നീലപെൺകുട്ടിയുടെ കഥ
വനിതാ ദിനത്തോട് അനുബന്ധിച്ചു കൂളെസ് ഓഫ് കേരളയുടെ ഫേസ്ബുക് ഗ്രുപ്പിൽ നടന്ന എഴുത്ത് മത്സരത്തിൽ മുജി എഴുതിയ, ഒന്നാം സമ്മാനത്തിന് അർഹമായ ലേഖനം.
*********
ചുവപ്പും വെള്ളയും പച്ചയും കലർന്ന ത്രിവർണ്ണ പതാക കൈയ്യിലേന്തിയ ആയിരക്കണക്കിന് സ്ത്രീകൾ കമ്പോഡിയക്കെതിരെ തങ്ങളുടെ രാജ്യത്തിന് വേണ്ടി കയ്യടിക്കുന്ന കാഴ്ച കാണുമ്പോൾ , കുറഞ്ഞത് ഒരു പതിറ്റാണ്ടിനിടക്കെങ്കിലും ഏറ്റവും ഭംഗിയുള്ള , മനസ്സ് നിറച്ച ഫുട്ബോൾ കാഴ്ച്ചയായി അത് മാറുന്നത് എന്ത് കൊണ്ടാവാം?
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പുൽമൈതാനങ്ങളിലെ ഇരിപ്പിടങ്ങളിൽ നിന്ന് കേട്ടതിനേക്കാൾ മനോഹരമായ സ്ത്രീശബ്ദം , ടെഹ്രാനിലെ 80000 കപ്പാസിറ്റിയുള്ള ആസാദി സ്റ്റേഡിയത്തിന്റെ അങ്ങിങ്ങായി മുഴങ്ങുന്ന ഇറാനിയൻ ആർപ്പുവിളികളാവുന്നതെന്ത് കൊണ്ടാവാം..?
അൽപം പുറകോട്ട് പോവാം.
1990 ലാണ് ഇറാനിലെ കിയർ പ്രവിശ്യയിലെ സാം എന്ന പ്രദേശത്ത് സാധാരണ കുടുംബത്തിൽ രണ്ട് പെണ്മക്കളിലൊരുവളായി അവൾ ജനിക്കുന്നത്. അവൾക്കവർ സാഹർ ഖൊദയാരി എന്ന് പേരിട്ടു. പഠനത്തിൽ മിഠുക്കിയായ കൊച്ചു സാഹറിൽ പക്ഷെ മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയ കാര്യം ഫുട്ബോളിനോടുള്ള അതിയായ കമ്പമായിരുന്നു. (യാഥാസ്തിക കുടുംബത്തിൽ അതും ഇറാൻ പോലൊരു മതാധിഷ്ഠിത രാജ്യത്ത് പെൺകുട്ടികളുടെ ഫുട്ബോൾ കമ്പത്തിനെന്ത് പ്രസക്തി! അവളുടെ കമ്പം കമ്പമായിത്തന്നെ അവശേഷിച്ചു.). സാഹറിന്റെ ഹൈസ്കൂൾ പഠനകാലത്ത് അവർ തലസ്ഥാന നഗരത്തിലേക്ക് താമസം മാറി. ടെഹ്‌റാൻ സാഹറിന് വെറുമൊരു നഗരം മാത്രമായിരുന്നില്ല. തന്റെ പ്രാണതുല്യമായ എസ്തഗാൾ എഫ്സി എന്ന ഫുട്ബോൾ ക്ലബ്ബിന്റെ മണ്ണ് കൂടിയായിരുന്നു. മൈതാനത്ത് അവരുടെ 22 കാലുകൾ പന്ത് തട്ടുമ്പോൾ , ഗ്യാലറിയിൽ ആയിരക്കണക്കിന് കാണികളിൽ ഒരാളായി, അത്ഭുതമൂറുന്ന കണ്ണുകളോടെ സർവ്വം മറന്ന് ആർത്ത് വിളിക്കാനുള്ള കൊതി അവളുടെ മനസ്സിൽ പൂവിട്ടു. പക്ഷേ, സ്ത്രീകൾ സ്റ്റേഡിയത്തിൽ പ്രവേശിച്ചു കൂടെന്ന ഇറാൻ നിയമം അവൾക്ക് വിലങ്ങുതടിയായി.. മതാന്ധതയുടെ കറുത്തകരങ്ങൾ അവളുടെ കൊതിയുടെ പൂവിന്റെ തണ്ടൊടിച്ചു.
സാഹറിന് തന്റെ സ്വപ്നം ഉപേക്ഷിക്കാൻ പറ്റുമായിരുന്നില്ല.. സ്വാതന്ത്രത്തിന്റെ മേൽ തീർത്ത മതത്തിന്റെ മുള്ളുവേലി താൻ തകർക്കുമെന്ന് തന്നെയവൾ തീരുമാനിച്ചു. അങ്ങനെ അത് സംഭവിച്ചു. 2019 മാർച്ചിലായിരുന്നു, ഇറാനേയും ഫുട്ബോൾ ലോകത്തെ ഒന്നാകെയും പിടിച്ചുകുലുക്കിയ സംഭവത്തിന്റെ തുടക്കം. ഇസ്തിഗാൾ എഫ് സിയും അൽ ഐൻ എഫ്സിയും തമ്മിലുള്ള ഫുട്ബോൾ മൽസരം കാണാൻ പുരുഷ വേഷം കെട്ടി സാഹർ ആസാദിസ്റ്റേഡിയത്തിൽ കടന്നു. സെക്യൂറ്റിറ്റി ഗാർഡുകൾ പക്ഷേ അവളെ പിടികൂടി. ജാമ്യം പോലും നൽകാതെ 3 ദിവസം ഇരുട്ടുനിറഞ്ഞ കുടുസ്സുമുറിയിലിട്ടു. 2019 സെപ്റ്റംബർ 2 ന് “ഗുരുതര കുറ്റത്തിന് ” 6 മാസം തടവ് ശിക്ഷ വിധിച്ചു..! 21 ആം നൂറ്റാണ്ട് ആണ്. വർഷം 2019 ആണ്. സ്ത്രീ സമത്വങ്ങൾക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന, അവകാശ സംരക്ഷണത്തിന് തിസീസുകളെഴുതുന്ന, ഭരണപ്രക്രിയയിൽ സ്ത്രീ പ്രാധിനിത്യം അരക്കിട്ടുറപ്പിക്കുന്ന ഈ കാലത്ത്, മുഴുവൻ ലോകത്തോടും കൊഞ്ഞനം കുത്തി ഇറാൻ കോടതി സ്റ്റേഡിയത്തിൽ കടന്നെന്ന് കണ്ട് ഒരു പെണ്ണിന് തടവ് ശിക്ഷ വിധിച്ചിരിക്കുന്നു.!
അപമാനവും സങ്കടവും ജയിലറയിലെ ഭീകരതയുടെ ആശങ്കകളും സാഹറിനെ ഉലച്ചു. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ അവൾ ശരീരത്തിൽ ഒരു കാൻ പെട്രോളൊഴിച്ച് കോടതി മുറ്റത്ത് വെച്ച് തീകൊളുത്തി ! 6 ദിവസം മരണശയ്യയിൽ കിടന്ന് ഏഴാം നാൾ അവൾ വിലക്കുകളില്ലാത്ത ലോകത്തേക്ക് യാത്രയായി.
പലതിനും പകരം പന്തിനെ സ്നേഹിച്ച പെണ്ണിന് ഇറാൻ നൽകിയത് 30ആം വയസ്സിലെ മരണമായിരുന്നു.
സാഹറിന്റെ മരണത്തോടെ ഇറാൻ കത്താൻ തുടങ്ങി. പ്രതിഷേധക്കാർ തെരുവിലിറങ്ങി. എങ്ങും മുദ്രാവാക്ക്യങ്ങൾ മുഴങ്ങി. അതിലൊന്ന് ഇറാൻ പുരുഷ ദേശീയ ടീം ക്യാപ്റ്റ്ന്റെ ചേച്ചി നയിക്കുന്ന പ്രതിഷേധക്കാർ മുഴക്കിയ “ലെറ്റ് അസ് ഫ്രീ” (ഞങ്ങളെ സ്വതന്ത്രരാക്കൂ) എന്നതായിരുന്നു. 1850 ലെ അമേരിക്കൻ ഫെമിനിസ്റ്റായ സൊജോണർ ട്രൂത്തിന്റെ “Ain’t I A Women” പോലെ ചെറുതും കണ്ണ് തുറപ്പിക്കുന്നതുമായ ഒന്ന്. ഒരു സ്വതന്ത്ര രാജ്യത്തെ തെരുവുകളിൽ സ്ത്രീകൾ സ്വാതന്ത്രത്തിന് വേണ്ടി സമരം ചെയ്യുമ്പോൾ ലോകത്തിന് കേൾക്കാതിരിക്കാനായില്ല. ലോക മാധ്യമങ്ങൾ ഉണർന്നു. സോഷ്യൽ മീഡിയയിൽ ചൂടു പിടിച്ച ചർച്ചകളും ക്യാമ്പയിനുകളും നടന്നു. അതിന് , നീല ജഴ്സിയിട്ട എസ്തഗാൾ ക്ലബ്ബിനെ പ്രണയിച്ച് അതിന് വേണ്ടി ജീവൻ നൽകിയ സാഹറിന് വേണ്ടി അവർ ബ്ലൂ ഗേൾ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചു. അവസാനം ഫിഫ ഇടപെട്ടു. സ്ത്രീകൾക്കുള്ള സ്റ്റേഡിയം വിലക്ക് മാറ്റിയില്ലെങ്കിൽ ഇറാനെ സകലമാന ഫുട്ബോൾ മൽസരങളിൽ നിന്നും വിലക്കുമെന്ന് താക്കീത് നൽകി. ഗത്യന്തരമില്ലാതെ ഇറാൻ 40 വർഷത്തെ ചീഞ്ഞളിഞ നിയമം തിരുത്താൻ തയ്യാറായി.
2019 ഒക്ടോബർ മാസം 10ആം തിയതി കമ്പോഡിയക്കെതിരെ ഇറങ്ങിയ ഇറാൻ ദേശീയ ടീമിന് വേണ്ടി 40 വർഷങ്ങൾക്കിപ്പുറം ഇറാൻ സ്ത്രീകൾ ആർത്തുവിളിച്ചു. അനുവദിക്കപ്പെട്ട നിശ്ചിത എണ്ണം മാത്രമേയൊള്ളൂ എങ്കിലും അതൊരു ചുവടുവെപായിരുന്നു. മതാധിഷ്ഠിത ഭരണകൂടങൾ വിലക്കിടുന്ന പൗരാവകാശ-സ്വാതന്ത്രം നേടിയെടുത്ത ആനന്ദലബ്ധിയിൽ ആ 3500 സ്ത്രീകൾ ദേശീയ പതാക വീശി ഇറാന് വേണ്ടി കയ്യടിച്ചു, എരിതീയിൽ അമർന്ന സാഹറിന് വേണ്ടിയവർ കണ്ണ് നനച്ചു.
ഇറാൻ ഏകപക്ഷീയമായി ജയിച്ച മൽസരത്തിൽ, 14-0 എന്ന് കറുപ്പിൽ വെള്ള കൊണ്ടെഴുതിയ സ്കോർബോർഡിനേക്കാൾ, കണ്ണിലുടക്കിയതും നെഞ്ചിൽ കൊണ്ടതും ബ്ലൂ ഗേൾ എന്നെഴുതിയ പ്ലക്കാർഡുകളാണ്. അത് കണ്ട് അങ്ങേതോ ലോകത്തിരുന്ന് സാഹർ ചിരിതൂകുന്നുണ്ടാകണം. തന്റെ ജനതക്ക് സ്വാതന്ത്രത്തിന്റെ വെളിച്ചം കാണിക്കാൻ തന്റെ മരണം കാരണമായെന്നറിഞ്ഞതിൽ അവൾ അഭിമാനിക്കുന്നുണ്ടാകണം.
മിയ ഹമ്മും മാർത്തയും ഇപോൾ മേഗനും വ്യക്തിമുദ്ര പതിപ്പിച്ച ഫുട്ബോളിൽ, കുറഞ്ഞത് ഇറാനിലെങ്കിലും സാഹർ കോദയാരി എന്ന പേരും ബ്ലൂ ഗേൾ എന്ന പദവും ചിരകാലസ്മരണ അർഹിക്കുന്നതാണ്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരാളെന്ന നിലക്ക്, സ്ത്രീസ്വാതന്ത്രത്തിലും മനുഷ്യാന്തസ്സിലും ഉറച്ച നിലപാടുള്ള ആളെന്ന നിലക്ക് , സ്മൃതികോശങ്ങൾ നരക്കുമ്പോൾ കാൽപന്തുകളിയുമായി ബന്ധപ്പെട്ട പേരുകളിൽ ഞാൻ അവസാനം മറക്കുന്ന പേരുകളിലൊന്ന് സാഹർ കോദയാരിയുടെയാവും.! ഇഷ്ടടീമിന്റ കളി കാണാൻ സ്റ്റേഡിയത്തിൽ കടന്നതിന് സ്വന്തം ജീവൻ ബലി നൽകിയ ആ “നീലപെൺകുട്ടി” അതർഹിക്കുന്നുമുണ്ട്.!
#Equal_game.
Mujie vmr.
©www.culesofkerala.com