• Follow

പൗളീന്യോ മുണ്ടോ ഡെപ്പോർട്ടിവോക്കു നൽകിയ ആഭിമുഖം.

  • Posted On December 21, 2017

നിങ്ങൾ ഇവിടെ എത്തിച്ചേർന്ന നിമിഷം മുതൽ, നിങ്ങൾ വിമർശനങ്ങളെയൊന്നും കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കി. ഫീൽഡിൽ നിങ്ങളുടെ കളി കാണിക്കുമെന്ന് നിങ്ങൾ പറഞ്ഞു. പക്ഷേ അത് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ?

“ഇവിടെ എത്തുന്നതിനു മുമ്പ് എന്റെ നേരെയുള്ള വിമർശനങ്ങളെക്കുറിച്ച് അറിയാമായിരുന്നു.

ഞാൻ സന്തോഷവാനാണ്, എന്റെ ടീമിനെ സഹായിക്കാൻ ഞാൻ ശ്രമിക്കാറുണ്ടെങ്കിലും, ഇത്രയും ചെറിയ സമയം കൊണ്ട് എനിക്ക് ഇണങ്ങിച്ചേരാൻ കഴിയുമെന്ന് കരുതിയില്ല. എന്റെ ടീം അംഗങ്ങൾ എനിക്ക് ഒരുപാട് പിന്തുണ നൽകി. ഞങ്ങൾ ഈ രീതിയിൽ തുടരുകയും തുടർന്നും വളരുകയും ആണ് വേണ്ടത്.”

വർഷങ്ങളായി നിങ്ങൾ ഇവിടെയായിരുന്നതുപോലെ തോന്നുന്നു. ഇതിന്റെ രഹസ്യം എന്താണ്?

“നാലാംമാസം മുമ്പ് ഞാൻ വന്നത് മുതൽ എന്റെ കുടുംബവും, എല്ലാ കളിക്കാരും എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷേ ഞാൻ പ്രത്യേകിച്ച് മൂന്ന് പേരോട് സംസാരിച്ചു: ലിയോ, സുവാരെസ്, ബുസ്കെറ്റ്സ്.”

ബാഴ്സയുടെ വഴി നന്നായി മനസ്സിലാക്കാൻ എന്നെ സഹായിച്ചവർ ഇവരാണ്. ഒന്നോ രണ്ടോ വർഷമായി ഞാൻ ഇവിടെ ഉണ്ടായിരുന്നു എന്ന് ആളുകൾ ചിന്തിച്ചുവെന്നത് എന്റെ ജോലി നന്നായി ചെയ്യുന്നതിന്റെ ഒരു സൂചനയാണ് “.

നിങ്ങൾ മെസ്സിയെക്കുറിച്ച് സംസാരിച്ചു. നിങ്ങൾ തമ്മിൽ ഫീൽഡിൽ ഒരു പ്രത്യേക ബന്ധമുണ്ട്.

“അദ്ദേഹത്തിന്റെ കളി ഞാൻ നന്നായി നിരീക്ഷിക്കാറുണ്ട്. അദ്ദേഹം ഗ്രൗണ്ടിന്റെ ഒരു വശത്തേക്ക് നീങ്ങുമ്പോൾ ഞാൻ മറ്റൊരു വശത്തേക്ക് പോകുന്നു, ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കുന്നു.”

നിങ്ങൾ ഒരുപാട് മിനിറ്റുകൾ കളിക്കാനും അനവധി മത്സരങ്ങളിൽ സ്റ്റാർട്ടർ ആവാനും മാത്രമല്ല, ആറ് ഗോളടികളുള്ള ടീമിന്റെ ടോപ്പ് സ്കോറർമാരിൽ ഒരാളാവാനും കഴിഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നോ?

“എല്ലാം ഇതുപോലെയായിരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ലക്ഷ്യങ്ങൾ നേടാനുള്ള ഒരു ശീലം എനിക്കുണ്ട്.”

“ബ്രസീലിലും ചൈനയിലും ഞാൻ അത് ചെയ്തു. പക്ഷെ അത് എന്റെ ലക്ഷ്യമല്ല. എന്റെ ടീമിനെയും ടീംമേറ്റുകളെയും ടൈറ്റിലുകൾ നേടാൻ സഹായിക്കുകയാണ് എന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി. ഞാൻ ലോകത്തെ ഏറ്റവും വലിയ ടീമുകളിൽ ഒന്നിന്റെ ജഴ്സി ധരിക്കുന്നു. എനിക്ക് ടൈറ്റിലുകൾ നേടണം.”

“ടോട്ടൻഹാമൊഴികെ, ഞാൻ കളികച്ചിരുന്ന എല്ലാ ക്ലബ്ബുകൾക്കും ടൈറ്റിലുകൾ കിട്ടി. ഞാൻ സന്തോഷവാനാണ്. ഇവിടെയും അങ്ങനെയാവുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.”

നിങ്ങളുടെ ലീഗിലെ തുടക്കം ഗംഭീരമാണല്ലോ. അജയ്യർ ആയി തന്നെ ഒന്നാം സ്ഥാനത്തു നില്കുന്നു. ടീമിൽ നിന്ന് ഇനി എന്തൊക്കെ പ്രതീക്ഷിക്കാം?

“എന്റെ ജീവിതത്തിനും കരിയറിനും ഞാൻ ക്ലബിനോട് കടപ്പെട്ടിരിക്കുന്നു. ഇനിയുള്ള മത്സരങ്ങളിലും ഏകാഗ്രതയോടെ മുന്നേറി ട്രോഫികൾ നേടി ഈ കടപ്പാട് നികത്തേണ്ടതുണ്ട്.”

ഏണസ്റ്റോ വാൽവെർദെയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?

“എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു വലിയ മനുഷ്യനാണ്, ഇവിടെ ഞാൻ വന്നതു മുതൽ അദ്ദേഹം എന്നോടൊത്ത് സംസാരിക്കാറുണ്ട്. അങ്ങനെ ഞങ്ങൾ കളിക്കുന്ന രീതി വേഗം മനസ്സിലാക്കാൻ കഴിയുന്നുണ്ട്.”

“കളികൾക്കു ശേഷം, എന്റെ എന്തെങ്കിലും പിഴവുകൾ തിരുത്താനുണ്ടെങ്കിൽ അദ്ദേഹം എന്നോട് സംസാരിക്കും. അദ്ദേഹത്തോട് തുടർന്നും ആ ബന്ധം ഞാൻ കാത്തു സൂക്ഷിക്കും. ടീമിനെ ഉയരങ്ങളിൽ എത്തിക്കാനുള്ള നേതൃപാടവവും അദ്ദേഹം തെളിയിച്ചതാണ്.”

ടൈറ്റിലുകൾ നേടുന്നതിന് കൂട്ടീന്യോയുടെ സൈനിങ് സഹായിക്കുമോ?

“ഈ ചോദ്യത്തിന് ഞാൻ പല തവണ മറുപടി പറഞ്ഞിട്ടുണ്ട്. ആളുകൾ എപ്പോഴും ബാഴ്‌സയിൽ മികച്ച കളിക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്കിവിടെ ശക്തമായ ഒരു കൂട്ടം മികച്ച കളിക്കാരുണ്ട്. കൂട്ടീന്യോ ഇല്ലാതെ തന്നെ ഞങ്ങൾ മികച്ച രീതിയിൽ ആണ് പോകുന്നത്.”

ബ്രസീൽ ടീമിൽ ഒരു വ്യത്യാസം സൃഷ്ടിക്കാൻ കെല്പുള്ള കളിക്കാരൻ ആണ് കൂട്ടീന്യോ. ചെറുപ്രായത്തിലേ നല്ല യൂറോപ്യൻ അനുഭവസമ്പത്തുള്ളയാൾ. അദ്ദേഹത്തെ ടീമിലെത്തിക്കാൻ കഴിഞ്ഞാൽ അത് മികച്ചൊരു സൈനിങ്‌ ആയിരിക്കും. മറ്റൊരു ബ്രസീലിയൻ കൂടെ ടീമിൽ ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്.”

നിങ്ങളുടെ സൈനിങ്‌ എളുപ്പം ആയിരുന്നില്ല. വിമർശനങ്ങൾ മാത്രമല്ല, 40 മില്ല്യൺ യൂറോയിൽ കുറയാത്ത തുകക്ക് കരാറിലെത്താൻ ഗ്വാംഗ്ഷോ ആഗ്രഹിച്ചിരുന്നില്ല.ആ സാഹചര്യത്തിൽ നിങ്ങൾ എത്രത്തോളം ബുദ്ധിമുട്ട് അനുഭവിച്ചു?

“ഞാൻ എപ്പോഴും വാക്ക് പാലിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ്. ആ ട്രാൻസ്ഫർ ഗ്വാംഗ്ഷോയെ ആശ്രയിച്ചു മാത്രമേ നടക്കൂ എന്ന് എനിക്ക് ബോധ്യമായിരുന്നു.

“വളരെ വിഷമകരവും സങ്കീർണ്ണവുമായ ഒരു മാസമായിരുന്നു അത്. എനിക്ക് അതിയായ ആകുലതയുണ്ടായിരുന്നു. ഒടുവിൽ ബാഴ്‌സ ഒരു കരാറിലെത്തി, ഗുവാങ്‌ഷോയുടെ വാതിൽ തുറന്നു ഞാൻ വിടപറഞ്ഞു. അവരോടു ഞാൻ വളരെ കൃതാർത്ഥനാണ്.”

നാലു മാസത്തിനു ശേഷം ചിന്തിക്കുമ്പോൾ, ഇവിടം നിങ്ങളുടെ സങ്കല്പത്തിലുള്ള ബാഴ്സലോണയാണോ?

“വളരെ വ്യത്യസ്തമാണ്. നിങ്ങൾ ഇവിടെ എത്തുന്നത് വരെ ഇവിടുത്തെ പരിശീലന കേന്ദ്രം, ചുറ്റുപാടുകൾ എന്നിവ എങ്ങനെ ആയിരിക്കുമെന്ന് നിങ്ങൾ ചിന്തിക്കുന്നു.

ബാഴ്സ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്ന് മാത്രമല്ല, ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലുതാണെന്ന് എന്റെ കുടുംബത്തോട് ഞാൻ പറയും.”

നിങ്ങളെ ഏറ്റവും അതിശയപ്പെടുത്തിയത് എന്താണ്?

“പരിശീലനങ്ങൾ. ആരാധകർ മത്സരങ്ങളിൽ നടക്കുന്നത് മാത്രമാണ് കാണുന്നത്. ബാഴ്‌സ പരിശീലനത്തിൽ പുലർത്തുന്ന ഉന്നത നിലവാരം വിവരിക്കാനാവാത്തതാണ്. ഇവിടുത്തെ പരിശീലനത്തിന്റെ ഗുണമേന്മ എത്രത്തോളമെന്ന് എന്റെ കൂട്ടുകാർ എന്നോടു ചോദിക്കാറുണ്ട്. അവരോടു നിങ്ങൾക്ക് സങ്കല്പിക്കാനാകുന്നതിലും അപ്പുറം എന്നാണ് ഞാൻ പറയുക.

കാഴ്ചയിൽ ഇത് എളുപ്പം ആണെന്ന് തോന്നിയേക്കാം. പക്ഷേ അങ്ങനെയല്ല. ബാഴ്സയിൽ കളിക്കുന്നതിന് നിങ്ങൾക്ക് ചില ഗുണങ്ങൾ അനിവാര്യമാണ്.”

©Penyadel Barca Kerala

  • SHARE :