• Follow

ഔസ്മാൻ ഡെംബെലെയുടെ തിരിച്ചുവരവ്

  • Posted On December 29, 2017

മൂന്ന് മാസത്തോളം നീണ്ട കാത്തിരിപ്പ്.. ഒടുവിൽ ആ ദിനം അടുത്തിരിക്കുന്നു.

സൂപ്പർ കപ്പിലെ പരാജയവും നെയ്മറുടെ ട്രാൻസ്ഫറുമെല്ലാം കാരണം പ്രതിസന്ധിയിലായിരുന്ന ക്ലബ്ബിനും ആരാധകർക്കും പ്രതീക്ഷയുടെ പുതുജീവൻ പകർന്നുകൊണ്ട് ക്ലബ്ബിലേക്ക് കടന്നുവന്ന ഫ്രാൻസിന്റെ യുവരക്തം ഔസ്മാൻ ഡെംബെലെ നീണ്ട മൂന്ന് മാസത്തെ വിശ്രമത്തിനു ശേഷം തന്റെ രണ്ടാം വരവിനൊരുങ്ങുകയാണ്.

ആരാധകർ ആഘോഷമാക്കി മാറ്റിയ പ്രെസെന്റേഷനും അരങ്ങേറ്റവും. അരങ്ങേറ്റം കുറിച്ച് നിമിഷങ്ങൾക്കകം സുവാരസിന് നൽകിയ അസിസ്റ്റ് .. പിന്നീട് യുവന്റസിനെതിരെ മികച്ച പ്രകടനം.. ഒരുപാട് പേരുടെ പ്രതീക്ഷകളിലേക്കായിരുന്നു ഡെംബെലെ നടന്നു കയറിയത്. സെപ്റ്റംബർ പതിനാറിന് ഗെറ്റാഫെക്കെതിരായ മത്സരത്തിൽ ഹാംസ്ട്രിങ് ഇഞ്ചുറി കാരണം കളിക്കളം വിടേണ്ടി വന്ന ഡെംബെലെയുടെ ചിത്രം ആരാധകർ മറക്കാനിടയില്ല.

കഴിഞ്ഞ ദിവസം ബാഴ്‌സ ഒഫിഷ്യൽ വെബ് സൈറ്റിൽ ‘Don’t miss the return of Dembele on January 7 against Levante’ എന്ന പരസ്യവാചകത്തോടെയാണ് ജനുവരി ഏഴിന് നടക്കാനിരിക്കുന്ന ലവാന്റെ മാച്ചിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചത്. എന്നാൽ അൽപ്പസമയത്തിനകം ക്ലബ് പോസ്റ്റർ ഡിലീറ്റ് ചെയ്തു. ഡെംബെലെയുടെ കാര്യത്തിൽ തുടക്കം മുതൽക്കേ വാല്വെർദെ അതീവ ജാഗ്രത പുലർത്തിയിരുന്നു. എൽ ക്ലാസ്സിക്കോയിൽ താരത്തെ പരീക്ഷിക്കില്ലെന്നത് വാല്വെർദെയും ഡെംബെലെയുടെ ഡോക്ടർ റോബർട്ട് പ്രുണെയും ചേർന്നെടുത്ത തീരുമാനമായിരുന്നു. ഇപ്പോൾ ഡെംബെലെയുടെ രണ്ടാം വരവിന് കളമൊരുങ്ങുമ്പോഴും അതേ സമീപനം തന്നെ പ്രതീക്ഷിക്കാം. സെൽറ്റയ്ക്കെതിരായ കോപ ഡെൽ റേ ആദ്യ പാദ മത്സരത്തിൽ ഡെംബെലെയ്ക്ക് ഏതാനും മിനുട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ജനുവരി ഏഴിന് ലെവാന്റെയ്ക്കെതിരായ മത്സരത്തിൽ താരത്തെ സ്റ്റാർട്ടിങ് ഇലവനിൽ പ്രതീക്ഷിക്കാം. ജനുവരിയിലെ തിരക്കിട്ട ഷെഡ്യുളിനിടയിൽ ഡെംബെലെ 90 മിനുട്ടും കളിക്കാൻ സാധ്യത കുറവാണ്. പരിക്കു കാരണം ഒരുപാട് മത്സരങ്ങൾ നഷ്ടപ്പെട്ടത്തിനാൽ ഇനിയൊരു റിസ്ക് എടുക്കാൻ ക്ലബ് തയ്യാറാവില്ല. ഡെംബെലെയുടെ പൊസിഷനിൽ വാല്വെർദെ തന്റെ ബാക്ക് അപ് ഓപ്‌ഷനുകളെ തുടർന്നും പരീക്ഷിക്കും. ഫെബ്രുവരിയിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കൂടിയെത്തുമ്പോൾ ഡെംബെലെയുടെ സേവനം ടീമിന് പൂർണമായും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

ഡെംബെലെ തിരിച്ചെത്തുന്നതോടെ 4-4-2 ഫോർമേഷൻ ബാഴ്‌സ ഉപേക്ഷിച്ചേക്കും. ഇനിയങ്ങോട്ട് തന്റെ നാച്ചുറൽ പൊസിഷൻ ആയ റൈറ്റ് വിങ്ങിൽ ഡെംബെലെയും ഡേവിഡ് വിയ്യയുടേതിന് സമാനമായ റോളിൽ ഇടതു വിങ്ങിൽ സുവാരസും ഫോൾസ് നയൻ പൊസിഷനിൽ മെസ്സിയും അടങ്ങുന്ന 4-3-3 ഫോർമേഷൻ ഉപയോഗിക്കാനാണ് സാധ്യത

  • SHARE :