• Follow

മാച്ച് പ്രിവ്യൂ – ബാഴ്‌സലോണ VS അത്ലറ്റിക് ബിൽബാവോ – കോപ ഡെൽ റേ – റൌണ്ട് 16 – രണ്ടാം പാദം

  • Posted On January 11, 2017

അങ്ങനെ ഈ സീസണിലെ ആദ്യത്തെ അഗ്നിപരീക്ഷണം ഇന്നാണ്. കോപ ഡെൽ റേ 16 ആം റൗണ്ടിന്റെ ആദ്യ പാദ മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റ ബാഴ്‌സയ്ക്ക്, ടൂർണ്ണമെന്റിൽ ഇനിയും മുന്നേറണമെങ്കിൽ ഇവിടെ ജയിച്ചേ മതിയാകൂ. നിലവിൽ ഒരു ഗോളിന്റെ ലീഡുള്ള ബിൽബാവോ ഒരു സമനില കൊണ്ട് പോലും അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഒരു എവേ ഗോളിന്റെ ആനുകൂല്യമുള്ള ബാഴ്‌സക്ക് , എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചാൽ അടുത്ത റൌണ്ട് ഉറപ്പാക്കാം. മറിച്ചു , ഒരു സമനിലയോ വിജയമോ നേടാനായാൽ ബിൽബാവോ അടുത്ത റൗണ്ടിലേക്ക് മുന്നേറും. 1 -2 എന്ന സ്‌കോറിൽ ബാഴ്‌സ ജയിച്ചാൽ ഇരു ടീമുകൾക്കും തുല്യമായ എവേ ഗോൾ വരുന്നതിനാൽ മത്സരം പെനാൽറ്റിയിലേക്ക് പോകും. അതെ സമയം 2 – 3 , 3 – 4 തുടങ്ങിയ സ്‌കോറിൽ ബാഴ്‌സ ജയിച്ചാലും കൂടുതൽ എവേ ഗോൾ എന്ന ആനുകൂല്യത്തിൽ ബിൽബാവോ വിജയിക്കും. ചുരുക്കിപ്പറഞ്ഞാൽ അൽപ്പം കോംപ്ലിക്കേറ്റഡ് ആണ് കാര്യങ്ങൾ.
ആദ്യ പാദ മത്സരത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് രണ്ടു പ്രധാന താരങ്ങൾ സസ്‌പെൻഷനിൽ ആയതിനാൽ ബിൽബാവോ ഒരു പക്ഷെ അൽപ്പം ഡിഫെൻസിവ് ആയി കളിക്കാൻ സാധ്യതയേറെയാണ്. ഒരു പക്ഷെ ഒരു സമനില ലക്ഷ്യമിട്ടാകും അവർ കളിക്കുന്നത്. അപ്പോൾ നന്നായി പ്രതിരോധിക്കുക, അവസരം വരുമ്പോൾ കൗണ്ടർ അറ്റാക്ക് നടത്തുക എന്ന രീതിയാകാം അവർ അവലംബിക്കുന്നത്. പ്രത്യേകിച്ച് കഴിഞ്ഞ മത്സരങ്ങളിലെല്ലാം കൗണ്ടർ അറ്റാക്കിൽ ബാഴ്‌സ മധ്യനിരയും പ്രതിരോധവും ആടിയുലയുന്നത് കാണാമായിരുന്നു. ഈ അവസരത്തിൽ അൽപ്പം ആക്രമിച്ചു കളിക്കുന്ന ഒരു രീതിയാണ് ഒരു പക്ഷെ ബാഴ്‌സക്ക് നല്ലത് എന്ന് ഞങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നല്ലോ. പിക്വെ – മാഷെ – ഉംറ്റിറ്റി എന്ന മൂന്നു പേർ ഡിഫെൻസിൽ ഉറച്ചു നിന്ന്, ആൽബയോ റോബർട്ടോയോ മധ്യനിരയോട് ചേർന്ന് നിന്ന് കളിച്ചാൽ അറ്റാക്കിങ് കൂടുതൽ കാര്യക്ഷമമാകും. ഇവർ രണ്ടു പേരും മധ്യനിരയോടടുത്തു കളിക്കുന്നതിനാൽ ഇനിയേസ്റ്റക്കും റാകിക്കും അൽപ്പം കൂടി മുന്നോട്ട് നിന്ന് കളിക്കാനാകും. ഒപ്പം മെസ്സിക്കും ആക്രമണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാം. ഈ രീതിയുടെ ഏറ്റവും വലിയ പോരായ്മ എന്താണെന്നു വെച്ചാൽ, അതിവേഗത്തിലുള്ള എതിർ കളിക്കാർ മികച്ച ഒരു കൗണ്ടറിനു മുതിർന്നാൽ അത് തളക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. സ്വതവേ എപ്പോഴും മുന്നോട്ട് കയറി നിൽക്കുന്ന ബാഴ്‌സ, ഇപ്പോഴും നേരിടുന്ന വെല്ലിവിളിയാണ് ഇത്. അപ്പോൾ ആകെ ഒരു പ്രധിവിധി മധ്യഭാഗത്തോ ശേഷമോ ഒരു കാരണവശാലും പന്ത് നഷ്ടപ്പെടുത്തരുത് എന്നതാണ്. അതിൽ ബുസിയുടെ പങ്ക് അതിനിർണ്ണായകമാണ്.
പക്ഷെ ഇതെല്ലം നമ്മുടെ പ്രതീക്ഷകളാണ്. കോച്ചിന്റെ തീരുമാനങ്ങളല്ല. സ്വതവേ നമ്മുടെ പരമ്പരാഗത ശൈലിയായ 4 – 3 – 3 എപ്പോഴും ഉപയോഗിക്കാൻ ശ്രമിക്കുന്ന വ്യതിയാണ്‌ ലൂചോ. ഇന്ന് അതിൽ മാറ്റമുണ്ടാകുമോ എന്ന് കണ്ടറിയാം. ഇന്നത്തെ നമ്മുടെ ടീമിനെ പ്രതീക്ഷിക്കുന്നതും ഈ രീതിയിൽ തന്നെയാണ്. ടെർ സ്റ്റീഗൻ തന്നെ ഗോൾ മുഖത്ത് കാവലുണ്ടാകും. ഇന്നത്തെ അതീവ പ്രാധാന്യമുള്ള മത്സരത്തിൽ അലക്സ് വിദാലിനെ ഇറക്കാൻ സാധ്യത കുറവാണു. റോബർട്ടോ തന്നെ വന്നേക്കാം. ഒപ്പം പിക്വെയും ഉണ്ടാകും. നമ്മുടെ ശൈലിക്കനുസരിച്ചു മാഷെയോ , ഉംറ്റിറ്റിയോ അതോ ഇവർ രണ്ടു പേരും ഒരുമിച്ചോ വന്നേക്കാം. ഒപ്പം ഇടതു ഭാഗത്തു ആൽബയെ ആണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ ഡിഗ്‌നെ തിളങ്ങിയെങ്കിലും ഇന്നത്തെ പോലെ പ്രാധാന്യമുള്ള മത്സരങ്ങളിൽ ഇറക്കാൻ പര്യാപ്തമായിട്ടുണ്ടോ എന്ന് അറിയില്ല.
മധ്യനിരയിൽ ഇനിയേസ്റ്റയും ബുസിയും തീർച്ചയായും ഉണ്ടാകും. ആകെയുള്ള മാറ്റം പ്രതീക്ഷിക്കുന്നത് റാകി തിരിച്ചെത്തും എന്നുള്ളതാണ്. ഇന്നത്തെ മത്സരത്തിൽ റാക്കി നമ്മുടെ പ്രതീക്ഷക്കൊത്ത ഒരു പ്രകടനം നടത്തുമെന്ന് തന്നെയാണ് വിശ്വാസം. ഒപ്പം ഡെനിസ് സുവാരസിന്റെ സാധ്യതയും തള്ളിക്കളയാനാകില്ല. ആക്രമണത്തിൽ ഒരു വലിയ പങ്ക് നൽകാനാവുന്ന കളിക്കാരനാണ് അദ്ദേഹം. ആർദ , ഗോമസ്, റാഫിന്യ എന്നിവരെ സബ് ആയി കണ്ടേക്കാം.
മുന്നേറ്റത്തിൽ ആണ് ഇനി നമ്മൾ ഒന്ന് മെച്ചപ്പെടേണ്ടത്. കുറച്ചു നാളായി MSN പീരങ്കി നിശബ്ദമായിട്ട്. മൂന്ന് പേരിൽ മെസ്സി മാത്രമാണ് ഫോമിൽ കളിക്കുന്നത്. നെയ്‌മറും സുവാരസും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നുണ്ട്. അതെല്ലാം താൽക്കാലികമാണെന്നറിയാം. ഇങ്ങനെയുള്ള പ്രധാന മത്സരങ്ങളിൽ ഇവർ എല്ലാം തന്നെ മികവിലേക്കുയരും എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇവർ മൂന്നു പേരും ഒന്ന് സജീവമായാൽ , ബാഴ്‌സ എന്തിനും പോന്ന ഒരു ടീം ആകും. ആൽക്കസ്സർ പകരക്കാരനായേക്കാമെങ്കിലും ഇറങ്ങാൻ സാധ്യതയില്ല. വെറും വിജയം മാത്രം പോരല്ലോ, ഗോൾ വഴങ്ങാതെ ആധികാരികമായി തന്നെ വിജയിക്കണ്ടേ.അപ്പോൾ ഇത്തരം റിസ്ക് പരിപാടി വേണ്ട എന്നാണ് ഞങ്ങളുടെ പക്ഷം.

  • SHARE :