• Follow

“എൽ പിസ്‌റ്റോലെറോ ഒന്നാമൻ – ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവ് “

  • Posted On July 29, 2016

90കളുടെ തുടക്കം. മിലാൻ യൂറോപ്പ്യൻ ഫുട്‍ബോൾ ഭരിക്കുമ്പോളാണ് യോഹാൻ ക്രൈഫിന്റെ ‘ഡ്രീം ടീം’ കടന്നു വരുന്നത്. 1990-1995 വർഷങ്ങളിൽ ബാഴ്‌സലോണ ഫുട്‍ബോൾ ലോകത്തെ അതികായന്മാരായിരുന്നു. ആ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ മൈക്കൽ ലോഡ്രോപ്പ് ആണോ റൊമാരിയോ ആണോ എന്ന തർക്കം ഇന്നും അവസാനിച്ചിട്ടില്ല. പക്ഷെ ആ ടീമിലെ ബോസ് ഇവരുടെ ത്രയത്തിലെ മൂന്നാമനായിരുന്നു- ബൾഗേറിയൻ ഇതിഹാസം ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവ്. ഒരു വ്യക്തിയെ അയാളുടെ ഇരട്ട പേര് കൊണ്ട് മനസ്സിലാക്കാം എങ്കിൽ ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവിനെ ആകും ഏറ്റവും എളുപ്പം മനസ്സിലാക്കാൻ കഴിയുന്നത്. പിസ്റ്റൾ എന്നും ഡാഗ്ഗർ എന്നും അദ്ദേഹത്തെ വിളിക്കുന്നുണ്ട് എങ്കിൽ അത് അദ്ദേഹം സമ്പാദിച്ച പേരാണ്.

1994ലെ ബാലൻ ദ്യോർ വേദിയിൽ അദ്ദേഹം പറഞ്ഞു ” 2 ക്രിസ്തുവാണ് ഉള്ളത്.ഒരാൾ സ്വർഗ്ഗത്തിൽ ഇരിയ്ക്കുമ്പോൾ രണ്ടാമൻ ബാഴ്‌സയ്ക്ക് വേണ്ടി കളിക്കുന്നു”. ‘സ്വാഗ്’, ‘ബോസ്സിംഗ്’ എന്നിവയിൽ സ്ളാട്ടൻ ഇബ്രാഹിമോവിച്ചിന് ജെറാർഡ് പീക്കെയിൽ ഉണ്ടായ ആളെ പോലാണ് ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവ്. അദ്ദേഹത്തിന്റെ ലുക്ക് തന്നെ ഒരു മാഫിയ ബോസ് സ്റ്റൈൽ ആയിരുന്നു. നെഞ്ചത്ത് രോമം, വീ- നെക്ക് ഷർട്ടിനു മുകളിൽ ഒരു ഗോൾഡൻ ചെയിൻ , പിന്നെ എന്തോ വലിയ അജണ്ട ഒളിപ്പിച്ചു വെക്കുന്ന ശക്തമായ കണ്ണുകളും. ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവ് ഡ്രീം ബാഴ്‌സയുടെ ബോസ് ആയിരുന്നു എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ സഹതാരങ്ങൾ ഒരിക്കൽ പറഞ്ഞു ” ഒരു കല്യാണ പാർട്ടിക്ക് ഒരുങ്ങുന്ന പോലെയാണ് ഹ്രിസ്റ്റോ മത്സരത്തിന് ഒരുങ്ങുക”. കളിയുടെ കാര്യത്തിലും അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ച ഇല്ലായിരുന്നു. അന്നത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ആയിരുന്നു 1994 ലോകകപ്പിലെ ഈ ടോപ്സ്കോറർ. ബാഴ്‌സ ആരാധകർ സ്നേഹത്തോടെ കൊടുത്ത പേരാണ് എൽ പിസ്‌റ്റോലെറോ. യോഹാൻ ക്രൈഫ് എന്ന ഇരുമ്പുഹൃദയനു, ലഭിച്ച ഇരട്ടചങ്കുള്ള പോരാളി ആയിരുന്നു ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവ്.

1985ൽ കളിക്കിടയിൽ വഴക്കു ഉണ്ടാക്കിയതിന് ബൾഗേറിയൻ ലീഗ് ആജീവനാന്ത വിലക്ക് കൊടുത്തിട്ടുണ്ട് ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവിനു. 1990 പ്രീ-സീസണിൽ ബാഴ്‌സയ്ക്ക് എതിരെ 2 ഗോളുകൾ നേടിയതോടെയാണ് ക്രൈഫ് ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവിനെ ടീമിൽ എത്തിച്ചത്. അവിടെ റൊമാരിയോ-ലോഡ്രോപ് എന്നിവർക്കൊപ്പം ലോകം കണ്ട എക്കാലത്തെയും മികച്ച ത്രയം അവർ ഉണ്ടാക്കി. ഇന്നത്തെ മെസ്സി-സുവാരസ്-നെയ്മർ ത്രയം പോലും അവരുടെ നിലവാരത്തിന് ഒപ്പം എത്തിയിട്ടില്ല എന്നാണ് അന്നത്തെ കാഴ്ചക്കാർ പറയുന്നത്. ഹ്രിസ്റ്റോയുടെ പോരാട്ടവീര്യം കണ്ട ക്രൈഫ് പറഞ്ഞു ” വിഷമുള്ള പാല് കുടിച്ചാണ് ഇവാൻ വളർന്നിട്ടുണ്ടാവുക. അവന്റെ കരുത്ത്‌ അത്ര വന്യമാണ്‌ . എല്ലാവരും വീഴുന്ന ഇടത്തും അവൻ എണീറ്റ് നിൽക്കും. ഒരു കളിക്കാരൻ തന്റെ 100 ശതമാനം നൽകുക സ്വാഭാവികം. പക്ഷെ ,ഇവൻ അതിൽ കൂടുതൽ തരുന്നുണ്ട്. “.

ഒരു കംപ്ലീറ്റ് സ്‌ട്രൈക്കർ ആയിരുന്നു ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവ്. പിന്നിൽ പോയി പന്ത് റിക്കവർ ചെയ്തു കളിക്കാനും, ഇരുകാലുകള്‍ കൊണ്ടും, തല കൊണ്ടും ഗോളുകൾ നേടാനും സമർത്ഥൻ. സ്പീഡിന്റെ കാര്യത്തിലും, ഫസ്റ്റ് ടച്ചിലും അന്ന് ഉണ്ടായിരുന്ന ആരോടും കിടപിടിക്കുമായിരുന്നു ഹ്രിസ്റ്റോ. അന്ന് അദ്ദേഹം നേടിയ ചിപ്പ് ഗോളുകളുടെ എണ്ണം പറയും ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവ് ആരായിരുന്നു എന്ന്. സർപ്രൈസ് എലമെന്റ് ഉള്ള കരുത്തനായ സ്‌ട്രൈക്കർ – അതായിരുന്നു എൽ പിസ്‌റ്റോലെറോ – ഹ്രിസ്റ്റോ സ്റ്റോയിച്ച്ക്കോവ്

  • SHARE :