മാർക് ആന്ദ്രേ ടെർ സ്റ്റെഗെൻ 100 NOT OUT
മാർക് ആന്ദ്രേ ടെർ സ്റ്റെഗെൻ -ബാർസയുടെ വിശ്വസ്തനായ ജർമൻ കാവൽ ഭടൻ.
ബോറുഷ്യ മോൻഷൻഗ്ലാഡ്ബാഷിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്ന് 2014 ലെ സമ്മർ വിൻഡോയിൽ ബാർസ സ്വന്തമാക്കിയ കീപ്പർ. മോൺഷൻഗ്ലാഡ്ബാഷിനു വേണ്ടി 108 ലീഗ് മൽസരങ്ങളിൽ വല കാത്ത പരിചയസമ്പത്തുമായി ബാർസയിലെത്തിയ താരം നാളെ ഗെറ്റാഫെയുമായുള്ള മൽസരത്തോടെ ബ്ലോഗ്രാന ജഴ്സിയിൽ 100 മൽസരങ്ങൾ പിന്നിടുകയാണ്.
100ആം മൽസരം കളിക്കുന്നതിനു മുന്നോടിയായി ടെർ സ്റ്റെഗെനുമായി എം.ഡി നടത്തിയ അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങൾ:
“ഏറ്റവും മികച്ച മൽസരം? കഴിഞ്ഞ സീസണിൽ ബെർണബ്യൂവിൽ വെച്ച് നടന്ന എൽ ക്ലാസിക്കോ തന്നെ. എനിക്കും ടീമിനും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു അന്ന്.”
“ഞാൻ നടത്തിയ മികച്ച സേവുകൾ?, റയലുമായുള്ള മൽസരത്തിൽ ക്രൂസിന്റെയും റൊണാൾഡോയുടെയും ഷോട്ടുകൾ അടക്കം ടീം ജയിക്കാൻ കാരണമായ എല്ലാ സേവുകളും എനിക്ക് പ്രിയപ്പെട്ടതാണു.”
“ഞാൻ നേരിട്ടതിൽ വെച്ച് ഏറ്റവും അപകടകാരികളായ ഫോർവേഡുകൾ? ലെവൻഡോവ്സ്കി,ബെൻസേമ പിന്നെ അദൂരിസ്. ഇവർ മൂന്നു പേരും എനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.”
“ഞാൻ വഴങ്ങിയ ഏറ്റവും മികച്ച ഗോൾ? അസൻസിയോ സ്പാനിഷ് സൂപ്പർ കപ്പിൽ നേടിയ ഗോൾ ആണത്. വേറൊരു ഗോളും എന്നെ ഇത്രയധികം വിഷമിപ്പിച്ചിട്ടില്ല. സാധാരണയായി ഗോളുകൾ വഴങ്ങുന്നത് എനിക്ക് ദേഷ്യമാണു.”
“നേരിടാൻ ബുദ്ധിമുട്ടിയ റൈവൽ ടീം? 2015ലെ സൂപ്പർ കപ്പിലെ ആദ്യ പാദത്തിനിറങ്ങിയ അത്ലറ്റിക് ബിൽബാവോ ടീം. വളരെ പ്രയാസമേറിയ കളിയായിരുന്നു അത്.”
“ഞാൻ കളിച്ചതിൽ പ്രയാസമേറിയ സ്റ്റേഡിയം? അത് അത്ലറ്റിക് ബിൽബാവോയുടെ സാൻ മേംസ് തന്നെയാണു.”
“എനിക്കിഷ്ടപ്പെട്ട ഒരു എതിർ താരം ഗ്രനഡയുടെ ഗ്വില്ലർമോ ഒച്ചോവയാണ്. അദ്ദേഹം നല്ല കഴിവുള്ള താരമാണ്. ഞാൻ ഒച്ചോവയെ കോൺഫെഡറേഷൻ കപ്പിലും കണ്ടുമുട്ടിയിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. ഗ്രനാഡയിലെ അന്തരീക്ഷം എനിക്കിഷ്ടമാണ്.”
“അന്ധവിശ്വാസങ്ങൾ? മൽസരത്തിനിറങ്ങുന്നതിനു മുമ്പ് അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. പക്ഷെ എന്റെ ഗ്ലോവ്സ് മറ്റൊരാൾ ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല.”
“ബ്ലോഗ്രാന ജഴ്സിയിലെ ഏറ്റവും ഇഷ്ടപ്പെട്ട നിമിഷം? അത് ബെർലിനിൽ യുവന്റസുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ ആയിരുന്നു. പക്ഷെ അതു കൂടാതെ വേറെയും മികച്ച നിമിഷങ്ങൾ ഉണ്ട്. പി.എസ്.ജി ക്കെതിരെയുള്ള തിരിച്ചു വരവ് സ്വപ്നതുല്യമായിരുന്നു. സ്റ്റേഡിയത്തിൽ ആരാധകർ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.”