എസ്റ്റാഡിയോ കാമ്പ്നൗ @ 60
ഈയിടെ ഫുട്‌ബോൾ ലോകത്ത് വലിയ സംസാരവിഷയമായി മാറിയ ഒന്നായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ പുതിയ സ്റ്റേഡിയമായാ വാന്റ മെട്രോപൊളിറ്റാനോയുടെ അനാവരണം. വിസെന്റെ കാൽഡറോണിൽ നിന്നും വർണപ്പകിട്ടാർന്ന പുതിയ സ്റ്റേഡിയത്തിലേക്ക് അത്ലെറ്റി ചേക്കേറിയപ്പോൾ ലോകം വിസ്മയത്തോടെ നോക്കിനിന്നു. ക്ലബ് ഫുട്‌ബോളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ അത്ലെറ്റിയുടെ വളർച്ചയ്ക്കൊപ്പം മാഡ്രിഡിൽ പൊങ്ങി വന്ന അത്ലറ്റിയുടെ പുതിയ തട്ടകം ഇതിനോടകം തന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള വേദിയായും തിരഞ്ഞെടുക്കപെട്ടു. ആർസനലിന്റെ എമിറേറ്റ്സും സിറ്റിയുടെ എത്തിഹാദും റയലിന്റെ ബെർണബ്യുവുമെല്ലാം ഇത്തരത്തിൽ ക്ലബ്ബുകളുടെ ഉയർച്ചയ്ക്കൊപ്പം നവീകരണത്തിലൂടെ ലോകശ്രദ്ധ ആകർഷിച്ച സ്റ്റേഡിയങ്ങളാണ്.
അതുപോലെയൊരു നാഴികക്കല്ല് ബാഴ്‌സയുടെ ചരിത്രത്തിലുമുണ്ട്. ക്ലബ്ബിന്റെ വളർച്ചയ്ക്കൊപ്പം കാറ്റലോണിയയിൽ ഉയർന്നു വന്ന, ലോകമെമ്പാടുമുള്ള ബാഴ്‌സ ആരാധകർ ഭൂമിയിലെ സ്വർഗ്ഗമെന്നു വാഴ്ത്തുന്ന നമ്മുടെ സ്വന്തം എസ്റ്റാഡിയോ കാമ്പ്നൗ..! പിന്നീടങ്ങോട്ട് ക്ലബ്ബിന്റെ വിജയനിമിഷങ്ങളിൽ ആഘോഷരാവൊരുക്കുകയും പരാജയങ്ങളിൽ കൂടെ നിന്ന് വിലപിക്കുകയും ചെയ്ത ബാഴ്‌സയുടെ ഹോം ഗ്രൗണ്ട്.
ക്ലബ്ബിന്റെ ആദ്യ നാളുകളിൽ പല വേദികളിലായാണ് ബാഴ്‌സ കളിച്ചിരുന്നത്. പിന്നീട് കപ്പാസിറ്റി കുറഞ്ഞ ലെസ് കോർട്ട്സിലേക്ക് നീങ്ങി. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന് ശേഷം കാറ്റലാൻ വംശജരുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പലയിടങ്ങളിൽ നിന്നായി പിന്തുണ ലഭിച്ചു. പതിയെ കാറ്റലോണിയയുടെ പ്രതീകമായിരുന്ന ബാഴ്‌സയുടെ ആരാധകവൃന്ദവും വർധിച്ചു വന്നു. നാൽപ്പതുകളുടെ അവസാനത്തിൽ ഹംഗേറിയൻ ഇതിഹാസം കുബാല ക്ലബ്ബിലെത്തിയതോടെ ക്ലബ് കൂടുതൽ ആരാധകരെ ആകർഷിച്ചു തുടങ്ങി. പതിയെ പുതിയ സ്റേഡിയത്തിനായുള്ള സമ്മർദ്ദവും ബോർഡിനുമേൽ വർധിച്ചു വന്നു. 30000 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ലെസ് കോർട്ട്സിൽ നിന്നും ഒരു ലക്ഷത്തോളം പേരുടെ ആരവങ്ങൾക്ക് വേദിയൊരുക്കുന്ന കാമ്പ്നൗവിലക്ക് 1957 സെപ്റ്റംബർ 24 നാണ് ബാഴ്‌സ ചേക്കേറിയത്.
60 വർഷങ്ങൾക്കിപ്പുറവും ബാഴ്‌സയുടെ പ്രതീകമായി പ്രൗഡിയോടെ തലയുയർത്തിനിൽക്കുന്നു.. പിന്നീടങ്ങോട്ട് യോഹാൻ ക്രയ്ഫും റെക്സാച്ചും നീസ്കെൻസും മറഡോണയും ബകേറോയും ലോഡ്രപും കൂമനും ഗാർഡിയോളയും സ്റ്റോയിഷ്കോവും റൊമാരിയോയും ഫിനോമിനോയും റിവാൾഡോയും ഡീഞ്ഞോയും പുയോളും ചാവിയും ഇനിയെസ്റ്റയും മെസ്സിയുമെല്ലാം ഇതിഹാസങ്ങൾ രചിച്ചപ്പോൾ ജനലക്ഷങ്ങളുടെ ആരവം മുഴക്കി ആ നിമിഷങ്ങളെല്ലാം അവിസ്മരണീയമാക്കിയ എസ്റ്റാഡിയോ കാമ്പ്നൗ..
കാശ്മീരിനെ കുറിച്ച് പണ്ട് ജഹാങ്കീർ പറഞ്ഞ പോലെ
“ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്.. അതിവിടെയാണ്..അതിവിടെയാണ്”
©Penyadel Barca Kerala