മാച്ച് പ്രിവ്യു – ബാഴ്‌സലോണ vs യുവന്റസ്
കാത്തിരിപ്പിന്റെ നാളുകൾക്ക് അറുതി. മികച്ചവരിൽ മികച്ചവരെ തിരഞ്ഞെടുക്കുന്ന ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കം. യൂറോപ്പിന്റെ അജയ്യരാകാൻ പോരാടാനെത്തുന്ന 32 ടീമുകൾ ഏറ്റുമുട്ടുമ്പോൾ ലോകം കണ്ണും കാതും കൂർപ്പിക്കും. ഗോളുകൾ വലകളെ ചുംബിക്കുമ്പോൾ റെക്കോർഡുകൾ കടപുഴകി വീഴും. അതെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കമാവുന്നു.
ബാഴ്‌സയുടെ ആദ്യ മത്സരത്തിൽ എതിരാളികളായെത്തുന്നത് ഇറ്റാലിയൻ ജേതാക്കൾ യുവന്റസ് ആണ്. അഞ്ച് മാസങ്ങൾക്ക് മുൻപ് കാമ്പ് നോവിൽ വെച്ച് ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് തടയിട്ട അതെ യുവന്റസിനെ അതെ കാമ്പ് നോവിൽ വെച്ച് ബാഴ്‌സ നേരിടുന്നു. തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചടിക്കാൻ ഉള്ള അവസരം കൂടിയാണ്, പക്ഷെ അന്നത്തെ മത്സരത്തിൽ നിന്നും രണ്ടു ടീമുകളും ഒരുപാട് മാറിയിരിക്കുന്നു, അതുകൊണ്ട് തന്നെ പ്രവചനങ്ങൾക്ക് പ്രസക്തിയോ ആധികാരികതയോ ഇല്ല.
വളരെയധികം പ്രതീക്ഷകളോടെയാണ് ബാഴ്‌സ ഈ മത്സരത്തെ നോക്കിക്കാണുന്നത്. സീസൺ ആദ്യത്തിൽ ആശങ്കകൾ ധാരാളമായിരുന്നെങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങൾ നമ്മളിൽ വളരെയധികം ആവേശമുണർത്തിയിട്ടുണ്ട്. ടീമിനും കളിക്കാർക്കും ഒരു പുത്തനുണർവ് ലഭിച്ചത് പോലെ. എല്ലാ കളിക്കാരും മത്സരിച്ചു തകർത്തു കളിക്കുന്നു. ലാലിഗയിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ തികച്ചും ആധികാരികമായി തന്നെ ജയിക്കാനായത് ടീമിന് നല്ല ഒരു ഊർജ്ജമാണ് നൽകുന്നത്.എങ്കിലും കൂടുതൽ പ്രബലരായ എതിരാളികളോട് ഏറ്റുമുട്ടുന്നത് ഇന്നാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ കാണുന്ന അതേ പ്രകടനങ്ങൾ അവർക്ക് മുന്നിലും കാണിക്കാൻ ടീം ബാധ്യസ്ഥരുമാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഇന്നത്തെ പ്രകടനം ഇപ്പോൾ നമ്മുടെ ടീമിന്റെ അളവ് കോലായിരിക്കും.
വൽവെർദേയുടെ തന്ത്രങ്ങൾ ഇത് വരെ മികച്ചു നിൽക്കുന്നുണ്ട്. മെസ്സിയെ ഫാൾസ് നയൻ റോൾ ഏൽപ്പിച്ചത് വളരെ മികച്ച ഒരു തീരുമാനമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഗോളുകൾ ആവിശ്യത്തിന് ലഭിക്കുന്നുണ്ട്. ഡെലൂഫേ വലതു വിങ്ങിൽ അധ്വാനിച്ചു കളിക്കുന്നത് കൊണ്ട് മെസ്സിക്ക് കൂടുതൽ സെൻട്രൽ പൊസിഷനിൽ തന്നെ തുടരാനും കഴിയുന്നുണ്ട്. ഇനി ഡെമ്പെലെ റൈറ്റ് വിങ്ങിൽ കൂടുതൽ മെച്ചപ്പെട്ട് കളിച്ചാൽ കൂടുതൽ ഗുണം. റൈറ്റ് ബാക്കായ സെമെഡോ ഡെമ്പെലേയുമൊത്തു വലതു വിങ്ങിൽ ഒരു ഓളം സൃഷ്ടിക്കുമെന്ന് നല്ല പ്രതീക്ഷ ഉണ്ട്. ഒപ്പം മധ്യനിരയും പതിയെ താളം വീണ്ടെടുക്കുന്നുണ്ട്. മെസ്സി – ബുസി – ആൽബ എന്നിവരുടെ കെമിസ്ട്രി നല്ല രീതിയിൽ തന്നെ വർക്ക് ഔട്ട് ചെയ്യുന്നുണ്ട്. അവർക്കിടയിലേക്ക് ഡോൺ, ഗോമസ് , ഡെനിസ് , റോബർട്ടോ എന്നിവർ കൂടി ഒന്ന് സെറ്റ് ആയാൽ പിന്നെ നമ്മുടെ മധ്യനിര ലോകം വാഴും എന്ന് ഉറപ്പാണ്. നെയ്മറുടെ വിടവാങ്ങലോടെ പഴയ രീതിയിൽ ഓവർലാപ് ചെയ്തു കയറാൻ അനുവാദം ലഭിച്ച ആൽബ മിന്നുന്ന ഫോമിലാണ്. ഇനി മെച്ചപ്പെടാനുള്ള മേഖലകൾ പ്രധാനമായും സ്‌ട്രൈക്കർ റോളിൽ കളിക്കുന്നവർ ആണ്. പുതിയ രീതിയിൽ അൽപ്പം വിങ്ങിലേക്ക് മാറിയിട്ടുള്ള പൊസിഷനിൽ സുവാരസ് സെറ്റ് ആകേണ്ടതുണ്ട്. കൗണ്ടർ അറ്റാക്കുകൾ നിയന്ത്രിക്കാൻ സാധിക്കുകയും വേണം. ലെഫ്റ് വിങ് കൂടുതൽ ആക്റ്റീവ് ആയി മാറേണ്ടതുണ്ട്.
ഇന്നത്തെ ഫസ്റ്റ് ഇലവനെ സംബന്ധിച്ചു ഊഹാപോഹങ്ങൾ ഏറെയാണ്. ഡെമ്പെലെയെ ആദ്യ ഇലവനിൽ ഇറക്കാൻ സാധ്യതയില്ല എന്നാണ് ഇന്നലെ കേട്ടിരുന്നതെങ്കിൽ പക്ഷെ ഇന്ന് അത് മാറിയിട്ടുണ്ട്. ഡെമ്പെലയുടെ മികവിൽ ആകൃഷ്ടനായ കോച് , അദ്ദേഹത്തെ തുടക്കം മുതൽ ഉപയോഗിക്കാൻ സാധ്യത ഉണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെയെങ്കിൽ കഴിഞ്ഞ മത്സരങ്ങളിൽ വലതു വിങ്ങിൽ സ്റ്റാർട്ട് ചെയ്ത ഡെലൂഫെ പുറത്തിരിക്കേണ്ടി വരും. മധ്യനിരയിൽ റോബർട്ടോ തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തിൽ ഏറെ നേരം കളിച്ച ഡോൺ സ്റ്റാർട്ട് ചെയ്യുമോ എന്ന് അറിയില്ല. സ്പെയിനിനു വേണ്ടിയുള്ള മത്സരങ്ങളും കളിച്ച അദ്ദേഹം അൽപ്പം ക്ഷീണിതനാണ് . അത് കൊണ്ട് റിസ്ക് എടുക്കുമോ എന്ന് കണ്ടറിയാം. പകരമായി റോബർട്ടോ ഇറങ്ങിയേക്കും. മത്സരാന്ത്യത്തിൽ കൂടുതൽ സബ്സ്റ്റിട്യൂഷനുകൾ ഉണ്ടാകും. ഗോമസ് , ഡെനിസ് തുടങ്ങിയവർക്ക് മധ്യനിരയിൽ അങ്ങനെ ചാൻസ് ലഭിച്ചേക്കും. പ്രതിരോധത്തിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.
ഓരോ ചാമ്പ്യൻസ് ലീഗും ആരംഭിക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. സീസൺ ഒടുവിൽ തങ്ങളുടെ ടീം യൂറോപ്പിലെ രാജാക്കന്മാർക്കായുള്ള കിരീടം ഉയർത്തുന്നതും സ്വപ്നം കണ്ടാണ് ഒരു കിക്കോഫിനും നമ്മൾ കാതോർക്കുന്നത്. ഇന്നത്തെ രാത്രി വിടരുന്നതും അത്തരം സ്വപ്നവുമായി തന്നെയാണ്. ഈ യാത്രയുടെ ഒടുവിൽ കീവിൽ ഇനിയേസ്റ്റ ആ കിരീടവും ഏറ്റുവാങ്ങുന്നത് മനസ്സിൽ സ്വാപനം കണ്ട് നമ്മൾ തുടങ്ങുന്നു..!!
ചാമ്പ്യൻസ് ലീഗ് – ഗ്രൂപ്പ് ഘട്ടം – ആദ്യ മത്സരം
കാമ്പ് നൗ – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 12:15 ന്
തത്സമയം : ടെൻ 2, ടെൻ 2 HD