• Follow

ടോട്ടൽ ഫുട്ബോൾ/ ബാഴ്സലോണ/ടിക്കി ടാക്ക ഒറ്റ ചിത്രത്തിൽ

  • Posted On July 27, 2016

ടോട്ടൽ ഫുട്ബോൾ- ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഇത്ര വിജയകരമായ ഒരു കേളീ ശൈലി വേറെ ഉണ്ട് എന്ന് തോന്നുന്നില്ല. 1960 കളുടെ അവസാനമാണ് ഡച്ച് ക്ലബായ അജാക്സ് ആംസ്റ്റർഡാം കോച്ച് റിനസ് മൈക്കൽസ് ടോട്ടൽ ഫുട്ബോൾ എന്ന കേളീ ശൈലി രൂപപ്പെടുത്തിയെടുത്തത് .ഈ ശൈലിയുടെ പിൻബലത്തിൽ യൂറോപ്പിലെ വൻ ശക്തിയായി തീർന്ന അജാക്സ് 1971 മുതൽ 73 വരെ തുടർച്ചയായി മൂന്നു യൂറോപ്പ്യൻ കപ്പ്‌ ആണ് നേടിയത് . റിനസിനു ഫീൽഡിൽ ഒരു പോരാളി ഉണ്ടായിരുന്നു- പെലെ, മറഡോണ എന്നിവർക്ക് പിന്നിലോ അല്ലെങ്കിൽ അവർക്കൊപ്പമോ പ്രതിധിഷ്ട്ടിക്കാവുന്ന യൊഹാൻ ക്രൈഫ്. ക്രൈഫ് ആയിരുന്നു ഈ ടീമിന്റെ ജീവശ്വാസം. അജാക്സിന്റെ ഈ കേളീശൈലി മറ്റൊരു ഡച്ച് ക്ലബായ ഫെയനൂർഡ്, ഡച്ച് നാഷണൽ ടീമുകളും സ്വീകരിച്ചു. 1974 ലെ ലോകകപ്പിൽ ഈ ശൈലി വച്ചു ഡച്ച് പട ഫൈനൽ വരെ എത്തി. 1971 ഇൽ അജാക്സിൽ നിന്ന് റിനസ് മൈക്കലും,73 ഇൽ ക്രൈഫും ബാഴ്സലോണ എത്തി. ഇനി അങ്ങോട്ട്‌ ടോട്ടൽ ഫുട്ബോളിന്റെ കടിഞ്ഞാണ്‍ ബാഴ്സയുടെ കയ്യിലാണ്. റിനസ് മൈക്കലും ക്രൈഫും ലീഗ് കിരീടം നേടിയെങ്കിലും അജാക്സിലെ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല . എന്നാൽ 1979 അജാക്സ് മോഡലിൽ ലാ മാസിയ എന്ന അക്കാദമി ക്രൈഫ് ബാഴ്സയിൽ സ്ഥാപിച്ചു. ഈ കാലഘട്ടമാണ് ചിത്രത്തിലെ ആദ്യ ഭാഗം സൂചിപ്പിക്കുന്നത്.

70 കളിൽ സൂപ്പർ താരമായിരുന്ന ക്രൈഫ് 1988 ഇൽ ബാഴ്സലോണ കോച്ച് ആയി മടങ്ങി വന്നതോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. യൂറോപ്പിലെ എറ്റവും മികച്ച ടീമുകളിൽ ഒന്നിനെ സൃഷ്ട്ടിക്കുകായായിരുന്നു ക്രൈഫ്. മിലാനൊപ്പം അന്നത്തെ ബാഴ്സ ഫുട്ബോളിലെ എറ്റവും മികച്ച ടീമുകളിൽ ഒന്നാകുകയായിരുന്നു . കോച്ച് ആയി മടങ്ങി വന്ന യൊഹാൻ ക്രൈഫ്, കളിക്കാരനായി പൂർത്തിയാക്കാൻ കഴിയാതെ പോയ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ലോകം കണ്ട എറ്റവും മികച്ച ത്രയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൈക്കൽ ലോഡ്രോപ്പ്-റൊമാരിയോ- സ്റ്റോയിക്കോവ് ത്രയവും , റൊണാൾഡ് ക്യൂമൻ എന്ന നേതാവുമായിരുന്നു ക്രൈഫ് സൃഷ്ട്ടിച്ച സ്വപ്ന ടീമിലെ പ്രധാനികൾ. മൈക്കൽ ലോഡ്രോപ്പ് ആയിരുന്നു ടീമിലെ റഫറൻസ് എങ്കിലും, റിനസ് മൈക്കലിന്റെ ടീമിൽ അധ്വാനിച്ചു കളിച്ചിരുന്ന തന്നെ പോലെ ഒരാളെ ഈ ടീമിലും ക്രൈഫ് കണ്ടെത്തി- ബാഴ്സ അക്കാദമിയിൽ നിന്ന് വന്ന പെപ് ഗ്വാർഡിയാളോ എന്ന മെലിഞ്ഞ മനുഷ്യനായിരുന്നു അയാൾ. പ്രതിഭയിൽ മുകളിൽ പറഞ്ഞ ആരുടേയും പകുതി പോലുമില്ലായിരുന്നു പെപിനു. പക്ഷെ അയാൾ അധ്വാനിയായിരുന്നു, അത് പോലെ ബുദ്ധിശാലിയും. ക്രൈഫ് തത്ത്വങ്ങൾ മറ്റാരു സ്വായത്തമാക്കുന്നതിലും മുന്നേ അയാൾ വശമാക്കി. ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിൽ കളിച്ചിരുന്ന പെപ് ആയിരുന്നു ക്രൈഫിന്റെ ഡീപ് ലൈയിംഗ് പ്ലേമേയ്കർ . ക്രൈഫിന്റെ ടീം തുടരെ നാല് ലീഗ് കിരീടം നേടി. 92 ഇൽ യൂറോപ്പ്യൻ ലീഗും നേടി .പെപ് ഗ്വാർഡിയാളോ – കളിക്കാരനായും, കോച്ചായും തിളങ്ങിയ അപൂർവ്വം കളിക്കാരിൽ മുൻപന്തിയിൽ വരുന്ന യൊഹാൻ ക്രൈഫിന്റെ ബ്രെയിൻ ചൈൽഡ് ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇക്കാലത്തെ സൂചിപ്പിക്കുന്നു.

ക്രൈഫിനു ശേഷം ബാഴ്സയുടെ ഡച്ച്- അജാക്സ് പാരമ്പര്യത്തിന്റെ തുടർച്ച എന്നോണം ഡച്ചുകാരായ ലൂയി വാൻഗാൽ, ഫ്രാങ്ക് റൈക്കാർഡ് എന്നിവരും ബാഴ്സ മാനേജർ ആയി പ്രവർത്തിച്ചിരുന്നു. വലിയ നേട്ടങ്ങൾ അവകാശപ്പെടനായില്ലെങ്കിലും ക്രൈഫ് ഓതി കൊടുത്ത ടോട്ടൽ ഫുട്ബോൾ തത്ത്വങ്ങൾ അവർ തുടർന്നിരുന്നു. റൈക്കാർഡ്
ക്ലബ്ബിൽ നിന്ന് പോയതോടെ, ബി ടീം കോച്ചായ പെപ് സീനിയർ ടീം കോച്ചായി. ആധുനിക ഫുട്ബോളിനെ എറ്റവും അധികം സ്വാധീനിച്ച ശൈലിക്ക് പെപ് രൂപം കൊടുത്തു- ടിക്കി ടാക്ക. എന്നാൽ ടിക്കി ടാക്കയുടെ പിതൃത്വം പെപിനു മാത്രം അവകാശപ്പെട്ടതല്ല. പെപിന്റെ ഗുരു ക്രൈഫിന്റെ ടോട്ടൽ ഫുട്ബോൾ തന്നെ ടിക്കി ടാക്കയുടെ അടിസ്ഥാനം. അതിനു ഒപ്പം താൻ ആരാധിച്ചിരുന്ന പല കോച്ചുമാരുടെ തന്ത്രങ്ങളും പേപ് കടമെടുത്തു.
ബിയെൽസ, വാൻഗാൽ, റിക്കാർഡോ ലാ വോൾപ്പെ, ജുവാന്മോ ലില്ലോ എന്നിവരായിരുന്നു ആ കോച്ചുമാർ.വാട്ടർ പോളോ കോച്ച് ആയിരുന്ന തന്റെ സുഹൃത്ത് മാനെൽ എസ്റ്റിയാർട്ടേയിൽ നിന്ന് പോലും പെപ് ടിക്കി ടാക്കയ്ക്ക് വേണ്ട തന്ത്രങ്ങൾ ഒരുക്കി. ഫലമോ ഈ തലമുറയിലെ എറ്റവും മികച്ച ടീമായി ബാഴ്സ ഉയർന്നു. റിനസ് മൈക്കലിനു ക്രൈഫ് പോലെ, പെപിനു ഒരു ബഡി കിട്ടി- ലാ മാസിയയിൽ വളർന്ന, ആധുനിക പാസിംഗ് ഫുട്ബോളിന്റെ പിതാവ് എന്ന് വേണേൽ വിളിക്കാവുന്ന ചാവി ഹെർണാണ്ടസ്. ചാവിയുടെ വളർച്ചയിൽ വാൻഗാലിനുള്ള പങ്കു ചെറുതല്ല. ഇതേ ചാവി ആയിരുന്നു ടിക്കി ടാക്കയുടെ മർമ്മം. ചാവി ഇല്ലേൽ ടിക്കി ടാക്ക ഇല്ല. ചാവിക്കൊപ്പം ലയണൽ മെസ്സി, ആന്ദ്രസ് ഇനിയേസ്റ്റ, ഡാനി ആൽവസ്, സെർജിയോ ബുസ്കറ്റ്സ്, കാർലോസ് പുയോൾ എന്നിവർ കൂടി വന്നപ്പോൾ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് കരുതിയിരുന്ന പൊസഷൻ ഫുട്ബോൾ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു. ബാഴ്സ അജയ്യരായി. വിജയങ്ങൾ അവർ ശീലമാക്കി. ബാഴ്സയോടൊപ്പം ലോക ഫുട്ബോൾ ഭൂപടത്തിൽ എങ്ങും എത്താതിരുന്ന സ്പെയിൻ നാഷണൽ ടീം, ലോക ശക്തിയായി. അവിടെയും ചാവി തന്നെ പ്രധാന താരം. സ്പാനിഷ് ഫുട്ബോൾ കണ്ട എറ്റവും പ്രധാനപ്പെട്ട താരമായി ചാവി. അയാൾ ഇല്ലായിരുന്നെങ്കിൽ സ്പെയിൻ ഇന്നും നിർഭാഗ്യത്തെ പഴിചിരിക്കുന്ന ഒരു ടീം ആയേനെ. ചാവിയിലും മിടുക്കൻ ഇനിയേസ്റ്റ ആണെന്ന് വാദിക്കുന്നവർ ഉണ്ട്. അത് ശരിയോ, തെറ്റോ ആകട്ടെ പക്ഷെ ചാവി ഉണ്ടെങ്കിൽ മാത്രമേ ടിക്കി ടാക്ക ഒരു വിജയമാകുമായിരുന്നുള്ളൂ. തന്റെ 4 വർഷങ്ങളിൽ സാധ്യമായ 18 ട്രോഫികളിൽ 14 എണ്ണം നേടിയിട്ടാണ് പെപ് വിടവാങ്ങിയത്. പിന്നീട് വന്ന വിലനോവയും , മാർട്ടീനൊയും ടിക്കി ടാക്ക തന്നെ ആണ് ഉപയോഗിച്ചത് എങ്കിലും, മർട്ടീനൊ പരാജയപ്പെട്ടു. വിലനോവ ഒരു പരിധി വരെ ജയിച്ചിരുന്നു എങ്കിലും കാൻസർ അയാളെ തോൽപ്പിച്ചു കളഞ്ഞു. ചാവിയെ പ്രായം ബാധിച്ചതും ടിക്കി ടാക്കയുടെ വീഴ്ചയ്ക്ക് കാരണമായി.

നിലവിലെ ബാഴ്സ മാനേജർ ലൂയിസ് എന്രിക്ക്വേ അൽപം കൂടി പ്രാക്ക്റ്റിക്കൽ ആയ കോച്ച് ആണ്. ചാവിയെ പോലെ ഒരു ലൈവ് വയർ ടീമിൽ ഇല്ല എന്ന് മനസ്സിലാക്കിയ ലൂച്ചോ, കൌണ്ടർ അറ്റാക്കും , ടിക്കി ടാക്കയും സമന്വയിപ്പിച്ച ഒരു കേളീ ശൈലി ആണ് ഉപയോഗിച്ച് വരുന്നത് – അൽപം കൂടി ഡയരക്റ്റ് ഫുട്ബോൾ. മധ്യനിരയിലും ഊന്നൽ മുന്നേറ്റ നിരയ്ക്ക് ആണ് ലൂച്ചോ കൊടുത്തത്. എന്നാൽ ഇത് കൊണ്ട് പൊസഷൻ ഫുട്ബോൾ/ ടോട്ടൽ ഫുട്ബോൾ/ ടിക്കി ടാക്ക അവസാനിച്ചു എന്ന് പറയാറായിട്ടില്ല. ബാഴ്സയിലെ റിനസ് മൈക്കളുടെ ലെഗസി കാത്തു സൂക്ഷിച്ച യൊഹാൻ ക്രൈഫും, ക്രൈഫ് സിദ്ധാന്തങ്ങൾ തുടർന്ന പെപ് ഗ്വാർഡിയാളോയ്ക്കും പിന്ഗാമിയായി ഒരാൾ വരും – മറ്റാരുമല്ല, ചാവി ഹെർണാണ്ടസ്. നേട്ടങ്ങളുടെ കണക്കെടുക്കുമ്പോൾ പിൻഗാമി മുൻഗാമിയെ മറികടക്കാർ ആണ് ബാഴ്സയിൽ പതിവ്. ചാവിയിലുടെ പൊസഷൻ ഫുട്ബോൾ വേറൊരു തലത്തിൽ എത്തുമെന്ന് പ്രത്യാശിക്കാം. അതാണ്‌ ചിത്രത്തിന്റെ മൂന്നാം ഭാഗം കൊണ്ട് വ്യക്തമാക്കുന്നത്.

  • SHARE :