ക്ളാസിക്കോ വാൽവർഡെയുടെ കണ്ണുകളിലൂടെ
ഏണസ്റ്റോ വാൽവർഡെ – വർഷങ്ങൾക്കു ശേഷമാണു ടാക്ക്ടിക്കലി ഇത്ര ഫ്ലെക്സിബിളായ ഒരു ‘കോച്ചിനെ’ ബാഴ്‌സയ്ക്ക് ലഭിക്കുന്നത്. റയൽ, ബാഴ്‌സ പോലുള്ള പ്രതിഭയ്ക്ക് പഞ്ഞമില്ലാത്ത ക്ലബ്ബുകളിൽ കോച്ചിനെക്കാൾ ചേരുക ‘മാൻ മാനേജർ’ ആണെന്ന സത്യം നിലനിൽക്കുമ്പോഴും, ബാഴ്‌സയുടെ സമീപകാല മാനേജർമാർ അധികം റിസ്‌ക്കുകൾ എടുത്തിരുന്നില്ല. ഇവിടെയാണ് വാൽവർഡെ വ്യത്യസ്തനാകുന്നത്. ബാഴ്‌സലോണ പോലെയൊരു ‘ഐഡന്റിറ്റി’ വിട്ടു കളിക്കുവാൻ ഇഷ്ട്ടപ്പെടാത്ത ക്ലബ്ബിൽ വാൽവർഡെ 4-4-2 ഫോർമേഷൻ പരീക്ഷിക്കുവാൻ ഭയപ്പെടുന്നില്ല. അടുത്ത ദിവസം, ടിക്കി ടാക്ക എന്ന് വിളിക്കപ്പെടുന്ന ‘ജ്യൂഗോ ഡി പൊസിസിയോൺ’ അനുസ്മരിപ്പിക്കുന്ന ശൈലിയിൽ 4-3-3 ഫോർമേഷനിൽ കളിക്കും. ഇറ്റാലിയൻ ഫുട്‍ബോളിനെ അനുസ്മരിപ്പിക്കുന്ന ഒരു മത്സരവും ഉണ്ടായിരുന്നു, അതും യൂവന്റസിനു എതിരെ 0-0 സ്‌കോറിൽ അവസാനിച്ച മത്സരം. അന്ന് സമനിലയ്ക്കു വേണ്ടി മാത്രമാണ് ടീം കളിച്ചതു. ബാഴ്‌സയുടെ ബഹുഭൂരിപക്ഷം ആരാധകരും ‘പ്യുവറിസ്റ്റ്’ ഗണത്തിൽ പെട്ടവരാണ്. ഏതു സാഹചര്യത്തിലും കാലാകാലങ്ങളായി കളിച്ചു വരുന്ന ശൈലിയിൽ തന്നെ കളിക്കണം എന്ന വാശിക്കാറാണ് കൂടുതൽ. ആ മത്സരത്തിന് ശേഷം ഫാൻ സർക്കിളുകളിൽ നിന്ന് ധാരാളം വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാൽ അതെ ആഴ്ച നടന്ന വലൻസിയ മത്സരം അതിനുള്ള മറുപടിയും തന്നിരുന്നു. വലൻസിയ മത്സരം, സമനിലയായി അവസാനിച്ചുവെങ്കിലും ബാഴ്‌സലോണ ഏറ്റവും മനോഹരമായി കളിച്ച മത്സരങ്ങളിൽ ഒന്നായിരുന്നു അത്. അതെ വാൽവർഡെ ഒരു റിയലിസ്റ്റ് മാനേജരാണ്. നല്ല സമയത്തായിരുന്നില്ല അദ്ദേഹത്തിന്റെ ബാഴ്‌സയിലേക്കുള്ള വരവ്. നെയ്മർ ടീം വിട്ടതിന്റെ ആഘാതം മാറുന്നതിനു മുന്നേ റയലുമായുള്ള സൂപ്പർകപ്പ് തോൽവി. പ്രധാനതാരം അപ്രതീക്ഷിതമായി ടീം വിട്ടതിനു പുറമെ ആദ്യ മത്സരം ക്ളാസിക്കോയും. പുതിയ സൈനിംഗുകൾ ടീമിനൊപ്പം ചേരുന്നത് വിൻഡോയുടെ അവസാനനാളുകളിൽ. സീസൺ തുടക്കം തന്നെ മറ്റൊരു പ്രധാന താരം പരിക്ക് മൂലം 4 മാസത്തേക്ക് പുറത്ത്. സീസണിൽ പരിക്കുകൾ തുടർക്കഥകൾ. ‘റിയാലിസ്റ്റ്’ ആകുകയേ അയാൾക്ക് നിവർത്തി ഉണ്ടായിരുന്നുള്ളൂ. വാൽവർഡെയുടെ പരീക്ഷണങ്ങൾ ഇത് വരെ വിജയമാണ്. ലീഗിൽ ഒന്നാമത്, ലീഗിലും, യൂറോപ്പിലും അപരാജിതർ, കോപ്പയിൽ രണ്ടാം റൗണ്ടിൽ, പ്രധാന താരങ്ങൾ എല്ലാം മടങ്ങി വരുന്നു,പുതിയ കളിക്കാർ വരാനുള്ള സാധ്യതയും കാണുന്നു. ബി ടീം മത്സരങ്ങൾ സ്ഥിരമായി അദ്ദേഹം ഫോളോ ചെയ്യുന്നു, അവരുടെ മത്സരങ്ങൾ പോയി കാണുന്നു. വാൽവർഡെ പതിയെ ആണെങ്കിലും സിസ്റ്റവുമായി ചേർന്ന് കഴിഞ്ഞു. പൗളീന്യോയും, വെർമലനും ഒരുമിച്ചു ക്ളാസിക്കോ സ്റ്റാർട്ട് ചെയ്യുന്നു എന്ന് കഴിഞ്ഞ ജൂണിൽ ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിലും നമ്മൾ ചിരിച്ചു തള്ളിയേനെ. ഇന്നത് പറയുവാൻ സാധിക്കുന്നുവെങ്കിൽ- അതാണ് ഏണസ്റ്റോ വാൽവർഡെയുടെ കഴിഞ്ഞ അഞ്ചു മാസത്തെ നേട്ടം.
വാൽവർഡെയുടെ കണ്ണിൽ കൂടി ക്ളാസിക്കോയെ ഒന്ന് ടാക്ക്ടിക്കലി ബാഴ്‌സയുടെ പെർസ്പെക്റ്റീവിൽ കൂടി ഒന്ന് വിശകലനം ചെയ്യുന്നു.
• ആദ്യമേ കടലാസിൽ അഡ്വാൻറ്റേജ് ബാഴ്‌സലോണയ്‌ക്കാണ്. കാരണം ഒരു സമനില പോലും, ബാഴ്‌സയ്ക്ക് നല്ല റിസൾട്ടാണ്. റയലുമായി പതിനൊന്ന് പോയിന്റ് മുന്നിലുള്ളതിനാലും, ക്യാമ്പ് ന്യൂ ക്ളാസിക്കോ കയ്യിലുള്ളതുമാണ് അങ്ങനെ കരുതുവാൻ കാരണം. മാത്രമല്ല റയലിന് ഇക്കളി ജയിച്ചേ പറ്റൂ. ഒരു സമനില പോലും അവർക്കൊരു ഓപ്‌ഷനല്ല.
• ഔസ്മാൻ ഡെംബലെ കളിക്കുവാൻ സാധ്യത കുറവാണു. ലീഡ് ഉള്ളതിനാൽ റിസ്ക്ക് എടുക്കുവാൻ ബാഴ്‌സ തയ്യാറാകും എന്ന് തോന്നുന്നില്ല.റയലിന് പക്ഷെ ഡെംബലെയെ കൂടി മനസ്സിൽ കണ്ടേ പ്ലാൻ ചെയ്യാനാകൂ. വാൽവർഡെ സർപ്രൈസ് എലമെന്റ് കൊണ്ട് വരുവാൻ ശ്രമിക്കുന്ന മാനേജറാണ് എന്ന കാരണം കൊണ്ട്.
• ഗാരത് ബെയിലിന്റെ മടങ്ങി വരവ് റയലിന് പുതിയ ഓപ്‌ഷനുകൾ കൊടുത്തിരിക്കുകയാണ്. ബേയിൽ കളിക്കുവാൻ സാധ്യതയുണ്ടെങ്കിലും, 4-4-2 ശൈലിയിൽ പാക്കഡ് മിഡ്ഫീൽഡ് ഒരുക്കുവാൻ ബാഴ്‌സ ശ്രമിച്ചേക്കും. ബുസ്കറ്റ്‌സ്-റാക്കിറ്റിക്ക്-ഇനിയേസ്റ്റ-പൗളീന്യോ എന്നിവരാകും ഇറങ്ങുവാൻ സാധ്യത. പൗളീന്യോയുടെ സ്കോറിംഗ് ഫോം കൂടി കണക്കിലെടുത്താൽ ഇതിനാണ് സാധ്യത കൂടുതലും.
• സമീപകാലത്തു ബെര്ണാബിയുവിലെ ബാഴ്‌സയുടെ വിജങ്ങൾക്കു പിന്നിലെ നിർണ്ണായക സാന്നിധ്യമായിരുന്നു സെർജി റോബർട്ടോ. 4-0നു ജയിച്ച മത്സരത്തിൽ മിഡ് ഫീൽഡിൽ നിന്നും, കഴിഞ്ഞ സീസണിൽ റൈറ്റ് ബാക്ക് പൊസിഷനിൽ നിന്നും സെർജി വിസ്മയിപ്പിച്ചത് മറക്കാനിടയില്ല. സെർജി കളിക്കുവാൻ തന്നെയാണ് സാധ്യത.
• പാക്കോ അൽകാസർ, ഡെല്യൂഫോ, ഡെംബലെ എന്നിവരുടെ പരിക്കുകളാണ് 4-3-3യിൽ നിന്നും മാറി ചിന്തിപ്പിക്കുവാൻ കാരണം. എന്നാൽ മുകളിൽ പറഞ്ഞ ഫോർമേഷനിൽ നിന്ന് വളരെ വ്യത്യസ്തവും , എന്നാൽ വിജയസാധ്യത കൂടിയ ഒരു ഫോർമേഷനെ പറ്റി ഈയിടെ ചർച്ചകൾ വന്നിരുന്നു. സെമെഡോയെ റൈറ്റ് ബാക്കായി കളിപ്പിച്ചു, വലതു വിങ്ങിൽ ഫ്രീ റോളിൽ റോബർട്ടോയും. ഗുണങ്ങൾ പലതാണ്. ഒരേസമയം പ്രതിരോധത്തിലും, ആക്രമണത്തിലും സെർജിക്കു സ്വാധീനം ചെലുത്താനാകും. എക്സ്ട്രാ മിഡ് ഫീൽഡറായി ഇനിയേസ്റ്റയ്ക്കും,ബുസിയ്ക്കും, റാക്കിറ്റിക്കിനും സഹായത്തിനും സെർജി കാണും. വിങ്ങിൽ സെമെഡോയും, സെർജിയും ഒരുമിച്ച് കളിക്കുന്നത് മാഴ്‌സലോയ്ക്കുമേൽ പ്രഷർ ചെലുത്തും. ക്രീയേറ്റീവിറ്റിയും , വിഷനുമുള്ള സെർജിയ്ക്കു മത്സരത്തിൽ നേരിട്ടും സ്വാധീനം ചെലുത്തുവാനാകും. പൗളീന്യോയെ ഇമ്പാക്ക്ട് സബ്സ്റ്റിറ്റിയൂട്ട് ആയി കൊണ്ടുവരാനും സാധിക്കും. റ്റാക്ക്റ്റിക്കലി ഒരുപാട് ഓപ്‌ഷനുകൾ തരുന്ന ഒരു തീരുമാനമാകും ഇത്.
• സാമുവേൽ ഉംറ്റിറ്റിയുടെ അഭാവം വലിയൊരു നഷ്ട്ടം തന്നെയാകും ടീമിന്. ഉംറ്റിറ്റി-ടെർ സ്റ്റെയ്ഗൻ ദ്വയം വാർത്തകോളങ്ങളിൽ ഇടംപിടിക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ പരിക്ക്. വെർമലനാകും പകരക്കാരൻ. മഷറാനോ സ്റ്റാർട്ടറാകുവാൻ സാധ്യത കുറവാണു.
സാധ്യത ലൈനപ്പ് 1 – ടെർ സ്റ്റെയ്ഗൻ-റോബർട്ടോ-പീക്കെ-വെർമലിൻ-ആൽബ-ബുസ്കറ്റ്‌സ്-ഇനിയേസ്റ്റ-റാക്കിറ്റിക്ക്- പൗളീന്യോ-സുവാരസ്-മെസ്സി
സാധ്യത ലൈനപ്പ് 2 – ടെർ സ്റ്റെയ്ഗൻ-സെമെഡോ-പീക്കെ-വെർമലിൻ-ആൽബ-ബുസ്കറ്റ്‌സ്-ഇനിയേസ്റ്റ-റാക്കിറ്റിക്ക്- റോബർട്ടോ -സുവാരസ്-മെസ്സി
വാൽകഷ്ണം : റോബർട്ടോയെ പോലെ ഈ മത്സരത്തിന്റെ ഗതി മാറ്റിമറിക്കാവുന്ന താരമാണ് ജോർഡി ആൽബ. മിന്നുന്ന ഫോമിലാണ് ആൽബ. നിലവിലെ അവസ്ഥയിൽ, ഏറ്റവും ഫോമിലുള്ള ലെഫ്റ്റ് ബാക്ക് ആൽബ തന്നെയാണ്.
©Penyadel Barca Kerala