കാണികളെ പ്രകീർത്തിച്ച് പീക്കെ
ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിനു പിന്നാലെ കാണികളുടെ മനോഭാവത്തെ വാതോരാതെ പുകഴ്ത്തി ജെറാർഡ് പീക്കെ. ക്യാമ്പ് നൂവിൽ മികച്ച പ്രകടനത്തിനു ശേഷവും ഇരുപാദ സ്കോറിൽ പുറത്ത് പോകേണ്ടി വന്ന ബാഴ്സലോണയെ കാണികൾ പിന്തുണച്ചത് ശ്രദ്ധേയമായ കാഴ്ച്ചയായിരുന്നു . മൽസരം പൂർത്തിയാവുന്നതിനു മുൻപേ തന്നെ എഴുന്നേറ്റ് നിന്ന ആരാധകർ ബാഴ്സ ആന്തം ഉച്ചത്തിൽ ആലപിച്ചും കൊടികൾ ഉയരത്തിൽ വീശിയും ബ്ലോഗ്രാനയ്ക്ക് പിന്നിൽ അണി നിരന്നു.
” ഇത് പോലെയുള്ള തോൽവികൾ എപ്പോഴും സങ്കടകരമാണ് . ഇത് മറന്ന് കളയാം . പക്ഷേ , ബാഴ്സ ആന്തം ആലപിച്ച അവസാനം വരെ ഞങ്ങളെ പിന്തുണച്ച കാണികൾ ; അവർ എന്നും ഓർമിക്കപ്പെടും . എനിക്ക് അഭിമാനം തോന്നുന്നു . ” കറ്റാലൻ ഡിഫൻഡർ മൽസരശേഷം പറഞ്ഞു . വരും മൽസരങ്ങളെക്കുറിച്ചും പീക്കെ പരാമർശിച്ചു . ” ഞായറാഴ്ചയിലെ എൽ ക്ലാസികൊ ആണ് അടുത്ത വെല്ലുവിളി. സാന്റിയാഗൊ ബെർണാബ്യു സ്റ്റേഡിയം നമുക്ക് പരിചിതമാണ് . മികച്ച ഫോമിൽ അല്ലെങ്കിൽ കൂടി ഞങ്ങൾ അവിടേക്ക് പോകുന്നത് ജയിക്കാനാണ്. ” തന്റെ സ്വത സിദ്ധമായ ശൈലിയിൽ പീക്കെ പറഞ്ഞു .