ആധുനിക കായിക പരീക്ഷണശാലയായി ക്യാമ്പ് നൗ
ആധുനിക കായിക പരീക്ഷണശാലയായി ബാഴ്സയുടെ സ്വന്തം തട്ടകം. കളിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന മോണിറ്ററിങ് സംവിധാനങ്ങളെക്കുറിച്ച് ഫിഫ നടത്തുന്ന പഠനത്തിന് തിരഞ്ഞെടുത്തത് നമ്മുടെ സ്വന്തം മൈതാനമായ ക്യാമ്പ് നൗ.
ഓസ്ട്രേലിയയിലെ വിക്ടോറിയ സർവകലാശാല നേതൃത്വം വഹിക്കുന്ന പഠനം നടന്നത് ഒക്ടോബർ മാസത്തിൽ പല ഘട്ടങ്ങളിലാണ്. കളിക്കാരുടെ വേഗതയെയും സ്ഥാന ബോധത്തിനേയും കുറിക്കുന്ന സൂചകങ്ങൾക്ക് ഊന്നൽ നൽകിയ പഠനത്തിൽ പങ്കെടുത്തത് കറ്റലൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എടുക്കേഷനിലെ ബാഴ്‌സ ക്യാംപസിൽ നിന്നുള്ള മുപ്പതോളം വരുന്ന കൊച്ചു താരങ്ങളാണ്. 30 മീറ്റർ വശങ്ങളുള്ള ചതുരാകൃതിയിലുള്ള പിച്ചും 10 ക്യാമറകളും ഇതിനു വേണ്ടി തയ്യാറാക്കി. താരങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച ഉപകരങ്ങളുമായി ഈ കളത്തിൽ നടത്തുന്ന കായിക പ്രവർത്തനങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. നടത്തം, ഓട്ടം, ജോഗിങ്, എന്നീ കായിക പ്രവർത്തികൾ വിവിധ ദിശകളിൽ വിവിധ വേഗങ്ങളിൽ ഇവർക്ക് ചെയേണ്ടതുണ്ടായിരുന്നു.
പതിമൂന്നോളം അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ മോണിറ്ററിങ് സംവിധങ്ങളാണ് ഇത്തരത്തിൽ പഠനത്തിന് വിധേയമാക്കിയത്. ട്രാക്ക്160, കാറ്റപുൾട്ട്, സ്റ്റാറ്റസ്പോർട്സ് തുടങ്ങി വമ്പന്മാർ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ പഠനത്തിന്റെ പ്രായോഗിക ഫലങ്ങൾ പരിശീലകർക്കും വൈദ്യ സഹായ സംവിധങ്ങൾക്കും ഉപകാരപ്പെടുന്നതാണ്. കൂടാതെ കായിക മത്സരങ്ങളുടെ പ്രേക്ഷകർക്ക് കളിയെപ്പറ്റി കൂടുതൽ വിവരങ്ങൾ നൽകാനും ഇത് സഹായകരമാകുമെന്ന് വിശ്വസിക്കുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ ബാഴ്സ ബി ടീമിന്റെ ഹോം ഗ്രൗണ്ടായ മിനി എസ്റ്റാഡിയിൽ ഫിഫ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. ക്യാമ്പ് നൗവിൽ പരീക്ഷണങ്ങൾ തുടരുക വഴി വലിയ മൈതാനങ്ങളിലെയും വിവര ശേഖരണ സംവിധാനങ്ങൾ വിശകലനം ചെയ്യാനുള്ള അവസരമാണ് ഗവേഷകർക്ക് ലഭിക്കുന്നത്.
ഇത്തരം നൂതന പഠന പ്രക്രിയകളിലൂടെ ബാഴ്സ ഇന്നോവഷൻ ഹബ്, ക്ലബ്ബ് സംവിധാനങ്ങളെ ആധുനിക കായിക സാങ്കേതിക വിദ്യയുടെ ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലതന്നെ ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.