• Follow

ഫൂട്ബാളിലെ രാജാവിന് ജന്മദിനാശംസകൾ

  • Posted On June 24, 2025
ഇക്കാലങ്ങളിൽ ബാഴ്‌സയുടെ ഓരോ മത്സരവും കാണുമ്പോഴും കണ്ണുകൾ എന്തോ പരതുന്നുണ്ട്. മികവാർന്ന സീസണും ആവേശകരമായ ഒട്ടേറെ മത്സരങ്ങളുമാണ് കഴിഞ്ഞു പോയതെങ്കിലും, എന്തോ ഒന്ന് നമ്മുടെ മത്സരങ്ങളിൽ നഷ്ടമായിരുന്നു. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഉന്മേഷം നൽകുന്നത് നമുക്ക് കാണാൻ കഴിയാത്ത, ചില ഫീലിംഗുകൾ ആണ്. ഒരുപക്ഷെ നമ്മളെല്ലാം ബാഴ്‌സയുടെ കളി കണ്ടു തുടങ്ങുന്ന സമയത്ത് ആ കളിയിൽ ഉണ്ടായിരുന്ന ഒരു പോസിറ്റീവ് എനർജി ഇപ്പോൾ കാണാത്തത് കൊണ്ടാകണം നമുക്കെല്ലാം കളിയിൽ എന്തോ നഷ്ടമായി എന്ന് തോന്നുന്നത്. അതേ, ഒരു പത്താം നമ്പറുകാരനെ ഇന്ന് നമ്മൾ എല്ലാം മിസ്സ്‌ ചെയ്യുന്നു. ഇനി ഒരിക്കലും ആ വെള്ളിവെളിച്ചം നമ്മുക്ക് ലഭ്യമല്ലെന്ന തിരിച്ചറിവ് പതിയെ ഉടലിലേക്ക് അരിച്ചിറങ്ങുന്നു.
ഏകദേശം രണ്ട് ദശാബ്ദങ്ങൾ ആയി ബ്ലോഗ്രാനാ നിറങ്ങൾ നമ്മളിൽ പടർന്നിട്ട്. എന്നും ആ നിറങ്ങൾ അണിഞ്ഞവരെ എല്ലാം നമ്മൾ ഹൃദ്യമായി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരുത്തൻ മാത്രം എന്നും വ്യത്യസ്തമായി നിന്നു. ഒരു നീളൻ മുടിക്കാരനായ ഒരു കൊച്ച് പയ്യൻ. മുഖത്ത് വ്യക്തമായ നിഷ്കളങ്കത. പക്ഷെ ആ നിഷ്കളങ്കത, റഫറിയുടെ വിസിൽ മുഴങ്ങുന്നത് വരെ മാത്രമേയുള്ളൂ. മത്സരം ആരംഭിച്ചാൽ അവനൊരു മഹാമേരുവാണ്. എതിരാളികളെ നിലംപരിശാക്കി അവൻ കടന്ന് പോകുന്നത് എന്നും കണ്ണ്മിഴിച്ചു തന്നെയാണ് കണ്ടിട്ടുള്ളത്. പതിയെ ബാഴ്‌സക്ക് ഒപ്പം അവനിലേക്കും നമ്മുടെ ആരാധന വളരുകയായിരുന്നു.
ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ആയി ബാഴ്‌സ ഉയർന്ന് വന്ന കാലഘട്ടത്തിൽ അവൻ തന്നെയായിരുന്നു നെടുംതൂൺ. എന്നും ടീമിന്റെ ഭാരം അവൻ ചുമലിലേറ്റി. ബാഴ്‌സയെ പോലെ ഒരു ടീമിന്റെ ഭാരം പക്ഷെ അവനെ തെല്ലോന്ന് പോലും ക്ഷീണിപ്പിച്ചില്ല. മറിച്ചു ബാഴ്‌സക്ക് വേണ്ടി അവൻ വർധിതമായ പോരാട്ട വീര്യത്തോടെ പോരാട്ടങ്ങൾക്ക് ഇറങ്ങി. യുദ്ധക്കളങ്ങളിൽ അവൻ ബാഴ്‌സക്ക് വേണ്ടി ചോര ചിന്തി. ടീമിനായി അവൻ ശരീരത്തിൽ ഏറ്റുവാങ്ങിയത് എണ്ണിയാൽ ഒടുങ്ങാത്ത ചവിട്ടുകൾ ആയിരുന്നു. പക്ഷെ ഒരു പീഡനങ്ങൾക്കും അവനെയോ, ബാഴ്‌സയെയൊ തടയാൻ കഴിഞ്ഞില്ല. എല്ലാ പീഡനങ്ങൾക്കും ഒടുവിൽ അവൻ ഗ്രൗണ്ടിൽ നിന്നും മുടന്തി പുറത്തേക്ക് നടക്കുമ്പോൾ, സ്കോർ ബോർഡിൽ തെളിഞ്ഞിരുന്നത് വലിയ മാർജിനിൽ ബാഴ്‌സയുടെ വിജയങ്ങൾ ആയിരുന്നു. ഒപ്പം നിരാശയിൽ നിൽക്കുന്ന എതിരാളികളും.
എന്നാൽ നമുക്കെല്ലാം മറക്കാനാകാത്ത ഒരു ആന്റിക്ലൈമാക്സ്‌ വേറെയുണ്ടായിരുന്നു. ബാഴ്‌സയുടെ മണ്ണിൽ ജനിച്ചില്ലെങ്കിലും, ഒരു വളർത്തുപുത്രനായി വന്ന്, ആ മണ്ണിൽ തന്നെ തന്റെ ജീവിതം ആടി തീർക്കാൻ കൊതിച്ച അവന് പക്ഷെ ബാഴ്‌സയുടെ കൊട്ടാരത്തിൽ നിന്നും കണ്ണീരോടെ ഇറങ്ങി നടക്കേണ്ടി വന്നു. ബാഴ്‌സയിൽ തുടരാൻ അവനും, നമ്മളും എല്ലാം ആഗ്രഹിച്ചിട്ടും, സാങ്കേതികതയുടെ നൂലാമലകൾക്ക് മുൻപിൽ മുട്ട് മടക്കി നമ്മളെല്ലാം അവന്റെ കണ്ണുനീർ കണ്ടു. വീട്ടിൽ നിന്നും സ്കൂളിൽ പോകാൻ മടിപിടിച്ചു കരയുന്ന ഒരു കൊച്ച് കുഞ്ഞിനെ അനുസ്മരിപ്പിക്കുമാറ് അവൻ പരീസിലേക്ക് പറിച്ചു നടപ്പെട്ടു.
ഒരുപക്ഷെ അവന്റെ കണ്ണുനീരിനു ദൈവം പിന്നീടാണ് മറുപടികൾ നൽകിയത്. ബാഴ്‌സയുടെ കൂടെ എല്ലാം നേടിയിട്ടും സ്വന്തം രാജ്യത്തിനായി ഒന്നും നേടാൻ കഴിയാത്തവൻ എന്ന പഴി അവൻ തീർക്കുന്നത് ഇനിയുള്ള കാലമാണ്. സ്പാനിഷ് ഫുട്ബാളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പരുക്കൻ കളി കളിക്കുന്ന ഫ്രഞ്ച് ലീഗിലെ പരിചയവും കൊണ്ടാണ് അവൻ 2022 ലോകകപ്പിന് ഖത്തറിന്റെ മണ്ണിലേക്ക് എത്തുന്നത്. അവിടെ ഇക്കാലമത്രയും തനിക്ക് നേരെ കൊഞ്ഞനം കുത്തിയവർക്ക്‌ നേരെ അവൻ അവസാനം ഉയർത്തിപ്പിടിച്ചത് ആ സുവർണ കപ്പ് തന്നെയായിരുന്നു. അതേ, അവൻ എന്നും ആഗ്രഹിച്ച ആ ലോകകപ്പ്. ഏതൊരു ഫുട്ബാൾ ആരാധകന്റെയും ജീവിതം ധന്യമായ നിമിഷം.
ഇന്ന് അവൻ അമേരിക്കയുടെ മണ്ണിലാണ്. ലോകത്ത് ഏത് ക്ലബ്ബും തന്നെ ക്ഷണിക്കും എന്ന് അറിഞ്ഞിട്ടും, യൂറോപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടങ്ങൾ എല്ലാം വേണ്ടെന്നു വച്ചു, കളിയാട്ടത്തിന്റെ അവസാന നാളുകളിൽ അമേരിക്കയിൽ കളിക്കണം, കുടുംബവും ഒത്തു ജീവിതം അൽപ്പം ആഘോഷഭരിതമാക്കണം എന്ന തന്റെ ആഗ്രഹം അവൻ അവിടെ നിറവേറ്റുകയാണ്. ഒരു സാധാരണക്കാരനായി ജീവിക്കുക, ഇടക്ക് ഫുട്ബാൾ കളിക്കുക. അത് മാത്രമായി അവൻ ഒതുങ്ങി ജീവിക്കുന്നു. ഫുട്ബാൾ ലോകം അടക്കി ഭരിച്ച അവൻ ഇന്ന് ഒട്ടേറെ കൊതിച്ച സാധാരണക്കാരന്റെ ജീവിതം ആസ്വദിക്കുന്നു. ഒരു പരിപൂർണ്ണമായ ജീവിതം..
Enjoy the life Leo Messi. You deserve it.
Happy Birthday !
  • SHARE :