◀മാച്ച് റിവ്യൂ▶ ദി എൽ ക്ലാസിക്കോ ★ റയൽ മാഡ്രിഡ് 0 – 3 എഫ്. സി ബാഴ്‌സലോണ ★
കോപ ഡെൽ റേ സെമി ഫൈനൽ: അഗ്രിഗേറ്റ് (1 – 4 )
ബാഴ്‌സലോണ കോപ ഡെൽ റേ ഫൈനലിലേക്ക് തുടർച്ചയായ ആറാം തവണയും യോഗ്യത നേടിയിരിക്കുന്നു ☻
സാന്റിയാഗോ ബെർണബു – റയൽ മാഡ്രിഡിന്റെ സ്വന്തം വീട്, ഇന്നലെ കൂടുതൽ വെളുത്തിരുന്നു. വെള്ള ജേഴ്‌സികളും കൊടിതോരണങ്ങളുമായി വന്നെത്തിയ മാഡ്രിഡ് ആരാധകരെ കൊണ്ട് നിറഞ്ഞ ബെർണബു സ്റ്റേഡിയം ഒരു വിസ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലായിരുന്നു. അവരുടെ പ്രതീക്ഷകളെ ശരിവച്ചുകൊണ്ട് മിന്നുന്ന പ്രകടനം മാഡ്രിഡ് നടത്തിയപ്പോൾ സ്റ്റേഡിയം ആരവങ്ങളിൽ മുഴങ്ങി. ഇഞ്ചുകളുടെ വ്യതാസത്തിൽ പലകുറി ബാഴ്‌സ രക്ഷപ്പെട്ടപ്പോൾ നമ്മൾ നെടുവീർപ്പിട്ടു. ഒരു പക്ഷെ മാഡ്രിഡ് അനായേസേന ഈ മത്സരം കൈകളിലാക്കും എന്ന് തോന്നിത്തുടങ്ങിയ നിമിഷങ്ങളിലാണ് അയാൾ തന്റെ വിശ്വരൂപം പുറത്തെടുത്തത്. ബാഴ്‌സയിൽ വന്ന കാലം മുതൽ മാഡ്രിഡിനെതിരെ മികവുറ്റ പ്രകടനം നടത്തുന്ന അയാൾ രൗദ്രഭാവത്തോടെ അവതരിച്ചപ്പോൾ മാഡ്രിഡ് ഞെട്ടി. അതുവരെ മത്സരത്തിൽ സർവ്വാധിപത്യം നിലനിർത്തിയ മാഡ്രിഡിനെതിരെ അയാൾ ഗർജ്ജിച്ചു. മൂന്നേ മൂന്ന് നീക്കങ്ങൾ, മൂന്ന് നിമിഷങ്ങൾ, മൂന്ന് ഗോളുകൾ. ആഹ്ലാദാരവത്തോടെ ബെർണബുവിലെ പുൽത്തകിടിയിലേക്ക് ഇരമ്പിവന്ന അയാളുടെ ജേഴ്‌സിയുടെ പുറകിൽ ഒൻപതാം നമ്പറിന് മുകളിൽ അയാളുടെ പേരും ഉണ്ടായിരുന്നു. ” ലൂയിസ് സുവാരസ് ” – അകാ എൽ പിസ്റ്റലേറൊ… കോപ ഡെൽ റേ സെമി ഫൈനൽ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ച ബാഴ്‌സ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നു.തുടർച്ചയായ ആറാം ഫൈനൽ പ്രവേശം.
ഇരു ടീമുകൾക്കും തുല്യ സാധ്യതയായിരുന്നു ഇന്നലെ. റയൽ മാഡ്രിഡിന് ആദ്യ പാദ മത്സരത്തിലെ എവേ ഗോൾ അനുഗ്രഹമായിരുന്നെങ്കിൽ, സമീപകാല ബെർണബു ക്ലാസിക്കൊകളിൽ എല്ലാം ഗോൾ നേടാൻ കഴിഞ്ഞിട്ടുണ്ട് എന്ന ആത്മവിശ്വാസത്തോടെയാണ് ബാഴ്‌സയും വന്നത്. ഏത് ടൂർണ്ണമെന്റ് ആണെങ്കിലും വിജയത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലാത്ത ബാഴ്‌സ ഇന്നലത്തെ മത്സരത്തിനും ഒരുങ്ങി തന്നെയാണ് വന്നത്. മികവുറ്റ ആദ്യ ഇലവനെ ഇറക്കാൻ ബാഴ്‌സ ശ്രമിച്ചു. മുൻനിരയിൽ മെസ്സി സുവാരസ് ടെമ്പേലെ ത്രയം തന്നെ വന്നു. സുവാരസിന്റെ ഫോമിൽ ആശങ്കയുണ്ടായിരുന്നെങ്കിലും മാഡ്രിഡിനെതിരെ എന്നും അദ്ദേഹം കാഴ്ചവെക്കുന്ന മികവിൽ നമ്മൾ പ്രതീക്ഷ അർപ്പിച്ചു. മെസ്സിയുടെ കഴിഞ്ഞ ആഴ്ചയിലെ പ്രകടനത്തിന്റെ ഹാങ്ങോവർ ഇതുവരെ നമ്മിൽ നിന്നും വിട്ടുപോയിട്ടില്ല. ടെമ്പേലെയാണെങ്കിൽ പരിക്കിൽ നിന്നും തിരികെവന്നതിനു ശേഷം പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. എങ്കിലും നിലവിൽ ലഭ്യമായതിൽ വച്ച് ഏറ്റവും ശക്തമായ മുന്നേറ്റം ഇത് തന്നെയാണ്. മധ്യനിരയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. ക്ലാസിക്കോ സ്‌പെഷലിസ്റ്റ് ആയ റോബർട്ടോ, മധ്യനിരയുടെ നെടുതൂണുകളായ ബുസിയും റാക്കിയും ചേർന്ന നല്ല ഒരു മധ്യനിരയാണ് ഇന്നലെ തയ്യാറാക്കിയത്. പരിക്കിൽ നിന്നും മോചിതനായി തിരികെയെത്തിയ ആർതുർ സബ്സ്റ്റിട്യൂട്ട് ലിസ്റ്റിൽ ഇടം പിടിച്ചു എന്നത് ആശ്വാസമായി. പിന്നിരയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. ആൽബ, ലെങ്ലെ, പീക്കെ, സെമെഡോ എന്ന പിൻനിരക്ക് കാവലാളായി ടെർ സ്റ്റീഗൻ എത്തി. പരിക്കിൽ നിന്നും മുക്തനായി തിരികെയെത്തിയ കോപയിലെ സ്ഥിരം കീപ്പർ ജാസ്പർ സില്ലിസൺ ടീമിൽ ഇടം പിടിച്ചെങ്കിലും മത്സരത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു സ്റ്റീഗനെ തന്നെ ഇറക്കി.
ബാഴ്‌സയുടെ ടച്ചോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഏതാനും നിമിഷങ്ങൾ ഇരു ടീമുകളും കരുതലോടെ മാത്രമാണ് പന്തിൽ തൊട്ടത്. ആരും കാര്യമായ ആക്രമണങ്ങൾക്ക് മുതിർന്നില്ല. പക്ഷെ മത്സരത്തിന്റെ മട്ടും ഭാവവും മാറാൻ കേവലം നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. മധ്യനിരയിലെ ബാഴ്‌സയുടെ അസ്ഥിരത മുതലെടുത്തു റയൽ ആക്രമണങ്ങൾ ആരംഭിച്ചു. മാഡ്രിഡിന് വേണ്ടി ഇടതുവിങ്ങിൽ ഇറങ്ങിയ വിനീഷ്യസ് ജൂനിയറും സെർജിയോ റെഗുലോണും മുന്നേറ്റത്തിൽ കരിം ബെൻസിമയും ചേർന്ന് മാഡ്രിഡിന് വേണ്ടി ഇടതടവില്ലാതെ ആക്രമണങ്ങൾ മെനഞ്ഞപ്പോൾ ബാഴ്‌സ മറുപടിയില്ലാതെ കിതച്ചു. വിനിഷ്യസിന്റെ ഒരു ഷോട്ടോടെ തുടങ്ങിയ ആക്രമണം ബെൻസിമയുടെ രൂപത്തിലും മാഡ്രിഡ് തുടർന്നു. പലതും അവസാന നിമിഷാർദ്ധത്തിൽ തടയാൻ നമ്മുടെ പ്രധിരോധത്തിന് കഴിഞ്ഞെങ്കിലും ആ നീക്കങ്ങൾ നമ്മുടെ ഞെഞ്ചിലുണ്ടാക്കിയ ഞെട്ടൽ വളരെ വലുതായിരുന്നു. ഒരുവേള പോസ്റ്റിനു മുൻപിൽ സ്റ്റീഗനുമായി ബെൻസീമക്ക് ലഭിച്ച വൺ ഓൺ വൺ അവസരം സ്റ്റീഗൻന്റെ മിടുക്കിലാണ് ലക്ഷ്യത്തിൽ നിന്നും അകന്നത്. ഓരോ അഞ്ച് നിമിഷത്തിലും അപകടകരമായ നീക്കങ്ങൾ റയൽ നെയ്‌തെടുത്തെങ്കിൽ ബാഴ്‌സ നേരെ തിരിച്ചായിരുന്നു. റയലിന്റെ തുരുതുരായുള്ള ആക്രമണം, മികച്ച നീക്കങ്ങൾ നെയ്യുന്നതിൽ നിന്നും ബാഴ്‌സയെ വിലക്കി. അപൂർവ്വമായി ലഭിച്ച അവസരങ്ങളാകട്ടെ മോശം ക്രോസ് വഴി നമ്മളായിട്ട് തന്നെ നഷ്ടപ്പെടുത്തി. ആദ്യ പകുതിക്ക് പിരിയുമ്പോൾ അവസരങ്ങളുടെ കണക്കുകളിൽ റയൽ മുന്നിട്ട് നിൽക്കുകയായിരുന്നു. ബാഴ്‌സയാകട്ടെ ഓർമ്മയിൽ സൂക്ഷിക്കാൻ മികച്ച ഒരു അവസരം ഉണ്ടാക്കാനാകാതെയാണ് ഇടവേളക്ക് പിരിഞ്ഞത്.
രണ്ടാം പകുതി തുടക്കവും ആദ്യ പകുതിയുടെ തനിയാവർത്തനമായിരുന്നു. മാഡ്രിഡ് ആക്രമണങ്ങൾക്ക് തുനിഞ്ഞപ്പോൾ നമ്മുടെ പ്രതീക്ഷകൾ അസ്തമിച്ച തുടങ്ങി. പക്ഷേ കേവലം അഞ്ച് മിനിട്ടിനു ശേഷം അത് സംഭവിച്ചു. പിൻനിരയിൽ നിന്നും ലെങ്ലെ ഇടത് വിങ്ങിൽ ആൽബെക്ക് കൈമാറി. ഇടത് വിങ്ങിൽ ആൽബ പന്ത് ആർക്ക് നൽകണം എന്ന സന്ദേഹവുമായി നിന്നപ്പോൾ മുൻപോട്ട് ആഞ്ഞു നിന്നിരുന്ന ടെമ്പേലെ പെട്ടന്ന് പിന്നിലേക്ക് ഇറങ്ങി വന്നു. ഒപ്പം ടെമ്പേലെയെ മാർക്ക് ചെയ്യുന്ന കാർവഹലും ലൂക്കസ് വാസ്‌ക്കേസും. പക്ഷെ പൊടുന്നനെ ടെമ്പേലെ മുന്നോട്ട് കുതിച്ചു. ടെമ്പേലെയുടെ പേസിന് അനുസൃതമായി ആൽബ പന്ത് മുന്നോട്ട് നൽകി. ഓടിയെത്തി പന്തെത്തിപ്പിടിച്ച ടെമ്പേലെ ബോക്സിലേക്ക് ഒരു കട്ട് ഇൻ പാസ് നൽകി. ആ പന്ത് എത്തിയത് കൃത്യമായ റണ്ണുമായി വരുന്ന സുവാരസിന്റെ കാൽക്കീഴിലേക്കായിരുന്നു. സമീപകാലത്തായി ഇത്തരം അവസരങ്ങളിൽ അനായാസം പന്ത് നഷ്ടപ്പെടുത്തുന്ന സുവാരസ് ഇന്നലെ പക്ഷെ അതിനൊരുക്കമായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന സെർജി റാമോസിനെ നിഷ്പ്രഭനാക്കി സുവാരസ് വലതുകാൽ കൊണ്ടുതിർത്ത ഷോട്ട് റയൽ കീപ്പർ നവാസിനെ കീഴടക്കി വലയിലേക്ക്. അതുവരെ കളിയിൽ പതിയിരുന്ന ബാഴ്‌സ ആദ്യമായി വിശ്വരൂപം കാണിച്ച നിമിഷമായിരുന്നു അത്. അതുവരെ കളിയുടെ ഗതി നിയന്ത്രിച്ച,മേൽക്കോയ്മ നിലനിർത്തിയ മാഡ്രിഡിനേറ്റ ആദ്യത്തെ പ്രഹരവും. എവേ ഗോൾ ബാഴ്‍സക്കും ലഭിച്ചപ്പോൾ അതുവരെ റയലിനുണ്ടായിരുന്ന മുൻതൂക്കം ബാഴ്‌സക്കായി. മുറിവേറ്റ മാഡ്രിഡ് പ്രത്യാക്രമണം .
കനപ്പിച്ചു. ഇടതു വിങ്ങിൽ നിന്നും വിനീഷ്യസ് ബോക്സിലേക്ക് നൽകിയ പന്തിൽ റെഗുലോൺ ഉജ്ജ്വലമായ ഒരു ഹെഡ്ഡർ ഉതിർത്തു. പക്ഷെ ബാഴ്‌സ പോസ്റ്റിനു മുൻപിൽ മഹാമേരുവിനെ പോലെ നിലയുറപ്പിച്ച സ്റ്റീഗൻ ഒരു മുഴുനീള ഡൈവ് നടത്തി ആ ശ്രമത്തെ ചെറുത്തപ്പോൾ ലോകം ഞെട്ടി. ഗോൾ വലക്ക് പിറകിൽ നിലയുറപ്പിച്ചിരുന്ന അൾട്രാസ് കണ്ടത് വിശ്വസിക്കാൻ ഏറെ പാട് പെട്ടു. പൊടുന്നനെ ബാഴ്‌സ വീണ്ടും പ്രഹരിച്ചു. ഇത്തവണയും ടെമ്പേലെ – സുവാരസ് കോമ്പോ തന്നെ ആയിരുന്നു ആ നീക്കത്തിന്റെയും ഉപജ്ഞാതാക്കൾ. മത്സരത്തിലുടനീളം ഇടതു വിങ്ങിൽ ബാഴ്‍സക്കെതിരെ ആക്രമണം മെനഞ്ഞ സെർജിയോ റെഗുലോൺ ആ നീക്കങ്ങൾക്ക് വലിയ പിഴ നൽകേണ്ടി വന്നു. പീക്കെയിൽ നിന്നും തുടങ്ങിയ നീക്കം ബുസ്കെറ്റിനും, ബുസ്കെറ്റ്സ് വഴി വലത്തേ വിങ്ങിൽ സെമെഡോയിലേക്കും എത്തി. ടെമ്പേലെയെ അവിടെ മാർക്ക് ചെയ്യേണ്ടിയിരുന്നത് സെർജിയോ റെഗുലോൺ ആയിരുന്നു. പിന്നിൽ ഏക്കറുകണക്കിന് സ്ഥലം കണ്ട ടെമ്പേലെ മുന്നോട്ട് കുതിച്ചു. ആ മനസ്സ് കൃത്യമായി വായിച്ചെടുത്ത സെമെഡോ ഓഫ് സൈഡ് ട്രാപ്പ് വീഴുന്നതിന് മുൻപേ പന്ത് മുന്നോട്ട് തള്ളി. പന്തുമായി മാഡ്രിഡ് ബോക്സിനരികിലേക്ക് ടെമ്പേലെ ഓടിയെത്തുമ്പോൾ സെർജിയോ റെഗുലോൺ കാഴ്ചക്കാരൻ മാത്രമായിരുന്നു. ആവിശ്യത്തിന് സമയമെടുത്ത ടെമ്പേലെ പന്ത് പോസ്റ്റിന് കുതിച്ചു എത്തികൊണ്ടിരുന്ന സുവാരസിനെ ലക്ഷ്യമാക്കി നൽകി. പക്ഷെ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടയിൽ റയൽ ഡിഫൻഡർ വരാൻറെ കാലുകളിൽ സ്പർശിച്ച പന്ത് റയൽ പോസ്റ്റിലേക്ക് കയറി…മത്സരത്തിൽ ബാഴ്‌സ അനിഷേധ്യമായ മേധാവിത്വം നേടി. രണ്ടു എവേ ഗോൾ ഉള്ള ബാഴ്‌സയെ മറികടക്കാൻ മൂന്ന് ഗോൾ നേടേണ്ട അവസ്ഥ സംജാതമായതോടെ റയൽ പരുങ്ങലിലായി. പക്ഷെ ബാഴ്‌സ നിർത്തിയിട്ടില്ലായിരുന്നു. കേവലം രണ്ട് മിനിറ്റിനുള്ളിൽ ബാഴ്‌സ വീണ്ടും അടിച്ചു. ഇത്തവണ നമ്മുടെ ബോക്സിൽ നിന്നും ക്ലിയർ ചെയ്ത പന്ത് എത്തിപ്പെട്ടത് മധ്യനിരക്കടുത്തു നിലയുറപ്പിച്ചിരുന്നു സുവാരസിന് മുൻപിൽ. പന്തുമായി ഇടതു വിങ്ങിലൂടെ സുവാരസ് ബോക്സിലേക്ക് കുതിച്ചു. ഒപ്പം മെസ്സിയും. കസെമിറോയുമായി വൺ ഓൺ വൺ അവസ്ഥയിൽ ആയ സുവാരസിന് സപ്പോർട്ട് വാഗ്ദാനം ചെയ്തു മെസ്സി വലതു വശത്തുണ്ടായിരുന്നു. പക്ഷെ മികച്ച ആത്മവിശ്വാസത്തോടെ സുവാരസ് പോസ്റ്റിന് നേർക്ക് നീങ്ങി. ഞൊടിയിടയിലുള്ള ആ നീക്കം തടയാനുള്ള കസെമിറോയുടെ ശ്രമം ഫൗളിൽ കലാശിച്ചു. ബാഴ്‌സക്ക് പെനാൽറ്റി. സാധാരണ ഗതിയിൽ പെനാൽറ്റി എടുക്കാറുള്ള മെസ്സി, ഇത്തവണ ആ അവസരം സുവാരസിന് തന്നെ നൽകി. തീർച്ചയായും അദ്ദേഹം അത് അർഹിക്കുന്നുമുണ്ട്. റയൽ ആരാധകരുടെ ആരവങ്ങൾക്കിടയിൽ പെനാൽറ്റി എടുത്ത സുവാരസ് സംഭ്രമമേതും കാണിക്കാതെ , കൂളായി ഒരു പാനേങ്ക കിക്കിലൂടെ റയലിന്റെ കോപയിലെ പ്രയാണത്തിന് കടിഞ്ഞാണിട്ടു. ശേഷം സബ്സ്റ്റിട്യൂഷനുകൾക്ക് മുതിർന്ന ബാഴ്‌സ കൊട്ടീഞ്ഞോയെയും . ആർതറിനെയും വിദാലിനെയും കളത്തിലിറക്കി. വരുന്ന മത്സരം കൂടി മുൻകൂട്ടി കണ്ടിട്ട് അധികം ആക്രമണോല്സുകത കാണിക്കാതെ ബാഴ്‌സ മത്സരം പൂർത്തിയാക്കി. അങ്ങനെ ആദ്യ പകുതിയിൽ പരാജയം ആസന്നമെന്നു തോന്നിപ്പിച്ചിടത്തു നിന്നും ബാഴ്‌സ ഉയിർത്തെഴുന്നേറ്റ മത്സരത്തിന് അന്ത്യം കുറിച്ചു . തുടർച്ചയായ ആറാം വർഷവും ബാഴ്‌സ കിരീടത്തിന് ഒരു മത്സരം അകലെ.
സാധാരണ നമ്മൾ മത്സരത്തിലെ നല്ല വശങ്ങൾ ചർച്ച ചെയ്തതിനു ശേഷമാണു മോശമായി ഭവിച്ച കാര്യങ്ങളെ പറ്റി ചർച്ച ചെയ്യാറ്. ഇന്ന് നേരെ തിരിച്ചു ചെയ്യാം. മത്സരത്തിന്റെ ഗതിയും അങ്ങനെ ആയിരുന്നല്ലോ. ആദ്യ പകുതിയിൽ യഥാർത്ഥ ബാഴ്‌സയുടെ നിഴലാണ് കണ്ടത്. മികച്ച രീതിയിൽ ആക്രമിച്ചു കളിച്ച റയൽ ബാഴ്‌സയെ അക്ഷരാർത്ഥത്തിൽ കാഴ്‌ചക്കാരാക്കി. വിനീഷ്യസ് ജൂനിയറും റെഗുലോണും ചേർന്ന് നമ്മുടെ വലത്തേ വിങ്ങിൽ സ്ഥിരം വിള്ളലുകൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഒപ്പം ബെൻസിമയും വാസ്‌ക്കസും മികച്ച സപ്പോർട്ടും നൽകിയപ്പോൾ എപ്പോൾ വേണമെങ്കിലും ഗോൾ വീഴാം എന്ന അവസ്ഥയിലായിരുന്നു. ഒരു സപ്പോർട്ട് ലഭിക്കാതെ സെമെഡോ കുഴഞ്ഞപ്പോൾ പീക്കെയും ലെങ്ളെയും ബെൻസീമയുടെയും വാസ്‌ക്കസിന്റെയും മുന്നേറ്റങ്ങളിൽ കുഴങ്ങി. നമ്മുടെ മധ്യനിരയെ നിലയുറപ്പിക്കാൻ റയൽ സമ്മതിക്കാതിരുന്നപ്പോൾ മുന്നേറ്റം കാഴ്ചക്കാർ മാത്രമായി. സാധാരണ ഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ പിന്നിലേക്കിറങ്ങി പന്ത് സ്വീകരിക്കുന്ന മെസ്സിയും ഇന്നലെ മികവ് പുലർത്തിയില്ല. അപൂർവ്വമായി മുന്നേറാൻ അവസരങ്ങൾ ലഭിച്ച ടെമ്പേലെ മോശം തീരുമാനങ്ങൾ എടുത്തപ്പോൾ റയലിന് നമുക്ക് ആദ്യ പകുതിയിൽ ഒരു വെല്ലുവിളിയും ഉയർത്താനായില്ല.
എന്നാൽ രണ്ടാം രണ്ടാം പകുതിയിൽ കാര്യങ്ങൾ ഏറെ വ്യത്യസ്തമായി. നമുക്ക് ലഭിച്ച ആദ്യത്തെ അവസരം തന്നെ മുതലെടുത്ത ആ ഗോൾ ആണ് ഇന്നലത്തെ എല്ലാ ക്രെഡിറ്റും അർഹിക്കുന്നത്.ഒരു വശത്തേക്ക് മാത്രം ഒഴുക്കിയിരുന്ന കളിയുടെ ഗതിയിൽ നമ്മൾ വരുത്തിയ ആദ്യത്തെ മാറ്റമായിരുന്നു ആ ഗോൾ. റയൽ നിനച്ചിരിക്കാത്ത നേരത്തു ഒരു ഗോൾ. ടെമ്പേലെയുടെ റണ്ണും സുവാരസിന്റെ ഫസ്റ്റ് ടൈം ഫിനിഷും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. രണ്ടാം ഗോളും ഇതിന്റെ മറ്റൊരു പതിപ്പാണ്. ആദ്യ പകുതിയിൽ മങ്ങിയെങ്കിലും രണ്ടാം പകുതിയിൽ പ്രഭാവം കൈവരിച്ച സെമെഡോയും ടെമ്പേലെയും ചേർന്ന നെയ്തെടുത്ത ഗോൾ. ഒപ്പം കൃത്യമായ പൊസിഷനിങ്ങോടെ വന്ന സുവാരസും. അർധാവസരം ഗോൾ ആക്കാൻ പോലും നമ്മുടെ പൊസിഷനിങ്ങിന് സാധിക്കും എന്ന് അദ്ദേഹം ഒരിക്കൽ കൂടി കാണിച്ചുതരികയാണുണ്ടായത്. മൂന്നാം ഗോൾ ഒരു മികച്ച കൗണ്ടർ അറ്റാക്കിന്റെ പരിണിത ഫലവും. സുവാരസ് തന്നെ അതിന്റെ ക്രെഡിറ്റും അർഹിക്കുന്നു. കാലങ്ങളായി മോശം ഫോമിലൂടെ കടന്നു പോയിട്ടും, റയലിന്റെ മൈതാനത്തു പാനേങ്ക കിക്കെടുക്കാൻ ഉള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു. ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ മികവ് അവസരങ്ങൾ മുതലെടുത്തു എന്നതാണ്. പോസ്റ്റിലേക്ക് ഉതിർത്ത നാലിൽ മൂന്നും ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞു. ലിയോണുമായുള്ള മത്സരത്തിൽ ഇരുപതിലേറെ ഷോട്ടുകൾ ഉതിർത്തിട്ടും ഒരെണ്ണം പോലും ഗോൾ ആക്കാൻ സാധിക്കാതിരുന്നപ്പോൾ ഇന്നലെ തൊട്ടതെല്ലാം പൊന്നായി. ക്ലിനിക്കൽ ഫിനിഷിങ് ഒരു മത്സരത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലത്തെ മത്സരം.
വ്യക്തിഗത പ്രകടനങ്ങളിലേക്ക് നോക്കുകയാണെങ്കിൽ സ്റ്റീഗൻ കഴിഞ്ഞേ മറ്റാരെ പറ്റിയും പറയാൻ സാധിക്കൂ. വർത്തമാന കാലത്തിലെ ജർമ്മൻ വന്മതിൽ. നമിച്ചു ബ്രോ. എതിർ ടീമിന്റെ കാണികളെ പോലും കയ്യടിപ്പിക്കുന്ന പ്രകടനം. ഇന്നലെ താങ്കൾ ഒരാളുടെ ജാഗ്രത ഒന്ന് കൊണ്ട് മാത്രമാണ് ആദ്യപകുതിയിലേ മത്സരം നമ്മുടെ കയ്യിൽ നിന്നും വഴുതിപ്പോകാതിരുന്നത്. അസാമാന്യ സേവുകൾ,അന്യായ റിഫ്ലെക്സുകൾ , ഡൈവുകൾ എന്നുവേണ്ട ഒരു ഗോൾ കീപ്പറുടെ എല്ലാ മാസ്മരിക ഭാവങ്ങളും ഇന്നലെ താങ്കൾ ഞങ്ങൾക്കായി പ്രദർശിപ്പിച്ചു. ആറ് വർഷം മുൻപ് ബാഴ്‌സയിലേക്കെത്തിയ ഇരുപതുകാരൻ ഇന്ന് കോടിക്കണക്കിനു ബാഴ്‌സ ആരാധകരുടെ വിശ്വാസമാണ്. താങ്കൾ കാവൽ നിൽക്കുന്ന നമ്മുടെ കോട്ട, താങ്കളുടെ കൈകളിൽ എന്നും ഭദ്രമായി ഇരിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഒരിക്കലും തീർത്ത നന്ദിയും ഞങ്ങൾ ഒരുത്തർക്കും താങ്കളോടുണ്ട്. മുന്നോട്ടുളള പ്രയാണത്തിൽ നമുക്ക് ഇനിയുമേറെ ഒരുമിച്ചു നീങ്ങാം.
മത്സരത്തെ ഏറെ സ്വാധീനിച്ച അടുത്ത വ്യക്തികൾ തീർച്ചയായും സുവാരസും ടെമ്പേലെയും തന്നെയാണ്. ഇരുവരും ചേർന്ന് ബാഴ്‌സയ്ക്ക് നൽകിയത് വലിയ ഒരു ഊർജ്ജമാണ്. ടെമ്പേലെയുടെ വേഗതയും കൃത്യതയും ഒത്തുചേർന്നപ്പോൾ ഫിനിഷിങ് എന്ന കടമ സുവാരസ് ഭംഗിയായി പൂർത്തീകരിച്ചു. മത്സരത്തിൽ ആദ്യ പകുതിയിൽ പതിവ് ഫോമില്ലായ്മ തന്നെയാണ് സുവാരസ് ആദ്യം കാണിച്ചത്. കൃത്യതയില്ലാത്ത പാസുകളും , വേഗതയില്ലാതെ നീക്കങ്ങളും ചേർന്ന് ബാഴ്‌സയുടെ ഭാഗത്തു നിന്നും മാഡ്രിഡിന് ഒരു അപകടവും വരുത്താൻ അദ്ദേഹത്തിനായില്ല. പക്ഷെ രണ്ടാം പകുതിയിൽ എൽ പിസ്റ്റലേറൊ തനി സ്വരൂപം പുറത്തെടുത്തപ്പോൾ ആ പ്രഹരത്തിനു മുൻപിൽ മാഡ്രിഡ് ഒരിക്കൽ കൂടി കുലുങ്ങി. ഫലം രാജകീയമായ വിജയം. സുവാരസിന് കൃത്യമായ സപ്പോർട്ട് നൽകാൻ ടെമ്പേലേക്കായി. ഇടതു വലത് വിങ്ങുകളിൽ നിന്നുമുള്ള ഓരോ അസ്സിസ്സ് അദ്ധേഹത്തിന്റെ വേഴ്സ്റ്റൈൽ ശേഷി പ്രകടമാക്കുന്നു. ആദ്യ പകുതിയിൽ ഗ്രാഫ് താഴെയായിരുന്നു എന്ന് സമ്മതിക്കാം. പക്ഷെ രണ്ടാം പകുതിയിൽ മാസ്മരിക പ്രകടനമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും കണ്ടത്. ഒന്ന് വളർത്തിയെടുത്താൽ ഏറെ വിളവ് നമുക്ക് ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാം.
ആദ്യ പകുതിയിൽ എല്ലാവരും മോശം പ്രകടനം നടത്തിയപ്പോൾ രണ്ടാം പകുതിയിൽ കാര്യങ്ങൾ കീഴ്മേൽ മറഞ്ഞു. എല്ലാവരും തങ്ങൾക്കാവുന്ന സപ്പോർട്ട് നൽകി. സെമെഡോയെ പറ്റി പ്രത്യേകം പറയാൻ ആഗ്രഹിക്കുകയാണ്. ആദ്യ പകുതിയിൽ വിനീഷ്യസിന്റെ മുൻപിൽ പതറിയെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്നു. വരും മത്സരങ്ങളിലും മികവുറ്റ പ്രകടനം പ്രതീക്ഷിക്കുന്നു. സാധാരഗതിയിൽ നിന്നും വ്യത്യസ്തമായി മെസ്സി ഇന്നലെ നിശബ്ദനായി കണ്ടു. അധികം എഫേർട്ട് എടുത്തു കളിക്കുന്നത് കണ്ടില്ല.ഒരു പക്ഷെ ക്ഷീണമാവാം അല്ലെങ്കിൽ ഇന്നലെ ഒരു ശരാശരി പ്രകടനം. ഏതൊരാൾക്കും ഉയർച്ചയും താഴ്ചയും ഉണ്ടാകുമല്ലോ, അത്രയേ ഉള്ളൂ, വരും മത്സരങ്ങളിൽ പൂർവ്വാധികം ശക്തിയോടെ അദ്ദേഹം തിരികെയെത്തട്ടെ.
എതിരാളികളാണെങ്കിലും മികവ് കണ്ടാൽ അഭിനന്ദിക്കാതിരിക്കാനാവില്ല. വിനീഷ്യസ് ജൂനിയറും സെർജിയോ റെഗുലോണും മനോഹരമായ പ്രകടനമാണ് ഇന്നലെ കാഴ്ചവെച്ചത്. ബാഴ്‌സയ്ക്ക് ആദ്യ പകുതിയിൽ അത്രമേൽ തലവേദന സൃഷ്ടിക്കാൻ ഇരുവർക്കുമായി. ഇരുവരുടെയും വേഗതക്ക് മുൻപിൽ പിടിച്ചു നില്ക്കാൻ ബാഴ്‌സ ഏറെ പണിപ്പെട്ടു. രണ്ടു പേരും ഒട്ടേറെ തവണ ഗോളിനടുത്തെത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി. പ്രായം കേവലം പതിനെട്ടും ഇരുപത്തിരണ്ടും ആണെന്നത് അവർ ഇനിയും മെച്ചപ്പെടും എന്നതിന്റെ തെളിവാണ്. അതിൽ കൂടി മെച്ചപ്പെട്ടാൽ ലോകോത്തര കളിക്കാരാണ് ഉദയം കൊള്ളുന്നത്. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്ന് ആശംസിക്കുകയാണ്
അങ്ങനെ മറ്റൊരു എൽ ക്ലാസിക്കോ കൂടി കഴിഞ്ഞിരിക്കുന്നു. ക്ലാസിക്കൊകളിൽ ആധിപത്യം പുലർത്തുന്ന ബാഴ്‌സ ഇന്നലെയും അത് തെറ്റിച്ചില്ല. ഒപ്പം മറ്റൊരു നാഴികക്കല്ല് കൂടി ബാഴ്‌സ പിന്നിട്ടിരിക്കുകയാണ്. ഇന്നലത്തെ വിജയത്തോടെ ക്ലാസിക്കോകളിലെ വിജയക്കണക്കുകളിൽ ബാഴ്‌സയും റയലും ഒരുമിച്ചെത്തിയിരിക്കുന്നു. 95 വിജയങ്ങളോടെ ഇരുവരും സമാസമം. ജനറൽ ഫ്രാങ്കോയുടെ കാലത്തും ശേഷം ആധുനിക യുഗത്തിലും ഏറെ ഏറെ പിന്നിലായിട്ടും സമീപകാലത്തെ ആധിപത്യം മൂലം നമ്മൾ തുല്യത നേടിയിരിക്കുന്നു എന്നത് ഏറെ സന്തോഷമുണ്ടാക്കുന്നു. സമീപകാലത്തു സാന്റിയാഗോ ബെർണബേവിൽ നേടിയ വിജയങ്ങൾ ഈ മുന്നേറ്റത്തിന് വലിയ ഹേതുവാണ്. കൂടുതൽ വിജയങ്ങൾ നേടാൻ നമുക്കാവട്ടെ.
അങ്ങനെ മറ്റൊരു കോപ ഫൈനൽ കൂടി ആഗതമാവുകയാണ്. വലൻസിയ – റയൽ ബെറ്റിസ് മത്സരത്തിലെ വിജയികളാണ് ബാഴ്‌സയെ കാത്തിരിക്കുന്നത്. മികച്ച ഒരു ഫൈനലിലായി കാത്തിരിക്കാം.
വിസ്കാ എൽ ബാഴ്‌സ
#RETARD
©www.culesofkerala.com
