• Follow

കാല്‍പന്തുകളിയിലെ വനിത ബിംബങ്ങള്‍

  • Posted On March 27, 2020

വനിതാ ദിനത്തോട് അനുബന്ധിച്ചു കൂളെസ് ഓഫ് കേരളയുടെ ഫേസ്ബുക് ഗ്രുപ്പിൽ നടന്ന എഴുത്ത് മത്സരത്തിൽ ഫൈസൽ എഴുതിയ, മൂന്നാം സമ്മാനത്തിന് അർഹമായ ലേഖനം..

ക്യാമറ – 1

ഫുട്ബോള്‍ ഇല്ലാതെ എനിക്ക് ജീവിതമില്ലെന്ന’ ഒരൊറ്റ തേട്ടത്തിന്‍റെ ഊര്‍ജ്ജത്തില്‍ KSRTC യിലെ ഓഫീസറായി വിരമിച്ച് വീണ്ടും കുരുന്നുകളെ കളി പഠിപ്പിക്കാന്‍ ഗ്രൗണ്ടിലേക്കിറങ്ങുന്ന ലളിത സരസമ്മ എന്ന 60കാരി. ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ഫുട്ബോള്‍ കളിച്ച ആദ്യമലയാളി ആരെന്ന ചോദ്യത്തിന് നമ്മില്‍ പലരും ആദ്യം പറയുന്ന മറുപടി രാഹുല്‍ കെ.പി. എന്നാവും. അത് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ തിരുവനന്തപുരം വലിയതുറ സ്വദേശി ലളിത സരസമ്മ മന്ദഹസിച്ചേക്കും. 39 കൊല്ലം മുമ്പ് വനിതാഫുട്ബോളിനെ പറ്റി ആര്‍ക്കും തുലോം ധാരണ പോലുമില്ലാക്കാലത്ത് 1981-ല്‍ തായ്-വാനില്‍ നടന്ന ലോകകപ്പില്‍ താനണിഞ്ഞ ഇന്ത്യന്‍ ജേഴ്സിയില്‍ അവരൊരിക്കല്‍ കൂടി മുത്തമിട്ടേക്കും. ഏറ്റവും കുറഞ്ഞത് ആ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിനെ ഗ്രൂപ് മാച്ചില്‍ ഇന്ത്യ സമനിലയില്‍ തളച്ചപ്പോള്‍ ഗോള്‍ നേടിയ ശാന്തി മല്ലിക്കിന് ഒരു തൂവല്‍സ്പര്‍ശപാകം അസിസ്റ്റ് നല്‍കിയ ആ അനന്യനിമിഷത്തെയോര്‍ത്ത് അവര്‍ വിണ്ണിലേക്ക് കണ്ണുകളയച്ച് നിര്‍ന്നിമേഷയായി നിന്നേക്കാം..

ക്യാമറ- 2

ലോകഫുട്ബോളിന്‍റെ ഏറ്റവും വലിയ വേദിയിലെ മൈക്കിന് മുമ്പില്‍ ‘മെഗന്‍ റെപ്പീനോ’യെന്ന ‘സ്ത്രീ തന്‍റെ ബോധമണ്ഡലം തുറന്ന് വെക്കുകയാണ്.
കാലില്‍ ‘തലച്ചോറും’ മെയ്ക്കരുത്തുമുള്ളവര്‍ കളത്തില്‍ ഒറ്റക്കും തെറ്റക്കും വരുമ്പോള്‍ കുലുങ്ങാതിരുന്നിട്ടും നിറത്തിന്‍റെ പേരില്‍ കേള്‍ക്കുന്ന ഇരുകാലിഹുങ്കാരങ്ങളോട് മറുതല പറഞ്ഞ് തളര്‍ന്ന് പോവുന്ന ഖലിദു കുലിബാലിയെ, റഹീം സ്റ്റെര്‍ലിങിനെയൊക്കെ ഹൃദയം കൊണ്ട് തൊടുകയാണവര്‍ ആ വേദിയില്‍.. കളികാണാന്‍ പെണ്ണിന് അനുവാദമില്ലാത്ത ഇറാനിലെ കാടന്‍ നിയമത്തിനെതിരെ കോടതിവളപ്പില്‍ തീകൊളുത്തി സ്വയംമൃതിയടഞ്ഞ സഹര്‍ ഖൊദൈരിയെയും, താനടങ്ങുന്ന LGBTQ സൊസൈറ്റിയോടുള്ള ഫോബിയക്കെതിരെ കൂടെ നിന്നവരെയുമൊക്കെ ഓര്‍ത്ത് ആ വാക്കുകള്‍ തീക്ഷ്ണമാവുന്നുണ്ട് ഡയസില്‍. അമേരിക്കക്ക് ലോകകപ്പും ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും നേടിയ മേഗന്‍ ഒടുക്കം പറഞ്ഞ് നിര്‍ത്തുന്നതിങ്ങനെയാണ് , ‘ ഈ മുറിയിലുള്ളവര്‍ക്കൊരു വല്ലാത്ത കരുത്തുണ്ട്‌. ജാതി-മത-നിറ-ലിംഗ-ദേശ-അസമത്വങ്ങള്‍ക്കെതിരെ നമുക്ക് ഫുട്ബോള്‍ എന്ന ഈ സര്‍ഗ്ഗാത്മകആയുധം കൊണ്ട് പോരാടാം, കാല്‍പന്തുകളി കൊണ്ട് നമുക്കീ ലോകത്ത് മാറ്റങ്ങള്‍ വരുത്താം’.. ആറാം തവണയും ലോകതാരമായ ലിയോണല്‍ മെസ്സിയടക്കമുള്ളവര്‍ പോലും ആ വാക്കുകളുടെ കൃത്യതക്ക് മുന്നില്‍ നിഷ്പ്രഭരാവുന്നു ആ രാവില്‍..

ക്യാമറ- 3

ഒക്ടോബര്‍ 10 2019.
നാഷണല്‍ ആസാദി സ്റ്റേഡിയം, ടെഹ്റാന്‍. കംപോഡിയക്കെതിരെ നേടിയ 14 ഗോളിന്‍റെ വിജയം ആഘോഷിക്കുന്ന മുവായിരത്തി അഞ്ഞൂറോളം വരുന്ന ഇറാന്‍ വനിതാ ആരാധകര്‍. വിശ്വപ്രസിദ്ധ സംവിധായകന്‍ അബ്ബാസ് ഖൈറോസ്തമിയുടെ ഒരു അഭ്രകാവ്യമുണ്ട് ‘ ഷിറിന്‍ ‘. പേര്‍ഷ്യന്‍ മിത്തിക്കല്‍ കവിതയായ ഖുസ്രുവിന്‍റെയും ഷിറിന്‍റെയും പ്രണയകഥയുടെ തിയേറ്ററിക്കല്‍ ഡ്രാമയെ കണ്ടു കൊണ്ടിരിക്കുന്ന കുറച്ച് സ്ത്രീകളുടെ എക്സ്പ്രഷനുകളെ മാറി മാറി വിഷ്വലാക്കിയ സിനിമ. ഒറ്റ സീക്വന്‍സില്‍ പോലും സ്റ്റേജ് കാണിക്കാതെ നാടകത്തിന്‍റെ ശബ്ദവും, കാഴ്ചക്കാരായ സ്ത്രീകളുടെ ഫേഷ്യല്‍ എക്സ്പ്രഷന്‍സും മാത്രം കൊണ്ട് ഒരു പ്രണയകഥ പറഞ്ഞ് നമ്മെ പിടിച്ചിരുത്തുന്ന മുഴുനീള ലേഡി പോയിന്‍റ് ഓഫ് വ്യൂവിലുള്ള ഒരു ഖൈറോസ്തമിയന്‍ ആര്‍ട്ടിസ്റ്റിക്കല്‍ വണ്ടര്‍.
ജാഫര്‍ പനാഹി ‘ ഓഫ് സൈഡി’ലൂടെ സ്റ്റേഡിയകവാടത്തിലെ ഈ ലിംഗവിവേചനത്തെ നേരിട്ട് അഭിസംബോധന ചെയ്തിട്ടുണ്ട് എങ്കിലും കണ്ണുകളില്‍ പോലും കപടമായ വൈകാരികപ്രകടനങ്ങള്‍ പുലര്‍ത്തുന്ന പുരുഷന്‍റെയല്ല, മറിച്ച് വേദനയായാലും, സന്തോഷമായാലും അതിനോട് സംവദിക്കുന്ന പെണ്ണിന്‍റെ കണ്ണുകളിലുണ്ടാവും എല്ലാ വികാരങ്ങളും കൂടാതെയും കുറയാതെയും എന്ന് അബ്ബാസ് ഖൈറോസ്തമി ‘ഷിറിനി’ലൂടെ പറഞ്ഞതാണ് ആ വനിതാ കാല്‍പന്തുകളി പ്രണയിനികളുടെ കരഘോഷം ലോകത്തോട് സംവേദിച്ചത്. അവര്‍ ഉയര്‍ത്തിയ ബാനറില്‍ ഏറ്റവും തിളക്കമാര്‍ന്ന വരികള്‍ ഇതായിരുന്നു ‘ Thank you FIFA ‘. അങ്ങനെ പുതിയ കാലത്തിന്‍റെ വിപ്ലവങ്ങള്‍ ഉരുളുന്ന പന്തിന്‍റെ വഴിയെയാണെന്ന് അവര്‍ വിളിച്ച് പറയുകയായിരുന്നു. 40 വര്‍ഷത്തെ ലിംഗവെറിയെ ആറ്റിലെറിയാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയ, ആ അസുലഭസായാഹ്നത്തിന് നിദാനമായ ഒരു രക്തസാക്ഷിയുണ്ട്. സഹര്‍ ഖബാസി ഖൊദൈരി എന്ന ബ്ലൂ ഗേള്‍. സ്റ്റേഡിയത്തില്‍ കയറിയതിന് പെണ്ണായ കാരണത്താല്‍ ആറ് മാസം ജയിലിലടക്കപ്പെട്ട്, അതേ തുല്യനീതിക്ക് വേണ്ടി ഒടുക്കം കോടതിമുറിയില്‍ സ്വയം തീകൊളുത്തി മരണം വരിച്ച ധീരവനിത. അവരുടെ ജൈവചാരത്തിലാണ് ഇറാനിലെ ആ കാടന്‍ നിയമം എരിഞ്ഞു പോയത്.

വനിതാ ദിനത്തില്‍ ഒരു ഫുട്ബോള്‍ പ്രേമിയെന്ന നിലയില്‍ എന്‍റെ മുമ്പില്‍ കത്തിനില്‍ക്കുന്ന വനിതാശാക്തീകരണത്തിന്‍റെ ബിംബങ്ങളാണിവര്‍.

20ാം നൂറ്റാണ്ടിന്‍റെ വനിതാതാരങ്ങളായ അമേരിക്കക്കാരി മിഷേല്‍ ആര്‍ക്കേസും, ചൈനക്കാരി സുണ്‍ വെനും, കഷ്ടതകളെ ദൃഢനിശ്ചയം കൊണ്ട് മായ്ച്ച് AFC പ്ലെയര്‍ ഓഫ് ദ ഇയര്‍ 2019 നോമിനേഷന്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആശാലതാ ദേവി മുതല്‍ , പഠനമായാലും അത്ലറ്റിക്സ് ആയാലും അത്ഭുതപ്പെടുന്ന ജൂനിയര്‍ നാഷണല്‍ അത്ലറ്റ് അപര്‍ണ റോയ്, ജീവിതത്തില്‍ പല പരീക്ഷണഘട്ടങ്ങളിലൂടെ കടന്ന് പോയിട്ടും ഫുട്ബോള്‍ ട്രാക്ക് കൈവിടാതെ തുടരുന്ന കോച്ച് ഫൗസിയ മാമ്പറ്റ, ഗോകൂലം കേരള FCയെ ഇന്ത്യന്‍ വിമന്‍ ലീഗ് ചാമ്പ്യന്‍സ് ആക്കിയ കോച്ച് പി.വി. പ്രിയ, ഇന്ന് കളിച്ചു കൊണ്ടിരിക്കുന്ന ഏതൊരു കേരള /ഇന്ത്യന്‍ താരത്തിനെ പറ്റിയും അവഗാഹമായ അറിവുള്ള പതിനേഴുകാരി ഞങ്ങടെ സ്വന്തം ‘ ഫുട്ബോള്‍ ഇന്‍ഫോപീഡിയ’ നന്ദന വിജയന്‍, കയ്യില്‍ ഇഷ്ടതാരത്തെ പച്ചകുത്തിയ ബ്ലാസ്റ്റേഴ്സ് ആരാധിക മായ ചേച്ചി അടക്കമുള്ള മഹിതവനിതകളുടെ ഈ ‘ഔദ്യോഗിക ദിന’ത്തില്‍ ചെവിയില്‍ മുഴങ്ങുന്നത് വേറെയൊന്നുമല്ല, തലേന്ന് മണ്ണില്‍ കുതിര്‍ത്ത് കൊണ്ട് വന്നിട്ട ജേഴ്സിയും ട്രൗസറും ഒരു നിഷ്ഠ പോലെ ഉരക്കല്ലിലിട്ട് അടിച്ചലക്കുന്ന ഉമ്മാന്‍റെ പഴി പറച്ചിലുകളാണ്, ചെളി നിറഞ്ഞ ആ കളിക്കോപ്പുകള്‍ കല്ലിലുണ്ടാക്കുന്ന മഹാസ്ഫോടനങ്ങളാണ്.

#Equal_Game
ഫൈസൽ

  • SHARE :