• Follow

ആദ്യ യൂറോപ്യൻ കപ്പ് വിജയത്തിന്റെ 25 വർഷങ്ങൾ ആഘോഷിക്കാൻ ബാഴ്സ

  • Posted On April 19, 2017

1992 മെയ് 22 നു റൊണാൾഡ് കൂമെന്റെ ഫ്രീകിക്ക് ഗോളിൽ ബാഴ്സലോണ ആദ്യ യൂറോപ്യൻ കിരീടം വെംബ്ലിയിൽ നേടിയിട്ട് 25 വർഷം ആകുന്നു. ഒരു പിടി മികച്ച പരിപാടികളുമായി ആദ്യ വിജയത്തെ കൊണ്ടാടാൻ ബാഴ്സലോണ തീരുമാനിച്ചു കഴിഞ്ഞു. അതിന്റെ ആദ്യ പടിയായി എഫ്. സി. ബാഴ്സലോണ മ്യൂസിയം വെംബ്ലി വിജയത്തിനു സമർപ്പിച്ച് കൊണ്ട് ക്ലബ് പ്രസിഡന്റ് ജോസെപ് മരിയ ബർട്ടൊമ്യു ഉദ്ഘാടനം നിർവഹിച്ചു. അന്ന് ടീമിന്റെ നിർണായക സാന്നിധ്യമായിരുന്ന ജോസെ മാരി ബക്കെറൊ , യൊഹാൻ ക്രൈഫിന്റെ അസിസ്റ്റന്റ് ആയിരുന്ന കാൾ റെക്സാച് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നവീകരിച്ച മ്യൂസിയം സുവനീറുകളാൽ നിറയ്ക്കും എന്നും അന്നത്തെ ഓർമകൾ ജീവൻ പകരുന്ന അനുഭവം സന്ദർശകരിൽ എത്തിക്കുന്ന രീതിയിലും ആയിരിക്കും നവീകരണം എന്നും ക്യുറേറ്റർമാർ ഉറപ്പ് നൽകിയിട്ടുണ്ട്. 2017 സെപ്റ്റംബർ 30നു മ്യൂസിയം സന്ദർശകർക്കായി തുറക്കും.

ഈ സീസൺ തുടക്കത്തിൽ ജോആൻ ഗാമ്പർ ട്രോഫിയിൽ 1992 ഫൈനലിൽ എതിരാളികളായിരുന്ന സാമ്പ്ഡോറിയയുമായി ഏറ്റുമുട്ടിയിരുന്നു. ഇനി ജൂൺ 10നു ആദ്യ വിജയത്തിനു പ്രണാമം നൽകുന്ന ഗംഭീരമായ പരിപാടികൾക്കും ചർച്ചകൾക്കും ക്യാമ്പ് നൂ സാക്ഷ്യം വഹിക്കും. ക്ലബിന്റെ നവമാദ്ധ്യമ പ്രവർത്തനങ്ങളിൽ ‘വെംബ്ലി25’ എന്ന ഹാഷ് ടാഗ് സന്ദേശങ്ങൾ ഉണ്ടായിരിക്കും.
മെയ് 20 നു ഐബറിനെതിരെ വെംബ്ലി വിജയത്തെ അനുസ്മരിപ്പിക്കുന്ന ജഴ്സി അണിഞ്ഞ് എഫ്. സി. ബാഴ്സലോണ കളിക്കാനിറങ്ങും. ‘ ഓർമകൾ പങ്ക് വയ്ക്കൽ ‘ തുടങ്ങി ആരാധകരിലേക്ക് എത്തുന്ന ഒരുപാട് പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആദ്യ വിജയാഘോഷം എല്ലാ കൂളെസിനും മറക്കാനാവാത്ത അനുഭവം ആയി മാറുമെന്ന് ബാഴ്സലോണ ക്ലബ് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

  • SHARE :