഘടകമായിരുന്നു.
നമ്പർ 10 റോൾ ആയി ഫാൾസ് നയൻ റോളിനെ തെറ്റിദ്ധരിക്കരുത്. നമ്പർ 10 ൽ അയാൾക്ക് മുന്നിൽ ഒരു പരമ്പരാഗത സ്ട്രൈക്കർ ഉണ്ടാകും. ഫാൾസ് നയന് രണ്ട് ഇൻസൈഡ് വിങ്ങർമാർ മാത്രമേ കൂട്ടിനുണ്ടാകൂ. സുവാരേസ് ഒരു പരമ്പരാഗത സ്ട്രൈക്കർ ആണ്. വിയ്യയെപ്പോലെ ടെക്നിക്കൽ ആയ പൂർണതയില്ല. അതിനാൽ സുവാരസ് ലെഫ്റ്റ് വിങറായി വിയ്യ കളിച്ച പോലെ തിളങ്ങുമെന്ന് കരുതാനാവില്ല. എന്നാൽ അപാര പ്രസിംഗ് മെൻറാലിറ്റിയും ഏത് ആംഗിളിൽ നിന്നും സ്കോർ ചെയ്യാനുമുള്ള കഴിവുമുള്ള സുവാരസ് മാത്രമേ ഇപ്പോൾ ബാഴ്സയിൽ ആ പൊസിഷനിൽ ഉള്ളു. അതിനാൽ സുവാരസിന് ഇണങ്ങിച്ചേരാനുള്ള സമയം കൊടുക്കണം.