• Follow

ജന്മദിനാശംസകള്‍ – EL MAESTRO

  • Posted On January 25, 2020

ചാവി ഹെർണാണ്ടസിനോട് ഈ ജനറേഷനിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർ താങ്കളാണ് എന്ന് പറഞ്ഞാൽ അദ്ദേഹം താൻ ബാഴ്‌സലോണയിലെ പോലും മികച്ച മിഡ്‌ഫീൽഡർ അല്ല എന്ന് ആത്മാർത്ഥമായി പറയും. മെസ്സിയെയും ഇനിയെസ്ടയുമൊക്കെ ഒരു കൊച്ചുകുട്ടിയുടെ അത്ഭുതഭാവത്തോടെ വാതോരാതെ വർണിക്കുന്ന ചാവി അദ്ദേഹത്തെ കുറിച്ച് ഒരു മാന്ത്രികതയും കൈവശമില്ലാത്ത മൈതാനത്തിൽ സ്പേസ് മാത്രം സ്രഷ്ടിക്കുന്ന ഒരു സിസ്റ്റം കളിക്കാരൻ ആയി ആണ് കണക്കാക്കുന്നത്.

അദ്ദേഹം പറഞ്ഞതു ഏതാണ്ട് ശെരിയാണ്, ചാവി ഒരു സിസ്റ്റം പ്ലയെർ ആയിരുന്നു. എന്നാൽ ആ സിസ്റ്റം അയാൾ തന്നെയായിരുന്നു. ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ സിരകളെ ചൂട് പിടിപ്പിക്കുകയും രോമാഞ്ചപുളകിതരാക്കുകയും അതിന്റെ അനുരണനങ്ങൾ എക്കാലവും അലയടിക്കുന്ന ഒരു ടാക്ടിക്കൽ ഇന്നവേഷന്റെ ഉത്ഭവത്തിന്റെയും ലോകം കണ്ട എക്കാലത്തെയും മികച്ച ടീമിന്റെയും ആവിർഭാവവും ഔന്നിത്യവും അതിന്റെ അസ്തമയവും ചാവിയിലൂടെ ആയിരുന്നു. തന്റെ അപാരമായ ഫുട്ബോൾ തലച്ചോറിനാലും ടാക്ടിക്കൽ പ്രാവീണ്യത്താലും ചാവി തന്റെ ടീമുകളെ നയിച്ചപ്പോൾ എതിരാളികൾ ചിന്നഭിഹ്നമായി. ഒരിക്കൽ ഡാനി ആൽവേസിനോട് ചാവി എങ്ങനെയാണു ഈ പ്രകടനം പുറത്തെടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു, താനും ഞാനും ഈ ഭൂമിയുടെ സന്തതികൾ ആണെങ്കിൽ ചാവി വേറെ ഏതോ അന്യഗ്രഹത്തിൽ നിന്നും ടെലിപോർട് ചെയ്തു ഭൂമിയിൽ എത്തിപ്പെട്ടതാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞതു. ക്ലബ്ബിന്റെയും രാജ്യത്തിന്റെയും ഇത് വരെ കാണാത്ത നേട്ടങ്ങളിൽ ചാലക ശക്തിയായിരുന്ന ചാവി തന്റെ കരിയറിന്റെ അസ്തമയ ശോഭയിൽ ഒന്ന് തളർന്നതോടെ അദ്ദേഹം തന്നെ നിർവചിച്ച ഒരു യുഗത്തിനാണ് ആണ് അന്ത്യമായതു.

ചാവി ലോക ഫുട്ബോളിന് നൽകിയ സംഭാവന ചെറുതല്ല, ആധുനിക ഫുട്ബോൾ ഫിസിക്കൽ ഫാസ്റ്റ് സ്പേസിഡ് കളിക്കാരുടെ ആധിപത്യം കണ്ട സമയത്തായിരുന്നു ചാവി തന്റെ ചെറിയ ശരീരം വെച്ച് മൈതാനത്തു മാന്ത്രികത കാണിച്ചത്. അദ്ദേഹത്തെ പ്പോലുള്ള കളിക്കാർക്ക് ചാവി ഒരു പ്രചോദനമായി മാറി. ചാവി ബാഴ്സയിൽ നിലനിന്നിരുന്ന ക്രൈഫിയൻ ടോട്ടൽ ഫുട്ബോൾ ആശയത്തെ പൂർണതയിൽ എത്തിച്ചപ്പോൾ രാജ്യത്തിന് വേണ്ടി അത് അദ്ദേഹം നടപ്പാക്കി. പൊസഷൻ , പാസിംഗ് , സ്പീഡ് എല്ലാം ഒരു താളത്തിലേക്കു ഡെൽ ബോസ്‌ക് ചാവിയുടെ സഹായത്തോടെ നടപ്പിൽ വരുത്തിയതോടെ സ്പാനിഷ് ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങൾക്കും വിസ്മയകരമായ നേട്ടങ്ങൾക്കും ആണ് അത് വഴിയൊരുക്കിയത്. എന്നാൽ ഇതൊന്നും അറിയാതയോ അല്ലേൽ അറിഞ്ഞ ഭാവം കാണിക്കാതെയോ അദ്ദേഹം നമ്മളിലൊരാളായി സഞ്ചരിക്കുന്നു.

  • SHARE :