പരിക്കിന്റെ വെല്ലുവിളി മറികടക്കാൻ അലെക്സ്
അലെക്സ് വിദാൽ പരിക്ക് മൂലം കളിക്കളത്തിനു പുറത്ത് പോയിട്ട് രണ്ട് മാസമാകുന്നു. ഡിപൊർട്ടിവൊ അലാവസുമായുള്ള ബാഴ്സ മൽസരത്തിലെ ഏക കരട് മികച്ച ഫോമിൽ കളിച്ചിരുന്ന അലെക്സ് വിദാലിന്റെ പരിക്ക് ആയിരുന്നു. സീസണിൽ ബാഴ്സ കളിച്ച ഏറ്റവും മികച്ച മൽസരങ്ങളിലൊന്നിന്റെ അവസാന മിനിറ്റുകളിലായിരുന്നു നിർഭാഗ്യകരമായി അലെക്സ് പുറത്തായത്. അലാവസ് മൽസരത്തിൽ നേടിയ അസിസ്റ്റിനു പുറമേ രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റും നേടി ആദ്യ ഇലവനിൽ സ്ഥിരംസ്ഥാനം ഉന്നയിച്ച പ്രകടനമായിരുന്നു അലെക്സ് കാഴ്ച്ച വച്ചിരുന്നത്.
അഞ്ച് മാസത്തോളം പുറത്തിരിക്കാനുള്ള വൈദ്യ നിർണ്ണയത്തിനു ശേഷം പരിക്കിൽ നിന്ന് മുക്തി നേടാനുള്ള ശ്രമങ്ങൾ നന്നായി പുരോഗമിക്കുകയാണ്. ഇപ്പോൾ ജിമ്മിലും ക്യാമ്പ് നൂവിൽ ട്രെയ്നിംഗ് ഗ്രൗണ്ടിൽ മണലിലും പരിശീലനം നടത്തുകയാണ് അലെക്സ്.
പരിക്കിന്റെ പിടിയിൽ നില്ക്കുമ്പോൾ തന്നെ അലെക്സിനെ ടീമിനോട് ചേർത്ത് നിർത്തുന്ന കോച്ച് ലൂയിസ് എന്രികെയുടെ നടപടിയും ശ്ലാഘനീയമാണ്. ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ ടൂറിനിലേക്ക് പോയ ടീമിനൊപ്പം അലെക്സും യാത്ര ചെയ്തിരുന്നു. വേഗത്തിൽ പരിക്കിനെ മറികടക്കാൻ അലെക്സിനു മാനസിക ബലം നൽകുന്നതിൽ ഈ നടപടികൾ നിർണായകമാകും.