മാച്ച് റിവ്യൂ – ജിറോണ 0 – 3 ബാഴ്‌സലോണ
ഒരു ആവറേജ് മത്സരം. ബാഴ്‌സയുടെ തനത് ശൈലിയോ പതിവ് രീതിയിലുള്ള മേധാവിത്വമോ ഒന്നും കണ്ടില്ല. ഒരു പരീക്ഷണ രീതിയിലുള്ള ടീമിനെ ഇറക്കിയതിനാലാവാം കളി അൽപ്പം നിരാശക്കിടയാക്കി. എങ്കിലും നമ്മൾ ലക്ഷ്യമിട്ടതു മൂന്ന് പോയിന്റാണ്. അത് നല്ല രീതിയിൽ തന്നെ സാധിച്ചെടുത്തിട്ടുണ്ട്. അടിച്ച മൂന്ന് ഗോളിൽ രണ്ടെണ്ണം ജിറോണയുടെ തന്നെ വകയാണെങ്കിലും നമ്മളെ സംബന്ധിച്ചിടത്തോളം വിജയമായിരുന്നു ഏറ്റവും നിർണ്ണായകം.
ആദ്യ ഇലവനിൽ റോബർട്ടോയെയും വിദാലിനെയും ഉൾപ്പെടുത്തിയപ്പോൾ തന്നെ ഏകദേശം കാര്യങ്ങൾ വ്യക്തമായിരുന്നു. റോബർട്ടോ റൈറ്റ് ബാക്ക് ആയും വിദാൽ റൈറ്റ് വിങ്ങർ ആയും വരും. മധ്യനിരയിൽ ബുസിയുടെ ജോലി ചെയ്യാൻ റാക്കിയെ ഏൽപിച്ചപ്പോൾ പിൻനിരയിൽ പിക്വെയുടെ പകരമായി മാഷെ ഇടം നേടി. ബാഴ്‌സയുടെ എൻജിൻ എന്ന് വിശേഷിപ്പിക്കുന്ന ബുസി ഇല്ലാത്തതിന്റെ കുറവ് ആദ്യ നിമിഷങ്ങളിൽ തന്നെ വ്യക്തമായിരുന്നു. ബാഴ്‌സയുടെ പാസിംഗ് ഗെയിം കാണാൻ ഉണ്ടായിരുന്നില്ല. മറിച്ചു കൂടുതലും ലോങ്ങ് ബാളുകളിൽ പന്ത് മുന്നിലെത്തിനായുള്ള ശ്രമമായിരുന്നു. തങ്ങൾക്ക് ചേരുന്ന രീതിയല്ലാത്തതിനാലും മികച്ചു നിന്ന ജിറോണ താരങ്ങൾ കാരണത്താലും ആ നീക്കങ്ങൾ എല്ലാം തന്നെ നിഷ്പ്രഭമായി. പക്ഷെ ആദ്യ ഗോളിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് ഒരു വോളിയായി പോസ്റ്റിലേക്ക് തിരിച്ചു വിടാൻ ആൽബ ശ്രമിച്ചപ്പോൾ ഒരു എതിർ ഡിഫൻഡറുടെ ഡിഫ്‌ളക്ഷൻ മൂലം പന്ത് സ്വന്തം പോസ്റ്റിലേക്ക് തന്നെ നീങ്ങി. മത്സരത്തിലെ ആദ്യത്തെ സെല്ഫ് ഗോൾ. പിന്നീടും കളത്തിൽ കാര്യമായ മികച്ച നീക്കങ്ങൾ നടത്താൻ ബാഴ്‌സക്ക് കഴിയാതായപ്പോൾ മത്സരം നമ്മെ സംബന്ധിച്ചിടത്തോളം അൽപ്പം ബോറിങ് ആയി തോന്നിച്ചു.
രണ്ടാം പകുതി തുടങ്ങിയതേ അടുത്ത ഗോളും വീണു. ഇത്തവണ സുവാരസും വിദാലും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ വിദാലിന്റെ ഒരു ബാക് ഹീൽ എതിർ ഗോളിയുടെ ദേഹത്ത് സ്പർശിച്ചു പോസ്റ്റിലേക്ക് ഉരുണ്ടു കയറുകയായിരുന്നു. തുടർന്ന് പൊളിഞ്ഞോയെ പിൻവലിച്ചു ബുസിയെ രംഗത്തിറക്കിയതോടെയാണ് ബാഴ്‌സയുടെ കളിക്ക് അൽപ്പം ജീവൻ വെച്ചത്. മധ്യനിരയിൽ നിന്നും കളി വന്നു തുടങ്ങിയതോടെ ഉണർന്നു തുടങ്ങിയ ബാഴ്‌സ കൂടുതൽ മെച്ചപ്പെട്ട നീക്കങ്ങളും നടത്താൻ തുടങ്ങി. പക്ഷെ അടുത്ത ഗോൾ അതിന്റെ എല്ലാ ക്രെഡിറ്റും സെർജി റോബർട്ടോക്കും സുവാരേസിനും മാത്രമുള്ളതാണ്. സ്വന്തം ബോക്‌സിന് തൊട്ടു വെളിയിൽ നിന്നും ലഭിച്ച പന്തുമായി റോബർട്ടോ കഴിഞ്ഞ വർഷത്തെ എൽ ക്‌ളാസികോ ഗോളിനെ ഓർമിപ്പിക്കുന്ന രീതിയിൽ ഒരു റൺ നടത്തിയപ്പോൾ നമ്മളൊക്കെ ഒന്ന് ആവേശം കൊണ്ടു. മധ്യനിരയിൽ എത്തിയ റോബർട്ടോ ആ പന്ത് ജിറോണ ഡിഫൻസ് ലൈനിനോട് ചേർന്ന് നിന്നിരുന്ന സുവാസിന് ഉയർത്തി നൽകി. മികച്ച ഒരു റണ്ണിനൊടുവിൽ പന്ത് കാൽക്കീഴിലാക്കിയ സുവാരസ് എൽ പിസ്റ്റലേറൊ എന്ന പേര് അന്വർത്ഥമാക്കുന്ന മികച്ച ഒരു ഫിനിഷിങ്. തങ്ങളുടെ നൂറാം ലീഗ് മത്സരം സുവാരസും റോബർട്ടോയും അവിസ്മരണീയമാക്കി.ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ബാഴ്‌സ മൂന്ന് ഗോളിന് വിജയിച്ചിരുന്നു.
ആദ്യമേ പറഞ്ഞത് പോലെ പ്രതീക്ഷക്കൊത്തു ഉയരാത്ത പ്രകടനം. നമ്മുടെ ശൈലിയെ തന്നെ ബാധിക്കുന്ന തരത്തിൽ റൊട്ടേഷൻ വന്നതിന്റെ തിക്തഫലങ്ങൾ ആണ് അത്. പക്ഷെ അതിൽ അധികം വിമർശിക്കാനില്ല എന്നാണ് തോന്നുന്നത്. കാരണം വളരെ തിരക്ക് പിടിച്ച ഒരു സമയമാണ് കടന്നു പോകുന്നത്. ആഴ്ചയിൽ രണ്ടു മത്സരങ്ങൾ എന്തായാലും ഉണ്ട്. സ്ഥിരമായി കളിക്കുന്നത് , കളിക്കാരുടെ പ്രകടനം മോശമാവാനും പരിക്കേൽക്കാനുള്ള സാധ്യതയും വർധിപ്പിക്കും. ഇപ്പോൾ ഏതാനും മത്സരങ്ങൾ കൊണ്ട് തന്നെ മെസ്സിയും ഇനിയേസ്റ്റയും ഒഴികെയുള്ളവർക്ക് അത്യാവശ്യം വിശ്രമം ലഭിച്ചിട്ടുണ്ട്. ഇത്ര പേരെ റൊട്ടേഷൻ നടത്തിയപ്പോഴും ഒരു പോയിന്റ് പോലും നമ്മൾ നഷ്ട്ടപെടുത്തിയിട്ടില്ല എന്നത് ഒരു മികച്ച കാര്യം തന്നെയാണ്.
ഒരു ഗോൾ നേടിയെങ്കിലും വിദാലിനെ വിങ്ങിൽ കളിപ്പിക്കുന്നതിനോട് യോജിക്കാനാവുന്നില്ല. വേഗതയിലും മെയ്‌വഴക്കത്തിലും പിന്നിലായ അദ്ദേഹം ആ റോളിൽ യോജിക്കുന്ന ഒരാളാണെന്ന് തോന്നുന്നില്ല. പിന്നെ ബുസിയില്ലെങ്കിൽ ബാഴ്‌സയുടെ സ്വന്തം ശൈലിയും ഇല്ല എന്ന് ഓർമിപ്പിക്കുന്ന ഒരു മത്സരമായിരുന്നു ഇത്. ലോങ്ങ് ബാളിൽ കളിച്ചു ശീലമില്ലാത്ത ബാഴ്‌സക്ക് രണ്ടാം പകുതിയിൽ വച്ച് ബുസിയുടെ വരവോടെയാണ് ജീവൻ വെച്ചത്. റാക്കി കുഴപ്പിമില്ലാതെ കളിച്ചെങ്കിലും ബുസിയുടെ റോൾ അതിന്റെ പൂർണ്ണതയിലെത്തിക്കാനായില്ല. പൊളിഞ്ഞോ തന്റെ സ്വാഭാവിക ഏരിയൽ എബിലിറ്റി വച്ച് മികച്ചു നിന്നു . ചില കിടിലൻ ഹെഡ്ഡറുകൾ ഇന്ന് പിറന്നിരുന്നു. ഒരു മികച്ച ഗോൾ നേടിയെങ്കിലും സുവാരസ് ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഒപ്പം ഓഫ് സൈഡ് കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പതിനാലു ഓഫ് സൈഡ് ആണ് ഇന്ന് ബാഴ്‌സയ്ക്ക് എതിരെ വിളിച്ചത്. ഇന്ന് മെസ്സിയും ആവറേജ് പെർഫോമൻസ് ആയിരുന്നു. മെസ്സിയെ ഇടം വലം നീങ്ങാൻ അനുവദിക്കാതെ മാർക്ക് ചെയ്ത ജിറോണ ഡിഫൻഡർ മാഫെയോ പ്രത്യേക പ്രശംസ അർഹിക്കുന്നു. ഇന്ന് ബാഴ്‌സയിൽ ഏറ്റവും മികച്ചു നിന്നതു മഷെറാനോയും ടെർ സ്റ്റീഗനും തന്നെയാണ്. ജിറോണയുടെ എത്ര മികച്ച അവസരങ്ങളാണ് ഇന്ന് ഇരുവരും ചേർന്ന് നിർവീര്യമാക്കിയത്.
ഇതോടൊപ്പം ജിറോണയുടെ പ്രകടനവും എടുത്തു പറയേണ്ടിയിരിക്കുന്നു. നല്ല തീക്ഷണതയുള്ള കളി . ആരെയും കൂസാത്ത ഭാവം. പലതവണ ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യവും ടെർ സ്റ്റീഗന്റെ മികവുമാണ് വിലങ്ങു തടിയായത്. ലീഗിൽ വരും മത്സരങ്ങളിൽ ഇനിയും മെച്ചപ്പെട്ട പ്രകടനവും പ്രഥമ ലീഗിൽ തന്നെ മികച്ച ഒരു പൊസിഷനും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇനി ചാമ്പ്യൻസ് ലീഗ് പരീക്ഷണമാണ്. ബുധനാഴ്ച രാത്രി കളത്തിലിറങ്ങുന്ന ടീമിൽ അധികം പരീക്ഷണങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ഇന്നത്തെ മത്സരം പോലെയുള്ള പരീക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾ ഇനിയുള്ള മത്സരങ്ങളിൽ പാഠങ്ങളാകാട്ടെ.