അബ്ദേൽഹക്ക് നൗറിക്ക് കോമയിൽനിന്ന് മോചനം
2017 ജൂലൈ എട്ടിന്, വെർർഡർ ബ്രെമെൻ – അയാക്സ് സൗഹൃദ മത്സരത്തിൽ അയാക്‌സ് താരമായ അബ്ദേൽഹക്ക് നൗറിക്ക് കളിക്കിടയിൽ പരിക്ക് പറ്റിയിരുന്നു. ആ ആഘാതത്തിൽ അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ വലിയ ക്ഷതം ഏൽക്കുകയും അദ്ദേഹം കോമയിൽ പ്രവേശിക്കുകയും ഉണ്ടായി. രണ്ട് വർഷങ്ങൾക്കും എട്ട് മാസങ്ങൾക്കും ശേഷം, അദ്ദേഹം കോമയിൽ നിന്നും പുറത്ത് വന്നിരിക്കുന്നു എന്ന സന്തോഷ വാർത്ത അദ്ദേഹത്തിന്റെ സഹോദരൻ പുറത്ത് വിട്ടിരിക്കുകയാണ്.
ബാഴ്‌സിലോണ താരം ഫ്രെങ്കിക്ക് മുൻ സഹതാരത്തെ പറ്റി സംസാരിക്കുമ്പോൾ കണ്ണ് നിറയുന്നുണ്ട്. “ഞാൻ അവനോടൊപ്പം ഇരീക്കുകയായിരുന്നു, അപ്പോ അവന്റെ അമ്മ ആ റൂമിലേക്ക് വന്നു. ഫ്രെങ്കി ബാഴ്സയിലേക്ക് പോകേണ്ടതുണ്ടോ എന്ന് അമ്മ അവനോട് ചോദിച്ചപ്പോൾ അവൻ ഒരു പുരികം ചെറുതായി ഉയർത്തി. വളരെ അധികം സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു”, ഫ്രെങ്കി പറയുന്നു.
അബ്ദൽഹക്കിന്റെ കുടുംബത്തിന്റെ ഔദ്യോഗിക അറിയിപ്പനുസരിച്ച്, “ഇപ്പോൾ അവൻ കോമയിൽ അല്ല . വീട്ടിലാണ്. ഉറങ്ങാറുണ്ട്, കഴിക്കാറുണ്ട്, പുരികങ്ങൾ അനക്കാറുണ്ട്, പക്ഷേ ഇപ്പോഴും പൂർണ്ണമായും പരസഹായം ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. അവനുമായി സംസാരിക്കാറുണ്ട്. അവൻ പുരികങ്ങൾ കൊണ്ട് തിരിച്ച് സംസാരിക്കും. നമ്മൾ ഒരുമിച്ച് ഫുട്ബോൾ കാണാറുണ്ട്, അവൻ അത് ആസ്വദിക്കാറുണ്ട്.”