• Follow

മാച്ച് പ്രീവ്യൂ – ഐബെർ vs ബാഴ്‌സലോണ

  • Posted On February 17, 2018

ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം ബാഴ്‌സ വീണ്ടും ഇറങ്ങുന്നു. സ്വന്തം ഗ്രൗണ്ടിൽ കരുത്തരായ, ലീഗിൽ ഏഴാം സ്ഥാനത്തു നിൽക്കുന്ന ഐബെർ ആണ് എതിരാളികൾ. അവരുമായുള്ള കഴിഞ്ഞ കാല ചരിത്രങ്ങൾ ബാഴ്സക്ക് അനുകൂലമാണെങ്കിലും ചെറിയ ഗ്രൗണ്ടും ആരാധകരും കളിയോടുള്ള ടീമിന്റെ ഫിസിക്കൽ സമീപനവും ബാഴ്സക്ക് കടുത്ത വെല്ലുവിളിയാണുയർത്തുന്നത്. മാത്രവുമല്ല സെവിയ്യക്കെതിരെ നേടിയ തകർപ്പൻ വിജയവും ലേഗാനസിനെതിരെ എവേ മാച്ചിൽ നേടിയ വിജയവും അവരുടെ ആത്മവിശ്വാസം വാനോളമുയർത്തിയിട്ടുണ്ട്.
അവസാന രണ്ടു ലീഗ് മത്സരങ്ങളിലും സമനില വഴങ്ങേണ്ടി വന്നാ ബാഴ്സക്ക് ചെൽസിക്കെതിരെ ഉള്ള പ്രീക്വാർട്ടർ മത്സരത്തിന് മുമ്പ് മികച്ച വിജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. നിലവിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന അത്ലറ്റികോ മാഡ്രിഡുമായി ഏഴ് പോയിന്റിന്റെ ലീഡ് മാത്രം ഉള്ളതു കൊണ്ട് ഒരു സമനിലയോ തോൽവിയോ ഒന്നാം സ്ഥാനത്തിന് ഭീഷണിയാവുമെന്നു മുന്നിൽ കണ്ടു കൊണ്ടായിരിക്കും വാൽവേർഡെ തന്ത്രങ്ങൾ മെനയുക.
പരിക്കിൽ നിന്നും പൂർണ മോചിതനായ ഡെംബെലെ ആദ്യം മുതൽ തന്നെ ഇറങ്ങിയേക്കും. ചെൽസിക്കെതിരെയുള്ള പ്രധാന മൽസരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. അദ്ദേഹത്തിനു മാനസികമായ ഒരുക്കത്തിനുള്ള അവസരമാണ് ഇന്നത്തെ മൽസരം. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ പറ്റാത്ത കൗട്ടീഞ്ഞോയും ചാമ്പ്യൻസ് ലീഗ് മാച്ചിൽ സസ്പെൻഷൻ കാരണം പുറത്തിരിക്കുന്ന സെമെഡോയും ആദ്യ ഇലവനിൽ ഇറങ്ങാനാണ് സാധ്യത. വിന്റർ സൈനിങ്‌ ആയ മിനാ ബെഞ്ചിൽ ഉണ്ടാവും.
ഹൊസെ ലൂയിസ് മെൻഡിലിബാറിനു കീഴിൽ സ്വപ്നകുതിപ്പ് നടത്തുകയാണ് ഈ സീസണിൽ ഐബർ. യൂറോപ എന്ന സ്വപ്നം ഇപ്പോഴത്തെ മികവിൽ അവർക്ക് വിദൂരമല്ല. മുൻ മൽസരങ്ങളിൽ സമനില വഴങ്ങിയ ബാർസയിൽ നിന്ന് ഒരു പോയിന്റെങ്കിലും നേടാൻ സാധിച്ചാൽ അവർക്കത് ചരിത്ര നേട്ടത്തിലേക്കുള്ള ചവിട്ടുപടിയാക്കാൻ സാധിക്കും. അതിന്റെ വീറും വാശിയും കളിക്കളത്തിൽ അവർ പ്രകടമാക്കും. ജാപ്പനീസ് താരം തകാഷി ഇനൂയി ബാർസയ്ക്കെതിരെ കളിച്ചേക്കും എന്നത് ഏഷ്യക്കാരായ നമുക്ക് സന്തോഷം നൽകുന്ന കാര്യമാണ്. മികച്ച പ്രതിരോധമാണ് അവരുടെ ശക്തി. കഴിഞ്ഞ 2 കളികളിലും മികച്ച പ്രതിരോധത്തിനെതിരെ നിറം മങ്ങിപ്പോയ പ്രകടനങ്ങളിൽ നിന്ന് ബാർസയ്ക്ക് തിരിച്ച് വരേണ്ടതുണ്ട്‌. ചെൽസി മാച്ചിനു മുൻപ് താളം വീണ്ടെടുക്കണം. അതിനാൽ ഇനിയേസ്റ്റയ്ക്ക് വിശ്രമം അനുവദിച്ച് ലഭ്യമായതിൽ നമ്മുടെ ഏറ്റവും മികച്ച പതിനൊന്ന് പേരെ തന്നെ വാല്വെർദെ കളത്തിലിറക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
സാധ്യതാ ഇലവൻ :
ടെർ സ്റ്റീഗൻ, സെമെഡോ, പികെ, ഉംറ്റിറ്റി, ആൽബ, ഡെംബെലെ, റാകിടിച്, സെർജിയോ, കൗട്ടീഞ്ഞോ, മെസ്സി, സുവാരസ്

©Penyadel Barca Kerala

|| ലാലിഗ റൗണ്ട് : 24 ||
ഇന്ത്യൻ സമയം രാത്രി: 08:45
തത്സമയം : TEN 2
വേദി : ഇപുരുവ മുനിസിപ്പൽ സ്റ്റേഡിയം

  • SHARE :