മാച്ച് റിവ്യൂ▶ ദി എൽ ക്ലാസിക്കോ ✪ റയൽ മാഡ്രിഡ് 0 – 1 എഫ്. സി ബാഴ്‌സലോണ ✪
ചരിത്രം ! ഇത് പുതുചരിത്രം…നീണ്ട 87 വർഷങ്ങൾക്ക് ശേഷം ക്ലാസിക്കോ പോരാട്ടങ്ങളുടെ കണക്കെടുപ്പിൽ ബാഴ്‌സ മേൽക്കോയ്മ നേടിയിരിക്കുന്നു. അതും റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബുവിൽ പതിനായിരക്കണക്കിന് റയൽ ആരാധകരെ സാക്ഷിയാക്കി. ഫുട്ബാളിന്റെ പുതുയുഗത്തിൽ തങ്ങളുടെ അജയ്യത അരക്കിട്ടുറപ്പിച്ചു ബാഴ്‌സ മുന്നേറുമ്പോൾ റയൽ തളർന്നു. കേവലം ദിവസങ്ങളുടെ ഇടവേളയിൽ വന്ന രണ്ടാമത്തെ ക്ലാസിക്കോയിലും ബാഴ്‌സ വെന്നിക്കൊടി പാറിച്ചു. ക്രൊയേഷ്യൻ പോരാളി ഇവാൻ റാക്കിറ്റിച്ചിന്റെ ഗോളിന്റെ ബലത്തിൽ ബാഴ്‌സ വിജയം നേടിയപ്പോൾ ലാലിഗയിലെ മുന്നേറ്റം കൂടിയാണ് ബാഴ്‌സ തുടരുന്നത്. വ്യക്തിഗത മികവിനേക്കാൾ ഒരു ടീമായി ഒരുമിച്ചു പോരാടിക്കൊണ്ട് ബാഴ്‌സ, റയൽ നീക്കങ്ങളെ തടഞ്ഞപ്പോൾ ഗോൾ വല ചലിപ്പിക്കാനാകാതെ റയൽ ക്ഷീണിച്ചു. അവസാന നിമിഷങ്ങളിലെ റയലിന്റെ ആക്രമണം സമചിത്തതയോടെ നേരിട്ട ബാഴ്‌സ ഫൈനൽ വിസിലിലൂടെ ആഹ്ലാദാരവങ്ങളിലേക്ക് ആഴ്ന്നിറങ്ങി.
ലീഗിലെ മേധാവിത്വം നിലനിർത്താനും ഏറ്റവും കൂടുതൽ ക്ലാസിക്കോ വിജയങ്ങൾ എന്ന റെക്കോർഡും സ്വന്തമാക്കാൻ നമുക്ക് ലഭിച്ച ഏറ്റവും വലിയ സുവർണ്ണാവസരമായിരുന്നു ഇന്നലത്തെ ക്ലാസിക്കോ. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പരീക്ഷണങ്ങൾക്കും ടീം മുതിർന്നില്ല. കഴിഞ്ഞ ആഴ്ചയിലെ മത്സരത്തിൽ നിന്നും ഒരേയൊരു മാറ്റവുമായാണ് ടീം ഇറങ്ങിയത്. പരിക്കിൽ നിന്നും തിരികെയെത്തിയ ആർതർ ടീമിൽ ഇടം നേടിയപ്പോൾ സെമെഡോ പുറത്തിരുന്നു. സെമെഡോയുടെ അഭാവത്തിൽ റോബർട്ടോ വലത്തേ വിങ്ങിന്റെ ചുമതല ഏറ്റെടുത്തു.സ്വാഭാവികമായും മെസ്സി – സുവാരസ് – ടെമ്പേലെ ത്രയം തന്നെ മുൻനിരയിൽ ഇറങ്ങി. ആർതർ, ബുസ്കെറ്റ്സ് , റാക്കിറ്റിച് എന്ന മധ്യനിര അണിനിരന്നു. പിൻനിരയിൽ ആൽബ, ലെങ്ലെ, പീക്കെ,റോബർട്ടോ എന്ന ഡിഫെൻസിവ് ലൈനും സജ്ജമായി. സ്വാഭാവികമായും കീപ്പർ ആയി സ്റ്റീഗനും വന്നു.
കഴിഞ്ഞ മത്സരത്തിൽ നിന്നും വിഭിന്നമായി ബാഴ്‌സയും റയലും ആദ്യ പാദത്തിലേ പ്രകടനത്തിൽ തുല്യത പാലിച്ചു. ഓരോ ആക്രമണങ്ങൾക്കും എതിർഭാഗത്തേക്ക് പ്രത്യാക്രമണം നടത്താനായി. മത്സരം തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ബാഴ്‌സ ബോക്സിനു തൊട്ടു വെളിയിൽ റയലിന് ലഭിച്ച ഫ്രീകിക്ക് ഭാഗ്യവശാൽ അപകടമൊന്നും സൃഷ്ടിക്കാതെ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ മെസ്സി സുവരെസിനായി ഒരുക്കിയെടുത്ത അവസരം സുവാരസിന് ഓടിയെത്താനായില്ല.ബാഴ്‌സ ഗോൾമുഖത്തുകൂടി കടന്നു പോയ ബെൻസിമയുടെ ഷോട്ടിലൂടെയാണ് റയൽ അതിനു മറുപടി നൽകിയത്. പക്ഷെ കളി പുരോഗമിക്കുംതോറും ബാഴ്‌സയുടെ നിയന്ത്രണവും കൂടി വന്നു. ആർതറും, ടെമ്പേലെയും , ആൽബയും ചേർന്ന് ഇടതു വിങ് സജീവമാക്കിയപ്പോൾ റോബർട്ടോയും, റാക്കിറ്റിച്ചും മെസ്സിയും ചേർന്ന് വലത്തേ വിങ്ങും ശക്തമാക്കി. റയലിന്റെ ആക്രമണങ്ങളെ ഡിഫെൻസും വേണ്ട രീതിയിൽ കൈകാര്യം ചെയ്തപ്പോൾ കളിയിലെ അപ്പർഹാൻഡ് ബാഴ്‌സക്കായിരുന്നു.എങ്കിലും ഇടയിൽ വന്നിരുന്ന റയലിന്റെ ആക്രമണങ്ങളും മൂർച്ഛയേറിയതായിരുന്നു. പലപ്പോഴും അവസാന നിമിഷങ്ങളിലാണ് ഗോൾ ഒഴിവാക്കാൻ ബാഴ്‌സക്ക് സാധിച്ചത്. പക്ഷെ തൊട്ടതെല്ലാം പൊന്നാക്കിയ കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി ഫിനിഷിങ്ങിൽ ബാഴ്‌സക്ക് പിഴച്ചു. നല്ല അവസരങ്ങൾ ഒരുക്കിയെടുത്തെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. ഒരിക്കൽ മെസ്സി ഉതിർത്ത ഒരു ചിപ്പ് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. പക്ഷെ അതിനു ബാഴ്‌സ പ്രായശ്ചിത്തം ചെയ്തത് റാകിറ്റിച്ചിലൂടെ ആയിരുന്നു. മധ്യനിരയിൽ നിന്നും മെസ്സി നൽകിയ പന്തുമായി മുന്നോട്ടാഞ്ഞ റാക്കിറ്റിച് പന്ത് വലത്തേ വിങ്ങിൽ റോബർട്ടോക്ക് കൈമാറി റയൽ ഡിഫെൻസിവ് ലൈനിന്റെ വിടവിലൂടെ മുന്നോട്ട് കുതിച്ചു. റാക്കിയുടെ ആ റൺ മനക്കണ്ണിൽ കണ്ട റോബർട്ടോ ആ പന്ത് റാക്കിക്ക് എത്തിപ്പിടിക്കാവുന്ന വേഗതയിൽ മുന്നോട്ട് നൽകി. റാക്കിയുടെ ആ അപ്രതീക്ഷിത മുന്നേറ്റത്തിൽ പകച്ചുപോയ റാമോസ് പിന്നാലെ കുതിച്ചെങ്കിലും റാക്കിയെ തടയാനായില്ല. തടയാൻ മുന്നോട്ടാഞ്ഞ റയൽ കീപ്പർ കോർട്ടുവയുടെ തലക്ക് മുകളിലൂടെ ഒരു മനോഹര ചിപ്പിലൂടെ റാക്കി ബാഴ്‌സയ്ക്ക് ലീഡ് നൽകി. തന്റെ വിമർശകർക്കുള്ള മികച്ച ഒരു മറുപടിയാണ് റാക്കി ആ ഗോളിലൂടെ നൽകിയത്. പ്രത്യാക്രമണത്തിനായി റയൽ കൊണ്ട് പിടിച്ച ശ്രമങ്ങൾ നടത്തിയെങ്കിലും ഉറച്ച കോട്ട പോലെ നിന്ന ബാഴ്‌സ ഡിഫെൻസ് എല്ലാ നീക്കങ്ങളും നിർവീര്യമാക്കി. ഏരിയൽ ബോളിലും ഷോട്ട് തടയുന്നതിലും അതീവ മികവ് പുലർത്തിയ പീക്കെയും ലെങ്ളെയും കട്ടക്ക് നിന്നപ്പോൾ റയൽ ശ്രമങ്ങളെല്ലാം പാറക്കെട്ടിൽ തട്ടി തിരിച്ചുവരുന്ന പോലെയാണ് തോന്നിയത്.
രണ്ടാം പകുതി റയൽ കൂടുതൽ ആക്രമണോല്സുകത കാഴ്ചവെച്ചു. പക്ഷെ ബാഴ്‌സ പിന്നെയും കുലുങ്ങിയില്ല. ഇടയിൽ ബാഴ്‌സയ്ക്ക് ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. മെസ്സിയെ കനത്ത രീതിയിൽ റയൽ മാർക്ക് ചെയ്തപ്പോൾ അവസരങ്ങൾ കൂടുതലും ലഭിച്ചത് ടെമ്പേലേക്ക് ആയിരുന്നു. മികച്ച മുന്നേറ്റങ്ങൾ നടത്തിയ ടെമ്പേലേക്ക് പക്ഷെ അവസാന നിമിഷം പിഴക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ ടെമ്പേലേക്ക് ഇന്നലെ പിഴച്ചപ്പോൾ ബാഴ്‌സയ്ക്ക് നഷ്ടമായത് കൂടുതൽ ഗോളുകൾ എന്ന നേട്ടമാണ്. റയലിന്റെ മികച്ച ആക്രമണങ്ങളെ ബാഴ്‌സയും അതിലേറെ മികവോടെ നേരിട്ടു. പീക്കെയും ലെങ്ളെയും ചേർന്ന് നടത്തിയ പ്രകടനം സമീപകാലത്തൊന്നും നമ്മളാരും മറക്കില്ല. എഴുപതാം മിനിറ്റിൽ ബാഴ്‌സ ആദ്യ സബ്സ്റ്റിട്യൂഷന് തുനിഞ്ഞു. ആർതറെ പിൻവലിച്ചു വിദാൽ കളത്തിലെത്തി. അതോടെ ബാഴ്‌സയുടെ പ്രധിരോധം കൂടുതൽ മൂർച്ഛയേറിയതായി. തലങ്ങും വിലങ്ങും ടാക്ലിങ്ങുകളുമായി വിദാൽ മൈതാനത്തു ഓടിനടന്നപ്പോൾ റയൽ പിന്നെയും പ്രതിരോധത്തിലായി. അധികം വൈകാതെ ടെമ്പേലെയെ പിൻവലിച്ചു കൊട്ടീഞ്ഞോ കളത്തിലെത്തി.ശേഷം മത്സരത്തിന്റെ ടെമ്പോ കുറച്ചുകൊണ്ട് ഒറ്റ ഗോൾ വിജയത്തിലേക്ക് ബാഴ്‌സ ശ്രമിച്ചു.സമനില ഗോളിനായി റയൽ ഏറെ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. അവസാന നിമിഷം മെസ്സിയുടെ ഒരു ഉജ്ജ്വല ഷോട്ട് പോസ്റ്റിന് സമീപത്തുകൂടി പാറിപ്പോകുന്നത് കണ്ടുകൊണ്ട് മത്സരം അവസാനിച്ചു.
ഒരു ബാലൻസ്‌ഡ് ആയ മത്സരം. ഇരു ടീമുകളും നന്നായി തന്നെ കളിച്ചു. എങ്കിലും കൂടുതൽ ഗോൾ നേടുന്നവരാണല്ലോ സ്വാഭാവികമായും വിജയികൾ. നല്ല രീതിയിൽ ആക്രമിക്കാൻ കഴിഞ്ഞെങ്കിലും ഗോൾ നേടാൻ റയലിനായില്ല. അത്രയും ആക്രമണങ്ങളെ മികവോടെ ചെറുത്ത ബാഴ്‌സ ഡിഫെൻസ് എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നു. സ്ലൈഡിങ് ടാക്കിളുകളും, ഏരിയൽ മികവും. ഷോട്ട് ബ്ലോക്കുകളും എല്ലാം ചേർന്ന് ഒരു കിടിലൻ മത്സരം. അപൂർവ്വമായി സംഭവിച്ച പിഴവുകൾ തിരുത്താൻ ഒപ്പമുള്ളവർ ശ്രമിച്ചു. എല്ലാം കഴിഞ്ഞു ഒരു വിധം റയൽ ബാഴ്‌സയുടെ പോസ്റ്റിലേക്ക് ഷോട്ടുതിർക്കുമ്പോൾ കൂളായി തടയുന്ന സ്റ്റീഗൻ. ഇവയെല്ലാം ചേർന്ന് ഇന്നലെ റയലിനെ ഗോൾ അടിപ്പിക്കില്ല എന്ന വാശിയിലായിരുന്നു. തൊണ്ണൂറു മിനിറ്റും ഇമ്മാതിരി പ്രകടനം കാഴ്‌ചവെച്ചതു ഏറെ സന്തോഷം നൽകുന്നു. അതിനു ടീമിന്റെ കൂട്ടായ ശ്രമത്തെ എത്ര പുകഴ്ത്തിയാലും മതിവരില്ല. ഒറ്റയാൾ പോരാട്ടമായി പലപ്പോഴും തോന്നുന്ന ബാഴ്‌സയുടെ മറ്റൊരു മുഖമാണ് നമ്മൾ ഇന്നലെ കണ്ടത്. എല്ലാവരും അവരവരുടേതായ കഴിവുകൾക്കനുസരിച്ചു കളിച്ചു.
ഒപ്പം ടീമിന്റെ സെലെക്ഷനും അത് നടപ്പാക്കിയതും അഭിനന്ദനം അർഹിക്കുന്നു. വൽവെർദേയെ ഇക്കാര്യത്തിൽ പ്രശംസിക്കാതെ തരമില്ല. കഴിഞ്ഞ ആഴ്ച റയലിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ വിനിഷ്യസിനെ കൈകാര്യം ചെയ്യാൻ റോബർട്ടോയെ ഏൽപ്പിച്ചത് നമ്മൾ ഒട്ടേറെ പേരെ സംശയാലുക്കളാക്കി. അതുവേഗതിയോടെയുള്ള വിനിഷ്യസിന്റെ മുന്നേറ്റം ചെറുക്കാൻ കൂടുതൽ അഭികാമ്യം സെമെഡോ ആണെന്നായിരുന്നു കൂടുതൽ അഭിപ്രായങ്ങൾ. പക്ഷെ ആർതർ വരുന്നതിനാൽ ഒരാൾ മാറിയേ മതിയാകൂ. അവിടെ അനുഭവസമ്പത്തു ഏറെയുള്ള റോബർട്ടോയെ വിശ്വസിക്കാൻ കോച്ച് തയ്യാറായി. റോബർട്ടോ അത് കളത്തിൽ കാണിച്ചുതരികയും ചെയ്തു. അതിൽ പ്രധാനമായത് റാക്കിറ്റിച് വലതുവിങ്ങിൽ ഉണ്ടായിരുന്നു എന്നതാണ്. റോബർട്ടോക്ക് നല്ല ഒരു കവർ കൊടുക്കാൻ റാക്കിറ്റിച് ശ്രദ്ധിച്ചിരുന്നു. ഒപ്പം ബോക്സിലേക്ക് കട്ട് ഇൻ ചെയ്യന്നത് തടയാൻ പീക്കെയും ശ്രമിച്ചു. ഇങ്ങനെ കൂട്ടായ ഒരു പരിശ്രമത്തിലൂടെ ആ ഭീഷണി ചെറുക്കൻ നമുക്കായി.
കുറവ് ആയി തോന്നിയത് ഫിനിഷിങ് ആണ്. കഴിഞ്ഞ മത്സരത്തിൽ നിന്നും വിഭിന്നമായി ഒട്ടേറെ അവസരങ്ങൾ നമ്മൾ നെയ്തെടുത്തിരുന്നു. പക്ഷെ അവസാന നിമിഷത്തെ പാളിച്ചകൾ നമുക്ക് കൂടുതൽ ഗോളുകൾ എന്ന സ്വപ്നം നിറവേറ്റി തന്നില്ല. ടെമ്പേലേക്ക് ആയിരുന്നു കൂടുതൽ അവസരങ്ങൾ. പക്ഷെ മുതലാക്കാനായില്ല. ഒപ്പം മെസ്സിക്കും ഇന്നലെ കൃത്യത കുറവായിരുന്നു. പക്ഷെ കനത്ത മാർക്കിങ്ങിനിടയിൽ പോലും മെസ്സിയുടെ ഗ്രാഫ് ഉയരത്തിലായിരുന്നു. ഒട്ടേറെ മികച്ച പാസുകൾ നൽകാൻ മെസ്സിക്ക് കഴിഞ്ഞു. സുവാരസ് പതിവിലും മികവോടെ കളിച്ചു. മികച്ച രണ്ട് ശ്രമങ്ങൾ സുവാരസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നെങ്കിലും കോർട്ടുവാ തട്ടിയകറ്റി.
വിമർശകരുടെ നേരെയുള്ള മറുപടിയായിരുന്നു റാകിറ്റിച്ചിന് ഇന്നലത്തെ മത്സരം. “ബാക്ക് പാസ് മാത്രം നൽകി കളിക്കുന്നയാൾ, ത്രൂ പാസ് നൽകാനറിയാത്തയാൾ , ഗോൾ സ്കോറിങ്ങിൽ പിറകിൽ, ബാഴ്‌സ ശൈലിക്ക് അനുയോജ്യനല്ലാത്ത കളിക്കാരൻ ” തുടങ്ങി ആക്ഷേപങ്ങളുടെ ഒരു കൂമ്പാരം തന്നെ അദ്ദേഹം പലപ്പോഴായി കേട്ടിട്ടുണ്ട്. ബാഴ്‌സയുടെ മത്സരങ്ങളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒരു കളിക്കാരനാണ് റാക്കി . പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്ക് നേരെ കുറെ പേർ ഇപ്പോഴും തിരിഞ്ഞു നിൽക്കുന്നു. പലപ്പോഴായി അദ്ദേഹം അതിനൊക്കെ മറുപടി നൽകിയിട്ടുണ്ടെങ്കിലും ഇന്നലത്തെ മത്സരം അൽപ്പം സ്‌പെഷൽ ആയി തന്നെ നിൽക്കും. ക്ലാസിക്കോ വിജയങ്ങൾ എന്നും നമുക്ക് സ്‌പെഷൽ ആണ്, ആ വിജയം റാക്കിയുടെ ഗോളിൽ,അതും ചിപ് ഗോൾ.സ്‌പെഷൽ എന്ന് വിളിക്കാൻ വേറെ എന്ത് വേണം.
മുൻപേ പറഞ്ഞത് പോലെ ഡിഫെൻസിന്റെ അന്യായ പ്രകടനം. പീക്കെയും ലെങ്ളെയും മാസ്മരിക ഫോമിൽ. ഒപ്പം സപ്പോർട്ടുമായി ബാക്കി ഉള്ളവരും. ആദ്യ പകുതിയിൽ ബോക്സിലേക്ക് കടന്നു കയറി ഷോട്ടുതിർക്കാണ് റയൽ ശ്രമിച്ചപ്പോൾ നടന്നില്ല. രണ്ടാം പകുതിയിൽ ലോങ്ങ് റേഞ്ചുകൾക്ക് ശ്രമിച്ചെങ്കിലും അതും നടന്നില്ല. അപാരമായ പൊസിഷനിംഗ് സെൻസുമായി പീക്കെ നിലയുറപ്പിച്ചപ്പോൾ വിനീഷ്യസ്, റെഗുലോൺ, ബെൻസിമ തുടങ്ങിയവരെല്ലാം നിഷ്ക്രിയരായി. അപ്പുറത്തെ വശത്തു ബെയ്‌ലിനെയും ലൂക്ക മോഡ്രിച്ചിനെയും ലെങ്ളെയും പിടിച്ചുകെട്ടി. റയലിന്റെ വേഗതക്ക് മുൻപിൽ നമ്മൾ പിടിച്ചു നിന്നതു ഇരുവരുടെയും പൊസിഷനിങ്ങിലെ മികവ് കൊണ്ടായിരുന്നു. അതെ പോലെ ഇരുവരുടെയും ഏരിയൽ എബിലിറ്റിയും ബാഴ്‌സയെ ഏറെ തുണച്ചു. ഒരൊറ്റ എണ്ണം പിന്നിലേക്ക് വിടാതെ പീക്കെ നിലയുറപ്പിച്ചപ്പോൾ റയൽ കുഴങ്ങി എന്ന് പറയാം. ഒപ്പം ചില സമയങ്ങളിൽ റയൽ തൊടുത്ത ഷോട്ടുകൾ ബ്ലോക്കുകകൾ ചെയ്തും ഇരുവരും ബാഴ്‌സയെ രക്ഷിച്ചു. ലെങ്ലെ ഇന്നലെ നെഞ്ചിൽ ഏറ്റുവാങ്ങിയത് രണ്ടു ഷോട്ടുകളാണ്. കടന്നു പോയിരുന്നെങ്കിൽ ഉറപ്പായും ഗോൾ ആകുമായിരുന്ന ഷോട്ടുകൾ. ഈ വിധം പ്രകടനം നടത്തിക്കൊണ്ടിരുന്ന ഡിഫെൻസിലേക്കാണ് വിദാൽ ഇറങ്ങി ചെന്നത്. അതോടെ പ്രതിരോധം മറ്റൊരു തലത്തിലെത്തി. മധ്യനിരയിൽ പന്ത് കൈവശം വെക്കാൻ മാഡ്രിഡിനെ അനുവദിക്കാതെ വിദാൽ ആക്രമിച്ചപ്പോൾ അവർ ആകെ കുഴങ്ങി. കൃത്യതയോടെയുള്ള ടാക്ലിങ്ങുകൾ ഏറെ നടത്തിയ അദ്ദേഹം മാഡ്രിഡിന്റെ മധ്യനിരയെ സ്ഥിരമായി അസ്ഥിരപ്പെടുത്തി. അതോടെ അവസാന നിമിഷങ്ങളിലെ കൂട്ടപ്പൊരിച്ചിലിനു അധികം അവസരം ലഭിക്കാതെ മാഡ്രിഡ് തോൽവിയിലേക്ക് നീങ്ങി. കേവലം എഴുപതാം മിനിറ്റിൽ കളത്തിലെത്തിയ വിദാലാണ് മത്സരത്തിൽ ഏറ്റവും കൂടുതൽ ടാക്ലിങ്ങുകൾ നടത്തിയത് എന്നത് ആ പ്രകടനം എന്തായിരുന്നു എന്ന് ഊഹിക്കാൻ സഹായിക്കും.
കേവലം മൂന്ന് ദിവസത്തിനിടെ വന്ന രണ്ടാമത്തെ ക്ലാസിക്കോ, ഒരു മാസത്തിനിടയിൽ വന്ന മൂന്നാമതെത്തും. ക്ലാസിക്കോ പ്രേമികളെ ആവേശത്തിലാഴ്ത്തി കൊണ്ടാണ് ഈ സീസൺ കടന്നു പോകുന്നത്. പക്ഷെ ഇന്നലത്തെ ക്ലാസിക്കോക്ക് പ്രത്യേകതകൾ ഏറെയുണ്ടായിരുന്നു. പ്രധാനമായും നീണ്ട 87 വർഷത്തിന് ശേഷം ക്ലാസിക്കോ കണക്കുകളിൽ ബാഴ്‌സ മുന്നിലെത്തിയിരിക്കുന്നു. സമീപകാലത്തെ ക്ലാസിക്കോകൾ പരിശോധിച്ചാൽ ബാഴ്‌സയുടെ മേധാവിത്വം കാണാം. പ്രത്യേകിച്ച് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബുവിൽ. ഒരു എവേ ഗ്രൗണ്ടിന്റെ ചാപ്ല്യമില്ലാതെ ബാഴ്‌സക്ക് അവിടെ എന്നും കളിക്കാനാകുന്നുണ്ട്. ബാഴ്‌സയുടെ ഈ തലമുറ അവിടെ രചിച്ച ഐതിഹാസിക കഥകൾ വരും കാലത്തിന് രോമാഞ്ചമുണർത്തുന്നയാണ്. ജനറൽ ഫ്രാങ്കോയുടെ കാടത്ത ഭരണത്തിന് പുല്ല് വില കല്പിച്ചുകൊണ്ട് ബാഴ്‌സയിലേക്ക് വന്ന യോഹാൻ ക്രൈഫ് തുടങ്ങിവെച്ച നമ്മുടെ മുന്നേറ്റം ക്രൈഫിലൂടെ, റിവാൾഡോയിലൂടെ , റൊണാൾഡീഞ്ഞോയിലൂടെ, പെപ് ഗ്വാർഡിയോളയിലൂടെ, ചാവിയിലൂടെ, ഇനിയേസ്റ്റയിലൂടെ, മെസ്സിയിലൂടെ തുടരുന്നു.നാളെ അവ റോബർട്ടോയിലൂടെ, ടെമ്പേലെയിലൂടെ, അലിന്യയിലൂടെ , റിക്കി പുജ്ജിലൂടെ മുന്നേറും എന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടുതൽ നേട്ടങ്ങൾക്കും, വിജയങ്ങൾക്കും നമുക്ക് കാത്തിരിക്കാം.
വിസ്‌കാ ബാഴ്‌സ
#RETARD
www.culesofkerala.com