ജെനോവൻ വെല്ലുവിളി..
എഫ്.സി. ബാഴ്സലോണ എന്ന ഐതിഹാസിക ക്ലബിന്റെ സ്ഥാപകനും ആദ്യ കാല കളിക്കാരിൽ ഒരാളും പിൽക്കാലത്ത് ക്ലബ് പ്രസിഡന്റുമായ ജൊനോവൻ ഗാമ്പറിന്റെ ഓർമകൾ ഇന്ന് ക്യാമ്പ് നൗ മൈതാനത്തിൽ പടരുന്നത് കാണാം. ഗാമ്പർ ട്രോഫിയ്ക്ക് വേണ്ടിയുള്ള മൽസരത്തിന് പന്തുരുളാൻ ഏതാനും മണിക്കൂറുകൾ മാത്രം. ബാഴ്സലോണയുടെ ഓരോ സീസണും ആരംഭിക്കുന്നത് ഗാമ്പർ ട്രോഫി മൽസരത്തോടെയാണ്. 1966ൽ ഗാമ്പറിന്റെ പിൻഗാമിയായ ക്ലബ് പ്രസിഡന്റ് എന്രിക്ക് ലൗഡെയാണ് നാലു ടീമുകളെ ഉൾപ്പെടുത്തി ഈ ടൂർണമെന്റ് ആരംഭിക്കുന്നത്. ക്ലബ്ബിന്റെ ഇതിഹാസമായ ഗാമ്പറിനോടുള്ള ബഹുമാനാർത്ഥം ആരംഭിച്ച ടൂർണമെന്റിൽ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകൾ മാറ്റുരച്ചു. രണ്ട് സെമി-ഫൈനലുകളും മൂന്നാം സ്ഥാന മൽസരവും ഫൈനലും അടങ്ങിയതായിരുന്നു ടൂർണമെന്റ്. എഫ്.സി. ബാഴ്സലോണയ്ക്ക് പുറമേ ക്ഷണിക്കപ്പെട്ട 3 പ്രമുഖ ടീമുകൾ പങ്കെടുക്കുകയായിരുന്നു പതിവ്. ഫ്രഞ്ച് ലീഗിൽ നിന്ന് നാന്റെസ് (Nantes), ബെൽജിയൻ ടീമായ ആൻഡർലെക്റ്റ് ( Anderchelt), ജർമൻ പ്രതാപികളായ കോൺ (Koln) എന്നിവരായിരുന്നു പ്രഥമ ഗാമ്പർ ട്രോഫിക്കായി ഏറ്റുമുട്ടിയത്. കേവലം 8 വർഷം മുമ്പ് തുറന്ന ക്യാമ്പ് ന്യൂ മൈതാനത്ത് കേൺനെ പരാജയപ്പെടുത്തി ബാഴ്സലോണ പ്രഥമ ഗാമ്പർ ട്രോഫിയിൽ മുത്തമിട്ടു.
അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ ഈ ടൂർണമെന്റ് ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായി. ഗാമ്പർ ട്രോഫി മൽസരങ്ങളുടെ ഗ്ലാമർ പരിവേഷം കാലത്തിനൊപ്പം ഒഴുകിയകന്നു. മൽസരങ്ങളുടെ ആധിക്യം മൂലവും സീസൺ ആരംഭത്തോട് ദൂരമില്ലാഞ്ഞത് മൂലവും 1997ൽ മൽസരിക്കുന്ന ടീമുകളുടെ എണ്ണം രണ്ടായി വെട്ടിക്കുറച്ചു. ഇന്ന് വരെയും അങ്ങനെ തുടർന്ന് പോരുന്നു.
50 വർഷങ്ങളിൽ 38 തവണയും കിരീടം നേടിയത് ബാഴ്സലോണ തന്നെയാണ് .1997 മുതലിങ്ങോട്ട് 19 ഫൈനലുകളിൽ 3 എണ്ണത്തിൽ മാത്രമാണ് ബാഴ്സ തോൽവി രുചിച്ചത്. അമ്പത്തിയൊന്നാം ഗാമ്പർ ട്രോഫിക്കായി ബാഴ്സയ്ക്കെതിരെ പോരടിക്കുന്നത് ഇറ്റാലിയൻ ടീമായ സാമ്പഡോറിയ ആണ്.
∆ പകയുടെ പുതിയ അധ്യായം..
ഗാമ്പർ ട്രോഫിയിലേക്കുള്ള ബാഴ്സയുടെ വഴി മുടക്കാൻ ഏറ്റവുമധികം തവണ നിന്നിട്ടുള്ളത് ഇറ്റാലിയൻ ടീമുകളാണ്. യുവന്റ്സ്, എ.സി.മിലാൻ, ഇന്റെർമിലാൻ, ബ്രെസ്കിയ, സാമ്പ്ഡോറിയ, പാർമ, എ.എസ്.റോമ, നാപ്പൊളി എന്നീ ടീമുകൾ അതിനായി അവസാന 30 വർഷത്തിനിടയിൽ സ്പെയ്നിലെത്തിയിട്ടുണ്ട്.
ഇവരിൽ ട്രോഫി സ്വന്തമാക്കിയവർ യുവന്റസും സാമ്പഡോറിയയും മാത്രം.
ഇവരിൽ സാമ്പഡോറിയ കളിച്ച 3 വർഷങ്ങളിലും കലാശപ്പോരാട്ടത്തിൽ പങ്കെടുത്തവരും. ഇങ്ങനെ ഗാമ്പർ ട്രോഫിയിൽ ഇറ്റാലിയൻ ടീമുകളിലെ ഏറ്റവും മികച്ച റെക്കോർഡുമായിട്ടാണ് ഇത്തവണ അവർ എതിരേയെത്തുന്നത്.
ബാഴ്സയും സാമ്പഡോറിയയും ആദ്യം ഏറ്റുമുട്ടിയത് 1960ൽ നടന്ന സൗഹൃദ മൽസരത്തിലായിരുന്നു. അന്ന് എതിരില്ലാത്ത നാലു ഗോളുകൾക്ക് സാമ്പഡോറിയ ബാഴ്സലോണയെ മാനം കെടുത്തി വിട്ടു. 1966ൽ ബാഴ്സ പ്രഥമ ഗാമ്പർ ട്രോഫി സ്വന്തമാക്കുമ്പോൾ, ഇപ്പോഴത്തെ എവർട്ടൺ പരിശീലകനും ബാഴ്സ ഇതിഹാസവുമായ റൊണാൾഡ് കൂമാനു 3 വയസ് മാത്രം പ്രായം. ഇതേ കൂമാൻ നേടിയ ഏകഗോളിൽ 1992ലെ അവസാന യൂറോപ്യൻ കപ്പ് നേടി ബാഴ്സ യൂറോപ്പിൽ കന്നികാഹളം മുഴക്കിയപ്പോൾ കണ്ണുനീർ പൊഴിച്ചത് സാമ്പ്ഡോറിയ.1989ലെ ‘കപ്പ്-വിന്നേഴ്സ്’ കപ്പിലും 2-0 ന് ബാഴ്സയോട് പരാജയപ്പെടാനായിരുന്നു അവരുടെ വിധി. അതുപോലെ മികച്ചൊരു സാമ്പഡോറിയ ടീം മുൻപോ പിന്നീടോ ഉണ്ടായിരുന്നില്ല. പിൽക്കാലത്ത് കൂമാനെ പോലെ പരിശീലകരായി പേരെടുത്ത ജിയാൻലൂക്ക വിയാലി, റൊബെർട്ടൊ മാഞ്ചീനി, വിക്ടർ മുനോസ് എന്നിവരടങ്ങിയ സാമ്പഡോറിയയുടെ സുവർണ്ണതലമുറയ്ക്ക് ഇറ്റലിക്ക് പുറത്ത് കിരീടങ്ങളൊന്നും നേടാനാവാതെ പോയതിന്റെ വൈര്യം അവർക്ക് എങ്ങനെയാണ് മറക്കാനാവുക ??
1997ൽ പരിഷ്കരിക്കപ്പെട്ട ഗാമ്പർ ട്രോഫിയുടെ ഉദ്ഘാടന പതിപ്പിൽ ഏറ്റുമുട്ടിയത് ഇരുവരുമായിരുന്നു. അന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബാഴ്സലോണ ഒരിക്കൽ കൂടി അവരെ കരയിപ്പിച്ചു. പിന്നീട് ഇവർ കണ്ട് മുട്ടുന്നത് 2012ൽ ഗാമ്പർ ട്രോഫിക്കായിട്ടാണ്. ടീം വിടാൻ തീരുമാനിച്ച പെപ് ഗ്വാർഡിയോളയെയും (1992 ടീമിലെ അംഗം) സെയ്ദു കീറ്റയെയും കാണികൾ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്ത അബിദാലിനെയും നിയുക്ത പരിശീലകൻ വിലാനോവയെയും അന്ന് സാമ്പഡോറിയ അമ്പരപ്പിച്ചു. ഡേവിഡ് വിയ്യയും റിസർവ് താരങ്ങളും അടങ്ങിയ ബാഴ്സയ്ക്ക് മേൽ അവർ വിജയം നേടി.1992ലെ പരാജയത്തിന്റെ 20ആം വാർഷികത്തിൽ ബാഴ്സയ്ക്ക് ഏറെ പ്രിയപ്പെട്ടവരുടെ കണ്ണീർ വീഴിച്ച് സോറിയാനൊയുടെ ഏക ഗോളിലായിരുന്നു സാമ്പഡോറിയയുടെ വിജയം ; കാവ്യനീതി പോലെ…
∆ വർത്തമാനകാലം..
യൂറോപ്പ് അടക്കിവാഴുന്ന ടീമുകളിലൊന്നാണ് ബാഴ്സ. സാമ്പഡോറിയയാവട്ടെ യൂറോപ്പിലെ സാന്നിധ്യം പോയിട്ട് Seria-Aയിൽ സ്ഥാനം നിലനിർത്താൻ കഷ്ടപ്പെടുന്ന അവസ്ഥയിലും. ഇന്ന് ഇരു ടീമുകളെയും ഒരേ തട്ടിൽ അളന്ന് നോക്കുന്നത് വിഡ്ഢിത്തമാകും.
റെലഗേഷൻ സോണിനെ അതിജീവിച്ച് വസിക്കുന്ന സാമ്പഡോറിയ കഴിഞ്ഞ 2 സീസണിൽ ഭേദപ്പെട്ട പ്രകടനത്തിലൂടെ തിരികെയെത്താനുള്ള ശ്രമത്തിലാണ്. ‘സ്വന്തം സ്ട്രൈക്കറാ’യിരുന്ന വിസെൻസിയൊ മൊണ്ടെയയുടെ കീഴിൽ പ്രതിരോധം ഏറെ മെച്ചപ്പെട്ടിരുന്നു. എന്നാൽ മുന്നേറ്റം നയിച്ചിരുന്ന എഡർ ഇന്റർമിലാനിലേക്ക് കുടിയേറി. മൊണ്ടെയയാവട്ടെ, എ.സി.മിലാന്റെ പരിശീലകനായതിന്റെ ഒഴിവിൽ പുതിയ ആളെ നിയോഗിച്ചിട്ടില്ല. ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ സീസണിനു മുമ്പ് ഒരുപിടി നല്ല താരങ്ങളെ അവർ ടീമിലെത്തിച്ചിട്ടുണ്ട്. ഫാബിയൊ ക്വാഗ്ലിയറെല്ല, മ്യുറിയേൽ എന്നിവർ ആക്രമണം നയിക്കും. 4-3-3 ഫോർമേഷനിൽ ഇറങ്ങാൻ സാധ്യതയുള്ള ഇലവൻ –
SAMPDORIA POSSIBLE XI: Viviano; De Silvestri, Silvestre, Regini, Sala; Barreto, Palombo, Linetty; Schick, Muriel, Quagliarella
ലൂയിസ് എന്രികെയ്ക്ക് ഇത് പരീക്ഷണങ്ങളുടെ സമയമാണ്. കടലാസിൽ തനിക്ക് ലഭിച്ച ഏറ്റവും കരുത്തരായ ടീമാണിതെന്ന് അദ്ദേഹം സമ്മതിച്ച് കഴിഞ്ഞു. 2012ൽ സാമ്പഡോറിയയെ നേരിട്ടവരിൽ ഒരാൾ ഇന്നും ടീമിലുണ്ട് – സെർജി റൊബെർട്ടൊ ! വലത് വിങ്ങിൽ അലക്സ് വിദാലിനു കഴിവ് തെളിയിക്കാനുള്ള അവസരമാകും ഈ മൽസരം. ജോർഡി ആൽബ തിരിച്ചെത്തും. സാമുവേൽ ഉംറ്റിറ്റിക്കും ആന്ദ്രെ ഗോമസിനും അരങ്ങേറ്റം കുറിക്കുന്ന മൽസരമാകും ഇതെന്നുള്ളത് മറ്റൊരു സവിശേഷതയാണ്. (വ്യത്യസ്തമായ ഫോർമേഷൻ പരീക്ഷിക്കുന്നത് നല്ലതും ഈ മൽസരങ്ങൾ അതിന് ഏറ്റവും നല്ല അവസരവുമാണെന്നിരിക്കെ) 4-3-3 എന്ന പ്രിയ ഫോർമേഷനിൽ തന്നെയാകും ലൂക്കൊ ടീമിനെ വിന്യസിക്കുക.
BARCELONA POSSIBLE XI: Ter Stegen; Vidal, Pique, Umtiti, Alba; Roberto, Busquets, Gomes; Messi, Suarez, Munir
ഗാമ്പർ ട്രോഫി ബാഴ്സലോണയ്ക്ക് ‘സീസണൽ അലാം’ മാത്രമല്ല. കൃതജ്ഞതാപൂർവ്വം അനുവർത്തിക്കേണ്ട ആചാരമാണ്. നന്ദിയുടെ പരമമായ രൂപമാണ്. അത് ‘ലാ സാമ്പ്സി’നെ പരാജയപ്പെടുത്തിയാകുന്നത് പ്രത്യേകതയേറിയതും.
വാൽക്കഷണം:-
2012 ഗാമ്പർ ട്രോഫിയ്ക്ക് മുന്നോടിയായി ബാഴ്സ പ്രതീക്ഷയോടെ അവതരിപ്പിച്ചവരാണ് ജോർഡി ആൽബ, അലക്സ് സോങ് എന്നിവർ. ഇന്ന്, ഇരുവരും ട്രാൻസ്ഫർ വിജയ – പരാജയങ്ങൾക്ക് ഉദാഹരണമാകുന്നു.
ഇത്തവണ ഉംറ്റിറ്റി, ഗോമസ്, ഡിഗ്നെ, ഡെനിസ് എന്നിവരെയാണ് ബാഴ്സ അവതരിപ്പിച്ചിരിക്കുന്നത്.
അവർക്ക് മുന്നിലുമുണ്ട് – ആൽബയുടെ വഴിയും സോങിന്റെ വഴിയും !
©Penyadel Barca Kerala