ഖദീജ – നിറമുള്ള പെൺജീവിതങ്ങളുടെ പ്രതീകം
വിമൻസ് ഡേ പ്രമാണിച്ചു കൂളെസ് ഓഫ് കേരള ഫേസ്ബുക് ഗ്രൂപ്പിൽ നടന്ന #EqualGame എഴുത്ത് മത്സരത്തിൽ അബ്ബാസ് അൻസാരി എഴുതിയ രണ്ടാം സ്ഥാനം നേടിയ ലേഖനം.
ഷൊർണൂരിന്ന് വണ്ടി അങ്ങാടിപ്പുറം ഭാഗത്തേക്ക് തിരിയുമ്പോ അറിയാതെ ആണേലും കണ്ണൊന്നു തുറന്നു പോകും, എത്രയോ വർഷങ്ങൾക്ക് മുൻപാണ് അവസാനമായി ഇതുവഴി പോയതെങ്കിൽ കൂടി അന്നുമിന്നും പ്രിയപ്പെട്ടതീ ഒറ്റവരിപ്പാത. ഷൊർണ്ണൂർ നിന്ന് നിലമ്പൂര് വരെയുള്ള ട്രെയിൻ യാത്ര മലയാളികൾക്ക് എന്നും പ്രണയാർദ്രമാണ്. 90 കളുടെ അവസാനത്തിൽ “കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ ” ഗിരി മേനോനും മീനാക്ഷിയും പ്രണയം പാടി നടന്ന വഴികൾ. നീണ്ടു പോകുന്ന ഒറ്റ വരി പാത. ആ യാത്ര മലയാളികളുടെ പഴയ കാല്പനിക പ്രണയാന്തരീക്ഷത്തിലേക്കുള്ള ഓടിക്കയറലാണ്. ഇളവെയില് വീണു തുടങ്ങി, ഇറങ്ങാനുള്ള സ്റ്റേഷൻ അടുക്കുന്നു, ചെറിയ ഹാൻഡ്ബാഗുമെടുത്ത് പുറത്തേക്കിറങ്ങാൻ തയ്യാറെടുക്കുമ്പോൾത്തന്നെ സ്റ്റേഷനിൽ റഹ്മാൻ എന്നെയും കാത്ത് നിൽക്കുന്നത് എനിക്ക് കാണാം. ട്രൈനിറങ്ങി ഓടി അവന്റടുത്തേക്കു ചെന്നു, കാലങ്ങൾക്കു മുൻപ് നിനച്ചിരിക്കാതെ വാപ്പാക്ക് വന്ന ട്രാൻസ്‌ഫർ ആണ് അങ്ങാടിപ്പുറത്തോടു വിട പറയിപ്പിച്ചത്, അന്ന് ഇതേ സ്റ്റേഷനിൽ നിന്ന് എന്നെ യാത്രയാക്കാൻ നിറ കണ്ണുകളോടെ ഇവനും ഉണ്ടായിരുന്നു. സ്നേഹം നിറച്ച കെട്ടിപ്പിടിക്കലുകൾക്ക് ശേഷം അവിടുന്ന് ആക്ടിവയിൽ കയറി വിശേഷങ്ങൾ പങ്കു വെച്ച് നേരെ തറവാട്ടിലേക്ക്.
തിരക്കേറിയ തിരുവനന്തപുരം ജീവിതത്തിനിടയിൽ ഇങ്ങനെയൊരു നാട് ഓർമ്മകളിൽ കൊണ്ട് നടക്കുന്നതുമൊരു സുഖമാണ്, ഇവിടുന്നു പോകാൻ നേരം അന്ന് ഞാൻ കണ്ട ചുമടുതാങ്ങികളും, ആൽത്തറകളും, ഇടവഴികളും, പാടവും, പനമരങ്ങളും, പഴേ ശ്രീ കൃഷ്ണ ക്ഷേത്രവും എല്ലാം അതുപോലുണ്ടിവിടെ. അവയെല്ലാം ഈ നാടിന്റെ ജീവ നാഡികളാണെന്നു തോന്നിപ്പോകുന്നു.
തറവാടിന്റെ വിശാലമായ മുറ്റത്തിനിരകിലേക്കു വണ്ടിയൊതുക്ക, റഹ്മാൻ നേരെ അവന്റെ വീട്ടിലേക്കു പോയി, ചുറ്റിനും കവുങ്ങു നിറഞ്ഞ വിശാലമായ ഒരു പുരയിടം, അതിനു നടുവിലായി തറവാട്, അതിനു ചുറ്റിലുമായി റഹ്മാന്റെ വീടടക്കം നാല് വീടുകൾ, തറവാട്ടിൽ ഉപ്പുപ്പായും ഉമ്മുമ്മയും, ബാക്കി എല്ല്ലാം മൂത്തപ്പമാരുടെ വീടുകളാണ്, ഒരു വീട് ഞങ്ങളുടെയായിരുന്നു, തിരുവനന്തപുരത്തേക്കു പോയതിൽ പിന്നെ ഞങ്ങളുടെ വീട് റഹ്മാന്റെ തന്നെ അകന്ന ഒരു ബന്ധുവിന് വാടകക്ക് കൊടുത്തിരിക്കുന്നു എന്നാണ് വരും വഴിയിൽ അറിഞ്ഞത്.
യാത്രാക്ഷീണം നന്നേ വലച്ചിരുന്നു, ഒരുക്കിവച്ച പലഹാരങ്ങളും ഉമ്മുമ്മയുടെ സ്നേഹവും ഒരു ഉറക്കം കഴിഞ്ഞു കൈപ്പറ്റാം എന്ന ജാമ്യത്തിൽ ഒരു കുളിയും പാസ്സാക്കി നേരെ കട്ടിലിലേക്ക്. നന്നേ കാറ്റ് കുറഞ്ഞ തുകൽ പന്ത് തട്ടിക്കളിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ പിന്നെ ഉണരുന്നത്. മുറ്റം നിറയെ പിള്ളേരുണ്ടെന്ന് മനസ്സിലായി. കിളി വാതിലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ബഹുരസം, കുറെ കുഞ്ഞു കുട്ടി പട്ടാളങ്ങളും അവർക്കിടയിൽ തട്ടമിട്ട ഒരു പെൺകുട്ടിയും. കൂട്ടത്തിൽ മുതിർന്നത് അവളാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും, അവളുടെ കാലിലാണ് പന്ത്, ഒരു വട്ടം കൂടി കണ്ണൊന്നു തിരുമി ഒന്ന് കൂടി കാഴ്ചകളെ ഉൾകൊള്ളാൻ ഞാൻ ശ്രെമിച്ചു, പാവാടയിട്ട പെൺകൊടി ഇടതു കൈ കൊണ്ട് തട്ടം കൂട്ടിപിടിച്ചു കൊണ്ട് എല്ലു മുറ്റി വരുന്ന ചെക്കന്മാരെ ഒക്കെ വെട്ടിയൊഴിഞ്ഞു മുന്നേറുന്നു, തികഞ്ഞ മെയ് വഴക്കത്തോടെയാണവൾ കളിച്ചു കയറുന്നത്, അതിനിടെയാണ് വടക്കേ പുറത്തുനിന്നു “ഖദീജാ,” ന്ന് ഒരു വിളി വന്നത്, സ്വിച്ച് ഇട്ട പോലെ പന്ത് വലതു കാലിൽ ചവിട്ടി പിടിച്ച്, കളിയും നിർത്തി,വിളി വന്ന ഭാഗത്തേക്ക് അവള് ഓടി മറഞ്ഞു, വലിയ അതിശയമൊന്നും കാണിക്കാതെ ബാക്കി കുട്ടികൾ കളി തുടർന്ന്.
എനിക്ക് ആകാംക്ഷയും അതിശയവും ഒക്കെ കൂടി വല്ലാത്ത അവസ്ഥയായി. ഇത്രയും നല്ലവണ്ണം പന്ത് തട്ടുന്ന ഒരു പെണ്ണിനേയും ഞാൻ കണ്ടിട്ടില്ല, എന്തിനേറെ പറയുന്നു, പെണ്പിള്ളേരുടെ ഫുട്ബോൾ കളി പോലും പ്രഹസനം എന്ന് കരുതിയിരുന്ന ആളാണ് ഞാൻ. നേരെ താഴെക്കോടി, ഉമ്മുമ്മയെ കണ്ടു, അവളെ പറ്റി തിരക്കി, ഞങ്ങൾ മാറിപ്പോയ വീട്ടിൽ താമസിക്കുന്ന കുട്ടിയാണതെന്നും പേര് ഖദീജയാണെന്നും ഒക്കെ പറഞ്ഞതല്ലാതെ വലിയ വിവരങ്ങളൊന്നും അവിടുന്ന് കിട്ടീല, റഹ്മാൻ എന്തോ പരീക്ഷക്ക് പോയിരിക്കുവാന്, അവൻ വരുന്ന വരെ പിന്നെ കാത്തിരിപ്പായി.
വൈകുന്നേരത്തെ ചർച്ചാവിഷയം പിന്നെ ഖദീജ തന്നെയായിരുന്നു. കല്ല് പാലത്തെ ക്ഷേത്ര കുളത്തിൽ കുളിക്കുമ്പോഴും, ജുമാ പള്ളിയിൽ മഗ്‌രിബ് കഴിഞ്ഞ് ഇറങ്ങിയുള്ള സന്ധ്യാ സംഭാഷണത്തിലും, രാത്രിയിലു ബിസ്മി ഹോട്ടലിലെ പൊറോട്ട നേരങ്ങളിലും ഒക്കെ സംസാരവിഷയമായി ഖദീജ വന്നു പൊയ്ക്കൊണ്ടിരുന്നു, ഗൾഫിലായിരുന്നു ജനിച്ചതും വളർന്നതും, പിതാവിന്റെ മരണവും കുറച്ചു സാമ്പത്തിക പ്രതിസന്ധികളും വലച്ചപ്പോൾ നാട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു, എന്നേക്കാൾ രണ്ടു വയസ്സ് ഇളയതാണ്.പിറ്റേ ദിവസം എനിക്ക് പരിചയപ്പെടുത്തി തരാമെന്നു പറഞ്ഞാണ് റഹ്മാൻ അന്ന് പിരിഞ്ഞത്.
പിറ്റേന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു, പള്ളി പിരിഞ്ഞു വരും നേരം മുറ്റത്തു നിന്ന ഖദീജയെ റഹ്മാൻ ഞങ്ങളുടെ അടുക്കലേക്ക് വിളിച്ചു, എന്നെ പരിചയപ്പെടുത്തി, ആദ്യം തന്നെ ഞാൻ ഒരു ഗമക്ക് കേറി അങ് ചോദിച്ചു മെസി ഓർ റൊണാൾഡോ ? എന്ന്. ചെറിയൊരു പുഞ്ചിരിയോടെ അവള് പറഞ്ഞു ” മാർത്ത “,!!!
കണ്ടു നിന്ന റഹ്മാനും, പറഞ്ഞ ഖദീജക്കും വലിയ ഭാവ വെത്യാസങ്ങളുമില്ലെങ്കിലും കേട്ട എനിക്ക് വലിയൊരു അടിയായി പോയി.അഭിമാനത്തിനൊരു കളങ്കമേറ്റ പോലെ, വേറൊന്നും കൊണ്ടല്ല, അവളെന്നെ കളിയാക്കിയതാണോ എന്ന് കൂടി എനിക്ക് മനസ്സ്സിലായില്ല.അങ്ങനൊരാളെ കുറിച്ച് ഞാൻ കേട്ടിട്ട് കൂടി ഇല്ല എന്നതൊരു വാസ്തവം,അപ്പൊ തന്നെ അവൾക് ഒരു വിളി വന്നു, ഖദീജ അങ്ങോട്ടേക്ക് ഓടി പോവുകയും ചെയ്തു. പൊതുവെ എന്നേക്കാൾ ഫുട്ബോൾ ജ്ഞാനം കുറഞ്ഞ റഹ്മാനോട് പിന്നൊന്നും ചോദിക്കാൻ നിന്നില്ല ഞാൻ. നേരെ മുറിയിലേക്കു പോയി ഫോണെടുത്ത്, മാർത്തയെ പറ്റി ഗൂഗിൾ ൽ ഒന്ന് പരതി നോക്കി, ഞെട്ടി തരിച്ചിരുന്നു പോയി ഞാൻ.
ബ്രസീലിയൻ ഫുട്ബോൾ എന്നും ഒരു അക്ഷയ ഖനിയാണ്, അവിടുന്ന് കിട്ടുന്ന രത്നങ്ങൾ, പവിഴങ്ങൾ, മുത്തുകൾ ഒക്കെ കാൽപ്പന്തു കളിയുടെ ചന്തം എന്നും ഉന്നതങ്ങളിലേക്ക് എത്തിച്ചിട്ടേയുള്ളു. പെലെയും സീക്കോയും റൊമാരിയോയും,ഗാരിഞ്ചയും, സോക്രടീസും ഒക്കെ വളം പാകിയ ബ്രസീലിയൻ ഫുട്ബാളിന്റെ ചന്തം യുവരക്തങ്ങളായ റാമിറെസും, എവെർട്ടനും, വിനീഷ്യസും, എമേഴ്‌സനും, റോഡ്രിഗോയും ഒക്കെ ചേർന്ന് നെഞ്ചോടു ചേർത്ത് പിടിക്കുന്നുണ്ട്, എന്നാൽ അവർക്കിടയിലെ മാണിക്യമാണ് മാർത്ത.
2006, 2007, 2008, 2009, 2010 എന്നിങ്ങനെ 5 വർഷങ്ങൾ തുടർച്ചയായി ഫിഫയുടെ മികച്ച വനിതാ താരമായ മാർത്ത 2018 ലും ഈ അവാർഡ് നേട്ടം കൈ വരിച്ചു, സ്റ്റാറ്റുകളിലൂടെ കണ്ണോടിക്കുമ്പോൾ ഈ താരത്തെപറ്റി ഇത്രയും നാൾ അറിയാത്തതിൽ എനിക്കെന്നോട് തന്നെ ഒരു അപകർഷത തോന്നി പോയി, ലിവിങ് ലെജൻഡ് എന്ന് നിസ്സംശയം വിളിക്കാവുന്ന പെൺ കരുത്തിന്റെ പ്രതീകം. യൂട്യൂബിൽ കയറി നോക്കുമ്പോൾ വായും പൊളിച്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു, ഇടം കാലുകളിൽ ഒളിപ്പിച്ച വന്യമായ ഫുട്ബോൾ സൗന്ദര്യം, ചാട്ടുളി പോലെ പറക്കുന്ന ഷോട്ടുകൾ, ഡീഞ്യോ യെ അനുസ്മരിപ്പിക്കും വിധം സ്കില്ലുകൾ, ഡീഞ്യോ യുടെ ‘Joga Bonito’ ഡീഞ്യോ യുടെ തന്നെ Hocus Pocus, എതിരാളിയെ കയത്തിലേക്ക് തള്ളിയിടുന്ന Elastico യും ഒക്കെ എത്ര നിസ്സാരമായാണവർ കാഴ്ചവെക്കുന്നത്. കളിച്ച ക്ളബുകളിലെ ക്ലബ് ലെജണ്ടാണവർ, വാക്കുകൾക്കതീതം. കിട്ടിയ അറിവുകൾ ഉൾകൂട്ടി വെച്ചു ഖദീജയെ കാണാനായി പിന്നെ കാത്തിരിപ്പ്.
പിറ്റേ ദിവസം അടുത്തൊരു തൈക്കാ പള്ളിയിൽ ദുആ മജ്‌ലിസ് ആയ കാരണത്താല് കുടുംബത്തെ എല്ലാരും അവിടേക്ക് പോയി, ഖദീജ അന്ന് വീട്ടിലുണ്ടായിരുന്നു, രാവിലെ തന്നെ തറവാടിന്റെ തിണ്ണയിലു മാങ്ങ പൊട്ടിച്ചുതിന്നുന്ന കുട്ടികൾക്കിടയിൽ ഞാൻ ഖദീജയെ കണ്ടു, ഞാനും അവർക്കൊപ്പം കൂടി, വിശദമായി പരിചയപ്പെടലുകൾ കഴിഞ്ഞു ഞാൻ മെല്ലെ മെല്ലെ മാർത്തയെ പറ്റിയൊക്കെ സംസാരിച്ചു തുടങ്ങി,, പൊതുവെ വിഷാദവതിയായ അവളുടെ മുഖത്ത് നൂറു പുഞ്ചിരികൾ ഒരുമിച്ചു വന് നിറഞ്ഞു, ഒറ്റ വാക്കിലെനിക്കു മനസ്സിലായി, ഇന്നോളം അവിടെ ആരും അവളോട് ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല എന്ന്.
, ” മാർത്തയുടെ കളി കണ്ടിട്ടുണ്ടോ” ? ” കിട്ടാക്കനിയായ ലോക കിരീടം” ?, ” ഒളിമ്പിക് സ്വർണം ?” അങ്ങനെ ചോദ്യങ്ങളും വിവരണങളും ഒക്കെയായി വാ തോരാതെ കുറേ സംസാരിച്ചു തീർത്തു ഖദീജ.!!!അന്ന് പിരിയുന്നേരം ഞാൻ കുറെ കൂടി അറിഞ്ഞു ആ പെണ്ണിന്റെ ഉള്ളിലെ കാൽപന്ത് കളിയോടുള്ള പ്രണയം, അവളുടെ മനാസ്സിലേക്ക് കാൽപ്പന്തു കളിയെ അടുപ്പിച്ച “മാർത്തയോടുള്ള ” പ്രണയം.!!! ഗൂഗിളിനെ ആശ്രയിച്ചു വീണ്ടും, അന്ന് മുഴുവൻ ഞാൻ മാർത്തയെ പറ്റി ഓരോന്നറിയാൻ ശ്രെമിച്ചു കൊണ്ടിരുന്നു,
100 ലധികം രാജ്യാന്തര ഗോളുകൾ നേടിയ വനിതാ താരം, വനിതാ ലോകകപ്പിൽ 17 ഗോളുകൾ നേടിയ ഏക താരം, 2007 ൽ ചൈന യിൽ വെച്ച് നടന്ന വനിതാ ലോകകപ്പിലെ ഗോൾഡൻ ബോളും ഗോള്ഡൻ ഷൂ യും 7 ഗേളുകള് നേടിയ മർത്തക്കാണ് വന്നു ചേർന്നത്, 2005, 2011, 2012, 2014 എന്നിങ്ങനെ നാല് വട്ടം ഫിഫ ബെസ്റ്റ് പ്ലെയർ റണ്ണർ അപ് ആവുകയും 2016, 2017, 2019 എന്നിങ്ങനെ 3 വര്ഷങ്ങളിലെ FIFPro World XI യിലും ഇടം പിടിക്കുകയും ചെയ്തു മാർത്ത,2009 ൽ നടന്ന Copa Libertadores de Fútbol Femenino ചാംപ്യൻഷിപ് ന്റെ ഗോൾഡൻ ബോൾ ഉം മർത്തയാണ് സ്വന്തമാക്കിയത്, Women’s Professional Soccer ന്റെ ഗോൾഡൻ ബൂട്ട് 3 വട്ടം നേടിയതിനൊപ്പം അവരുടെ തന്നെ most valuable player അവാർഡും 2 വട്ടവും കരസ്ഥമാക്കി.2010 ലെ കോപ്പ അമേരിക്ക വനിതാ ചാംപ്യൻഷിപ് ന്റെ ടോപ് ഗോൾ സ്കോററും മാർത്ത തന്നെയായിരുന്നു. റെക്കോഡ് പുസ്തകങ്ങളും, വ്യക്തിഗത മികവുകളും കൊണ്ട് തൂക്കി നോക്കിയാൽ മാർത്തയുടെ തട്ട് എന്നും താണ് തന്നെ ഇരിക്കും. ഗൂഗിളിലെ പേജുകൾ മറിഞ്ഞു മറിഞ്ഞു പൊയ്ക്കൊണ്ടിരുന്നു, മാർത്തയോട് അളവറ്റ ആരാധനയും ആദരവും എന്നിൽ ഏറി തുടങ്ങി. രണ്ടു ദിവസങ്ങളിൽ കാണുമ്പോഴൊക്കെയും ഞങ്ങളുടെ ഇടയിലെ സംസാരങ്ങൾ ഫുട്ബോളും മാർത്തയും ഒക്കെ തന്നെയായി മാറി.
ഒരു ദിവസം വൈകുന്നേരം മഴ ചാറ്റലും കണ്ടു ഉമ്മറത്തിരിക്കുമ്പോഴാണ് ഖദീജ വരുന്നത്, അവൾക്കെന്നോട് ഇനിയും എന്തൊക്കെയോ പറയാൻ ഉള്ള പോലെ എനിക്ക് തോന്നി, ഒന്ന് തിരി കൊളുത്തേണ്ട ജോലി മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. അവൾ പറഞ്ഞു തുടങ്ങി, മാർത്തയുടേതിന് വളരെ സാമ്യം നിറഞ്ഞു നിക്കുന്ന ജീവിതമാണ് അവളുടേതെന്നവള് പറഞ്ഞു, നെറ്റി ചുളിച്ചു നിന്ന എന്നെ നോക്കി അവൾ പറഞ്ഞു, ബ്രസീലിലെ തീരദേശ ഗ്രാമമായ ദയോസ് റിച്ചാവോസിലെ സാധാരണ കുടുംബത്തിൽ പിറന്ന മാർത്ത ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്നീ കാണുന്ന നിലയിൽ എത്തിയത്, ഫുട്ബോളിനെന്നും പേരും പെരുമയും ഉള്ള നാടാണെങ്കിലും പെൺകുട്ടി ഫുട്ബോൾ കളിക്കുന്നത് വളരെ എതിർത്തിരുന്നു അവളുടെ വീട്ടുകാർ. കളിക്കും നേരം നാട്ടിലേ ചെക്കന്മാർ ഒരുപാട് ഓടി പിടിക്കാനും ടാക്കിള് ചെയ്ത വീഴ്ത്താനും നോക്കിയിട്ടുണ്ടെങ്കിലും അതിനു കിട്ടാത്ത പെണ്ണായിരുന്നു മാർത്ത, കളിയ്ക്കാൻ ഇറക്കുന്നതിൽ നിന്ന് ആണത്തം കൈ മുതലായി തലയിൽ മാത്രം കൊണ്ട് നടക്കുന്ന കുറെ ആളുകൾ അവളെ വിലക്കി, സഹോദരങ്ങൾ ഒരു പാടു തല്ലി നോവിച്ചിട്ടുണ്ട്, അതിലൊന്നും കുലുങ്ങാതെ അമ്മയുട പിന്തുണയോടെ ഫുട്ബോൾ ലോകം കീഴടക്കാൻ 14 ആം വയസ്സിൽ കോച് ഹെലേന പച്ചേക്കോയുടെ ചിറകിലേറി പാറിയവളാണ് മാർത്ത, അവിടുന്ന് പിന്നെ വിജയിച്ചു കയറി ഇന്ന് greatest female footballer of all time എന്ന ഖ്യാതിയിലേക് എത്തി വിലസുകയാണ് മാർത്ത. ഗൾഫിൽ വളർന്ന നാളുകളിൽ വാപ്പയായിരുന്നു ഖദീജാക്ക് കൂട്ട്. സ്കൂളിലെ PT പിരീഡുകൾ ആണ്കുട്ടികൾക്കൊപ്പം പന്ത് തട്ടിയ ഖദീജ അന്ന് മുതലേ ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു, പുറം രാജ്യങളിൽ സാങ്കേതിക വിദ്യയുടെ ആവിർഭാവം കൂടുതലായിരുന്നത് കൊണ്ട് തന്നെ അന്ന് മുതൽ അക്കാലത്തെ സെൻസേഷനായ മാർത്തയുടെ കളിയിൽ ആകൃഷ്ടയായിരുന്നു, പെട്ടെന്നുണ്ടായ പിതാവിന്റെ മരണത്തോടെ ജന്മനാട് വിട്ടു ഇങ്ങോട്ടേക്കു വന്നതിൽ പിന്നെ അവൾ കൂട്ടിലിട്ട തത്തയാണ്, പിതാവിന്റെ മരണം വല്ലാതെ തളർത്തിയ അവൾക്ക് പിന്നീട് ഇഷ്ടപ്പെട്ടതെല്ലാം അകന്നു പോയ്‌കൊണ്ടിരിക്കുകയായിരുന്നു, പന്ത് തട്ടാൻ ചെറിയ കുട്ടികൾക്കൊപ്പം വീട്ടുമുറ്റത്തു ഇറങ്ങിയാൽ പോലും ഉമ്മയുടെ കയ്യിൽ നിന്നും തല്ലും വഴക്കും ഒക്കെ കിട്ടുന്ന കാര്യം പറഞ്ഞു വിതുമ്പാൻ തുടങ്ങി അവൾ,ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന അവളുടെ സഹോദരൻ വന്നാലും, ഇടയ്ക്കു വന്നു പോകുന്ന മാമമാർ ആയാലും പന്ത് തട്ടുന്നതിന്റെ പേരിൽ വാക്കുകൊണ്ടും നോക്കുകൊണ്ടും വേദനിപ്പിച്ചു കൊണ്ടേയിരുന്നു,അതിനിടെ ചാറ്റൽ മഴ നന്നേ കനത്തിരുന്നു, തിണ്ണയിലിരുന്നു കാലു നീട്ടി പുറത്തെ മഴയിലേക്ക് നീട്ടി പിടിച്ചപ്പോൾ ഞാൻ കണ്ടു അവളുടെ കാലുകൾ. പന്ത് കളിക്കാൻ പരുക്കൻ തറയിൽ ഓടിയും അങനെ കല്ലിൽ തട്ടി മുറിഞ്ഞും ഒക്കെ ആകെ വല്ലാണ്ടായി ഇരിക്കുന്നു. സ്ത്രീ സൗന്ദര്യ സങ്കൽപ്പങ്ങളിൽ അഴകൊത്ത വടിവൊത്ത കാലുകൾ ഒക്കെ പെടുമെങ്കിലും അവളുടെ കഥകൾ കേട്ടിരിക്കുമ്പോ ഈ കാലുകളുടെ സൗന്ദര്യം എനിക്ക് കാണാതെ പോകാനായില്ല, കാലുകളിൽ നോക്കിയിരിക്കുന്ന എന്നെ കണ്ടപ്പോൾ അവൾ എന്നോട് പറഞ്ഞു ” ഇതിലും വലിയ മുറിവുകൾ ഹൃദയത്തിൽ ” ആണെന്ന്.!!! പറയുമ്പോൾ അവളുടെ തൊണ്ടകൾ ഇടറുന്നുണ്ടായിരുന്നു. ഞാനോർത്തു ഇത്രമേൽ കാലിൽ കളിയും ഹൃദയത്തിൽ ആ കളിയോടുള്ള സ്നേഹവും പേറി എങ്ങനെ ഇവൾ ഈ ജീവിതം തള്ളി നീക്കുന്നു എന്ന്,തട്ടം പിടിച് കണ്ണിലെ നീരൊപ്പിയെടുത്തു സംസാരം തുടര്ന്നുണ്ടായിരുന്നു അവൾ.
മാർത്ത ഒരു പോരാളിയാണ്, 18 ആം വയസ്സിൽ ലോകത്തിലെ തന്നെ മികച്ച വനിതാ ലീഗുകളിലൊന്നായ സ്വീഡിഷ് ലീഗിൽ അവളെത്തുകയായിരുന്നു, ഉമേയ -ik എന്ന ടീമിലെത്തിയ മാർത്ത തന്റെ ടീമിനെ തുടർച്ചയായി 4 തവണ ലീഗ് ചാമ്പ്യന്മാർ ആക്കുകയായിരുന്നു, ഒപ്പം 2004,2005, 2008 സീസണുകളിൽ ടോപ് സ്കോററും ആയി, “Marta – Pelés kusin” (മാർത്ത – പെലെയുടെ കസിൻ) എന്ന പേരിൽ 2005 ൽ സ്വീഡിഷ് ടെലിവിഷൻ അവതരിപ്പിച്ച ഡോക്യൂമെന്ററിയെ പറ്റി ഒക്കെ ഖദീജ പറയുമ്പോൾ ഞാൻ തികച്ചും സ്തബ്ധനായി ഇരിക്കുകയായിരുന്നു, സ്വീഡിഷ് ജനതയ്ക്ക് മാർത്ത യോടുള്ള ബഹുമാനവു സ്നേഹവും പ്രകടിപ്പിക്കുന്നതായിരുന്നു ആ ഡോക്യുമെന്ററി എന്നാണ് ഖദീജ പറഞ്ഞു നിർത്തിയത്.
പല സ്പോർട്സ് ഗ്രൂപ്പുകളിലും ഇടയ്ക്കു കേറി തലയിട്ടു നോക്കുന്ന ഞാൻ കാതങ്ങളകലെയുള്ള, മികച്ച താരങ്ങൾ എടുത്ത് പറയാനില്ലാത്ത, പല പല ക്ളബുകൾക്കും വേണ്ടി ഇവിടെ ഉറക്കമിളച്ചു കളി കാണുകയും, ജയ് വിളിക്കുകയും, ഭീകരമായി ടീമിനെ സപ്പോർട് ചെയ്യുന്നവരെയും ഒക്കെ കാണാറുണ്ട്, ഖദീജയുടെയും അവരുടെയുമൊക്കെ ഈ കളിപ്രാന്ത് തന്നെയാണ് ഇന്നും ഈ കളിയെ പട്ടിണി പാവങ്ങളുടെ കുടിലിലേക്കും സമ്പന്നന്റെയും അന്തപ്പുരങ്ങളിലേക്കും വിരുന്നൊരുക്കുന്ന ലോകത്തിന്റെ തന്നെ കളിയായി മാറ്റുന്നത്.
കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാനായി അമേരിക്കൻ വനിതാ ലീഗിലേക്ക് ചേക്കേറിയ മാർത്ത അവിടെയും വിജയം കൊയ്ത്തു, ലോസ് ആഞ്ചലസ് ക്ലബിന് പന്ത് തട്ടുകയും അവിടുന്ന് ഓഫ് സീസണിൽ തിരികെ ബ്രസീലിയൻ ക്ലബ് സാന്റോസിനു വേണ്ടിയും സൈൻ ചെയ്ത മാർത്ത 3 മാസ കാലയളവിനിടെ അവിടെ ‘കോപ്പ ഡോ ബ്രസീൽ’ കിരീടം നേടിയാണ് തിരികെ വണ്ടി കയറിയത്. ഇതിനിടെ ആദ്യ ടീം പ്രവർത്തനം നിർത്തിയതിനാൽ ‘FC ഗോൾഡ് പ്രൈഡ്’ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ മാർത്ത അവിടെയും വിജയപരമ്പര തുടർന്നു.അവിടുന്ന് woman’s professional football ലെ തന്നെ മൂന്നാമത്തെ ടീമായ വെസ്റ്റേൺ ന്യൂ യോർക്ക് ഫ്ലാഷ്’ നു വേണ്ടിയും മാർത്ത പന്ത് തട്ടി. അവിടെയും ടോപ് സ്കോററായ മാർത്ത WPS ടൂർണമെന്റ് റദ്ധാക്കിയ മൂലം തിരികെ സ്വീഡനിലേക്ക് പോവുകയായിരുന്നു, അവിടെ ‘ടൈറിസോ FF’ ടീമിന് വേണ്ടി കളിച്ചു അവരെ ആദ്യമായി ലീഗ് ചാമ്പ്യന്മാരാക്കി, അങ്ങനെ നീണ്ട കരിയറിന്റെ അവസാനം 2016 ൽ അമേരിക്കൻ ക്ലബ്ബായ ‘ഓർലാൻഡോ പ്രൈഡ്’ നു വേണ്ടിയാണു മാർത്ത നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രൊഫൈൽ ഉള്ള ഒരു ഒരു പ്രഫഷണൽ പ്ലയെരില് ഖദീജ ആരാധക ആയി പോയി എന്നതിൽ ഇപ്പോൾ ഞാൻ ഒട്ടും അത്ഭുതം കാണുന്നില്ല. ഇന്റർനെറ്റ് സർഫിങ് ന്റെ ആനന്ദം അറിഞ്ഞു പോയ കുറച്ചു ദിനങ്ങൾ,മാർത്തയെ പറ്റി അറിയുന്ന വിവരങ്ങൾ ഖദീജയെ അറിയിക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന സന്തോഷം വല്ലാത്തോരു സുഖമുള്ള കാഴ്ചയാണ്. ഇതിടെ ഒരു ദിവസം ഞാൻ പറയുകയുണ്ടായി. “പാവാടയിട്ട പെലെ ” എന്നാണ് മാർത്തയുടെ വിളിപ്പേര് എന്ന കാര്യം, ഒരു പൊട്ടിച്ചിരിയോടെ അപ്പോൾ അവള് പറഞ്ഞു ; കുട്ടികളൊക്കെ ” പാവാടയിട്ട മെസ്സി ” എന്ന് വിളിച്ചു തന്നെ കളിയാക്കാറുണ്ടെന്ന കാര്യം. ഒപ്പം തന്നെ മാർത്ത നേടിയ മികച്ച കിരീടമായി ഖദീജ അവകാശപ്പെടുന്നത് 2007 ൽ നടന്ന പാൻ അമേരിക്ക ടൂർണമെന്റാണ്, കാരണം വളരെ ലളിതമായിരുന്നു, ബ്രസീലിന്റെ ഹൃദയമായ മാരക്കാനയിൽ തടിച്ചു കൂടിയ പതിനായിരങ്ങളായ ജനതയ്ക്ക് മുൻപിൽ കിരീടം ഉയർത്തുന്നതിലും രോമാഞ്ചം തരുന്ന വേറെ എന്താണുള്ളത് എന്നാണ് ഖദീജയുടെ വാദം. അക്കാര്യം പറഞ്ഞു കഴിയും മുൻപ് മഴക്കാറ് വന്നു മൂടുകയായിരുന്നു ഖദീജയുടെ മുഖത്തു. മാരക്കാന എന്നും സന്തോഷവും സങ്കടവും നിറഞ്ഞ അനുഭവമാണ്,2016 ലെ ഒളിമ്പിക്സ് സ്വർണം മാർത്തയുടെ കയ്യൊപ്പോടു കൂടി നേടുമെന്ന് കരുതിയ ബ്രസീൽ ജനത തോൽവിയോടെ കണ്ണുനീരിന്റെ ഉപ്പ് രുചിച്ച ദിവസമായിരുന്നു അത്. തന്റെ താരത്തിന് വിജയമാണോ തോല്വിയാണോ എന്നറിയാൻ കാത്തിരുന്നു വെളുപ്പിച്ച ഒരു ചൊവ്വാഴ്ചയെ പറ്റി പറഞ്ഞ ഖദീജ വാചാലയായി.
കിട്ടാക്കനിയായി ഇന്നും ലോകകിരീടവും ഒളിമ്പിക് കിരീടവും മാർത്തയുടെ കൈയെത്തും ദൂരെ ഇരിക്കുമ്പോഴും അതിനെ പറ്റി ഖദീജയെ സാന്ത്വനിപ്പിക്കാൻ എനിക്കൊന്നേ പറയാനുണ്ടായിരുന്നുള്ളു. ” ചിലർ മനുഷ്യനാണ് എന്ന് തെളിയിക്കാൻ വേണ്ടി ദൈവം അവർക്കു ചിലത് കൈയെത്തിപ്പിടിക്കാനാകാതെ ബാക്കി വെക്കും, ഇതേ മാരക്കാനയുടെ പച്ചപ്പുല്ലുകൾക്ക് മീതെ നിറ കണ്ണുകളോടെ ലോക കിരീടത്തെ നോക്കി നടന്നകന്ന ഒരു കുറിയ മനുഷ്യനുണ്ട്, ആ മനുഷ്യനും ഈ മാർത്തയും ഒകെ 90 മിനിറ്റുകളിൽ മൈതാന വരക്കകത്തെ അമാനുഷികരാണെങ്കിലും അവരൊക്കെ മനുഷ്യർ ആണെന്നും, എല്ലാമവർക്കു പ്രാപ്യമല്ല എന്നുമുള്ള തിരിച്ചറിവിനുള്ള പാഠങ്ങളുമാണിതെന്നും ഞാനവളെ പറഞ്ഞു പഠിപ്പിച്ചു.
അങ്ങാടിപ്പുറത്തേക്കു വണ്ടി കയറുന്ന നാൾ വരെ എന്റെയുള്ളിൽ ഫുട്ബോളെന്ന ഗെയിമിൽ ഒരു “GOAT ” മാത്രമാണുണ്ടതായിരുന്നതെങ്കിൽ അതെ വൻകരയിൽ തന്നെ രാജ്യാതിർത്തികൾക്കപ്പുറം പന്ത് തട്ടിയ മാർത്ത എന്ന ബ്രസീലിയൻ വനിതയെ ലിംഗ ഭേദമന്യെ അങ്ങനെ കാണാതിരിക്കാൻ ഇനി എനിക്ക് കഴിയില്ല.ആൺ മേൽക്കോയ്മ വാഴുന്ന കാൽപന്ത് മൈതാനങ്ങളിൽ വസന്തം വിരിയിക്കുന്ന ശലഭമായി അവൾ പാറി നടക്കുന്നുണ്ട്, ഇങ്ങു കൊച്ചു കേരളത്തിലും ലോകത്തിന്റെ നാനാ കോണുകളിലും അതിന്റെ പ്രഭ വീശിക്കൊണ്ടിരിക്കുന്നതു കൊണ്ടാണ് പെൺകുട്ടികൾ വീട്ടിലിരിക്കണമെന്നു ആരോ പാടിയ പഴം പാട്ടുകൾ കാറ്റിൽ പറത്തി പെൺകുട്ടികൾ മൈതാനങ്ങളിലേക്ക് ഓടുന്നത്, ഇനി നമ്മുടെ മൈതാനങ്ങൾ അവർക്കു കൂടിയുള്ളതാകട്ടെ.!!!
ദിവസങ്ങൾ കഴിഞ്ഞുപോയ്, തിരികെ ട്രെയിൻ കയറാനുള്ള ദിവസം അടുത്തു. പുതിയ ലോകവും പുതിയ കുറേ അറിവുകളും എന്നെ പുതിയൊരു മനുഷ്യനാക്കിയിരുന്നു, ഉള്ളിന്റെ ഉള്ളിൽ കളിയിടങ്ങളും നാലാളു കൂടുന്നിടവുമൊക്കെ സ്ത്രീകൾക്ക് വരാൻ പാടില്ലാത്ത ഇടങ്ങളെന്ന് അറിയാതെയെങ്കിലും മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു!!!
മാർത്ത.അനേകായിരം സ്ത്രീ ഫുട്ബോളറിലൊരാളായിരുന്നു, പക്ഷെ ആ ജീവിതം എന്നെപ്പോലെ മനസ്സിൽ മാറാല കേറിയ, “ആണത്തം” തലക്ക് മുകളിൽ പേരിനൊരലങ്കാരമായി മാത്രം കൊണ്ട് നടക്കുന്ന, ആണായി ജനിച്ചത് കൊണ്ട് മാത്രം സ്ത്രീ തങ്ങളുടെ കീഴിലൊതുങ്ങണമെന്ന് വിശ്വസിച്ച് പോന്ന ആയിരക്കണക്കിനു ആണിനു മേൽ ആൺ-പെൺ സമത്വമെന്ന മഹത്തായ സന്ദേശം പരത്തുന്നുണ്ടെങ്കിൽ ഒരു വ്യക്തിയെന്ന നിലക്കും, കായിക താരം എന്ന നിലക്കും അത് തന്നെയാണ് മാർത്തയുടെ ഏറ്റവും വലിയ വിജയം!!!
മഴക്കാറ് കേറി ഇരുണ്ട ദിവസം, തിരികെ നാട്ടിലേക്ക് പോകാനിറങ്ങും മുൻപ് ഉമ്മൂമ്മ തയ്യാറാക്കിയ പലഹാരങ്ങളൊക്കെ ബാഗിലാക്കി പാക്ക് ചെയ്യുന്ന സമയം കയ്യിൽ കരുതിയ ചെറിയ പൊതിയുമായി ഞാൻ ഖദീജായുടെ അടുത്തേക്കോടി, പേര മരത്തിന്റെ ചോട്ടിൽ അവളുണ്ട്, കഴുകിയിട്ട തുണികൾ മഴ പെയ്യും മുൻപ് അയയിൽ നിന്ന് എടുത്ത് കൊണ്ട് നിൽക്കുകയാണവൾ. എന്നെ കണ്ടതും അതേ വിഷാദഭാവത്തിൽ തന്നെ എന്നോട്” പോകാനായോ,?”എന്ന കാര്യം തിരക്കി. മറുപടിയൊന്നും പറയാൻ നിക്കാതെ കൈയ്യിൽ കരുതിയിരുന്ന പൊതി അവൾക്ക് നേരേ നീട്ടി. മഴക്ക് മുന്പ് സ്റ്റേഷൻ പിടിക്കണമെന്ന അറിയിപ്പ് തരാനായി റഹ്മാൻ ആക്ടീവയുടെ ഹോൺ മുഴക്കി കൊണ്ടേയിരുന്നു.
റഹ്മാനെ ഒന്ന് നോക്കി “ദാ വരുന്നു” എന്ന് പറയുന്നതിനിടെ തന്നെ ഖദീജ ആ പൊതി പൊട്ടിച്ചിരുന്നു. അവൾക്കേറ്റവും പ്രിയപ്പെട്ട 10 ാം നമ്പർ മഞ്ഞ കുപ്പായമായിരുന്നു അത്. അവളുടെ മുഖം പ്രകാശിച്ചു, നിറകണ്ണുകളോടെ എന്നെ നോക്കിയ ആ നേരം എന്റെയും കണ്ണുകൾ നിറഞ്ഞു. എനിക്കത് വെറുമൊരു മഞ്ഞകുപ്പായമല്ലായിരുന്നു, ഞങ്ങളുടെ സൗഹൃദത്തിന്റെ തണലിൽ പൂത്തുലഞ്ഞ മഞ്ഞ പൂക്കളായിരുന്നു അത്. അതാ “ഖദീജാ.” എന്ന വിളി വന്നു, പൊടുന്നനെ തന്നെ യാന്ത്രികമായി അവൾ തുണികളുമെടുത്തങ്ങോട്ടേക്കോടി.
ഹാൻഡ്ബാഗ് നിറയെ സ്നേഹവും നിറച്ച് സ്കൂട്ടറിലിരുന്ന് കുടുങ്ങി കുടുങ്ങി സ്റ്റേഷനിലേക്ക്.മഴ മാനത്ത് നിന്ന് പെയ്തിറങ്ങാൻ തുടങ്ങി. ആളൊഴിഞ്ഞ സ്റ്റേഷനിൽ ഒറ്റക്കിരിക്കുമ്പോൾ മനസ്സിൽ ഓർമ്മകൾ പെയ്തിറങ്ങാൻ തുടങ്ങി,കനത്ത മഴ മണ്ണിനെ തണുപ്പിച്ചു, മനസ്സപ്പോഴും പൊള്ളുകയാണ്. ചൂളം വിളിച്ചെത്തിയ ട്രെയിനിലേക്ക് കയറി ജനാല പറ്റി ചേർന്നിരുന്നു. സ്റ്റേഷൻ കഴിഞ്ഞ് പോകുന്ന നേരം ഓരോ വീടുകൾ പിന്നിടുമ്പോഴും ഞാനോർത്തു. എത്രയെത്ര വീടുകളിൽ തളച്ചിട്ടിരിക്കുന്നത് എത്രയെത്ര “മാർത്ത”മാരെയാകാം!!
19 ലെ വേൾഡ്കപ്പിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായ ദിവസം മാർത്ത ഒരു വാചകം പറയുകയുണ്ടായി, “The women’s game depends on you to survive. So think about that. Value it more. Cry in the beginning so you can smile in the end.” ഇത് കേവലമൊരു പോസ്റ്റ് മാച്ച് കമന്റായി കാലം കുറിച്ചിടുമെന്ന് ഞാൻ കരുതുന്നില്ല. അകത്തളങ്ങളിൽ തളച്ചിട്ട, നില നിൽപ്പിനായി കഷ്ടപ്പെടുന്ന സ്ത്രീ ജനതക്ക് എന്നെന്നും ഉന്നമനങ്ങളിലേക്ക് സമരം ചെയ്ത് മുന്നേറാനുള്ള വീര്യം നിറച്ച മുദ്രാവാക്യമാണിത്.
“ഖദീജ ഒരു ഓർമ്മയാണ്. ഖദീദ ഒരു തിരിച്ചറിവാണ്, ഖദീജ ഒരു പ്രതീകമാണ്. അടച്ചിട്ട വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ട, ആഗ്രഹങ്ങൾ കുന്നു കൂട്ടി, ഉയരങ്ങളിലേക്ക് പറക്കാൻ വെമ്പി നിൽക്കുന്ന നിറമുള്ള പെൺജീവിതങ്ങളുടെ പ്രതീകം.”
Abbaz Ansari
#EqualGame