• Follow

മാച്ച് പ്രിവ്യു – ബാഴ്‌സിലോണ VS റയൽ മാഡ്രിഡ് – ദി എൽ ക്ലാസിക്കോ

  • Posted On April 23, 2017

അങ്ങനെ കാത്തിരുന്ന എൽ ക്ലാസികോ വന്നെത്തി. എന്താണ് എൽക്ലസ്സിക്കോ എന്ന് നിങ്ങളെ പ്രത്യേകം പറഞ്ഞു പരിചയപ്പെടുത്തേണ്ടതില്ല. ലോകത്ത് ഫുട്ബോളിനെ അറിയുന്നവർ എൽ ക്ളാസ്സിക്കോയെയും എന്നും അറിഞ്ഞിരിക്കും. ഇത്തവണ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ ഈ സീസണിലെ രണ്ടാം ക്‌ളാസികോ അരങ്ങേറുമ്പോൾ ലോകം ഉറ്റു നോക്കുന്നതും അങ്ങോട്ടേക്കായിരിക്കും.

ലാലിഗയിലെ സ്ഥിതി നിങ്ങൾക്കേവർക്കും പരിചിതമായിരിക്കുമല്ലോ. നിലവിൽ രണ്ടാം സ്ഥാനത്തായതിനാൽ ബാഴ്‌സയ്ക്ക് ജയിച്ചേ മതിയാകൂ. ഏകദേശം ആറു പോയിന്റ് പിറകിൽ നിൽക്കുന്ന ബാഴ്‌സക്ക് തിരിച്ചു വരാനുള്ള ഒരു സുവർണ്ണാവസരം തന്നെയാണിത്. നിലവിൽ പോയിന്റ് പട്ടികയിൽ മുകളിൽ നിൽക്കുന്ന റയൽ മാഡ്രിഡിന് , പോയിന്റ് നില കൂടുതൽ ഭദ്രമാക്കാനും, ലാലിഗ കിരീടം ഏറെക്കുറെ ഉറപ്പിക്കാനും ഇന്ന് വിജയം അനിവാര്യമാണ്. അതുമല്ലെങ്കിൽ ഒരു സമനില പോലും റയലിന് അനുകൂലമായിരിക്കും.
നിലവിൽ നെയ്മറുടെ വിലക്കാണ് ബാഴ്‌സ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നെയ്മർ ബാഴ്‌സക്ക് എത്രത്തോളം വേണ്ടപ്പെട്ട കളിക്കാരനാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യവുമില്ല. അടുത്തകാലത്തായി ബാഴ്‌സയുടെ ഊർജ്ജം എന്നത് ആ യുവ കളിക്കാരനാണ്. നെയ്മറുടെ വിലക്കിനെതിരെ ബാഴ്‌സ സ്പാനിഷ് ഫെഡറേഷനിൽ അപ്പീൽ നൽകിയിരുന്നെങ്കിലും തള്ളി. പിന്നീട് അന്താരാഷ്ട്ര സ്പോർട്സ് ട്രെബ്യുണലിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും അനുകൂലമായ ഒരു വിധി വരുവാൻ സാധ്യത കുറവാണു. എന്തായാലും നെയ്മറും മാഡ്രിഡിലേക്കുള്ള സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.

നെയ്മറിന്റെ അഭാവത്തിലും ഒരു മികച്ച ടീം തന്നെ നമുക്കുണ്ട്. ഇന്ന് അവർ എങ്ങനെ അവരുടെ മികവ് പുറത്തെടുക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വിജയ സാധ്യതകൾ. കഴിഞ്ഞ മത്സരത്തിൽ യുവന്റസിനെതിരായ ആ പോരാട്ടവീര്യം കണ്ട ഏതൊരാൾക്കും നമ്മുടെ കളിക്കാരുടെ കഴിവിനെക്കുറിച്ചു നല്ല ബോധ്യം ഉണ്ടായിരിക്കും. പിന്നെ അന്നത്തെ ആ പ്രകടനത്തിൽ കളിക്കാരുടെ മനോനില എത്രത്തോളം പ്രധാനമായിരുന്നു എന്നും നമുക്കറിയാം. അപ്പോൾ ഇന്നത്തെ മത്സരവും അവർ എത്രത്തോളം വാശിയിലാണ് ഇറങ്ങുന്നത് എന്നത് ഇന്നത്തെ പ്രകടനത്തിൽ നിർണ്ണായകമാണ്.

ഫോർമേഷൻ നോക്കുകയാണെങ്കിൽ റയൽ മാഡ്രിഡ് പോലെ ആക്രമിക്കാൻ അതിവൈദഗ്ദ്യം ഉള്ള ടീമിനോട് പരമ്പരാഗത ശൈലിയായ 4-3-3 സ്വീകരിക്കാനാണ് സാധ്യത. നല്ല രീതിയിൽ ആക്രമിക്കുന്ന അവർക്കെതിരെ 3-4-3 ഉപയോഗിക്കാൻ സാധ്യതയില്ല. നമ്മുടെ പതിവ് ഫോർമേഷൻ ആണെങ്കിൽ കളിക്കാർക്ക് നല്ല ധാരണയുണ്ടാവുകയും മത്സരം അധിക സമയവും നമ്മുടെ കൈയിലിരിക്കുകയും ചെയ്യും. അടുത്ത കാലത്തായി പ്രതിരോധവും മധ്യനിരയുമാണ് നമ്മുടെ പ്രധാന ആശങ്ക. ഇവർ രണ്ടു കൂട്ടരും ശോഭിച്ചാൽ പിന്നെ കളി ബാഴ്‌സയുടെ കയ്യിലിരിക്കും. നെയ്മർക്ക് പകരം ആര് വരും എന്നുള്ളതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ആദ്യ ഘട്ടങ്ങളിൽ അർദ ടുറാൻറെ പേരാണ് ഉയർന്നിരുന്നതെങ്കിൽ ഇപ്പോൾ സാധ്യത കൂടുതലും പാക്കോ ഇറങ്ങാനാണ്. ഈ മത്സരത്തിന് മുന്നോടിയായി മെഡിക്കൽ ഗ്രീൻ ലൈറ്റ് കിട്ടിയാൽ പോലും ടുറാൻ ഇറങ്ങാൻ സാധ്യത കുറവാണു. പാക്കോയാണെങ്കിൽ സമീപകാലത്തു കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട്.

മുൻപ് പറഞ്ഞിട്ടുള്ളത് ഒരിക്കൽ കൂടി ഓർമ്മപെടുത്തട്ടെ. വളരെ വൈകാരികമായ ഒരു മത്സരമാണിത്. വിജയവും പരാജയവും വളരെയധികം നമ്മെ സ്വാധീനിക്കും. പക്ഷെ ഒരിക്കലും എതിർ ടീമിനെയോ ടീം അംഗങ്ങളെയോ അധിക്ഷേപിക്കാതിരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. വിജയിക്കാൻ നമുക്ക് എത്ര മാത്രം ആഗ്രഹം ഉണ്ടോ, അത്രത്തോളം തന്നെ അവർക്കും ഉണ്ട്. അത് കൊണ്ട് തന്നെ അർഹിക്കുന്ന ബഹുമാനം എന്നും എതിരാളികൾക്ക് കൊടുക്കേണ്ടതുണ്ട്. ഫുട്ബാൾ ഈസ് നത്തിങ് വിത്ത്ഔട്ട് റെസ്‌പെക്ട് !!!

  • SHARE :