നഷ്ടപ്പെടുന്ന ബാല്യങ്ങളെ തിരിച്ച് പിടിക്കാൻ എഫ്. സി. ബാഴ്സലോണ
ലോകത്താകമാനം ഉള്ള കുട്ടികളുടെ സംരക്ഷണത്തിനായി ബാഴ്സലോണ വീണ്ടും ഒരു ചുവട് കൂടി വയ്ക്കുന്നു. ഇത്തവണ കൊളമ്പിയയിലെ വിദ്യാഭ്യാസ ഉദ്ധരണ പ്രവർത്തനങ്ങൾക്ക് തണലാകുകയാണ് എഫ്. സി. ബാഴ്സലോണ ഫൗണ്ടേഷൻ.
കൊളമ്പിയയിലെ ബാരങ്ക്വിലയിൽ സ്കൂൾ നിർമിക്കുന്ന ജോലികളും മറ്റ് പിന്നണി പ്രവർത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞു. ലാ കായിഷ ഫൗണ്ടേഷനൊപ്പം ചേർന്നാണ് ഈ പ്രവർത്തനം. ഇതിലേക്ക് അവരെ നയിച്ചതാകട്ടെ , പ്രശ്സ്ത ഗായികയായ ബാഴ്സലോണ ഡിഫൻഡർ പിക്വെയുടെ പത്നി ഷകിറയും. ഷകിറയുടെ ‘ ബെയർഫൂട്ട് ഫൗണ്ടേഷൻ ‘ ആണ് ഇവിടെ ഇങ്ങനെയൊരു പദ്ധതി മുന്നോട്ട് വച്ചത്.
” ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എക്കാലവും മികച്ച മാതൃകയാണ് ബാഴ്സലോണ. ഇത്രമാത്രം പദ്ധതികൾ , അതും ലോകമെമ്പാടും ഉള്ള കുഞ്ഞുങ്ങൾക്കായി ചെയ്യുന്ന സ്പോർട്ട്സ് ക്ലബുകൾ ഉണ്ടോയെന്ന് തന്നെ സംശയമാണ്. നാം ജീവിക്കുന്ന ആധുനിക ലോകത്തിൽ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായി പണം ചിലവഴിക്കുന്നതാണ് നല്ല തീരുമാനം. ദാരിദ്ര്യത്തെ തുടച്ച് നീക്കാനുള്ള ഫലപ്രദമായ വഴിയും ഇത് തന്നെ. ” ബാഴ്സലോണ അധികൃതരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബാഴ്സലോണ മാദ്ധ്യമങ്ങളോട് ഷകിറ ഇങ്ങനെ പ്രതികരിച്ചു.